ഈയൊരു സമരം മതി കേരളത്തില്‍ ഏറെ കൊട്ടിഘോഷിച്ച് രൂപംകൊണ്ട എന്‍ഡിഎ സഖ്യം തകരാന്‍
വെള്ളാപ്പള്ളി നടേശന് എന്‍ജിയിറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച വിഷയത്തില്‍ എസ്എഫ്ഐയ്ക്കൊപ്പം എബിവിപിയും സമരത്തിനിറങ്ങുമ്പോള്‍ കുറച്ചുകാലമായി രാഷ്ട്രീയ കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമാണ് വീണ്ടും ഉയരുന്നത്. എന്‍ഡിഎ സഖ്യകക്ഷികളായ ബിജെപിയും ബിഡിജെഎസും വഴിപിരിയുകയാണോ?
വെള്ളാപ്പള്ളിയുടെ കോളേജിനെതിരായ സമരം ഇന്നലെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചേര്‍ന്നാണ് ആരംഭിച്ചത്. കോളേജിലേക്ക് ഇടതു യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും പ്രകടനക്കാര്‍ കോളേജ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
എന്നാല്‍ എസ്എഫ്ഐയ്ക്കൊപ്പം എബിവിപിയും അപ്രതീക്ഷിതമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതാണ് എന്‍ഡിഎ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവുകളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. മുമ്പും വെള്ളാപ്പള്ളിയുടെ കോളേജുകളെക്കുറിച്ച് പരാതി ഉയരുകയും അന്നും കോളേജിനെതിരെ പ്രതിഷേധമുണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലും എബിവിപിയും ബിജെപി നേതൃത്വവും നിശബ്ദമായിരിക്കുകയായിരുന്നു. ലോ അക്കാദമി സമരത്തില്‍ സജീവമായപ്പോഴും എബിവിപി വെള്ളാപ്പള്ളി കോളേജിലെ വിഷയങ്ങളെ കാര്യമായി ഗൗനിച്ചിരുന്നില്ല. എന്നാല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന ആരോപണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയതോടെ എന്‍ഡിഎയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതയും പുറത്തേക്ക് വരികയായിരുന്നു.
അതിന് പിന്നാലെ പലപ്പോഴായി വെള്ളാപ്പള്ളി താന്‍ രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നുവെന്നും ബിഡിജെഎസിന് എന്‍ഡിഎയുമായി യാതൊരു ബന്ധവും ഇപ്പോഴില്ലെന്നുമെല്ലാം മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നിരുന്നാലും ഔദ്യോഗികമായി ഇതിനൊരു സ്ഥിരീകരണം ഒരു ഭാഗത്തു നിന്നുമുണ്ടായിരുന്നില്ല. അപ്പോഴെല്ലാം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവര്‍ത്തിച്ചത് വെള്ളാപ്പള്ളിയുടെ ബിജെപി വിരുദ്ധ പ്രസ്താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നുമാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുഭാഷ് വാസുവാണ് വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിംഗിന്റെ മാനേജര്‍ എന്നു കൂടി കണക്കിലെടുക്കുമ്പോള്‍ ബിജെപി ഈ സഖ്യം പൊളിക്കലിനെക്കുറിച്ച് തന്നെയാണ് ചിന്തിക്കുന്നതെന്ന് വ്യക്തമാകും. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് സുഭാഷ് വാസു. കൂടാതെ അദ്ദേഹത്തെ പോലീസ് കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു കഴിഞ്ഞു. അതും കര്‍ശന വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാത്ത കേസാണ് എടുത്തിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശന് കോളേജിനെതിരായ സമരം എന്നതിനപ്പുറം ബിഡിജെഎസ്-ബിജെപി പോരായി എബിവിപി പ്രഖ്യാപിച്ച സമരത്തെ കാണേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. സമരം പ്രഖ്യാപിച്ചിരിക്കുന്നത് എബിവിപിയാണെങ്കിലും ബിജെപി നേതൃത്വത്തിന്റെ സമ്മതമില്ലാതെ എബിവിപിയ്ക്ക് അങ്ങനെ ചെയ്യാനാകില്ല. അങ്ങനെയാണെങ്കില്‍ ഈയൊരു സമരം മതി കേരളത്തില്‍ ഏറെ കൊട്ടിഘോഷിച്ച് രൂപംകൊണ്ട എന്‍ഡിഎ സഖ്യം തകരാന്‍.