എംഎം മണിയും എംഎം ശിവരാമനും ഒരാള്‍ തന്നെയാണെന്നാണ് താമരാക്ഷന്റെ ആരോപണം
വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുന്ന വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ആര്‍എസ്പി(ബി) ജനറല്‍ സെക്രട്ടറി എ വി താമരാക്ഷനാണ് എംഎം മണിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്ന രേഖകളും സ്കൂള്‍ രേഖകളും ചൂണ്ടിക്കാട്ടി ആരോപിക്കുന്നത്.
വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമായേക്കാവുന്ന ആരോപണമാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സത്യവാങ്മൂലത്തോടൊപ്പം പറഞ്ഞിരിക്കുന്നത് കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്എസ്എസില്‍ അഞ്ചാംക്ലാസ് വരെ പഠിച്ചെന്നാണ് ഇത് തെറ്റാണെന്നാണ് താമരാക്ഷന്റെ വാദം. മുണ്ടയ്ക്കല്‍ മാധവന്റെ മകന് ശിവരാമന് നാലാം ക്ലാസ് വരെ കിടങ്ങൂര്‍ വായനശാല സ്കൂളില്‍ പഠിച്ചതിന് രേഖകളുണ്ട്. ഈ സ്കൂളിന്റെ ഇന്നത്തെ പേര് ഭാരതീയം വിദ്യാമന്ദിരം സ്കൂള്‍ എന്നാണ്.
എംഎം മണിയും എംഎം ശിവരാമനും ഒരാള്‍ തന്നെയാണെന്നാണ് താമരാക്ഷന്റെ ആരോപണം. പേര് ഔദ്യോഗികമായി മാറ്റിയതിന് രേഖയുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മണിയുടെ സഹോദരന് ലംബോദരന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുലരി പ്ലാന്റേഷന് എന്ന കമ്പനിയില്‍ ലംബോധരനും കുടുംബത്തിനും 15 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന വിവരമാണ് പുറത്തുവന്നത്.
സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണ് ലംബോധരന്. ഭൂമി കയ്യേറ്റത്തിന് ഇയാള്‍ക്കും മകന് ലജീഷിനുമെതിരെ കേസുണ്ട്. മണിയുടെ രാഷ്ട്രീയ സ്വാധീനം ഇവര്‍ ദുരുപയോഗം ചെയ്തെന്നാണ് ഉയരുന്ന ആക്ഷേപം.