തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടാണ് ഇയാള്‍ ഇങ്ങനെ പറഞ്ഞത്.
താന്‍ ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലിംഗം മുറിക്കപ്പെട്ട സന്യാസി. പെണ്‍കുട്ടിയല്ല താന്‍ സ്വയം മുറിച്ചതാണെന്നാണ് പ്രതിയായ ഹരിസ്വാമി ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടാണ് ഇയാള്‍ ഇങ്ങനെ പറഞ്ഞത്. അതേസമയം സ്വാമിയെ ആക്രമിച്ചത് താനാണെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം കണ്ണന്മൂലയില് ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിര്‍മിക്കണം എന്നാവശ്യപ്പെട്ട് മുന്‍പ് ഒരു സമരം നടന്നിരുന്നു. അന്ന് സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് ഇപ്പോള്‍ ലിംഗച്ഛേദം സംഭവിച്ച ശ്രീഹരി സ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം. ഈ സമരത്തിനിടയിലാണ് യുവതിയുടെ കുടുംബവുമായി ഇയാള്‍ അടുക്കുന്നത്. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥി ആയിരുന്ന കാലം മുതല്‍ നിരന്തരം പീഡനത്തിനിടയാക്കിയെന്നാണ് പരാതി. സ്വാമിക്ക് ഒത്താശ ചെയ്ത് കൊടുത്ത കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിനിടെ ഹരിസ്വാമിയുമായി യാതൊരു ബന്ധവുമില്ലെന്ന് കൊല്ലം പന്മന ചട്ടമ്പിസ്വാമി ആശ്രമം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വാമി 15 വര്‍ഷം മുന്‍പ് പഠനത്തിനായാണ് ആശ്രമത്തിലെത്തിയതെന്നും പിന്നീട് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് ആശ്രമകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ 15 ദിവസം മുന്‍പും ഹരിസ്വാമി പന്മന ആശ്രമത്തിലെത്തി ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡി.കോളേജില്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയുന്ന സ്വാമിയെ ഉടന്‍ തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് മുമ്പായി ഇയാളുടെ പൂര്‍വ്വകാലചരിത്രം ചികഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ചവറ പൊലീസ്, പന്മന ചട്ടമ്പിസ്വാമി ആശ്രമത്തിലെത്തി ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ ചില സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളുടെ പേര് ഉയര്‍ന്ന് വന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് പേട്ടയിലെ യുവതിയുടെ വീട്ടില്‍ വച്ച് സ്വാമിയുടെ ലിംഗം ഛേദിക്കപ്പെടുന്നത്. യുവതിയുടെ വീട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വാമിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. ഇതിന് ശേഷം യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും പരാതി നല്‍കുകയുമായിരുന്നു.