കേസ് നടത്തിപ്പിനുള്ള പ്രതിഫലമായി രാം ജെഠ്മലാനി 3.42 കോടിയുടെ ബില്‍ സമര്‍പ്പിച്ചത് വലിയ ചര്‍ച്ച ആയിരുന്നു
ആംആദ്മി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്റിവാളിന് എതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടകേസില്‍ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി സൗജന്യമായി ഹാജരാകുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെഠ്മലാനി.
ഡല്‍ഹി ഗവണ്‍മെന്‍റിനോ അരവിന്ദ് കെജ്‌രിവാളിനോ പ്രതിഫലം തരാന്‍ സാധിക്കാതെ വരികയാണെങ്കില്‍ താന്‍ അദ്ദേഹത്തെ തന്റെ ദരിദ്ര കക്ഷികളില്‍ ഒരാളായി പരിഗണിക്കുമെന്നാണ് രാം ജെഠ്മലാനി പറഞ്ഞത്. കെജ്‌രിവാളിന്‍റെ കേസ് നടത്തിപ്പിനുള്ള പ്രതിഫലമായി രാം ജെഠ്മലാനി 3.42 കോടിയുടെ ബില്‍ സമര്‍പ്പിച്ചത് വലിയ ചര്‍ച്ച ആയിരുന്നു.
ഫീസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആംആദ്മി സര്‍ക്കാര്‍ ഡല്‍ഹി ലെഫ്.ഗവര്‍ണറോട് അനുമതി തേടിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് രാം ജെഠ്മലാനി നിലപാട് പ്രഖ്യാപിച്ച് നേരിട്ട് രംഗത്തെത്തിയത്.
പണക്കാരില്‍ നിന്ന് മാത്രമേ താന്‍ പണം ഈടാക്കാറുള്ളെന്നും തന്നെ തേടിയെത്തുന്ന പാവപ്പെട്ട കക്ഷികളെ ഫീസ് വാങ്ങാതെ തന്നെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിനെ പാവപ്പെട്ട കക്ഷിയായാണ് കാണുന്നതെന്നും അതുകൊണ്ട് തനിക്ക് ഫീസൊന്നും വേണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കെജ്‌രിവാളിനെതിരെ നല്‍കിയ മാനനഷ്ടകേസ് താന്‍ തന്നെ വാദിക്കുമെന്നും ജെഠ്മലാനി വ്യക്തമാക്കി.