UPDATES

ഉണ്ണി മാക്സ്

കാഴ്ചപ്പാട്

ഉണ്ണി മാക്സ്

ന്യൂസ് അപ്ഡേറ്റ്സ്

ഇറാ…നീ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം

പ്രിയപ്പെട്ട  ഇറാ,

ശരീരം തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മുന്‍നിര്‍ത്തി എന്നും വിജയം മാത്രമേ നീ വെട്ടിപ്പിടിച്ചിട്ടുള്ളൂ. ഇപ്പോഴിതാ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്ക് എന്ന അവിസ്മരണീയമായ നേട്ടം! ഇതൊട്ടും നിസ്സാരവും ചെറുതുമല്ലാത്ത മികച്ച വിജയം തന്നെയാണ്. ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിട്ട് ചെറുപ്രായത്തില്‍ പോലും മറ്റുകുട്ടികളെ പോലെ യാത്ര ചെയ്യാനോ ക്ലാസില്‍ ഇരിക്കാനോ പറ്റാതിരുന്ന ഇറയ്ക്ക് എല്ലാവിധ പഠന സൗകര്യങ്ങളും ഒരുക്കികൊടുത്ത മാതാപിതാക്കള്‍ ഈ സമൂഹത്തിനൊരു മാതൃക തന്നെ. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇത്രയും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠനത്തിനായി ജീവിതം മാറ്റിവച്ച ഇറയും ബഹുമാനം അര്‍ഹിക്കുന്നു. ഒപ്പം ഞങ്ങളുടെ അളവില്ലാത്ത സ്‌നേഹവും…

ഹീബ്രു ഭാഷയില്‍ ഉണര്‍വിന്റെ വാക്കാണ് ‘ഇറ’. എന്നാല്‍, ഇന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി മാറിയിരിക്കുന്നു ഈ പദം. ‘എനിക്ക് ആരുടെയും സൗജന്യവും സഹതാപവും ആവശ്യമില്ല… എനിക്ക് വേണ്ടത് ഞാന്‍ മത്സരിച്ച് വിജയിച്ച് നേടിയെടുക്കും ‘ എന്ന് പറയാന്‍ കാണിക്കുന്ന ആ ചങ്കൂറ്റം ഇന്ത്യയിലെ മാറ്റി നിര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അപകടമുണ്ടായാലോ ശാരീരികമായി അസ്വസ്ഥതകളുണ്ടായാലോ ജീവിതം നഷ്ടപ്പെട്ടു എന്ന് കരുതുന്നവര്‍ക്കുള്ള മികച്ച ഒരു പാഠമാണ് ഇറയ്ക്ക് നല്‍കാനായത്. അതുമാത്രമോ ഒരു ശാരീരിക വെല്ലുവിളികളുമില്ലെന്ന് കരുതുകയും എന്നാല്‍ ചെറിയ ബുദ്ധിമുട്ടുകളില്‍ തളരുകയും ചെയ്യുന്നവര്‍ക്കും നീയൊരു പാഠമാകുന്നു. IRS നേടിയിട്ടും നിന്റെ കഴിവില്‍ വിശ്വസിക്കാത്തവരും ജോയിന്‍ ചെയ്യാന്‍ അനുവദിക്കാത്തവരും ഭിന്നശേഷിയുള്ളവരോട് എത്ര വൈമുഖ്യം കാണിക്കുന്നു എന്ന് മനസ്സിലാക്കുന്നു…. നിന്റെ പോരാട്ടം അവര്‍ക്കുള്ള ശക്തമായ മറുപടിയായി. ശാരീരിക പോരായ്മകള്‍ അല്ല, മനസ്സ് , ബുദ്ധി ഇതെല്ലാം ആവണം കഴിവിന്റെ മാനദണ്ഡം. മറ്റാരെക്കാളും നിനക്ക് അതെല്ലാമുണ്ട് ഇറാ… നിന്റെ ഒന്നാം റാങ്ക് അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു.

നമുക്കറിയാം, ഭിന്നശേഷിയുള്ളവര്‍ക്ക് ഒരു ജീവിതരീതി നമ്മുടെ സമൂഹം ഇവിടെ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. ആത്യന്തികമായി സമത്വം ആണ് അവര്‍ക്കാവശ്യം. പൊതു ഇടങ്ങളിലും മറ്റും അവര്‍ക്ക് തുല്യാവകാശം എന്നത് ഈ നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ല. അവര്‍ ഇത്രയിത്ര ഒക്കെ മതി, അല്ലെങ്കില്‍ ഈ സ്വാതന്ത്ര്യങ്ങളില്‍ അവര്‍ക്കവകാശമില്ല. ചിലപ്പോള്‍ ഭിന്നശേഷിയുള്ളവര്‍ ഒന്ന് റോഡിലിറങ്ങിയാലോ എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചാലോ പോലും നാട്ടുകാരുടെ കണ്ണുകളില്‍ സഹതാപത്തിന്റെ ശേഷിപ്പുകളാണ്, കാണുവാന്‍ കഴിഞ്ഞിട്ടുള്ളത്. പലപ്പോഴും മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും ഭിന്നശേഷിയുള്ളവര്‍ ചെയ്യാറുണ്ട്, പക്ഷേ അതൊക്കെ അംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ഈ അവസ്ഥയിലാണ്, ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് തന്റെ സ്ഥാനം ഉപയോഗപ്പെടുത്തുമെന്ന ഇറയുടെ വാക്കുകള്‍. ഒരു പ്രത്യേക ഉണര്‍വുണ്ടാ വാക്കുകള്‍ക്ക്. അവരുടെ ഉന്നമനത്തിനു വേണ്ടിയും, സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കഴിയുന്നതൊക്കെ ചെയ്യാന്‍ നിനക്ക് കഴിയും, കഴിയട്ടെ… 

ഞങ്ങളുടെ സംസ്ഥാനം അക്ഷരാഭ്യാസത്തില്‍ മുന്നിലാണെന്നാണ് വയ്പ്പ്, പക്ഷെ ഇവിടെയുള്ള വികലാംഗ കോര്‍പ്പറേഷന്റെ ഓഫീസ് ലിഫ്റ്റ് പോലുമില്ലാത്ത ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയിലാണെന്നത് നിനക്കൊരു തമാശയായി തോന്നിയേക്കാം. അതുപോലെ തന്നെയാണ് ഇവിടെയുള്ള എല്ലാ പൊതു കെട്ടിടങ്ങളും വിനോദ മേഖലകളും എല്ലാം. ഒരു ബസ്സിന്റെ ഫുട്‌ബോഡ് വരെ ഇവിടെ വയ്യാത്തവര്‍ക്കും പ്രായമായവര്‍ക്കും ഒക്കെ ഒരു ബാലികേറാമലയാണ്. ഭിന്നശേഷിയുള്ളവര്‍ക്ക് ഒരു ഗുണവുമില്ലാത്ത ഈ രാജ്യത്തെ നിയമങ്ങള്‍ മാറേണ്ട കാലം അതിക്രമിച്ചു. നിയമങ്ങള്‍ എല്ലാം കടലാസുകളില്‍ ഒതുങ്ങുന്നു. ഞങ്ങളുടെ തണല്‍ ഒരു ചെറിയ ഗ്രൂപ്പാണ്, എന്നാലും പലര്‍ക്കും പരിശീലനം കൊടുക്കാനും ഉയര്‍ത്തിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങളില്‍ പലരും വണ്ടി ഓടിക്കും, യാത്രകള്‍ ചെയ്യും, കണ്ടതും കാണാത്തതും ആയ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തും, വല്ലപ്പോഴും കാണും… എന്നാല്‍ ഇതിനൊന്നും കഴിയാത്ത കുറെ സഹോദരങ്ങളും ഇവിടെയുണ്ട് അവര്‍ക്ക് കൂടി പ്രയോജനം ആവണം നിന്റെ പ്രവര്‍ത്തനങ്ങള്‍. അവരുടെ ആവശ്യങ്ങളും വേദനകളും മറ്റാരെക്കാളും ഇറയ്ക്ക് മനസ്സിലാവും എന്നതുകൊണ്ടാണ് ഞാനിതെഴുതുന്നത് .നമ്മുടെ ഇടയില്‍ പല കഴിവുകളും ഉള്ളവര്‍ ഉണ്ട്. പക്ഷെ അവരില്‍ ഭൂരിഭാഗവും വീട്ടിനുള്ളിലാണ് എന്നതാണ് ദുഖകരം. അവര്‍ക്ക് നീയൊരു മാതൃകയാണ് ഇറാ…

നീ ഞങ്ങളുടെ കൂടെ പ്രതിനിധി ആണ് , കഴിവിന്റെ പരാവധി നിയമങ്ങള്‍ മാറ്റുക. അതിലും പ്രധാനം ഉള്ള നിയമങ്ങള്‍ ശക്തമായി നടപ്പില്‍ വരുത്തുക എന്നതാണ്. തണലിന്റെ എല്ലാ പിന്തുണയും പ്രാര്‍ഥനയും നിനക്കൊപ്പമുണ്ട്. ഇനിയുള്ള യാത്രകളില്‍ എന്നെങ്കിലും കേരളത്തില്‍ വരുമ്പോള്‍ ഞങ്ങളുടെ കൂട്ടായ്മയിലും പങ്കെടുക്കണമെന്നാണു ഞങ്ങളുടെ പ്രതീക്ഷ…ഇത് ഞങ്ങളുടെ ക്ഷണം കൂടിയായി കണക്കാക്കണം..

ഉണ്ണി മാക്‌സ്
കുഞ്ചരക്കാട്ട് മന
വെളിയന്നൂര്‍ പോസ്റ്റ്
താമരക്കാട്
കോട്ടയം, 686634

മൊബൈല്‍: 09400744702


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍