ഒരു ചെക്ക് ജൂണിലും മറ്റൊന്ന് ജൂലായിലുമായി 2000 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാമെന്നാണ് സുബ്രത റോയ് കോടതിയെ അറിയിച്ചിരിക്കുന്നത്.
1500 കോടി രൂപ ജൂണ്‍ 15നകം കെട്ടിവച്ചില്ലെങ്കില്‍ വീണ്ടും ജയിലില്‍ പോകാന്‍ തയ്യാറായിക്കോളാണ് സഹാറ ഗ്രൂപ് ഉടമ സുബ്രത റോയിയോട് സുപ്രീംകോടതി. 2014ല്‍ പണ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും തടവ് ശിക്ഷ ലഭിക്കുകയും ചെയ്ത സുബ്രതോ റോയ്ക്ക് കഴിഞ്ഞ വര്‍ഷം ജാമ്യം കിട്ടിയിരുന്നു. ഒരു ചെക്ക് ജൂണിലും മറ്റൊന്ന് ജൂലായിലുമായി 2000 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാമെന്നാണ് സുബ്രത റോയ് കോടതിയെ അറിയിച്ചിരിക്കുന്നത്.
ചെക്ക് മുഴുവനും കിട്ടിയില്ലെങ്കില്‍ നിങ്ങളെ തീഹാര്‍ ജയിലിലേയ്ക്ക് വിടുമെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. സേവിംഗ്‌സ് ഡെപ്പോസിറ്റ് സ്‌കീം വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇതില്‍ ക്രമക്കേട് നടന്നതായി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ) വ്യക്തമാക്കിയിരുന്നു. 24,000 കോടി രൂപയാണ് സഹാറ നിക്ഷേകര്‍ക്ക് തിരിച്ച് നല്‍കാനുള്ളത്. ഇതില്‍ 12,000 കോടി കൊടുത്തിട്ടുണ്ട്. ബാക്കി തുക തിരിച്ചടയ്ക്കാനുള്ള സമയപരിധികള്‍ പല തവണ സഹാറ ലംഘിച്ചിരുന്നു.
സഹാറയുടെ ഉടമസ്ഥതയില്‍ മഹാരാഷ്ട്രയിലെ ലോണാവാലയ്ക്ക് സമീപമുള്ള ആംബിവാലി ടൗണ്‍ഷിപ്പ് ലേലത്തില്‍ വയ്ക്കാനുള്ള സുപ്രീംകോടതി തീരുമാനം സഹാറയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദ്യം ചെയ്തിരുന്നു. 10,000 ഏക്കറില്‍ പരന്ന് കിടക്കുന്ന ടൗണ്‍ഷിപ്പില്‍ ആഡംബര റിസോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ്, തുടങ്ങിയവയെല്ലാം ഉണ്ട്. 34,000 കോടി രൂപയാണ് ആംബവാലി വിലമതിക്കുന്നത്. സഹാറ നിക്ഷേപകര്‍ക്ക് കൊടുക്കാനുള്ളതിനേക്കാള്‍ 10,000 കോടി അധികം. എന്നാല്‍ ലേലത്തിനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍, ലണ്ടനിലെ ഗ്രോസ് വീനര്‍ ഹൗസ് ഹോട്ടല്‍ തുടങ്ങിയവയെല്ലാം വിറ്റ് പണം കണ്ടെത്താനുള്ള ശ്രമം സഹാറ നടത്തുന്നുണ്ട്. അമ്മയുടെ മരണത്തെ തുടര്‍ന്ന് ജാമ്യം നേടി പുറത്തിറങ്ങിയ സുബ്രത റോയ്ക്ക് പിന്നീട് ജാമ്യകാലാവധി തുടര്‍ച്ചയായി നീട്ടി നല്‍കുകയായിരുന്നു.