സ്പിരിറ്റ് മോഷണക്കേസുകള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെയുള്ളത്
നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴി കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു രക്ഷപ്പെട്ടു. കൊടുംക്രിമിനലായിട്ടും ഇയാളെ ബസില്‍ നെയ്യാറ്റിന്‍കരയില്‍ എത്തിച്ചത് പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇയാളുടെ നിര്‍ദ്ദേശമനുസരിച്ച് ബസിനെ പിന്തുടര്‍ന്ന ബൈക്കിലാണ് രക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ വച്ച് ഇയാള്‍ പള്‍സര്‍ ബൈക്കില്‍ ഓടിക്കയറുകയായിരുന്നു. ഒട്ടനവധി കേസുകളില്‍ പ്രതിയായ ഇയാളെ പീഡനക്കേസിന്റെ വിചാരണയ്ക്കായാണ് നെയ്യാറ്റിന്‍കരയില്‍ എത്തിച്ചത്. സ്പിരിറ്റ് മോഷണക്കേസുകള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെയുള്ളത്.
അതേസമയം ഇയാള്‍ ജയില്‍ ചാടുമെന്ന് ഇന്റലിജന്‍സ് വിഭാഗം നേരത്തെ തന്നെ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും കെഎസ്ആര്‍ടിസി ബസില്‍ കാര്യമായ കാവലില്ലാതെ ഇയാളെ കൊണ്ടുപോയത് സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ജയില്‍ചാടി നാല് പോലീസുകാരെ കൊല്ലുമെന്ന് ഇയാള്‍ നേരത്തെ ഭീഷണിമുഴക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്.