UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടിയേയും കൂട്ടരെയും വിഴുങ്ങാന്‍ നടക്കുന്ന ‘ആഭ്യന്തര’ ഗ്രൂപ്പ്

Avatar

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ബാറിന്റെ പേരില്‍ കോഴ ആരോപണങ്ങള്‍ വന്നിട്ടും ഇതുവരെ എക്‌സൈസ് മന്ത്രിക്കെതിരെ ആരും ഒന്നും പറയാത്തതില്‍ അത്ഭുതംകൂറിയിരിക്കുകയായിരുന്നു കേരള ജനത. ഏതെങ്കിലും ഒരു വിഷയത്തില്‍ അഴിമതി ഉന്നയിക്കപ്പെട്ടാല്‍ ആ വകുപ്പ് മന്ത്രിക്കെതിരെ ആരോപണം വരുന്നതായിരുന്നല്ലോ നാട്ടുനടപ്പ്. എന്നാല്‍ നിഷ്‌കളങ്കനും നിരാലംബനുമായ കെ ബാബു അത്തരം വഴുക്കലുകളിലൊന്നും പെടാതെ ചിരിച്ചു മുന്നേറുകയായിരുന്നു. നാട്ടുകാരെ മുഴുവന്‍ പറ്റിച്ചേ എന്നൊരു മനോഭാവം ആ ചിരിയില്‍ ഒളിഞ്ഞിരിക്കുന്നുമുണ്ടായിരുന്നു. 

പക്ഷെ, കെഎം മാണിയെ മാത്രം ഒതുക്കി പ്രശ്‌നത്തില്‍ നിന്നും തലയൂരാം എന്ന പ്രതീക്ഷയുമായി അപമാനഭാരം സഹിച്ചും കേരളത്തെ ഭരിച്ച് നന്നാക്കുക എന്ന ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളുമായി മുന്നേറിയിരുന്ന ഉമ്മന്‍ചാണ്ടിക്കും മറ്റ് എ ഗ്രൂപ്പ് സിംഹങ്ങള്‍ക്കും തിരിച്ചടിയായത് പ്രതിപക്ഷമോ കേരള കോണ്‍ഗ്രസോ എന്തിന് പിസി ജോര്‍ജ്ജ് പോലും ആയിരുന്നില്ല.

അത് സാക്ഷാല്‍ ആഭ്യന്തരമന്ത്രി നയിക്കുന്ന ഐ ഗ്രൂപ്പ് തന്നെയായിരുന്നു. വിജിലന്‍സിന് ‘പൂര്‍ണസ്വാതന്ത്ര്യമാണ്’ കേസന്വേഷണത്തില്‍ നിലവില്‍ കേരളത്തില്‍ ഉള്ളതെങ്കിലും ആഭ്യന്തരമന്ത്രിയെയോ ഐ ഗ്രൂപ്പ് നേതാക്കളെയോ തൊട്ടാല്‍ കൈപൊള്ളും എന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറിയ കാര്യം മുഖ്യമന്ത്രി പോലും അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മാണിക്ക് പുറമെ രമേശ് ചെന്നിത്തലയ്ക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും കൈക്കൂലി കൊടുത്തു എന്ന ബിജു രമേശ് ആരോപണം വന്ന ഉടനെ വിജിലന്‍സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന നിലയിലായി കാര്യങ്ങളുടെ പിന്നത്തെ പോക്ക്. എ ഗ്രൂപ്പ് കാരനും സര്‍വോപരി പഞ്ചപാവവുമായ കെ ബാബുവിനെതിരെ നടപടി ത്വരിതപ്പെടുത്തി. ആദ്യം പ്രത്യേക കേസ് എടുക്കണ്ട എന്നായിരുന്നു തീരുമാനം. പക്ഷെ മാണി രണ്ട് കൊമ്പുള്ള മുയലിനെ പിടിച്ചപ്പോള്‍ കഥമാറി. പിന്നെ പ്രത്യേക കേസ് എടുക്കാനും ദ്രുതപരിശോധന നടത്താനും തീരുമാനമായി. ബാബുവിന് സെക്രട്ടറിയേറ്റില്‍ കൊണ്ടുപോയി 50 ലക്ഷം രൂപ നേരിട്ടു കൊടുത്തെന്നും ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ശിവകുമാറിന് വീട്ടില്‍ 25 ലക്ഷം എത്തിച്ചു എന്നും ബിജു രമേശ് പറയുന്നു. രണ്ടിടത്തും പണം വാങ്ങിയത് പ്രൈവറ്റ് സെക്രട്ടറിമാര്‍. അവര്‍ക്ക് എന്തൊക്കെ പണികളാണ്? പക്ഷെ അതല്ല ചോദ്യം. ബാബുവിനെതിരെ ഉണ്ടായ നടപടികളൊക്കെ ശിവകുമാറിനെതിരെയും വേണ്ടതല്ലെ? അതോ ഈ ലളിതാകുമാരി കേസ്, ലളിതാകുമാരി കേസ് എന്ന് പറയുന്ന സാധനത്തില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനെ സുപ്രീം കോടതി ഒഴിവാക്കിയോ എന്തോ? 

കാര്യം അതൊന്നുമല്ല. മാണിയെ ഒതുക്കാന്‍ വേണ്ടി കുടത്തിലെ ഭൂതത്തെ ഉമ്മന്‍ചാണ്ടി തുറന്നുവിട്ടു. ഉമ്മന്‍, മുത്തൂറ്റ്, മനോരമ സഖ്യം മാത്രം പത്ത് ചക്രം ഉണ്ടാക്കിയാല്‍ മതിയെന്നായിരുന്നു അതിയാന്റെ കണക്ക് കൂട്ടല്‍. പക്ഷെ സംഭവം തിരിച്ചടിച്ചു. വെള്ളം കലങ്ങിയപ്പോഴാണ് ചിലര്‍ തനി കോണ്‍ഗ്രസുകാരായത്. നേതൃത്വമാറ്റം, തിരുത്തല്‍വാദം എന്നൊക്കെ പറഞ്ഞ് നടന്നവര്‍ ഇപ്പോഴും ആ പാര്‍ട്ടിയില്‍ ബാക്കിയുണ്ടേ. അവര്‍ അതിന്റെ സാധ്യത മനസിലാക്കി. ഇപ്പോള്‍ പിടിച്ചാല്‍ ഒരു കൊല്ലമെങ്കില്‍ ഒരു കൊല്ലം കേരളം വാഴാം. ഇല്ലെങ്കില്‍ ഇനിയും അഞ്ചോ പത്തോ കൊല്ലം കാത്തിരിക്കേണ്ടി വരും. പാര്‍ട്ടി കോണ്‍ഗ്രസാണ്. ആര് എവിടെ നിന്ന് എപ്പോള്‍ പാലം വലിക്കും എന്ന് പറയാന്‍ കഴിയില്ല. അഞ്ച് കൊല്ലം എന്ന് കൂട്ടിയാല്‍ തന്നെ അന്ന് നമ്മള്‍ എവിയെയായിരിക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. കിട്ടിയ അവസരം മുതലാക്കിയേ തീരൂ. അതോടെ കളിയാകെ മാറിയ ലക്ഷണമാണ്. എന്താലും ഒന്നോര്‍ക്കാമായിരുന്നു. പിറവം ഉപതിരഞ്ഞെടുപ്പ് വിജയിപ്പിച്ചെടുക്കാന്‍ ബാബു മന്ത്രി ചെയ്ത അക്ഷീണ പരിശ്രമം. പാവത്തിന്റെ സംഭാവനയും മഹാമനസ്‌കതയും ഇല്ലായിരുന്നെങ്കില്‍ അന്ന് കാണാമായിരുന്നു കളി. 

ഏതായാലും ബിജു രമേശ് മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു തട്ടുകടക്കാരന്റെ മകനായ കെ ബാബുവിന്റെ ഇപ്പോഴത്തെ ആസ്തിയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമത്രെ. അങ്ങനെ തുടങ്ങിയാല്‍ എന്‍ഫോഴ്‌സ്‌മെന്റ് എത്രപേരുടെ സ്വത്തുവിവരം അന്വേഷിക്കേണ്ടി വരും? രാവിലെ ഖദറും ഇട്ട് ഇറങ്ങുന്നത് പുണ്യപ്രവര്‍ത്തനത്തിനാണെന്നാണ് ചില ശുംഭന്മാരുടെ വിചാരം. അങ്ങനെയുള്ളവര്‍ക്കേ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കൂ. 

അസാമാന്യ പ്രതിഭകള്‍ അടങ്ങുന്ന സര്‍ക്കാരാണ് നമ്മെ ഭരിക്കുന്നതെന്ന് കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല. പക്ഷെ ഒരു സംശയം ബാക്കി. നമ്മുടെ സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ ഇപ്പോള്‍ എവിടെയാണോ എന്തോ?

അഴിമുഖം യു ടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍