UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാര്‍ വിമാനം അനുവദിച്ചില്ല; മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ മഞ്ഞിലൂടെ നടന്നത് നാല് ദിവസം

ശ്രീനഗറില്‍ നിന്നും 287 കിലോമീറ്റര്‍ അകലെയുള്ള അവരുടെ ഗ്രാമത്തിലേക്കുള്ള വഴികളെല്ലാം കനത്ത മഞ്ഞ് വീഴ്ചയില്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്

ഇക്കഴിഞ്ഞ ഏഴാം തിയതി ശ്രീനഗറിലെ ഷെര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് 74കാരനായ മുഹമ്മദ് ജാന്‍ മരിച്ചപ്പോള്‍ പ്രതിസന്ധിയിലായത് അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. കുടുംബത്തിലെ കാരണവരായ ജാനിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കാനാകാത്തതാണ് അവരെ ഏറെ വിഷമിപ്പിച്ചത്.

ശ്രീനഗറില്‍ നിന്നും 287 കിലോമീറ്റര്‍ അകലെയുള്ള അവരുടെ ഗ്രാമത്തിലേക്കുള്ള വഴികളെല്ലാം കനത്ത മഞ്ഞ് വീഴ്ചയില്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. 10,000 അടി മുകളിലുള്ള സാധനപാസ് കടന്ന് മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ഒടുവില്‍ അവര്‍ക്ക് മഞ്ഞിലൂടെ നാല് ദിവസത്തെ കാല്‍നടയാത്രയാണ് വേണ്ടി വന്നത്. ആറ് അടിക്ക് മുകളില്‍ മഞ്ഞ് വീണ് കിടന്ന വഴികളിലൂടെ ഇഴഞ്ഞ് ഇഴഞ്ഞാണ് അവര്‍ക്ക് മൃതദേഹം വഹിച്ചുകൊണ്ട് പോകാന്‍ സാധിച്ചത്.

മൃതദേഹം കൊണ്ടുപോകാനായി സര്‍ക്കാര്‍ പ്രത്യേക വിമാനം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് ഇവര്‍ നടന്ന് പോകാന്‍ തീരുമാനിച്ചത്. ‘ഇതൊരു വല്ലാത്ത പരീക്ഷണമായിരുന്നു. സര്‍ക്കാര്‍ വിമാനവും കാത്ത് മൃതദേഹം ആദ്യം പോലീസ് കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവസാനം എഴുപത് പേരടങ്ങിയ ഒരു സംഘത്തെ ഗ്രാമത്തില്‍ നിന്നും അയയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. സാധന പാസിന്റെ അപ്പുറത്തെ വശത്തു നിന്നും ഗന-ഖൂനി നള്ള നടന്നു കയറി മൃതദേഹം ഇവിടെയെത്തിക്കാന്‍ അത്രയും പേര്‍ വേണം’ ജാനിന്റെ അടുത്ത ബന്ധുവായ മാസ്റ്റര്‍ മുഹമ്മദ് റാഫി പറയുന്നു.

ഇതില്‍ ഏറ്റവും കടുപ്പം 10,000 അടി ഉയരത്തിലുള്ള സാധന പാസ് കടക്കുക എന്നതായിരുന്നു. വളരെയധികം തണുത്ത കാറ്റും കൂടിയായപ്പോള്‍ എല്ലാവരുടെയും മുഖങ്ങള്‍ നീലനിറത്തിലായി. ഞങ്ങള്‍ ഇതെല്ലാം സഹിച്ചത് അന്തസായ അന്ത്യകര്‍മ്മങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ്. അന്തസായ അന്ത്യകര്‍മ്മങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പിന്നെ നാമെന്ത് ജീവിതമാണ് ജീവിക്കുന്നത്. റാഫി ചോദിക്കുന്നു. ജനുവരി പത്തിനാണ് മൃതദേഹം നാട്ടിലെത്തിയത്.

ശവമഞ്ചം ചുമലിലേറ്റിയാണ് സംഘം കനത്ത മഞ്ഞിലൂടെ നടന്നത്. ജില്ലാ, ഉപജില്ലാ ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയ്ക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നു. ഈ സംഭവത്തെ തുടര്‍ന്ന് കനത്ത മഞ്ഞ് വീഴ്ചയില്‍ കുഗ്രാമങ്ങളിലേക്കുള്ള റോഡുകളില്‍ തടസ്സമുണ്ടായാല്‍ ഹെലികോപ്റ്റര്‍ സേവനം അനുവദിക്കണമെന്ന് നിയമസഭ ചെയര്‍മാന്‍ അനായത് അലി ബുധനാഴ്ച സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ റോഡ് പദ്ധതികളെക്കുറിച്ച് വിശദീകരിക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ലഫ്. ജനറല്‍ സുരേഷ് ശര്‍മ്മ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയെ സന്ദര്‍ശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍