UPDATES

ഒരു വടിവാള്‍ ഏത് നിമിഷവും പ്രതീക്ഷിക്കുന്നുണ്ട്; ചീറിപ്പാഞ്ഞു വരുന്നൊരു ബോംബും

അഴിമുഖം പ്രതിനിധി

ബി ജെ പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എ അശോകനും ദേശീയ സമിതി അംഗമായ ഒ കെ വാസുവും 2014 ജനുവരി 28 നാണ് സി പി എമ്മില്‍ ചേര്‍ന്നത്. ദീര്‍ഘകാലം കണ്ണൂരിലെ ബി ജെ പി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇവരുടെ കൂടു മാറ്റം ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഒരു കാലത്ത് ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ചെറുവാഞ്ചേരിയില്‍ സി പി എമ്മിന് സ്വാധീനം ഉണ്ടാക്കാന്‍ ഇവരുടെ രാഷ്ട്രീയ മാറ്റം ഉപകരിച്ചു. ഇവരോടൊപ്പം നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സി പി എമ്മിലേക്കു വന്നിരുന്നു. എ അശോകനെ ചെറുവാഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗമായി സി പി എം തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ ബി ജെ പി യുടെ ഏറ്റവും വലിയ എതിരാളികളായി ഇവര്‍ മാറി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അശോകന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുയും ചെയ്തു.  കഴിഞ്ഞ രണ്ടു വര്‍ഷം ഒ കെ വാസുവിനും എ അശോകനും നേരെ ബി ജെ പിയില്‍ നിന്നു നിരവധി ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. പലപ്പോഴും തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്. ഏത് നിമിഷവും ഉയരാവുന്ന ഒരു വടിവാള്‍, ചീറിപ്പാഞ്ഞു വരുന്നൊരു ബോംബ് ഇതൊക്കെ എപ്പോഴും  പ്രതീക്ഷിച്ചു കൊണ്ടാണ് ഇവര്‍ ജീവിക്കുന്നതു. ഏറ്റവും ഒടുവില്‍ അശോകന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഗണ്‍മാന്‍ രഞ്ജിത്തിന്‍റെ ഒരു കാല്‍ ചിതറിപ്പോയി. രഞ്ജിത് ഇപ്പൊഴും ചികിത്സയിലാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ രാഷ്ട്രീയ മാറ്റത്തെകുറിച്ചും നേരിടേണ്ടിവരുന്ന ആക്രമണങ്ങളെ കുറിച്ചും അശോകന്‍ കേരള ശബ്ദം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. 

മുറ്റത്തെ വെളിച്ചത്തില്‍ ഞാനവരെ കണ്ടു. അവര്‍ ഇരുപത് പേരോളം വരും. പലരുടെയും കയ്യില്‍ വാളുണ്ട്. ബോംബുണ്ട്. എട്ടൊമ്പത് പേര്‍ ഇവിടെ ഉള്ളവര്‍ തന്നെയാണ്. എനിക്കവരെ നന്നായി അറിയാം; അവര്‍ക്ക് എന്നെയും. എന്‍റെ കയ്യിലൂടെ വലര്‍ന്ന കുട്ടികള്‍ തന്നെയല്ലേ. മറ്റുള്ളവരെല്ലാം പുറത്ത് നിന്നു വന്നവരാണ്. പുറത്തെ മുറിയുടെ ജനല്‍പാളി തകര്‍ന്ന് ബോംബ് അകത്തെ മുറിയിലെ കട്ടിലില്‍ വന്നു വീണാണ് പൊട്ടിയത്. അങ്ങനെയാണ് രഞ്ജിത്തിന്‍റെ കാല്‍ തകര്‍ന്നത്. അതുപോലെ പുറത്ത് നിന്നു മറ്റ് മുറികളിലേക്കും ബോംബെറിയാനായിരുന്നു അവരുടെ പ്ലാന്‍. പിന്നീടാണ് തോക്കെടുത്ത് വെടിവെക്കും എന്ന തോന്നലുണ്ടായി അവര്‍ പിരിഞ്ഞു പോയത്.

ഒ കെ വാസുമാസ്റ്റര്‍ ബി ജെ പി യുടെ ദേശീയ കമ്മറ്റി അംഗമായിരിക്കുമ്പോഴും ഞാന്‍ ബി ജെ പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴുമാണ് സി പി എമ്മില്‍ ചേര്‍ന്നത്. സുധീഷ് മിന്നി ആര്‍ എസ് എസിന്‍റെ സൈദ്ധാന്തിക രംഗത്ത് പ്രവര്‍ത്തിച്ച ആളുമായിരുന്നു. ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ബി ജെ പി നേതൃത്വത്തിന് കഴിയുന്നില്ല. അതുകൊണ്ടാണിവര്‍ ഞങ്ങള്‍ക്ക് ഉന്മൂലനം വിധിച്ചിരിക്കുന്നത്. 

ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മില്‍ ചേര്‍ന്നു എന്നതാണു അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ കുറ്റം. എന്നാല്‍ ഞങ്ങള്‍ പാര്‍ട്ടി വിടാന്‍ ഉണ്ടായ സാഹചര്യം എന്താണ്? അതിനെ കുറിച്ച് ഒരു ചര്‍ച്ചപ്പോലും ബി ജെ പി യുടെ കണ്ണൂര്‍ ഘടകത്തില്‍ നടന്നിട്ടില്ല. ജില്ലാ നേതൃത്വത്തിന്‍റെ വഴി പിഴച്ച പോക്കിനെ ജനാധിപത്യ രീതിയില്‍ ചോദ്യം ചെയ്ത ഞങ്ങളെ കായികമായി നേരിടാനാണ് അന്നത്തെ ബി ജെ പി ജില്ലാ നേതാക്കള്‍ ശ്രമിച്ചത്. തുടര്‍ന്നാണ് ‘നമോവിചാര്‍ മഞ്ച്’ രൂപീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായത്. അന്ന് ഞങ്ങള്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ക്കൊന്നിനുപോലും ഇന്നേവരെ കൃത്യമായ വിശദീകരണം ബി ജെ പി നേതൃത്വം നല്‍കിയിട്ടില്ല. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ചേര്‍ന്നതാണോ ഇത്? അശോകന്‍ ചോദിക്കുന്നു. 

വടിവാളും ബൊംബും  കൊണ്ട് അവര്‍ എന്‍റെ വീടാക്രമിക്കുമ്പോള്‍ ഞാനും എന്‍റെ ഭാര്യ ജസീനയും മകള്‍ അക്ഷയയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വീട് തകര്‍ത്ത് അകത്തുകയറി ഞങ്ങളെ വെട്ടിയരിയാന്‍ വേണ്ടിയാണവര്‍ എത്തിയത്. അതിനു വേണ്ടി പരിശീലനം കിട്ടിയവര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നു. പക്ഷേ എനിക്കു വെച്ചത് ഗണ്‍മാന്‍ രഞ്ജിത്തിനാണ് കിട്ടിയത്. ഏത് നിമിഷവും ഉയരാവുന്ന ഒരു വടിവാള്‍, നേരെ വരുന്നൊരു ബോംബ് ഇതൊക്കെ എപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഞാന്‍ പതറില്ല. അവര്‍ക്ക് മുന്നില്‍ കീഴടങ്ങുകയുമില്ല. അശോകന്‍ പറഞ്ഞു നിര്‍ത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍