93കാരനായ ഇദ്ദേഹത്തിന്റെ ആസ്‌ക് ദ സെക്‌സ്‌പേര്‍ട്ട് എന്ന കോളത്തിന് നിരവധി ആരാധകരാണുള്ളത്
ഡോ. മഹീന്ദര്‍ വാട്‌സ ഒരു സാധാരണ ഡോക്ടറല്ല. അദ്ദേഹത്തോട് ആളുകള്‍ മെയില്‍ അയച്ചു ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്നും അത് മനസിലാക്കാം. അത്രയേറെ ലൈംഗികസംബന്ധിയായ സംശയങ്ങളാണ് അദ്ദേഹത്തിന് ദിനംപ്രതി ലഭിക്കുന്നത്.
93കാരനായ ഇദ്ദേഹത്തിന്റെ ‘ആസ്‌ക് ദ സെക്‌സ്‌പേര്‍ട്ട്’ എന്ന കോളത്തിന് നിരവധി ആരാധകരാണുള്ളത്. മുംബൈയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഒരു ടാബ്ലോയിഡ് പത്രത്തിന്റെ മുഖ്യ ആകര്‍ഷണവും ഈ കോളമാണ്. അദ്ദേഹത്തിന്റെ മറുപടികളില്‍ അടങ്ങിയിരിക്കുന്ന തമാശയാണ് അദ്ദേഹത്തെ മറ്റ് സെക്‌സ് ഡോക്ടര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും പ്രശസ്തനാക്കുന്നതും.
2005ല്‍ തങ്ങളുടെ പത്രം ആരംഭിച്ചപ്പോള്‍ മുതല്‍ ഡോ. വാട്‌സയുടെ കോളം ഒരു അവിഭാജ്യ ഘടകമാണെന്ന് മുംബൈ മിററിന്റെ പത്രാധിപന്‍ മീനല്‍ ബഘേല്‍ പറയുന്നു. ചിലര്‍ അദ്ദേഹത്തിന്റെ കോളം വായിക്കാന്‍ വേണ്ടി മാത്രം പത്രം വാങ്ങാറുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ചില വനിതാ മാസികളില്‍ ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചുള്ള കോളങ്ങളുണ്ടായിരുന്നതാണ് ആസ്‌ക് ദ സെക്‌സ്‌പേര്‍ട്ട് എന്ന ഒരു ആശയത്തില്‍ തങ്ങളെ എത്തിച്ചതെന്നും ബഘേല്‍ വെളിപ്പെടുത്തി.
ഒരു ഇന്ത്യന്‍ വര്‍ത്തമാനപ്പത്രത്തില്‍ ദിനംപ്രതി ഇത്തരമൊരു കോളം ചെയ്തിരുന്നത് ഡോ. വാട്‌സ ആയിരുന്നു. തങ്ങള്‍ക്ക് മെഡിക്കല്‍ ഉപദേഷ്ടങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന വിശ്വസ്തനായ ഒരാളെയായിരുന്നു വേണ്ടത് എന്നാല്‍ അദ്ദേഹത്തിന്റെ തനതായതും വിശിഷ്ടമായതുമായ ശൈലി അതോടൊപ്പം കിട്ടിയ ബോണസ് ആയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ ചേരുന്നതിന് മുമ്പ് ട്രെന്‍ഡ്‌സ് എന്ന സ്ഥാപനത്തില്‍ മെഡിക്കല്‍ കോളം കൈകാര്യം ചെയ്യുകയായിരുന്നെന്ന് ഡോ. വാട്‌സ അറിയിച്ചു. ട്രെന്‍ഡ്‌സ് ആണ് പിന്നീട് ഫെമിന എന്ന പേരില്‍ അറിയപ്പെട്ടത്. സാധാരണ ചുമ, ജലദോഷം സംശയങ്ങള്‍ക്കൊപ്പം തനിക്ക് സെക്‌സ് സംബന്ധിയായ സംശയങ്ങളും വരുമായിരുന്നു. പലരും ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികളാണ്. ദുരുപയോഗം ചെയ്യപ്പെട്ടത് തന്റെ വിവാഹ ജീവിത്തെ ബാധിക്കുമോയെന്നാണ് പലരുടെയും സംശയം. അതിനാലാണ് താന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആരംഭിച്ചതെന്നും അങ്ങനെയാണ് വാട്‌സ ദ സെക്‌സ്‌പേര്‍ട്ട് ജനിച്ചതെന്നും ഡോക്ടര്‍ വിശദീകരിച്ചു.