UPDATES

എഡിറ്റേഴ്സ് പിക്ക്

ഇത് നിയമപാലനത്തിന്റെ മാത്രം പ്രശ്നമല്ല; ജാര്‍വകളുടെ അതിജീവനത്തിന്റേതും കൂടിയാണ്

ജാര്‍വ ഗോത്രക്കാര്‍- തെക്കന്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസികള്‍

തെക്കന്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒറ്റപ്പെട്ട് കഴിയുന്ന ജാര്‍വ ഗോത്രക്കാര്‍ സമീപ പ്രദേശങ്ങളില്‍ അരിയും വാഴക്കുലയും മറ്റും തട്ടിയെടുക്കാനായി എത്തിയാല്‍ അവരെ എന്താണ് ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. ജാര്‍വ വിഭാഗക്കാര്‍ക്കായി വനത്തിനുള്ളില്‍ മാറ്റിവച്ചിട്ടുള്ള 300 ചതുരശ്ര മൈല്‍ പ്രദേശത്തേക്ക് അവരെ തിരിച്ചയക്കുക എന്നതാണ് വര്‍ഷങ്ങളായി തുടരുന്ന നയം. നൂറ്റാണ്ടുകളായി ആ മേഖലയില്‍ വേട്ടയാടി ജീവിക്കുന്നവരാണ് ജാര്‍വകള്‍. ഭൂമിയില്‍ അവശേഷിക്കുന്ന ശിലായുഗ കാലഘട്ടത്തിലെ സംസ്‌കാരമായ ജാര്‍വകളുടെ പരമ്പരാഗത ജീവിതത്തില്‍ വളരെ കുറച്ചു മാത്രം ഇടപെടാവൂവെന്ന് പൊലീസിന് വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഇവര്‍ വസിക്കുന്ന വന മേഖലയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും തെക്കന്‍ ആന്‍ഡമാന്‍ ദ്വീപിലെ എസ് ഐയായ റിസ്വാന്‍ ഹസ്സന്റെ അധികാര പരിധിക്കുള്ളിലാണ്.

കഴിഞ്ഞ നവംബറില്‍ ഇവിടെ ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ കൊലപാതകം. സംഭവത്തിന് ദൃക്‌സാക്ഷിയായ രണ്ട് സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടു വന്ന് പൊലീസിന് മൊഴി നല്‍കി. പക്ഷേ പൊലീസ് ചെകുത്താനും നടുക്കടലിനും ഇടയില്‍ എന്ന് പറഞ്ഞ അവസ്ഥയിലായി. ചരിത്രത്തിലാദ്യമായി ഒരു ജാര്‍വ വംശജനെ കൊലപാതക കുറ്റാരോപണത്തില്‍ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ് അവര്‍.

ഈ ഭൂമിയില്‍ ആകെ അവശേഷിക്കുന്നത് 400-ഓളം ജാര്‍വകള്‍ മാത്രമാണ്. നമ്മുടെ ഗ്രഹത്തിലെ ഏറ്റവും നിഗൂഢമായ ജനതയെന്നാണ് ഇവരെ ജനിതക ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 50,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ആന്‍ഡമാനിലേക്ക് കുടിയേറിയവരാണ് ഇവരെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. കറുകറുത്ത തൊലിയും ഉയരക്കുറവുമുള്ള ഇക്കൂട്ടര്‍ 1998 വരെ പൂര്‍ണമായും സാംസ്‌കാരികമായും ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന വനപ്രദേശത്തേക്ക് പുറത്തു നിന്ന് ആരെങ്കിലും കടന്നു കയറിയാല്‍ അവരെ ഇരുമ്പ് അഗ്രമുള്ള അമ്പെയ്ത് ആക്രമിക്കുമായിരുന്നു.

സമീപവാസികളുമായി ഈ ആദിവാസികള്‍ സമാധാനത്തില്‍ എത്തിയതിനുശേഷം ഇന്ത്യ സര്‍ക്കാര്‍ ജാര്‍വകളും അവര്‍ക്കു ചുറ്റിലും വസിക്കുന്നവരും തമ്മിലുള്ള ബന്ധം കുറഞ്ഞതോതില്‍ നിര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. മദ്യം കൊടുത്ത് വശീകരിച്ചതും ആദിവാസി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതും കാരണം അമേരിക്കയിലും ഓസ്‌ത്രേലിയയിലും ഒക്കെ ആദിവാസികള്‍ക്ക് സംഭവിച്ചതു പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ അത്തരമൊരു നയം സ്വീകരിച്ചത്.

എന്നിരുന്നാലം ജാര്‍വകളും പുറത്തുള്ളവരും തമ്മില്‍ സമ്പര്‍ക്കമുണ്ടായി. ആളുകള്‍ തൊഴില്‍ തേടി ആദിവാസികളുടെ മേഖലയില്‍ എത്തുന്നുണ്ട്. കൂടാതെ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ ജാര്‍വകള്‍ക്ക് വൈദ്യ സഹായം ലഭിക്കുന്നുമുണ്ട്. ജാര്‍വ അംഗങ്ങളുമായി വേട്ടക്കാര്‍ അവിഹിത ബന്ധങ്ങള്‍ സ്ഥാപിക്കുകയും ഞണ്ടിനേയും മത്സ്യത്തേയും പിടിക്കാന്‍ സഹായിക്കുന്നതിന് പകരമായി ഭക്ഷ്യ വസ്തുക്കള്‍ അവര്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

അവിവാഹിതയായ ഒരു ജാര്‍വ കഴിഞ്ഞ വര്‍ഷം സാധാരണയിലും കറുപ്പു നിറം കുറഞ്ഞ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത് അത്തരമൊരു ബന്ധത്തിലൂടെ ആകാമെന്ന് പൊലീസ് കരുതുന്നു.

ഈ കുഞ്ഞ് പിറന്ന കാര്യത്തെ കുറിച്ച് പുറംലോകത്ത് ആദ്യമറിഞ്ഞത് 24-കാരിയായ ആദിവാസി ക്ഷേമ ഓഫീസര്‍ ജാനഗി സവുരിയമ്മാളാണ്. ഇവരുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് ആദിവാസി റിസര്‍വിന്റെ അറ്റത്തെ ചീങ്കണികള്‍ നിറഞ്ഞ അരുവിയുടെ തീരത്താണ്.

വിധവകള്‍ക്കും അപൂര്‍വമായി പുറംനിവാസികളില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന ജാര്‍വ വനിതകള്‍ക്കും ജനിക്കുന്ന കുട്ടികളെ ഈ ആദിവാസി സമൂഹം ആചാരപ്രകാരം കൊല്ലാറുണ്ടെന്നത് ഒരു രഹസ്യമല്ല. സര്‍ക്കാര്‍ സേവനത്തിലുണ്ടായിരുന്ന ഡോക്ടര്‍ രത്തന്‍ ചന്ദ്ര ഖര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ കുറിപ്പുകളില്‍ ജാര്‍വകളുടെ ഈ ആചാരം വിവരിക്കുന്നുണ്ട്. കൊല്ലാന്‍ പോകുന്ന കുഞ്ഞിന് മൂലയൂട്ടുന്ന എല്ലാ ജാര്‍വ സ്ത്രീകളും പാലൂട്ടും. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊല്ലും. അങ്ങനെയാണ് ജാര്‍വ സമൂഹം തങ്ങളുടെ വംശശുദ്ധിയും വിശുദ്ധിയും കാത്ത് സൂക്ഷിക്കുന്നത്.

ജാര്‍വകള്‍ക്കിടയിലെ 12 വര്‍ഷത്തെ സേവനത്തിന് ഇടയില്‍ നടന്ന ഏഴോളം അത്തരം കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ കുഞ്ഞുങ്ങളുടെ മുഖം തന്നെ വേട്ടയാടിയിരുന്നുവെന്നും എന്നാല്‍ ഈ സമൂഹത്തിന്റെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും ഒരിക്കലും ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ജാനഗിക്ക് മറ്റൊരു വീക്ഷണമാണുള്ളത്. ഈ കുഞ്ഞിനെ വളരാന്‍ അനുവദിക്കരുതെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജാനഗി ജാര്‍വകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ഒരു ഘട്ടത്തില്‍ ആ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിനായി ഒരു സോഷ്യല്‍ വര്‍ക്കറെ നിയോഗിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ ജീവന്‍ അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞത് ജാനഗി മാത്രമല്ല. ജാര്‍വ റിസര്‍വിന് സമീപത്തെ ആശുപത്രിയില്‍ ജാര്‍വ രോഗികളുടെ മേല്‍നോട്ടം വഹിക്കുന്ന റൂബി തോമസാണ് അപകടം തിരിച്ചറിഞ്ഞ മറ്റൊരാള്‍. ഇത്തരം കുഞ്ഞുങ്ങളെ ജാര്‍വകള്‍ കൊലപ്പെടുത്തുമെന്ന് അവര്‍ കേട്ടിട്ടുണ്ടായിരുന്നു. അതിനാല്‍ കുഞ്ഞിനേയും കൊണ്ട് അമ്മ ചികിത്സയ്ക്കായി ഈ ആശുപത്രിയില്‍ എത്തിയപ്പോള്‍ തൊലിയുടെ നിറം കണ്ട് തിരിച്ചറിഞ്ഞ അവര്‍ മറ്റു ജാര്‍വ രോഗികളില്‍ നിന്നും അവനെ ഒളിപ്പിച്ചിരുന്നു.

അവനെ തിരിച്ചയക്കാതെ ഇരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവോയെന്ന് റൂബി അത്ഭുതപ്പെടുന്നുണ്ട്. കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ താമസിപ്പിച്ചിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ പുരുഷന്‍ തിരികെ വനത്തിലേക്ക് പോകണം എന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുകയും ഒരു ജനല്‍ തകര്‍ക്കുകയും ചെയ്തു. അമ്മയും അക്ഷമയായിരുന്നു. അതിനാല്‍ റൂബി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അവരെ തിരികെ കാട്ടിലേക്ക് അയക്കുകയായിരുന്നു.

അഞ്ചുമാസത്തോളം പ്രശ്‌നങ്ങള്‍ ഇല്ലാതെ കടന്നു പോയി. അങ്ങനെയിരിക്കുമ്പോഴാണ് ഫീല്‍ഡ് സ്റ്റാഫുമാരില്‍ ഒരാള്‍ ജാനഗിക്ക് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് അവര്‍ ജാര്‍വ ക്യാമ്പിലെത്തിയപ്പോള്‍ കണ്ടത് ശബ്ദമുണ്ടാക്കാതെ കരയുന്ന അമ്മയെയായിരുന്നു. കുഞ്ഞിനെ കാണാനുമുണ്ടായിരുന്നില്ല.

സംഭവത്തിന് ജാര്‍വകളായി രണ്ട് സ്ത്രീകള്‍ ദൃക്‌സാക്ഷികളായിരുന്നു. തലേദിവസം രാത്രി താതേഹാനെ എന്ന ജാര്‍വ വംശജന്‍ മദ്യപിച്ചു കൊണ്ട് കുഞ്ഞിനെ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോയത് ഇവര്‍ കണ്ടിരുന്നു. ഇയാള്‍ക്കൊപ്പം ജാര്‍വക്കാരനല്ലാത്ത ഒരാളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ത്രീകള്‍ കുഞ്ഞിനെ പിന്നീട് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജാനഗിയാണ് പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ ഈ കേസ് പൊലീസിനെ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാക്കിയിരിക്കുന്നു. ഈ ആദിവാസികള്‍ കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കിടെ ബ്രിട്ടീഷുകാരോടും ഇന്ത്യയില്‍ നിന്ന് കുടിയേറിയവരോടും നിരന്തരമായി ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരേയും ഒരു കുറ്റകൃത്യത്തില്‍ പോലും ജാര്‍വ വംശജര്‍ ഉള്‍പ്പെട്ടിട്ടില്ല.

കേസില്‍ ഇപ്പോള്‍ ആദിവാസികളല്ലാത്ത രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞിന്റെ പിതാവെന്ന് കരുതുന്ന 25-കാരനും താതേഹാനേയ്ക്ക് മദ്യം നല്‍കിയയാളും. 25 വയസ്സുകാരനെതിരെ ബലാല്‍സംഗത്തിനും മറ്റേയാള്‍ക്കെതിരെ കൊലപാതക പ്രേരണയ്ക്കും ആദിവാസികളുടെ കാര്യങ്ങളില്‍ ഇടപെട്ടതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ പരാതിയില്‍ പേരുണ്ടെങ്കിലും പൊലീസ് താതേഹാനെയെ അറസ്റ്റ് ചെയ്തിട്ടില്ല. പകരം ആദിവാസി ക്ഷേമ വകുപ്പിനോട് മാര്‍ഗനിര്‍ദ്ദേശം ആരാഞ്ഞിരിക്കുകയാണെന്ന് തെക്കന്‍ ആന്‍ഡമാന്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. കേസിനെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ ഹസ്സന് സംസാരിക്കാന്‍ അനുവാദമില്ല.

മറ്റു ചില പ്രശ്‌നങ്ങളും ഈ കേസിലുണ്ട്. അവരുടെ ആചാരം അനുസരിച്ച് മൃതദേഹം ഉള്‍വനത്തില്‍ നിക്ഷേപിക്കുകയും മാസങ്ങള്‍ക്കുശേഷം അസ്ഥികള്‍ ശേഖരിക്കുകയും ചെയ്യുകയാണ് പതിവ്. കുഞ്ഞിന്റെ മൃതദേഹമുള്ളയിടത്തേക്ക് തന്നെ കൊണ്ടു പോകാന്‍ ഹസ്സന്‍ ഒരു മുതിര്‍ന്ന ജാര്‍വ വംശജനോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസമ്മതിച്ചുവെന്ന് ജാനഗി പറയുന്നു. ഹസ്സന്‍ കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ കുഞ്ഞ് അവിടെയില്ലെന്നും മറ്റൊരു ഇടത്ത് പൂര്‍വികര്‍ക്കൊപ്പം ചേര്‍ന്നുവെന്നും അയാള്‍ പരിഭ്രമത്തോടെ പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ അയാള്‍ പറ്റില്ലെന്ന് തലയാട്ടി. മൃതദേഹം ഞാന്‍ നിങ്ങള്‍ക്ക് തരികയാണെങ്കില്‍ ഈ ഭൂമി കുലുങ്ങും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്യുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതോടെ പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചുവെന്ന് ജാനഗി പറയുന്നു.

ഈ കുഞ്ഞിന്റെ കൊലപാതകം പുറത്തു വരുന്നതിന് മുന്‍പ് തന്നെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപിലെ അധികൃതര്‍ ജാര്‍വകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരിക്കുകയാണ്. ജാര്‍വകള്‍ വസിക്കുന്ന വനത്തിന് പുറത്തേക്ക് അവരെ കൂടുതലായി അനുവദിക്കണമോയെന്നതാണ് അധികൃതരെ അലട്ടുന്നത്. ആധുനിക സംസ്‌കാരവുമായി ആദിവാസികളെ ഇടപഴകാന്‍ അനുവദിക്കുന്നത് ദോഷകരമാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ അവരെ ഈ അവസ്ഥയില്‍ തന്നെ കഴിയാന്‍ വിടുന്നത് ശരിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ജാര്‍വകളെ എഴുത്തും വായനയും പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം കൈകൊണ്ട് മെനഞ്ഞ കൂടകള്‍ക്ക് പകം വസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി സ്വയംപര്യാപ്തരായ സംസ്‌കാരമാണെന്നും അവരെ തെറ്റായി കൈകാര്യം ചെയ്യുന്നത് മണ്ടത്തരമാണെന്ന വാദവും ഉണ്ട്.

ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗത്തു നിന്നും ചിന്തിച്ചാല്‍ ആരും നിയമത്തിന് അതീതരല്ലെന്ന് നേരായി ചിന്തിക്കുന്നവര്‍ക്ക് തോന്നാമെന്ന് എസ് പി പറയുന്നു. എന്നാല്‍ മറുവശത്ത് ഇത്തരം ജാതികള്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പദവിയുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ ചുമതലപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍