UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്റെ കുഞ്ഞിന്റെ അച്ഛന്‍ 13കാരനെന്ന് 15കാരി; സംഭവം കൊല്ലത്ത്

വയറുവേദനയാണെന്ന് പറഞ്ഞാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്

പത്തനാപുരത്ത് 15കാരി പ്രസവിച്ച കേസില്‍ 13കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയിലാണ് അയല്‍വാസിയായ കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ കൊല്ലം ചീഫ് ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ കുട്ടിയ്ക്ക് ജാമ്യം അനുവദിക്കുകയും മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.

നാല് ദിവസം മുമ്പ് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. വയറുവേദനയാണെന്ന് പറഞ്ഞാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ കുട്ടി പൂര്‍ണ ഗര്‍ഭിണിയാണെന്ന് മാതാവിനെ അറിയിക്കുകയായിരുന്നു. മികച്ച ചികിത്സയ്ക്കായി ഡോക്ടര്‍ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചെങ്കിലും വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അയല്‍വക്കത്തെ 13കാരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് കുട്ടി വെളിപ്പെടുത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ മംഗലാപുരത്തെ ബന്ധു വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആണ്‍കുട്ടി സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയത്.

മാതാപിതാക്കളുടെ സമ്മതത്തോടെ ഇന്നലെ കുട്ടിയുടെ രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ കുഞ്ഞിന്റെ പിതൃത്വം ഉറപ്പാക്കാന്‍ സാധിക്കൂ. പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇപ്പോള്‍ ആണ്‍കുട്ടിക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍ നടപടികള്‍ക്കായി പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

അടുത്തിടെ എറണാകുളത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ 12കാരനാണ് പിതാവെന്ന് അന്ന് തെളിഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍