UPDATES

സിനിമ

സ്റ്റീഫന്‍ ഹോക്കിംഗ്; കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകം/ഡോക്യുമെന്‍ററി

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
എറോള്‍ മോറിസ്/1991

ഭൌതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ കുറിച്ച് എറോള്‍ മോറിസ് ചെയ്ത ജീവചരിത്ര ഡോക്യുമെന്ററിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. ശരീരം തളര്‍ന്നുപോയ പ്രമുഖ ഇംഗ്ലീഷ് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞനും പ്രപഞ്ചഘടന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഹോക്കിങ്ങിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും പറ്റി നിരവധി ഡോക്യുമെന്ററികള്‍ ഇതിനകം വന്നിട്ടുണ്ടെങ്കിലും മോറിസിന്റെ മികവിനോടു കിടപിടിക്കാവുന്ന ഒന്നും ഉണ്ടായിട്ടില്ല. ഡോക്ടര്‍മാര്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് നല്കിയ അവശേഷിക്കുന്ന ആയുസ് അടുത്ത രണ്ടര വര്‍ഷമായിരുന്നു. 1963-ലായിരുന്നു അത്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച ഹോക്കിങ് ഈ യുഗത്തിലെത്തന്നെ ഏറ്റവും പേരുകേട്ട ശാസ്ത്രജ്ഞനായി മാറി. തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കി. അതോടൊപ്പം വീല്‍ചെയറില്‍ ഇരുന്ന് ജീവിതം നയിച്ച ഹോക്കിങ് ഒരു സാംസ്കാരിക ബിംബവും  കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകവുമായി.

ഇരുപതു ദശലക്ഷത്തിലേറെ വിറ്റുപോയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഹോക്കിങ്ങിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേരാണ് തലക്കെട്ടായി സ്വീകരിച്ചത്. പ്രപഞ്ചവിജ്ഞാനീയത്തിന്റെ വിശദീകരണമാണ് പുസ്തകമെങ്കില്‍ ചിത്രം ഹോക്കിങ്ങിന്റെ ജീവചരിത്രമാണ്. കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍-റോജര്‍ പെന്‍റോസ്, ഡെന്നിസ് സ്കീയാമ, ജോണ്‍ ആര്‍ച്ചിബാള്‍ഡ് വീലര്‍- കുട്ടിക്കാലത്ത് നോക്കിയ സ്ത്രീയടക്കമുള്ളവരുടെ അഭിമുഖങ്ങള്‍. ഇത് ഹോക്കിങ്ങിന്റെ ശബ്ദവിവരണവുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു, ഒപ്പം ആരോഗ്യമുള്ള പഴയകാല ചിത്രങ്ങളും. സംഗീതം മോറിസിന്റെ സ്ഥിരക്കാരനായ ഫിലിപ് ഗ്ലാസ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഗീതജ്ഞന്‍മാരിലൊരാളായി അറിയപ്പെടുന്ന ഫിലിപ്, ഏറ്റവും കുറച്ചു  ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതത്തിന്റെ പ്രാമാണികരിലൊരാളായിരുന്നു.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോര്‍ഡന്‍ ഫ്രീഡ്മാന്‍ സഹ നിര്‍മ്മാതാവായി ഈ പദ്ധതി ആംഗ്ലിയ  ടെലിവിഷനില്‍ കൊണ്ടുവന്നപ്പോഴാണ് ഇത് തുടങ്ങുന്നത്. അതിനുശേഷം ഇതെങ്ങിനെ ഒരു പ്രധാന ഡോക്യുമെന്ററിയാക്കി മാറ്റം എന്ന് ഫ്രീഡ്മാന്‍ സംവിധായകനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗുമായി ആലോചിച്ചു. സ്പീല്‍ബര്‍ഗാണ് എറോള്‍ മോറിസിന്റെ പേര് നിര്‍ദ്ദേശിച്ചത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം മോറിസിന്റെ മറ്റൊരാള്‍ക്കുവേണ്ടിയുള്ള ആദ്യ സംവിധാന സംരംഭമായിരുന്നു. അത് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ഒടുവില്‍ മോറിസ് തൃപ്തനായിരുന്നു. സൌമ്യ പൂര്‍ണ്ണവും അനുതാപപൂര്‍വവും നിര്‍മ്മിച്ച ചിത്രം ഹോക്കിങ്ങിന്റെ പ്രവര്‍ത്തിയെക്കാളുമേറെ, ഹോക്കിങ് എന്ന മനുഷ്യനെക്കുറിച്ചായിരുന്നു. “ഞാന്‍ ചിത്രീകരിച്ച ഏറ്റവും സുന്ദരമായ ചിത്രങ്ങളിലൊന്ന്” എന്നാണ് മോറിസ് അതിനെക്കുറിച്ച് പറഞ്ഞത്.

അമേരിക്കന്‍ ഭൌതിക ശാസ്ത്രജ്ഞനായ ജോണ്‍ വീലറുടെ കീഴില്‍ കുറച്ചുകാലം മോറിസ് ഭൌതികശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നത് ഈ ചിത്രമെടുക്കുന്നതിന് അയാളെ കൂടുതല്‍ പ്രാപ്തനാക്കി. ഒരഭിമുഖത്തില്‍ മോറിസ് പറഞ്ഞു,“ഈ ചിത്രം സംവിധാനം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഇതൊരു പൂര്‍ണ ശാസ്ത്രചിത്രമാകുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു. ചലച്ചിത്രങ്ങള്‍ മറ്റെന്തൊക്കെയായാലും ആളുകളെ സൈദ്ധാന്തിക ഭൌതികശാസ്ത്രവും പ്രപഞ്ച വിജ്ഞാനീയവും പഠിപ്പിക്കാനുള്ള സ്ഥലമല്ല എന്ന് ഞാന്‍  ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അതായിരുന്നു പരിപാടിയെങ്കില്‍ എനിക്കു താത്പര്യമില്ലായിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിനെ കാണാനായി അറ്റ്ലാന്‍റിക്കിന് മുകളിലൂടെ പറക്കുമ്പോള്‍ ഞാന്‍ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം വായിക്കുകയായിരുന്നു. അതൊരു വെളിപാടാണോ എന്നെനിക്ക് പറയാനാകില്ല, പക്ഷേ ആ പുസ്തകം പൂര്‍ണമായും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നെനിക്ക് തോന്നി. ആധുനിക ഭൌതികശാസ്ത്രത്തെക്കുറിച്ച് എന്തെങ്കിലും പഠിക്കാനുള്ള അവസരമായാണ് ആളുകള്‍ ആ പുസ്തകത്തെ കണ്ടത്. അതാണാ പുസ്തകത്തിന്റെ ഹൃദയമെന്ന് എനിക്കു തോന്നിയില്ല. ഇപ്പൊഴും തോന്നുന്നില്ല.”

ചിത്രീകരണത്തില്‍ ബുദ്ധിമുട്ടുകള്‍ പലതുമുണ്ടായിരുന്നു. മോറിസ് പറയുന്നു: “നിര്‍ഭാഗ്യകരമായ ഒരു കാര്യം, സ്റ്റീഫന്‍ ഹോക്കിങ് ഭാര്യയുമായി പിരിഞ്ഞ സമയത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഏതാനും ആഴ്ച്ചകള്‍ക്കൊ മാസങ്ങള്‍ക്കൊ ഉള്ളില്‍. സ്റ്റീഫന്‍ അയാളുടെ നഴ്സ് എലെയ്ന്നെ മാസനിനൊപ്പം  മാറിയിരുന്നു. ഏത് ബന്ധം വേര്‍പെടലിലും എന്നപോലെ ഇതിലും ആളുകള്‍ പക്ഷം പിടിച്ചു. അതുകൊണ്ടുതന്നെ നിരവധിയാളുകള്‍ എന്നോടു സംസാരിക്കാന്‍ തന്നെ വിസമ്മതിച്ചു. അഭിമുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി റദ്ദാക്കപ്പെട്ടു. നിര്‍ഭാഗ്യകരമായിരുന്നു അത്.”

ചിത്രത്തിന് Sundance ചലചിത്ര മേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗ്രാന്‍ഡ് ജൂറി പുരസ്കാരവും ഡോക്യുമെന്ററി ഫിലിം മെയ്ക്കെഴ്സ് ട്രോഫിയും ലഭിച്ചു. ന്യൂസ് വീക്കില്‍ ഡേവിഡ് ആന്‍സന്‍ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിച്ചു,“ പ്രൌഢവും പ്രചോദനജനകവും നിഗൂഢവുമായ ഒരു ചിത്രം. അമൂര്‍ത്തമായ ആശയങ്ങളെ മോറിസ് പിന്തുടരുന്ന ദൃശ്യങ്ങളാക്കി മാറ്റുന്നു, സൂക്ഷ്മതയോടെ കയ്യടക്കത്തോടെ അവയെ അന്തരീക്ഷത്തില്‍ അമ്മാനമാടുന്നു, ഒരു ഇന്ദ്രജാലക്കാരനെപ്പോലെ.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍