മാണിയുടേത് കുതികാല്വെട്ടാണെന്ന് പിസി ജോര്‍ജ്ജ്
സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കേരള കോണ്‍ഗ്രസ് നെറികേടാണ് കാണിച്ചതെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കെ എം മാണിയും മകന് ജോസ് കെ മാണിയും ഉറപ്പുനല്‍കിയിരുന്നതാണ്. എന്നിട്ടും ജോസ് കെ മാണി ഇപ്പോള്‍ കാട്ടിയത് കടുത്ത വഞ്ചനയാണ്.
അധികാര മോഹത്തിന്റെ ഒരു ജാരസന്തതിയാണ് കോട്ടയത്ത് പിറന്നതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ബജറ്റ് വിറ്റുവെന്ന് ആരോപണമുന്നയിച്ചവരാണ് ഇപ്പോള്‍ മാണിയെ പിന്തുണച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാന്‍ ജോഷി ഫിലിപ്പ് രാജിവച്ച ഒഴിവിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കേരള കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയതാണെന്ന് കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിയാണ് ഈ ധാരണ അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കടുത്ത രാഷ്ട്രീയ വഞ്ചനയാണ് കേരള കോണ്‍ഗ്രസ് കാണിച്ചതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന് ആരോപിച്ചു. ജോസ് കെ മാണിയാണ് എല്ലാത്തിനും പിന്നില്‍. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടപ്പോള്‍ നല്കിയ ഉറപ്പൊന്നും പാലിച്ചില്ലെന്നും ഹസന് ആരോപിച്ചു.
കെഎം മാണിക്ക് നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് ആരോപിച്ചവരാണ് സിപിഎമ്മുകാരെന്ന് പിടി തോമസ് എംഎല്‍എ ഓര്‍മ്മിപ്പിച്ചു. പുതിയ സാഹചര്യത്തില്‍ ഈ യന്ത്രം എവിടെയുണ്ടെന്ന് സിപിഎം വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ഇതിന്റെ വരുംവരായ്കകളും പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മാണിയുടേത് കുതികാല്വെട്ടാണെന്ന് പിസി ജോര്‍ജ്ജ് ആരോപിച്ചു. മാണിയും മകനും ഒളിവിലാണ്. കേരള കോണ്‍ഗ്രസില്‍ അടുത്ത പിളര്‍പ്പിന് സമയമായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്ന പിസി ജോര്‍ജ്ജിന്റെ ജപക്ഷം അംഗം വോട്ട് അസാധുവാക്കിയിരുന്നു. ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസിന് ആറും ഇടതുമുന്നണിയ്ക്ക് ഏഴും പി സി ജോര്‍ജ്ജിന് ഒരു അംഗവുമാണ് ഉള്ളത്. എട്ടിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സണ്ണി പാമ്പാടിയെ കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി തോല്‍പ്പിച്ചത്. സിപിഐയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.