UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴകളുടെ തോഴികള്‍: മദര്‍ തെരേസയെ ഫാ. അടപ്പൂര്‍ അനുസ്മരിക്കുന്നു

അഗതികളുടെ അമ്മ, സുഖസൌകര്യങ്ങളുടെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപോന്ന് തെരുവുകളിലും ചേരികളും തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ലോകമറിഞ്ഞു. ലോറെത്താ മഠത്തില്‍ നിന്നിറങ്ങി പാവങ്ങളുടെ അമ്മയായി മാറുമ്പോള്‍ ഇന്ത്യയുടെ ഇങ്ങേ അറ്റത്ത് കേരളത്തില്‍ മദറിനെക്കുറിച്ച് വായിക്കാനുള്ള വഴികള്‍ തീരെയുണ്ടായിരുന്നില്ല. ലേഖനങ്ങളും വിവരങ്ങളും വന്നുതുടങ്ങിയത് മദറിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങിയ ശേഷമാണ്. കേരളത്തിലാദ്യമായി മദറിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത് 1959-ലാണ്. മദറിന്‍റെ മിഷണറീസ് ഓഫ് ചാരിറ്റി ആരംഭിച്ച് അധികം വൈകാതെ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വൈദികനായ എ അടപ്പൂരിന്‍റെ ഏഴകളുടെ തോഴികള്‍ എന്ന ലേഖനമായിരുന്നു അത്. എ അടപ്പൂര്‍ മദര്‍ തെരേസയെ അനുസ്മരിക്കുന്നു.

 

കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂളിലെ അധ്യാപനം പൂര്‍ത്തിയാക്കിയ ശേഷം പുണെ ദിനോബിലി കോളജില്‍ ദൈവശാസ്ത്ര പഠനം ആരംഭിച്ച കാലത്താണ് മദറിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കുന്നതും അറിയുന്നതും. കൊല്‍ക്കത്ത എന്ന മഹാനഗരത്തില്‍ മദറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചാവിഷയമായിരുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അന്നവിടെ പഠിക്കുന്നുണ്ടായിരുന്നു. കേട്ടറിഞ്ഞ കാര്യങ്ങള്‍ മദറിനെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതിനെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചു. ദിനാബിലി കോളജിലെ വന്ദ്യഗുരുനാഥന്‍, ഫാദര്‍ ജോസഫ് നോയ്നര്‍, മദര്‍ തെരേസയുടെ ഉപദേഷ്ടാവും സുഹൃത്തുമായിരുന്നു. അദ്ദേഹമാണ് ലേഖനരചനയ്ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മദര്‍ തെരേസയ്ക്ക് ഞാന്‍ കത്തയയ്ക്കുന്നത്. മദറിന്‍റെ മറുപടി വന്നു. വിവരങ്ങളൊക്കെ ചേര്‍ത്തു വെച്ചൊരു കത്ത്. അങ്ങനെ 1959ജനുവരി 18ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിച്ചു വന്നു. അതിന്‍റെ കോപ്പി ഞാന്‍ മദറിന് അയച്ചുകൊടുത്തു. അതിന് മറുപടിയായി അയച്ച കത്തില്‍, ഞങ്ങളുടെ മലയാളി സിസ്റ്റേഴ്സിന് അവരുടെ സമൂഹത്തെപ്പറ്റി വായിച്ചറിയുന്നത് വലിയ സന്തോഷമായിരുന്നുവെന്ന് മദര്‍ കുറിച്ചിരുന്നു. മദര്‍ തെരേസയെക്കുറിച്ച് മലയാളത്തില്‍ അച്ചടിച്ചു വന്ന ആദ്യ ലേഖനമായിരിക്കണം അത്. സെപ്തംബര്‍ നാലോടെ മദര്‍ എനിക്കയച്ച കത്തുകള്‍ അമൂല്യനിധിയായി മാറാന്‍ പോവുകയാണ്.

 

ഭക്ഷണമോ വസ്ത്രമോ വീടോ ഇല്ലാത്തവരുടെയും അന്ധരുടെയും അംഗവിഹീനരുടെയും കുഷ്ടരോഗികളുടെയും ആര്‍ക്കും തങ്ങളെ വേണ്ട, ആരും തങ്ങളെ സ്നേഹിക്കുന്നില്ല എന്നോര്‍ത്ത് ദു:ഖിക്കുന്നവരുടെയും സംരക്ഷണമാണ് എന്‍റെ ജീവിതദൌത്യം- മദര്‍ തന്‍റെ ഡയറിയില്‍ കുറിച്ചിട്ട വാക്കുകളാണിവ. അനാഥരായവരുടെയും അശരണരായവരുടെയും രക്ഷയ്ക്കായി 23 രാജ്യങ്ങളിലായി 594 സേവന കേന്ദ്രങ്ങളാണ് മദര്‍ സ്ഥാപിച്ചത്. 1950-ല്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ച മിഷണറീസ് ഓഫ് ചാരിറ്റി രാജ്യാതിര്‍ത്തികള്‍ കടന്ന് ലോകം മുഴുവനും വളര്‍ന്നു പടര്‍ന്നു. കുഷ്ഠരോഗികള്‍, ക്ഷയരോഗികള്‍, അനാഥര്‍, അഭയാര്‍ഥികള്‍, വൃദ്ധജനങ്ങള്‍ എല്ലാവരെയും കാരുണ്യത്തിന്‍റെ നന്മമരം ചേര്‍ത്തുപിടിച്ചു. മതപരിവര്‍ത്തനമാണ് മദറിന്‍റെ ലക്ഷ്യമെന്ന് തീവ്രഹിന്ദു സംഘടനകളൊക്കെ ആരോപിച്ചിരുന്നു. ഭ്രൂണഹത്യയ്ക്കും വിവാഹമോചനത്തിനുമെതിരെ മദര്‍ പുലര്‍ത്തിയ കര്‍ശന നിലപാട് പലയിടങ്ങളിലും വിമര്‍ശനത്തിന് കാരണമായി. അതേസമയം കാരുണ്യത്തിന്‍റെ സേവനങ്ങള്‍ ലോകം മുഴുവനും വാഴ്ത്തി. 124 അവാര്‍ഡുകളാണ് മദറിനെ തേടിയെത്തിയത്. 1962ല്‍ പദ്മശ്രീ നല്‍കി രാജ്യം മദറിനെ ആദരിച്ചു. 1980ല്‍ ഭാരതരത്നയും മദറിനെ തേടിയെത്തി. പിന്നീടിങ്ങോട്ട് മദര്‍തെരേസയുടെ അശരണര്‍ക്കിടയിലെ സേവനങ്ങള്‍ക്ക് ആദരങ്ങളുടെ തുടര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് പരസ്യവേദിയില്‍ ആദരിക്കാന്‍ കത്തോലിക്കാ സഭയും തീരുമാനിച്ചത്. 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും മദറിന് ലഭിച്ചു.

 

നൊബേല്‍ സമ്മാന സ്വീകരണത്തോടനുബന്ധിച്ച് മദര്‍ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും പരിപാലിക്കേണ്ടതിനെ കുറിച്ച് മദര്‍ പറഞ്ഞു. നൊബേല്‍ സമ്മാനത്തുക അനേകര്‍ക്ക് വീതിച്ചു കൊടുക്കാന്‍ ഞാന്‍ വിനിയോഗിക്കും. വീടിനുള്ളിലാണ് മനുഷ്യര്‍ സ്നേഹിക്കാന്‍ പഠിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കി കൊടുത്താല്‍ ആ സ്നേഹം പലയിടത്തേക്കും പടരും – മദറിന്‍റെ വാക്കുകള്‍ ലോകമെമ്പാടും കാരുണ്യത്തിന്‍റെ കരുതലോടെ അലയടിച്ചു.

 

മദറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങളും തുടര്‍ന്നു. പക്ഷെ, ആരും എന്തും പറയട്ടെ ഒരു പുഞ്ചിരിയോടെ അതൊക്കെ കേട്ടിട്ട് പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള സേവനം തുടര്‍ന്നേ തീരൂ – എന്നായിരുന്നു വിമര്‍ശകര്‍ക്ക് മദറിന്‍റെ പുഞ്ചിരിയോടെയുള്ള മറുപടി. മദറിന്‍റെ സേവനങ്ങളുടെയും സ്നേഹത്തിന്‍റെയും കരുതലുകള്‍ ധാരാളം പേര്‍ പിന്തുടര്‍ന്നു. മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ്, സിസ്റ്റേഴ്സിന്‍റെ ധ്യാനപ്രാര്‍ഥനാ സമൂഹം, അല്‍മായക്കാര്‍ എന്നിങ്ങനെ നിരവധി കൂട്ടങ്ങള്‍ സേവനങ്ങളുടെ വഴിയില്‍ മദറിനെ പിന്തുടര്‍ന്നു. ഇപ്പോഴും അത് തുടരുന്നു.

മദര്‍ അയച്ച കത്തുകള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍