UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദര്‍ശമേ, നിന്റെ പേരോ എ കെ ആന്‍റണി?

എ കെ ആന്റണിക്ക് ആരെയും എന്തും പറയാം. ആന്റണി ആരോടും മാപ്പു ചോദിയ്ക്കില്ല. ചെയ്ത തെറ്റ് മാപ്പര്‍ഹിക്കാത്തതാണെങ്കില്‍ പോലും. പക്ഷെ, ആന്റണിയെക്കുറിച്ച് ആരും ഒന്നും പറഞ്ഞുകൂട. പറയുന്ന കാര്യങ്ങള്‍ പകല്‍പോലെ സത്യമാണെങ്കില്‍ പോലും. ഇനി, അഥവാ വല്ലവരും ആ സത്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ ആന്റണിയോട് മാപ്പ് പറയണം. കാരണം, ആന്റണി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവതാരമാണ്. ആദര്‍ശത്തിന്റെ അവതാരം. ആദര്‍ശം കണ്ടുപിടിച്ചതുതന്നെ ആന്റണിയാണ്. ആന്റണി എന്ന പേരുപോലും ആദര്‍ശത്തിന്റെ പര്യായമാണ്. ആദര്‍ശത്തില്‍ ഉണരുകയും ആദര്‍ശം ഭുജിക്കുകയും ആദര്‍ശം വിസര്‍ജ്ജിക്കുകയും ആദര്‍ശം ശ്വസിക്കുകയും ആദര്‍ശം പരത്തുകയും ആദര്‍ശത്തില്‍ ഉറങ്ങുകയും ചെയ്യുന്ന പുണ്യാത്മാവ്.

ഇതൊക്കെ കോണ്‍ഗ്രസുകാര്‍ ആന്‍റണിയ്ക്ക് കൊടുക്കുന്ന വിശേഷണങ്ങളാണ്. അഴിമതിയിലും ശുദ്ധചെറ്റത്തരങ്ങളിലും നീന്തിത്തുടിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസ് ഉന്നത നിലവാരം പുലര്‍ത്തുന്ന സംഘടനയാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ആന്‍റണിയുടെ ആദര്‍ശമുഖം വേണം. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസിന് ആന്‍റണി ജീവവായു തന്നെ. കാരണം, കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരല്ലെങ്കില്‍ അവര്‍ക്ക് ആന്‍റണി എന്ന മുഖംമൂടി വേണ്ട. സ്വന്തം അഴിമതി മറച്ചുപിടിയ്ക്കാന്‍ ആന്‍റണിയുടെ ആദര്‍ശമുഖം എത്രകണ്ട് കോണ്‍ഗ്രസിനു വേണമോ അത്ര കണ്ട് തന്റെ അസ്തിത്വം നിലനിര്‍ത്താന്‍ അഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ ആന്‍റണിക്കും വേണം. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് അഴിമതിക്കാരായ കോണ്‍ഗ്രസുകാരും ആദര്‍ശവാനായ ആന്‍റണിയും.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് തുടക്കമിടുന്നത് ആന്‍റണിയുടെ നേതൃത്വത്തിലാണ്. അത് കെ കരുണാകരന് എതിരായിരുന്നു. കരുണാകരന്റെ ജനാധിപത്യവിരുദ്ധ ശൈലി മാറ്റണമെന്നായിരുന്നു അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യം. മാത്രമല്ല, സംഘടനയില്‍ പുതുരക്തം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സമുന്നതനേതാവായ ആന്‍റണി പറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് 74 വയസ്സുകഴിഞ്ഞ ആന്‍റണി പാര്‍ട്ടിയിലോ ഭരണരംഗത്തോ യുവരക്തം വരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറയുന്നില്ല. കാരണം സംഘടനാ തലത്തിലും ഭരണതലത്തിലും ഇന്നുള്ളവര്‍ ആന്‍റണി ഗ്രൂപ്പുകാരാണ്. 66 വയസ്സു കഴിഞ്ഞ സുധീരന്‍ സംഘടനാ തലപ്പത്തും 72 കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഭരണ തലപ്പത്തും. സംഘടനയിലും ഭരണതലത്തിലും ആന്‍റണി ഗ്രൂപ്പിലെ യുവരക്തങ്ങള്‍ തീരെ ഇല്ല. ഉള്ളതാകട്ടെ, ഈ വൃദ്ധനേതൃത്വത്തിന്‍റെ പെട്ടി ചുമക്കുന്നവരും. അവരാരും ഈ നേതാക്കള്‍ക്കെതിരെ, ഒരു വാക്കുപോലും ചിന്തിക്കില്ല. അങ്ങനെ ഉറപ്പുള്ളവരെ മാത്രമേ പെട്ടിചുമക്കാന്‍ നിയോഗിച്ചിട്ടുള്ളു.

ആന്‍റണിയുടെ നേതൃത്വത്തിലാണ് കരുണാകരനെതിരെയുള്ള പാമൊലിന്‍ കേസും  ഐ എസ് ആര്‍ ഒ ചാരക്കേസും ആന്‍റണി ഗ്രൂപ്പ് നേതാക്കള്‍ നടത്തിയത്. ഇതിലൊന്നും ആന്‍റണി നേരിട്ട് ഇടപെടില്ല. അതിന്റെ ഗുണഭോക്താവുകയേയുള്ളു. അതാണ് ആന്‍റണിയുടെ ശൈലി. മറ്റുള്ളവര്‍ നനച്ച് വൃത്തിയാക്കി ഉണക്കി അലച്ചു തേച്ചു വയ്ക്കുന്ന വെളുത്ത മുണ്ട് ആന്‍റണി എടുത്തുടുക്കും. ശുഭ്രവസ്ത്രധാരി. കൈയ്യില്‍ തുണി കഴുകിയതിന്‍റെ നനവോ സോപ്പിന്‍റെ മണമോ ഉണ്ടാകില്ല.

പാമൊലിന്‍ കേസ് പുറത്തുകൊണ്ടുവന്ന കേരള കൗമുദിയുടെ എഡിറ്റര്‍ എം എസ് മണി  തന്നെ അതൊരു കള്ളക്കേസായിരുന്നു എന്ന വാദത്തിന് അടിവരയിടുന്നുണ്ട്. (കലാകൗമുദി ജൂണ്‍ 21, 2015). ചാരക്കേസാകട്ടെ, തീയില്ലാതെയുണ്ടായ പുകയാണെന്ന് ലോകം തിരിച്ചറിഞ്ഞു.  ഈ രണ്ടുകേസുകളും കൊണ്ടാണ് ആന്‍റണി ഗ്രൂപ്പുകാര്‍ കരുണാകരനെ തകര്‍ത്തെറിഞ്ഞത്.  എന്നാല്‍, ചാരക്കേസിനെ തുടര്‍ന്ന് രാജിവക്കേണ്ടിവന്ന കരുണാകരനു പകരം മുഖ്യമന്ത്രിയായ ആന്‍റണി ചാരക്കേസ് കള്ളമായിരുന്നു എന്ന് സുപ്രീംകോടതി വിധിച്ചിട്ടുപോലും അന്നു ചെയ്ത പ്രവൃത്തിയില്‍, നാളിതുവരെ, ഖേദം പ്രകടിപ്പിച്ചിട്ടില്ല. ആദ്യത്തെ തിരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ നീക്കത്തിലൂടെ രാഷ്ട്രീയ മാമോദീസ നടത്തിവന്ന ആന്‍റണി സ്വന്തം പാര്‍ട്ടിയുടെ നേതാവിനെ രാഷ്ട്രീയവിഷം കൊടുത്തു കൊല്ലുന്ന ‘പൈശാചിക’മായ (ആന്‍റണിയോട് കടപ്പാട്) കൃത്യമാണ് കരുണാകരനെതിരെ നടത്തിയത്.

Inclusiveness അതാണ് ജനാധിപത്യത്തിന്റെ ആത്മാവ്.  ജീവിതത്തിന്റെ പ്രാന്തപ്രദേശത്തേയ്ക്കു തള്ളപ്പെട്ടവരെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുശാസിക്കുന്ന Right to live and Right to live with dignity അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ആദിവാസികള്‍ ഇക്കാലമത്രയും സമരം നടത്തിയത്. ആദിവാസികളുടെ ഭൂമി  അന്യാധീനപ്പെട്ടുപോയാല്‍ വെറുമൊരു പരാതി ലഭിച്ചാല്‍ തന്നെ ആ ഭൂമി വീണ്ടെടുത്തുകൊടുക്കണം എന്ന വ്യവസ്ഥയുള്ള Kerala Scheduled Tribes (Restriction on Transfer of Lands and Restriction of Alienated Lands) Act, 1975  നിലനില്‍ക്കെതന്നെ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടുപോന്നു. ഇതിനെതിരെ ആദിവാസികള്‍ നടത്തിയ സമരത്തിനൊടുവിലാണ്, 2001 ഒക്‌ടോബര്‍ 16- ന്, മുഖ്യമന്ത്രി എ കെ ആന്‍റണി ആദിവാസി ഗോത്രമഹാസഭയുമായി കരാറുണ്ടാക്കിയത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കാമെന്നായിരുന്നു കരാറിലെ ഏറ്റവും പ്രധനപ്പെട്ട ഭാഗം. (48 ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ കുടില്‍കെട്ടി നടത്തിയ സമരത്തിനിടയ്ക്ക് സമരപ്പന്തല്‍ പൊളിച്ചു കളഞ്ഞ് ആദിവാസികളെ ഓടിക്കാനും  സര്‍ക്കാരിന് പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍, തിരുവനന്തപുരത്തെ സാമൂഹിക-സാംസ്‌കാരിക-മാധ്യമരംഗത്തെ പ്രമുഖരായ ധാരാളം പേര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ഒരു രാത്രി മുഴുവനും സമരപ്പന്തല്‍ സംരക്ഷിക്കുകയായിരുന്നു)

2001 ഒക്‌ടോബറില്‍ ഒപ്പുവച്ച കരാര്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് 2003 ല്‍ ആദിവാസികള്‍ മുത്തങ്ങ സമരം തുടങ്ങിയത്. ഫെബ്രുവരി 19-ാം തീയതി പൊലീസ് ആദിവാസികളെ  വളഞ്ഞുവച്ച് ആക്രമിച്ചു, വെടിവച്ചു, സര്‍ക്കാരിന്‍റെ കണക്കില്‍ മരിച്ചത് അഞ്ച് ആദിവാസികള്‍ മാത്രം. ആദിവാസികളുടെ കണക്കനുസരിച്ച് 15 പേര്‍. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി അനധികൃതമായി കൈക്കല്‍ വച്ചിരിക്കുന്ന അനേകം മഹാന്‍മാര്‍ സസുഖം വാഴുന്ന കേരളത്തില്‍ അവരില്‍ ആര്‍ക്കെങ്കിലുമെതിരെ ആന്‍റണി മൂന്നുപ്രാവശ്യം മുഖ്യമന്ത്രിയായപ്പോഴും എന്തെങ്കിലും നടപടിയെടുത്തതായി അറിയാമോ?

ജനാധിപത്യപരമായ ഏതിര്‍പ്പുകളെ നിശബ്ദമാക്കിയ ആന്‍റണി, വളരെ പ്രകടമായ രീതിയില്‍ സ്വജനപക്ഷപാതം കാണിയ്ക്കുക്കുന്നയാളുമാണ്.  മൂന്ന് ഉദാഹരണങ്ങള്‍. ഒന്ന്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍ സി സി) ഡയറക്ടറായിരുന്ന എന്‍ കൃഷ്ണന്‍ നായരോട് കാട്ടിയ, തീര്‍ത്തും നിയമവിരുദ്ധമായ സ്വജനപക്ഷപാതം.  1999 നവംബറിനും 2000 ഫെബ്രുവരിയ്ക്കുമിടയ്ക്ക് ആര്‍ സി സിയിലെ 26 കാന്‍സര്‍ രോഗികളില്‍ നിയമവിരുദ്ധമായി മരുന്നുപരീക്ഷണം നടത്തി. പരീക്ഷണത്തിനു തയ്യാറാകുന്നവരുടെ informed consent (അറിവോടെയുള്ള സമ്മതം) വാങ്ങണമെന്ന Medical Ethics-ന്റെ അടിസ്ഥാനതത്വത്തെപ്പോലും കാറ്റില്‍ പറത്തിക്കൊണ്ട്, തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ്, ഈ മരുന്നുപരീക്ഷണം നടത്തിയതെന്ന് ആ പരീക്ഷണം നടത്തിയ അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അന്വേഷണത്തില്‍ (Frontline, Nov-24, Dec 07, 2001)  കണ്ടെത്തിയിട്ടുപോലും മുഖ്യമന്ത്രിയും ആര്‍ സി സി ഗവേണിംഗ് ബോഡി ചെയര്‍മാനുമായിരുന്ന ആന്‍റണി പറഞ്ഞത് ‘സ്ഥാപനത്തിന്റെത്തിന്‍റെ പെരുമ നഷ്ടപ്പെടുത്താന്‍ വേണ്ടി നടത്തിയ നുണപ്രചരണ’മാണെന്നായിരുന്നു. പരീക്ഷണത്തിന് അനുവാദം നല്‍കിയ കൃഷ്ണന്‍ നായരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സംരക്ഷിച്ചയാളാണ് ആന്‍റണി. മാത്രമല്ല, കൃഷ്ണന്‍നായര്‍ക്ക് service extension കൊടുക്കാനും ആന്‍റണി മടിച്ചില്ല.

രണ്ട്, സൂര്യനെല്ലി കേസില്‍ നിയമവാഴ്ച്ച തന്നെ അട്ടിമറിച്ചുകൊണ്ടാണ് ആന്‍റണി പി ജെ കുര്യനെ രക്ഷിച്ചെടുത്തത്. അതെങ്ങനെ എന്നു നോക്കാം. 1996 ജനുവരി 16-ാം തീയതിയാണ് മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 6/1996 ആയി സൂര്യനെല്ലി കേസ് രജിസ്റ്റര്‍ ചെയ്തതത്. ബലാത്സംഗത്തിന് വിധേയയായ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പോലീസ് 42 പേരെ അറസ്റ്റുചെയ്തു. പക്ഷേ, ബാജി എന്ന വിളിപ്പേരുള്ള ഒരാള്‍ 1996 ഫെബ്രുവരി 19 ന് വൈകിട്ട് 6.30 നും 7 നും ഇടയ്ക്ക് മുറിയില്‍ വന്നു എന്നും അയാളോട് തന്നെ രക്ഷിയ്ക്കണമെന്ന് പറഞ്ഞിട്ടും അയാളും തന്നെ ബാലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. എങ്കിലും പൊലീസിന് ബാജിയെ മാത്രം  കണ്ടെത്താന്‍ കഴിഞ്ഞില്ല.

1996 മാര്‍ച്ച് 26 ലെ മാതൃഭൂമി പത്രത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നു എന്ന പംക്തിയില്‍ പി ജെ കുര്യന്റെ ചിത്രം കണ്ട പെണ്‍കുട്ടി ഇയാളാണ് താന്‍ പറയുന്ന ബാജി എന്ന് അച്ഛനോട് പറയുകയും ആ വിവരം കേസന്വേഷിയ്ക്കുക്കുന്ന പോലീസുകാരോട് പറയുകയും ചെയ്തു. എന്നാല്‍, അതന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. മാര്‍ച്ച് 28 ന് കുര്യനെതിരെ പെണ്‍കുട്ടി മുഖ്യമന്ത്രി എ കെ ആന്‍റണിയ്ക്ക് പരാതി കൊടുത്തു. കത്ത് മുഖ്യമന്ത്രി ഡി ജി പിയ്ക്ക് കൈമാറി. അതോടെ സിആര്‍ പി സി അനുസരിച്ച് കുര്യനെക്കുറിച്ചുള്ള രേഖാമൂലമുള്ള പരാതി പോലീസിന്‍റെ cognizanceല്‍ എത്തി. പെണ്‍കുട്ടിയുടെ ആദ്യത്തെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടി അടയാള സൂചന കൊടുത്തവരെയൊക്കെ അറസ്റ്റു ചെയ്ത പോലീസ്, കുര്യന്‍റെ കാര്യത്തില്‍ മാത്രം വ്യത്യസ്ത നിലപാടെടുത്തു. കുര്യനെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗത്തിലെ ഡി വൈ എസ് പി ഇട്ടൂപ്പായിരുന്നു. ഇട്ടൂപ്പിന്‍റെ അന്വേഷണം, യഥാര്‍ത്ഥത്തില്‍ കുര്യനനുകൂലമായ alibi കണ്ടെത്താനായിരുന്നു. ഇട്ടൂപ്പിന്‍റെ അന്വേഷണത്തില്‍ കുര്യന്‍ ഇതേ ദിവസം ഇതേസമയം തിരുവല്ലയിലെ പുന്നത്തുശ്ശേരി വീട്ടില്‍ പി കെ ഇടിക്കുള എന്നയാളുടെ വീട്ടിലായിരുന്നു. ആ വീട്ടിലെ 630324 എന്ന ടെലിഫോണില്‍ നിന്നും വൈകിട്ട് മൂന്നുമണിയ്ക്കും രാത്രി 8 മണിയ്ക്കുമിടയ്ക്ക് 27 കോളുകള്‍ വിളിച്ചതില്‍ 23 എണ്ണം കുര്യനാണ് വിളിച്ചതെന്ന് കണ്ടെത്തി. ഇടിക്കുളയുടെ വീട്ടില്‍ നിന്ന് കുര്യന്‍ എന്‍ എസ് എസ് അസിസ്റ്റന്റ് സെക്രട്ടറി സുകുമാരന്‍നായരുടെ വീട്ടിലെത്തി. പെണ്‍കുട്ടി പറഞ്ഞ ദിവസം, പറഞ്ഞ സമയത്ത് അവിടെ എത്തുക എന്നത് ‘humanly impossible’ ആണെന്നാണ് ഇടിക്കുള കണ്ടെത്തിയ alibi-യുടെ ചങ്ങല.

പോലീസിന്‍റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. ആന്‍റണി അത് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇതു രണ്ടും നിയമപരമായി തെറ്റായിരുന്നു. നിലവിലുള്ള ക്രൈം കേസില്‍ 42 പ്രതികള്‍ക്കു പുറമെ ഒരാളുടെ പേരു കൂടി വന്നാല്‍ അയാളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കേണ്ടത് കോടതിയിലാണ്. കാരണം എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. ആ റിപ്പോര്‍ട്ട് പത്രസമ്മേളനത്തില്‍ അവതരിപ്പിക്കുക വഴി കുര്യനെതിരെ എല്ലാ അന്വേഷണങ്ങളുടേയും മുനയൊടിക്കുകയായിരുന്നു ആന്‍റണി ചെയ്തത്.

(തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍ നിന്ന് 23 ഫോണ്‍ വിളിച്ചത്, കുര്യനായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെ കണ്ടെത്തി? പ്രത്യേകിച്ച് ഒരു വര്‍ഷം മുമ്പ് ഇതേ ഇടിക്കുളയുടെ ഭാര്യ ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ കുര്യന്‍ അതേ ദിവസം വീട്ടില്‍ വന്നിരുന്നു എന്നും എന്നാല്‍ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തതുകാരണം ഏതാനും മിനിട്ടു മാത്രം ചിലവഴിച്ചിട്ട് പോയി എന്നും പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍. മാത്രമല്ല, താനാണ് കുര്യനെ സ്വന്തം മാരുതി കാറില്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കൊണ്ടാക്കിയതെന്ന് കേസിലെ പ്രധാന പ്രതി ധര്‍മ്മരാജന്‍ മാതൃഭൂമി ന്യൂസ് ചാനലിന് 2013 -ല്‍ നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്ത പശ്ചാത്തലത്തില്‍)

കുര്യനനുകൂലമായി alibi, ആന്‍റണിയുടെ  നിര്‍ദ്ദേശപ്രകാരം, പോലീസുദ്യോഗസ്ഥര്‍ 1996-ല്‍ തന്നെ തീര്‍ത്തതു കാരണം ഏതന്വേഷണം വന്നാലും കുര്യന്‍ രക്ഷപ്പെടും. ആന്‍റണി സഹപ്രവര്‍ത്തകനു വേണ്ടി ചൊരിഞ്ഞ കാരുണ്യമാണ് ആ alibi കള്‍.

കുര്യനെ കുരുക്കില്‍ നിന്ന് രക്ഷിച്ച ആന്‍റണി,  മന്ത്രിസഭാംഗങ്ങളായിരുന്ന ജി കാര്‍ത്തികേയനും കടവൂര്‍ ശിവദാസനുമെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണത്തിനു വിട്ടുകൊടുക്കാതെ, അന്വേഷണത്തിന് തയ്യാറായ ജസ്റ്റിസ് ശ്രീദേവി ചെയര്‍പേഴ്‌സണായിരുന്ന വനിതാ കമ്മീഷനെ തന്നെ പിരിച്ചുവിട്ടു.

2015- ല്‍ എത്തിനില്‍ക്കുമ്പോള്‍ മന്ത്രിമാര്‍ പലരും തന്നെ ലൈംഗികമായി ഉപയോഗിച്ച ശേഷം മറ്റുമന്ത്രിമാര്‍ക്ക് കൈമാറുകയായിരുന്നു എന്ന് സരിത എസ്. നായര്‍ പറയുന്ന സ്ഥിതി വന്നിട്ടും ആന്‍റണി അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ആന്‍റണി പറയുന്നത് അഴിമതിക്കെതിരെ മാത്രമാണ്. എന്നാല്‍, അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധമാണ് ആന്‍റണിയുടെ യഥാര്‍ത്ഥ പൊയ്മുഖം.

അഴിമതി തടയാനും സമൂഹശുദ്ധിയ്ക്കും വേണ്ടി ആന്‍റണി നടപ്പിലാക്കിയ രണ്ടു കാര്യങ്ങളാണ് ഇന്ന് കേരളത്തിലെ അഴിമതിയുടെ പ്രധാന breeding grounds. ഒന്ന്, ചാരായ നിരോധനം. രണ്ട്, സ്വാശ്രയ കോളേജുകള്‍ക്ക് ലൈസന്‍സ് കൊടുത്തതും.

ചാരായ നിരോധനം ഒരു തിരഞ്ഞെടുപ്പ് വിജയം നേടാന്‍ വേണ്ടിയായിരുന്നു. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് യാതൊരു പഠനവും നടത്താതെ ആന്‍റണി ചാരായനിരോധനം നടപ്പിലാക്കിയത്.  എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് വ്യാജചാരായത്തിന്‍റെ വരവും കള്ളുഷാപ്പുകളിലൂടെ അനധികൃതമായ ചാരായവില്‍പ്പന നടത്തുന്നതുമാണ്. കള്ളുഷാപ്പുകളുടെ ലേലത്തുക, ചില റേഞ്ചുകളില്‍, 14,000 രൂപയില്‍ നിന്ന് 20 ലക്ഷം വരെ ഉയര്‍ന്നു. അബ്കാരികള്‍ പലരും ബാര്‍ മുതലാളിമാരായി. ബാര്‍ മുതലാളിമാര്‍ രാഷ്ട്രീയക്കാരുടെ കറവപ്പശുക്കളും പൊതുജനം ബാര്‍ മുതലാളിമാരുടെ കറവപ്പശുക്കളുമായി. ബിവറേജ് വഴിയല്ലാതുള്ള കച്ചവടമായ സെക്കന്റ്‌സിലൂടെ കൈവന്ന കോടിക്കണക്കിനു കള്ളപ്പണം കേരള രാഷ്ട്രീയത്തെ ബാര്‍ കോഴ കേസിലെത്തിച്ചു. ബാര്‍ കോഴയില്‍ മന്ത്രിമാരുടെ തലയുരുളുമോ എന്ന് ഭയന്ന് മന്ത്രിമാര്‍ തന്നെ കേരളത്തിലെ സകല സ്ഥാപനങ്ങളേയും ഷണ്ഡീകരിച്ചു. കേരളത്തിലെ കോഴപ്പുഴകളുടെ എണ്ണം ആകെയുള്ള, വരണ്ടുപോകാത്ത, നദികളേക്കാള്‍ കൂടുതലായി. ബാര്‍മുതലാളിമാര്‍ മന്ത്രിമാരുടെ  തലയ്ക്കുനേരെ തോക്കുചൂണ്ടി നില്‍ക്കുന്നു. മന്ത്രിമാര്‍ അന്വേഷണ ഏജന്‍സികള്‍ക്കു നേരെ തോക്കുചൂണ്ടി നില്‍ക്കുന്നു.

രണ്ടാമത്തേത് സ്വാശ്രയ കോളേജ് പ്രശ്‌നം. മൂന്നാമത്തെ പ്രാവശ്യം മുഖ്യമന്ത്രിയായപ്പോള്‍ സ്വാശ്രയ കോളേജുകളുടെ കാര്യത്തില്‍ ആന്‍റണി സര്‍ക്കാര്‍ ഉദാരസമീപനം നടത്തി. ധാരാളം അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചു. ലൈസന്‍സ് കിട്ടാന്‍ അപേക്ഷകര്‍ കോഴപ്പണവുമായി നടക്കുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അഴിമതി ഇല്ലാതാക്കാനായി ആന്‍റണി അപേക്ഷിച്ച എല്ലാപേര്‍ക്കും ലൈസന്‍സ് കൊടുത്തു! അതില്‍ പത്താംക്ലാസ് പാസാകാത്ത മുതലാളിമാരും – അബ്കാരികളും ഒക്കെ ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ് – മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ വേണ്ടി ഭൂമി പോലും  സ്വന്തമായിട്ടില്ലാത്ത അപേക്ഷകര്‍ക്കുപോലും സ്വാശ്രയ കോളേജുകള്‍ തുടങ്ങാന്‍ അനുമതി കിട്ടി. തലവരിയിലൂടെയാണ് പലരും സ്ഥാപനങ്ങള്‍ കെട്ടിയുയര്‍ത്തിയത്. ഒരിക്കലും തീരാത്ത കേസുകളും അനിശ്ചിതത്വങ്ങളും പേറി കേരളത്തിലെ ഏറ്റവും വലിയ പകല്‍ക്കൊള്ളയായി സ്വാശ്രയകോളേജുകള്‍ നിലനില്‍ക്കുന്നു.

പക്ഷെ, ഇതൊന്നും ആന്‍റണി കാണുന്നില്ല.  ഇന്ത്യയില്‍ ഏറ്റവും വികസനം നടക്കുന്ന നാടാണ് കേരളമെന്ന്, ഏറ്റവും ഒടുവില്‍ വിഴിഞ്ഞത്തിനു വേണ്ടി നടത്തിയ കൊടുംകൊള്ളയെക്കുറിച്ചുള്ള വാര്‍ത്തകളുടെ അച്ചടിമഷി ഉണങ്ങുന്നതിനു മുമ്പുതന്നെ ആന്‍റണി പറയുന്നു.

ആന്‍റണി, കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവാണ്. യു പി എ സര്‍ക്കാരിന്റെ കീഴില്‍ 9 വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. എന്നാല്‍ യു പി എ സര്‍ക്കാരിലെ മന്ത്രിമാരും നെഹ്‌റു കുടുംബവും നടത്തിയ അഴിമതികളെക്കുറിച്ച് ആന്‍റണി നാളിതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ ടു ജി സ്‌പെക്ട്രം അഴിമതി കേന്ദ്രമന്ത്രിസഭയില്‍ നടന്നപ്പോള്‍ ആന്‍റണി എവിടെയായിരുന്നു? നാളിതുവരെ ആന്‍റണി എന്തുകൊണ്ടാണ് അതിനുത്തരവാദികളായവര്‍ക്കെതിരെ വാ തുറക്കാത്തത്? കല്‍ക്കരി പാടവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി എണ്‍പത്തി ആറുകോടി രൂപ ഖജനാവിന് നഷ്ടമായപ്പോള്‍ ആന്‍റണി എവിടെയായിരുന്നു? 2008 വരെ ഒരു ചെറുകിട കയറ്റുമതിക്കാരന്‍ മാത്രമായിരുന്നു റോബര്‍ട്ട് വാദ്ര എങ്ങനെ രണ്ടു ബില്യണ്‍ ഡോളറിന്റെ ഉടമയായി? ഇന്ത്യയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സ് ആയ ഡി എല്‍ എഫിന്റെ പാര്‍ട്ട്ണറായി? ടു ജി സ്‌പെക്ട്രം കേസിലെ ആരോപിതരായ യൂണിടെക്കിന്റെ 20 ശതമാനം ഷെയര്‍ സ്വന്തമാക്കി? (www.celebritynetworth.com). സകലനിയമങ്ങളേയും കാറ്റില്‍പറത്തി കൊച്ചിയില്‍ ഡി എല്‍ എഫ് ഫ്‌ളാറ്റ് സമുച്ചയം ഉയര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ ആന്‍റണി എന്തുകൊണ്ട് എതിര്‍ത്തില്ല? കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുന്ന ആറന്‍മുള വിമാനത്താവള പദ്ധതിയുടെ നിയമലംഘനത്തേയും പ്രകൃതിവിരുദ്ധതയേയും ആന്‍റണി എന്തുകൊണ്ടു കാണാതെ പോയി? വിമാനത്താവള പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഷെയര്‍ എടുത്തത് എന്തിനാണെന്ന് ആന്‍റണി എന്തുകൊണ്ട് നാളിതുവരെ ചോദിച്ചില്ല? റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ  ആരോപണങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ അവയെ പ്രതിരോധിക്കണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരാണ് വാദ്ര എന്ന് എന്തുകൊണ്ട് ആന്‍റണി ചോദിച്ചില്ല? (അടിയന്തരാവസ്ഥക്കാലത്ത് ഗുവഹത്തി എ ഐ സി സി സമ്മേളനത്തില്‍ വച്ച് അടിയന്തരാവസ്ഥയുടെ അതിക്രമത്തെക്കുറിച്ച് ഇന്ദിരാ ഗാന്ധിയോട് സംസാരിച്ചു എന്ന് പാണന്‍മാര്‍ പാടി നടക്കുന്ന അതേ ആന്‍റണി!)

യു പി എ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടായിരുന്നു എങ്കില്‍ അതിലെ രണ്ടാമനായിരുന്ന ആന്‍റണിയ്ക്ക് അതില്‍ യാതൊരു പങ്കുമില്ലേ? ആന്‍റണിയുടെ നിശബ്ദത തന്നെയാണ് ആന്‍റണിയുടെ അഴിമതി.

വലിയ തിമിംഗലങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെറിയ പരല്‍മീനുകള്‍ക്കു നേരെ  ചാട്ടുളി എറിയുകയും ചെയ്യുന്ന ആന്‍റണി, കേരള രാഷ്ട്രീയം സംഭാവന ചെയ്ത കാപട്യത്തിന്‍റെ ഏറ്റവും വെടിപ്പുള്ള മുഖമാണ്. അതിനെക്കുറിച്ചാരും ഒന്നും പറഞ്ഞുകൂട എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രമാണിമാരും വക്താക്കളും പറയുന്നത്.

(ആന്‍റണിയെക്കുറിച്ച് എനിക്കുണ്ടായ പുതിയ അഭിപ്രായമല്ല ഇത്. ചാരക്കേസില്‍ കുടുങ്ങി കെ കരുണാകരനെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രിയായ ആന്‍റണി 1995-ല്‍ ആദ്യം തന്ന അഭിമുഖം എനിക്കായിരുന്നു. അഭിമുഖത്തിന് ഞാന്‍ കൊടുത്ത തലക്കെട്ട് Mark this Antony എന്നായിരുന്നു. എന്റെ റിപ്പോര്‍ട്ട് തുടങ്ങിയത് ഇങ്ങനെയായിരുന്നു: Turncoat, Ditcher, You call him A K Antony. ഏതായാലും, റിപ്പോര്‍ട്ട്  വന്നുകഴിഞ്ഞിട്ട് പിന്നീട് ഒരിക്കലും ആന്‍റണി എനിക്ക് അഭിമുഖം തന്നിട്ടില്ല. കാണാന്‍ അനുവദിച്ചിട്ടുമില്ല)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍