സാമാന്യ ബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു
പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തോട് പോലീസ് നടത്തിയ നടപടി അനാവശ്യമായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവന് ശ്രീജിത്തിനെയും ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന് പരിഹാരം കണ്ടെത്താനുള്ള വഴി കണ്ടിട്ടുണ്ടെന്നും അതെന്താണെന്ന് നിങ്ങള്‍ പിന്നീട് അറിയുമെന്നുമാണ് കാനം പറഞ്ഞത്.
പോലീസ് നടപടിയില്‍ സംയമനം പാലിക്കണമായിരുന്നു. ഇതുസംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കേണ്ടതുണ്ട്. സാമാന്യ ബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. സിപിഎമ്മുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും കാനം സൂചന നല്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് കാനം മഹിജയുമായി സന്ദര്‍ശനം നടത്തിയത്. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് കാനം മഹിജയ്ക്ക് ഉറപ്പുനല്‍കിയതായാണ് അറിയുന്നത്.