UPDATES

മോണിക്കാ മാപ്പ്… ഗുന്തര്‍ പാഷേ

അജീഷ് മാത്യു കറുകയിൽ

എങ്ങനെ മാപ്പ് പറയണമെന്നോ എന്ത് പറഞ്ഞു തുടങ്ങണമെന്നോ എനിക്കറിയില്ല. മോണിക്ക ഞാന്‍ തെറ്റ് ചെയ്തു ഗുരുതരമായ തെറ്റ്. വിഭ്രാന്തിയുടെ മൂര്‍ധന്യത്തില്‍ തീവ്ര ആരാധന എന്ന ലഹരിയുടെ പിടിയിലായിരുന്നു ഞാന്‍. സ്റ്റെഫി എനിക്ക് ജീവനായിരുന്നു. ടെന്നീസിനെ പ്രണയിച്ച കാലം മുതല്‍ ഹൃദയത്തിലേറ്റിയ രൂപം സ്റ്റെഫി മാത്രമായിരുന്നു. സ്റ്റുട്ട്ഗാര്‍ട്ടിലെ മൈതാനങ്ങളില്‍ വെച്ച് ഞാന്‍ ഹൃദയത്തില്‍ കോറിയിട്ട നീണ്ടു മെലിഞ്ഞ ആ 13 കാരിയില്‍ നിന്നാണ് ഞാന്‍ ടെന്നീസിനെ പ്രണയിച്ചു തുടങ്ങിയത്. എന്റെ പ്രണയം ടെന്നീസിനോടാണോ സ്റ്റെഫിയോടാണോ എന്ന് വിവേചിച്ചറിയാന്‍ കഴിയാത്ത വിധം അപകടകരമാകുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. മൈതാനങ്ങളില്‍ നിന്നും മൈതാനങ്ങളിലെയ്ക്ക് വിജയ കിരിടത്തിന്റെ ശീതളിമയില്‍ അവള്‍ മുന്നേറുമ്പോള്‍ ഒരു നിഴലുപോലെ ഞാന്‍ സ്റ്റേഡിയത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഇരുന്നു നിര്‍വൃതി അടയാറുണ്ടായിരുന്നു. എന്റെ ദിനങ്ങളുടെ, ജീവിതത്തിന്റെ തന്നെ സൂര്യനായിരുന്നു സ്റ്റെഫി. അവളെ കുറിച്ചുള്ള ഓര്‍മകളില്‍ മാത്രമായിരുന്നു ഞാന്‍ ഉണരുന്നതും ഉറങ്ങുന്നതും. അവളുടെ ഓരോ വിജയവും എനിക്ക് നല്കുന്ന ലഹരി, അത് മാത്രമായിരുന്നു എന്റെ ആനന്ദം. അവള്‍ നേടിയ 22 ഗ്രാന്‍ഡ് സ്ലാം വിജയങ്ങളില്‍ അവളെക്കാള്‍ ഏറെ ഈ ഭൂമുഖത്ത് സന്തോഷിച്ചിട്ടുള്ള ഒരേ ഒരാള്‍ ഒരു പക്ഷേ ഞാന്‍ മാത്രമായിരിക്കും.

ഒരു പക്ഷെ, നിങ്ങള്‍ ചിരിക്കുമായിരിക്കാം. എന്നാല്‍ ഒന്ന് കൂടി ഞാന്‍ പറയാം എന്റെ എന്ത് കാര്യവും തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ സ്റ്റെഫിയോടു അനുവാദം ചോദിക്കുമായിരുന്നു. നൂറു വാര അകലെ നിന്നും മാത്രം കണ്ടിട്ടുള്ള എന്റെ വീര വനിതയോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ഞാന്‍ എങ്ങനെ അനുവാദം ചോദിച്ചു എന്ന് നിങ്ങള്‍ ശങ്കിക്കുന്നുണ്ടാവും. എന്റെ വീട് നിങ്ങള്‍ ഒന്ന് കാണേണ്ടിയിരുന്നു. അവിടെ എനിക്ക് ദൈവങ്ങളില്‍ ഇല്ലായിരുന്നു. പകരം എന്റെ പൂജാമുറിയിലും കിടക്കറയിലും എന്തിനേറെ കുളിമുറിയില്‍ വരെ സ്റ്റെഫി മാത്രമായിരുന്നു. പലവേള ഈ കിറുക്കിന് ഞാന്‍ വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും എനിക്ക് തെല്ലും പശ്ചാത്താപം ഇല്ലായിരുന്നു. പക്ഷെ മോണിക്കാ ഇപ്പോള്‍ ഞാന്‍ ആത്മാര്‍ഥമായും ഖേദിക്കുന്നു.

മറ്റെന്തും എനിക്ക് സഹിക്കാമായിരുന്നു. എന്നാല്‍ സ്‌റെഫിയുടെ തോല്‍വി എന്റെ നിയന്ത്രണങ്ങളെ തോല്‍പ്പിക്കുന്നവയായിരുന്നു അന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 6-4-നു മുന്നിട്ടു നിന്ന ശേഷം കേവലം കൗമാരക്കാരിയായ നിന്റെ മുന്നില്‍ മുട്ട് മടക്കുന്ന പ്രിയ താരത്തെ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അന്ന് ഞാന്‍ ഉറങ്ങിയില്ല എന്ന് മാത്രമല്ല, പുലരിയാവോളം സിലാരാസിന്റെ ലഹരിയില്‍ ഉറക്കെ കരയുകയായിരുന്നു. ഇനിയൊരു മടക്കം എന്റെ രാജകുമാരിക്കുണ്ടാവില്ല എന്ന് എന്റെ മനസ് പറയുന്നത് പോലെ. അപരാജിതയായി മുന്നേറിയ എന്റെ താരം ഒരു രാത്രി വെളുക്കും മുന്‍പ് തീരെ ചെറുതായ പോലെ. ഗുന്തര്‍ പ്രാഷേ എന്ന ആരുമല്ലാത്ത എന്നെക്കാള്‍ ചെറുതായ ഒരു ഗ്രാന്‍ഡ് സ്ലാം രാജകുമാരിയെ എനിക്ക് സങ്കല്പ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്നീടുള്ള പകലുകളും രാവുകളും ഞാന്‍ ലഹരിയില്‍ ആയിരുന്നു. വിസ്‌കിയുടെ ഗന്ധം. മരിജുവാനയുടെയും കഞ്ചാവിന്റേയും മയക്കം. എനിക്ക് പകലുകള്‍ ഇല്ലായിരുന്നു. തോല്‍വിയുടെ മൂടുപടത്തില്‍ അകപെട്ടു പോയേക്കാവുന്ന സ്റ്റെഫിയുടെ ഭാവിയെ ഞാന്‍ ഭയപ്പെട്ടു. ഒന്ന് തീരുമാനിച്ചു. വിജയം മാത്രമുള്ള ലോകത്തേയ്ക്ക് എന്റെ പ്രിയപ്പെട്ട താരമേ നീ പറന്നകലുക. തോല്‍വികള്‍ ഇല്ലാതെ ഇനിയും ഇനിയും ഒരു പാട് ആരാധക ഹൃദയങ്ങളില്‍ നിന്റെ ഓര്‍മ ജ്വലിക്കട്ടെ .

ഇരുപത്തിമൂന്ന് സെന്റീമീറ്റര്‍ നീളമുള്ള ബോണിംഗ് കത്തി വാങ്ങി അരയില്‍ തിരുകുമ്പോള്‍ ഒരിക്കലും എന്റെ വന്യ സ്വപ്നത്തില്‍ പോലും നീ ആയിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ പ്രിയപ്പെട്ട സ്റ്റെഫിയെ തോല്‍വിയുടെ കയ്പ്പുള്ള ലോകത്ത് നിന്നും എന്നന്നേയ്ക്കും പറഞ്ഞു അയച്ചു അവള്‍ക്കു വീര ചരമം നല്കാനുള്ള ഒരു ആരാധകന്റെ ആവേശം മാത്രമായിരുന്നു. പലതവണ ഈ ഉദ്ദേശത്തോടെ സ്‌റ്റെഫിയെ സമീപിക്കാന്‍ ശ്രമിച്ചതാണ്. ഒരു തവണ രണ്ടടി അകലത്തില്‍ എനിക്കവളെ ഹസ്തദാനം ചെയ്യാനും സാധിച്ചു എങ്കിലും ആ സാമീപ്യം എന്റെ ധൈര്യം ചോര്‍ത്തികളഞ്ഞു. അവിചാരിതമായാണ് ആ ഏപ്രില്‍ 30-നു ഞാന്‍ ക്വാട്ടര്‍ ഫൈനലിന് എത്തുന്നത് തന്നെ. ഹാംബര്‍ഗിലെ മൈതാനങ്ങളില്‍ കളി നടക്കുമ്പോള്‍ എനിക്ക് പുറത്തു സ്വസ്ഥതയോടെ ഇരിക്കാന്‍ ആവുമായിരുന്നില്ല. അവസാന നിമിഷമാണ് ഞാന്‍ ആ കളി കാണണം എന്ന് തീരുമാനിച്ചത്. മലീന മഗ്ദലേനയും മോണികാ നീയും എനിക്ക് അന്യരായിരുന്നു. ആദ്യ സെറ്റ് 6-4-നു നീ നേടുമ്പോള്‍ കാണികളില്‍ ഇരുന്നു ഹര്‍ഷാരവം മുഴക്കിയവരില്‍ ഒരാള്‍ ഞാനും ആയിരുന്നു. അപ്പോഴൊന്നും നീ എനിക്ക് ശത്രുവോ ഇരയോ ആയിരുന്നില്ല പിന്നെ എനിക്കെങ്ങനെ ഇതിനു കഴിഞ്ഞു.

രണ്ടാം സെറ്റ് നിന്റെ ബാക്ക് ഹാന്‍ഡ് ഷോട്ടുകളുടെ മാസ്മരികതയില്‍ മുഴുകിയിരുന്നപ്പോഴാണ് സ്റ്റെഫി എന്റെ ചിന്തകളെ മഥിക്കാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നീ തകര്‍ത്തെറിഞ്ഞത് വര്ഷങ്ങളായി മനസ്സില്‍ ഞാന്‍ ചില്ലിട്ടു പൂജിക്കുന്ന രൂപമല്ലേ എന്ന തോന്നല്‍ ഒരു നിമിഷം നിന്നെ എന്റെ ശത്രുവാക്കി. ഇനിയൊരിക്കലും സ്റ്റെഫിയെ തോല്‍പ്പിക്കാന്‍ മോണിക്ക എന്ന പീറ പെണ്‍കുട്ടിക്ക് കഴിയാതിരിക്കട്ടെ എന്ന് ആക്രോശിച്ചു കൊണ്ട് ഞാന്‍ അലറി വിളിച്ചു. പിന്നെ നടന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല. ബോധം വരുമ്പോള്‍ ഞാന്‍ ഏതോ മാനസിക രോഗ ആശുപത്രിയില്‍ ആയിരുന്നു. അവര്‍ പറഞ്ഞു, എനിക്ക് താരാരാധന മൂത്ത് ഭ്രാന്തായതാണെന്ന്. രണ്ടു കൊല്ലം ഭ്രാന്തിന്റെയും ഇരുട്ടിന്റെയും തടവറയില്‍ കിടന്നു അതിലേറെ എന്റെ മനസാക്ഷിയുടെ കോടതില്‍ ഞാന്‍ നീറിയമരുകയായിരുന്നു.

ഞാന്‍ പഴയ ഭ്രാന്തന്‍ ഗുന്തര്‍ പ്രാഷേയല്ല ഇവാന്റെയും ഗ്രിഗറിയുടെയും മോണിക്കയുടെയും പിതാവ് കൂടിയാണ്. എനിക്കൊരു മകള്‍ ജനിച്ചാല്‍ അവള്‍ക്കു നിന്റെ പേര് വേണമെന്നതായിരുന്നു എന്റെ പ്രായശ്ചിത്തത്തിന്റെ ആദ്യ പടി. അവള്‍ ടെന്നീസ് കളിക്കും. നിന്റേത് പോലെ ബാക്ക് ഹാന്‍ഡ് ഷോട്ടുകള്‍ ആണ് അവളുടെയും ബലം. ഒരിക്കല്‍ ഒരിക്കല്‍ എങ്കിലും എനിക്ക് എന്റെ മകളുമായി നിന്നെ വന്നു കണ്ടു മാപ്പിരക്കണം. ഞാന്‍ നശിപ്പിച്ചത് നിന്റെ കരിയര്‍ മാത്രമല്ല നിന്റെ ജീവിതം കൂടിയാണെന്ന് അറിയുന്നു. ഏതു പ്രായശ്ചിത്തവും നഷ്ട്ടപ്പെട്ടു പോയ നിന്റെ ജീവിതത്തിനു പകരമാവില്ല എന്നെനിക്കറിയാം. എങ്കിലും ഫീനിക്‌സ് പക്ഷിയെ പോലെ മരണത്തെ തോല്‍പിച്ച നിനക്ക് ഒരു ഭ്രാന്തന്റെ വിഹ്വലതകളില്‍ നിന്നുണ്ടായ തെറ്റിന് എന്നോട് ക്ഷമിക്കാന്‍ ആവും. ഞാന്‍ കാത്തിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍