UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാമാതിപുര എന്റെ വീടാണ്, പക്ഷേ ഇവിടെയാരും എന്നെ ആക്രമിച്ചിട്ടില്ല

Avatar

കാമാതിപുരയിലെ ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്. 

“ഞാന്‍ ജനിച്ചത് കാമാതിപുരയിലാണ്. എന്റെ അമ്മ ഇവിടെ ലൈംഗിക തൊഴിലാളിയായിരുന്നു. കേരളത്തില്‍ നിന്നും ഇതിനായി കടത്തിക്കൊണ്ടുവന്നതാണ്. പക്ഷേ എന്റെ അച്ഛനെ കണ്ടതിനുശേഷം, -അങ്ങേര്‍ അമ്മയുമായി വല്ലാത്ത സ്നേഹത്തിലായി- അമ്മ ആ തൊഴില്‍ ഉപേക്ഷിച്ചു. അവരുടെ കല്ല്യാണം കഴിഞ്ഞതിനുശേഷം അമ്മ ഒരു വീട്ടുവേലക്കാരിയായി ജോലി നോക്കിത്തുടങ്ങിയിട്ടും ഞങ്ങള്‍ക്ക് കാമതിപുരയില്‍ നിന്നും മാറിത്താമസിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല.

വലുതാകുന്തോറും ഞാന്‍ ഒരുപാട് വിവേചനങ്ങള്‍ നേരിട്ടു. എല്ലാം എനിക്കെതിരായിരുന്നു-ഒരു ചുവന്ന തെരുവില്‍ നിന്നുമുള്ള കറുത്ത തൊലിയുള്ള ഒരു ഇന്ത്യക്കാരി പെണ്‍കുട്ടി. സ്കൂളില്‍ മറ്റ് കുട്ടികള്‍ എന്നോടു മിണ്ടാനോ കൂടെ കളിക്കാനോ തയ്യാറായില്ല. അവരെന്നെ ‘കാക്ക’യെന്നും ‘കറമ്പി പശു’വെന്നും വിളിച്ചു. തൊട്ടുകൂടാത്തവളെ എന്നപോലെയാണ് കണക്കാക്കിയത്. 10 വയസായപ്പോഴേക്കും ഞാന്‍ ഏതാണ്ട് ഒറ്റയ്ക്ക് മാത്രമായി മാറിയിരുന്നു.

സ്കൂളിലെ ഒരു അദ്ധ്യാപകന്‍ എന്റെ അവസ്ഥ മുതലെടുക്കുകയും എന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. നല്ല രീതിയില്‍ തൊടുന്നതും ചീത്ത രീതിയില്‍ തൊടുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ പോലും നമ്മളെ പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടുള്ളത്. പിന്നെങ്ങനെയാണ് എനിക്കറിയാനാവുക? 16 വയസുവരെ അത് പറയാന്‍ പോലും എനിക്കു പേടിയായിരുന്നു. പിന്നെ തെറാപ്പി തുടങ്ങിയതിന് ശേഷമാണ് എന്നെ ബലാത്സംഗം ചെയ്തു എന്നുതന്നെ ഞാന്‍ തിരിച്ചറിയുന്നത്.

ഇതിനെയൊക്കെ മറികടക്കാനുള്ള എന്റെ ഏകമാര്‍ഗം നാടകവേദിയായിരുന്നു. എന്താണ് ഒരു ‘ചീത്ത സ്പര്‍ശം’ അല്ലെങ്കില്‍ ആര്‍ത്തവം, ലൈംഗികത എന്നൊക്കെ നാടകത്തിലൂടെ വിശദമാക്കുന്ന ഒരു തെരുവുനാടക സംഘത്തിന്റെ ഭാഗമായിരുന്നു ഞാന്‍. നിരവധി തവണ ബോംബെ പോലീസ് ഞങ്ങളെ ഓടിച്ചിട്ടുണ്ട്. കാരണം ‘ലൈംഗികത’ എന്ന വാക്ക് ഞങ്ങള്‍ പറയുന്നതു തന്നെ. നിങ്ങളുടെ പെണ്‍മക്കള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ നിങ്ങള്‍ അനുവദിക്കും, പക്ഷേ അത് വിശദീകരിക്കാന്‍ സമ്മതിക്കില്ല, കാരണം അത് വിലക്കപ്പെട്ടതാണ്. എത്ര ദേഷ്യം പിടിപ്പിക്കുന്ന അവസ്ഥയാണ് ഇത്.

എന്റെ മാതാപിതാക്കള്‍ 2013-ല്‍ കേരളത്തിലേക്ക് മടങ്ങിപ്പോയി. പക്ഷേ ഞാനിവിടെ ബോംബെയില്‍ തന്നെ തുടര്‍ന്നു. കാരണം കാമാതിപുരയാണ് എന്റെ വീട്. അതൊരു സുന്ദരമായ വീടാണ്-ഇവിടെ നിറയെ സ്നേഹമാണ്. ഇവിടുത്തെ സ്ത്രീകള്‍ എത്ര നല്ലവരാണെന്നോ. എന്നെ അവരുടെ സ്വന്തം മകളെപ്പോലെ നോക്കിയ നല്ല മനുഷ്യര്‍. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് റോഡ് മുറിച്ചുകടക്കുമ്പോള്‍ ഒരു ടാക്സി എന്റെ പാദത്തിന് മുകളിലൂടെ കയറി പോയി, നിര്‍ത്തിയതുപോലുമില്ല. അയാളെ സംബന്ധിച്ച് കാമാതിപുരയില്‍ അങ്ങനെയൊക്കെ ചെയ്യാം. കാരണം അയാള്‍ക്ക് അവിടെയുള്ളവര്‍ എല്ലാവരും ‘വൃത്തികെട്ടവരാണ്.’ പക്ഷേ ഈ 2-3 സ്ത്രീകള്‍ അയാള്‍ക്ക് നേരെ ഓടിച്ചെന്നു. “ഞങ്ങളുടെ മോളോട് ഇങ്ങനെ ചെയ്യാന്‍ നീയെങ്ങനെ ധൈര്യപ്പെട്ടു? കാറില്‍ നിന്നിറങ്ങി മാപ്പ് പറയൂ.” നിരവധി തവണ പുരുഷന്മാര്‍ എന്നെ നോക്കി അശ്ലീലമായ ആംഗ്യങ്ങള്‍ കാണിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ ഈ സ്ത്രീകള്‍ എന്റെ പ്രതിരോധത്തിനെത്തും, അവരെ ഓടിക്കും.

തമാശ തോന്നുന്നുണ്ടാകുമല്ലേ? കാമാതിപുരയില്‍ എനിക്കു വിവേചനം നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ, പുറത്തുണ്ടായിട്ടുണ്ട്. എന്നെ ഇവിടെയാരും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പക്ഷേ ബോംബെയിലെ സ്കൂളില്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഞാനിവിടെ ഇപ്പൊഴും കഴിയുന്നത്. ക്രാന്തിയും ഞാനും സാന്‍ ഫ്രാന്‍സിസ്കോയില്‍ “Girl on the Run” എന്ന പരിപാടിക്ക് പോയപ്പോള്‍ ഞാന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു. എന്റെ നിറത്തെ, എന്റെ ജീവിത പശ്ചാത്തലത്തെ, എന്റെ ലൈംഗിക പീഡനത്തെ, ഒരു പ്രശ്നമാക്കാത്ത ആളുകളെ ഞാന്‍ കണ്ടു. ആദ്യമായി, ഒരു പോലീസുകാരന്‍ ഓടിക്കും എന്ന ഭയം കൂടാതെ എനിക്കു ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞു. തിരികെ വന്ന്, നാടകത്തിലൂടെ എന്റെ വീടിനെ കൂടുതല്‍ സ്വീകാര്യമായ ഒരു സ്ഥലമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഏറെക്കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.

എന്തുകൊണ്ടാണ് സൌന്ദര്യം ഇത്ര ഉപരിപ്ലവമായിരിക്കുന്നത്? നിങ്ങള്‍ വെളുപ്പും ഞാന്‍ കറുപ്പുമായിരിക്കും, പക്ഷേ ഞാന്‍ സുന്ദരിയാണെന്നുതന്നെ ഞാന്‍ കരുതുന്നു. എന്തുകൊണ്ടാണ് സൌന്ദര്യം തൊലിയുടെ നിറവുമായി ബന്ധപ്പെട്ടിരിക്കുന്നത്? ഞാന്‍ എവിടെനിന്നാണ് വരുന്നത് എന്നതിന് എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യം? ആളുകളിലെ നന്മയെ അടിസ്ഥാനമാക്കി നമുക്കവരെ കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് നമുക്ക് സ്വാഭാവികമായി സ്വീകരിക്കാനാകാത്തത്?”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍