UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സീ ന്യൂസ് എന്ന മാധ്യമ വല്ലായ്മ

Avatar

ടീം അഴിമുഖം

ജെഎന്‍യു വിവാദത്തിലെ യഥാര്‍ത്ഥ വില്ലന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ ന്യൂസാണ്. സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതിന്റെ വ്യാജവീഡിയോ പ്രക്ഷേപണം ചെയ്ത് പ്രശ്‌നം തുടങ്ങിവച്ചത് സീയാണ്. എങ്കിലും തെറ്റുകളില്‍നിന്നു പിന്മാറാന്‍ സീ തയ്യാറാകുന്നുമില്ല.

ഈയാഴ്ച ആദ്യം അത് അതിന്റെ പുതിയ ‘ദേശ വിരുദ്ധനെ’ കണ്ടെത്തി. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനും കവിയും ചലച്ചിത്രനിര്‍മ്മാതാവുമായ ഗൗഹര്‍ റാസ.

ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ജാവേദ് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഒരു കവിതാ യോഗത്തില്‍ റാസ അസഹിഷ്ണുത, വിദ്വേഷം എന്നിവയെപ്പറ്റിയുള്ള ഉറുദു കവിത അവതരിപ്പിച്ചിരുന്നു. ജെഎന്‍യുവില്‍ ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസുകളും അഭിപ്രായസ്വാതന്ത്ര്യവുമായിരുന്നു കവിതയുടെ പശ്ചാത്തലം. ആളുകളെ രാജ്യദ്രോഹികളെന്നു മുദ്രകുത്താനുള്ള ഭ്രാന്തമായ ആവേശത്തെപ്പറ്റിയും കവിതയില്‍ പറയുന്നു.

എന്നാല്‍ സീ ന്യൂസില്‍ വ്യാഴാഴ്ച സുധീര്‍ ചൗധരി അവതരിപ്പിച്ച പരിപാടി റാസയെ ‘അഫ്‌സലിനെ സ്‌നേഹിക്കുന്നവരുടെ സംഘത്തിലെ അംഗം’ എന്നു വിശേഷിപ്പിച്ചു. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തോടനുബന്ധിച്ച് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവാണ് പരാമര്‍ശത്തിലെ വ്യക്തി. ‘പാക്കിസ്ഥാനെ സ്‌നേഹിക്കുന്ന സംഘങ്ങള്‍ വളരെ സജീവമാണെന്നതാണ് ഞങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. കാശ്മീരിലായാലും ഡല്‍ഹിയിലായാലും,’ ചൗധരി പറഞ്ഞു. ‘ഈ സംഘം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും മറ്റ് വേദികളിലും വഞ്ചകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു.’

റാസ കവിത വായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ‘കവിത നല്ലതുതന്നെ, പക്ഷേ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കുവേണ്ടി പ്രശംസാഗീതങ്ങള്‍ പാടേണ്ടതുണ്ടോ?’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. സ്‌ക്രീനില്‍ ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ ചിത്രവും വന്നു.

കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതിന്റേതായി പ്രചരിച്ച വീഡിയോ വ്യാജമാണെന്നു തെളിഞ്ഞതാണ്. ഡല്‍ഹി സര്‍ക്കാര്‍, മാധ്യമങ്ങള്‍, സീ ന്യൂസിലെ തന്നെ ഒരു ജീവനക്കാരന്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഈ വ്യാജ വീഡിയോ സംപ്രേഷണം ചെയ്തതിന് സീ ന്യൂസിനെതിരെ വിരല്‍ ചൂണ്ടിയിരുന്നു. കനയ്യ കുമാറിനെതിരെ ഇത്തരം ഒരു വീഡിയോ തെളിവുമില്ലെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ സമ്മതിച്ചതുമാണ്.

കൃത്യതയില്ലാത്ത പിന്നണി ശബ്ദവുമായി പരിപാടി മുന്നോട്ടുപോകവേ സീയുടെ വോയ്‌സ് ഓവര്‍ ‘ദേശ് കി സര്‍ക്കാര്‍ കോ അന്ധാ കഹാ ഗയാ’ (സര്‍ക്കാരിനെ അന്ധന്‍ എന്നു വിളിച്ചു) എന്ന കാവ്യാലങ്കാരത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു. സീ ന്യൂസിനെ ദേഷ്യം പിടിപ്പിച്ച വരികള്‍ ഇവയാണ്:

‘ ഈ ആളുകള്‍ വിചിത്രമാണ്,
അവര്‍ ഇല്ലാതാകില്ല, നിങ്ങള്‍ എത്ര ശ്രമിച്ചാലും.
അവരാണ് മുഴുവനും, അവരാണ് ഒരു ഭാഗം,
അവരെ നിങ്ങള്‍ക്ക് കാണാനാകില്ല
എല്ലാ വിളക്കുകളും കൊളുത്തുന്നത്
അവരാണെന്നു വിശ്വസിക്കാന്‍ മാത്രം
ദുര്‍വാശിക്കാരാണ് അവര്‍.’

സീ ന്യൂസ് പ്രൊമോട്ടര്‍ സുഭാഷ് ചന്ദ്ര

ആളുകളെ രാജ്യദ്രോഹികളെന്നു മുദ്രകുത്താനുള്ള വ്യഗ്രതയെപ്പറ്റി റാസയുടെ കവിത ഇങ്ങനെ പറയുന്നു: 

‘ഇത് കഴിക്കരുത്, അത് ധരിക്കരുത്, ഒരിക്കലും സ്‌നേഹിക്കരുത്.
അല്ലെങ്കില്‍ നിങ്ങള്‍ ദേശദ്രോഹിയായി മുദ്ര കുത്തപ്പെടും.’

ബുദ്ധിശൂന്യവും പരിഹാസ്യവുമായിരുന്നു സീയുടെ റിപ്പോര്‍ട്ടിങ്ങ്. ഒപ്പം റാസ ചൂണ്ടിക്കാട്ടുന്നതുപോലെ അത് അപകടകരവുമാണ്. ‘മാധ്യമങ്ങള്‍ വളരെ ശക്തരാണ്,’ സീയുടെ പ്രചാരണത്തില്‍ അസ്വസ്ഥനായ റാസ പറഞ്ഞു. ‘ഇത് വ്യക്തിസുരക്ഷയുടെ പ്രശ്‌നമാണ്. ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവര്‍ കൊല്ലപ്പെട്ട രീതി നാം മറന്നുകൂട.’

മതമൗലികവാദികളാല്‍ കൊല്ലപ്പെട്ട യുക്തിവാദികളാണ് ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ദാബോല്‍ക്കറും എംഎം കല്‍ബുര്‍ഗിയും. സീ ന്യൂസിനെതിരെ നിയമനടപടി ആലോചിച്ചുവരികയാണെും റാസ പറഞ്ഞു.

ഈ പരിപാടിയെത്തുടര്‍ന്ന് സീ ന്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് 250 സര്‍വകലാശാലാ അദ്ധ്യാപകരും മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര നിര്‍മാതാക്കളും തിയറ്റര്‍ കലാകാരന്മാരും ആക്ടിവിസ്റ്റുകളും സംയുക്ത പ്രസ്താവന ഇറക്കി. ജെഎന്‍യു പ്രൊഫസര്‍ നിവേദിത മേനോനെയും ഇപ്പോള്‍ ഗൗഹര്‍ റാസയെയും ഭ്രാന്തമായി ചിത്രീകരിച്ചതിനെതിരെയുള്ള പ്രസ്താവന ഇങ്ങനെ പറയുന്നു:

‘വ്യക്തികളെ തെരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ ടിവി എന്ന മാധ്യമത്തെ ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഈ അപമാനകരമായ പ്രവൃത്തിക്കു തുടക്കമിട്ടത് സീ ന്യൂസാണ്. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ എന്നിവരുടെ അറസ്റ്റിനും പീഡനത്തിനും കാരണമായത് ഈ വ്യാജവീഡിയോകളാണ്. ഈ നിരുത്തരവാദപരമായ പ്രവര്‍ത്തിക്ക് ഇതുവരെ സീ ന്യൂസ് ക്ഷമാപണം നടത്തിയിട്ടില്ല. ഭോഷ്‌ക് പുറത്തായെങ്കിലും അതില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍.’

നസീറുദ്ദീന്‍ ഷാ, ഷര്‍മിള ടഗോര്‍, ശുഭ മുദ്ഗല്‍ തുടങ്ങിയവര്‍ ഒപ്പുവച്ച പ്രസ്താവന ‘ഈ ക്രിമിനല്‍ കുറ്റം ശ്രദ്ധിക്കാനും ചാനലിനെതിരെ നടപടിയെടുക്കാനും’ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ബ്രോഡ്കാസ്റ്റ് അസോസിയേഷനോടും ആവശ്യപ്പെടുന്നു.

സീയുടെ ചരിത്രവും പ്രതിരോധവും
2012-ല്‍ സുധീര്‍ ചൗധരി ഉള്‍പ്പെടെ സീയുടെ രണ്ട് എഡിറ്റര്‍മാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചേര്‍ന്ന് 100 കോടി രൂപ മൂല്യം വരുന്ന പരസ്യം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു ഇത്. ‘കോള്‍ഗേറ്റ്’ വിവാദത്തില്‍ ജിന്‍ഡാലിന്റെ കമ്പനിയെ ഉള്‍പ്പെടുത്താതിരിക്കുന്നതിനു പകരമായാണ് സീ ന്യൂസ് ഈ പരസ്യങ്ങള്‍ ആവശ്യപ്പെട്ടത്.

സീ മാനേജ്‌മെന്റിന്റെ നിര്‍ദേശമനുസരിച്ചാണ് സീ ന്യൂസ് തലവനായ ചൗധരിയും സീ ബിസിനസ് തലവനായ സമീര്‍ അലുവാലിയയും പ്രവര്‍ത്തിക്കുതെന്നായിരുന്നു ജിന്‍ഡാലിന്റെ ആരോപണം.

ജിന്‍ഡാലിന്റെ ഉദ്യോഗസ്ഥരും സീ എഡിറ്റര്‍മാരും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി ജിന്‍ഡാല്‍ ഹാജരാക്കിയിരുന്നു. ഇവ യഥാര്‍ത്ഥമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. എഡിറ്റര്‍മാരുടെ തനിനിറം പുറത്താക്കാന്‍ അവരുടെമേല്‍ തിരിച്ചൊരു ‘സ്റ്റിങ് ഓപ്പറേഷന്‍’ നടത്തുകയായിരുന്നു ജിന്‍ഡാല്‍.

സീ ഗ്രൂപ്പ് പ്രമോട്ടര്‍ സുഭാഷ് ചന്ദ്ര അറിയപ്പെടുന്ന ആര്‍എസ്എസ്, ബിജെപി അനുഭാവിയാണ്. ഹരിയാന തെരഞ്ഞെടുപ്പില്‍ ചന്ദ്ര പ്രചാരണരംഗത്തുമുണ്ടായിരുന്നു.

അടുത്തിടെയുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ബിജെപിയുടെ മുഖമാധ്യമമാണ് സീയെന്ന ആരോപണം നിഷേധിക്കാന്‍ ചന്ദ്ര ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ‘ഞങ്ങള്‍ പോസിറ്റീവ് വാര്‍ത്തകള്‍ നല്‍കാന്‍ ശ്രമിക്കുന്നു. അതിന് നിങ്ങള്‍ ഞങ്ങളെ ബിജെപി ചാനലെന്നു വിളിക്കുമോ?’ ചന്ദ്ര സ്വന്തം ചാനലില്‍ ചോദിച്ചു.

‘ഹിന്ദുക്കള്‍ക്കുവേണ്ടി – ഹിന്ദുസ്ഥാനികള്‍ക്കുവേണ്ടി ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ മതമൗലികവാദികളായി മുദ്രകുത്തപ്പെടുന്നു എന്നതാണ് പ്രശ്‌നം,’ ചന്ദ്ര പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍