UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരമ്മയുടെ കത്ത് മകളിലേക്കു സഞ്ചരിച്ച ദൂരം

Avatar

കോള്‍ബി ഇറ്റ്‌കോവിറ്റ്‌സ് 
(വാഷിങ്ടണ്‍ പോസ്റ്റ്) 

വടക്കന്‍ ഇംഗ്ലണ്ടിലെ തന്റെ കടയില്‍ പഴയ പുസ്തകങ്ങള്‍ തരംതിരിക്കുകയായിരുന്നു ഗോര്‍ഡന്‍ ഡ്രേപര്‍. പുസ്തകങ്ങളില്‍ ഒന്നില്‍നിന്ന് പഴയൊരു കവര്‍ താഴെവീണു. തീയതി രേഖപ്പെടുത്താത്ത ഒരു കത്തും ഒരു ചെറിയ പെണ്‍കുട്ടിയെ മടിയിലിരുത്തിയ സ്ത്രീയുടെ ചിത്രവുമായിരുന്നു അതിനുള്ളില്‍. ‘ബഥാനി’ക്കുള്ളതായിരുന്നു കത്ത്. എഴുതിയ ആളുടെ പേരിന്റെ സ്ഥാനത്ത് ‘അമ്മ’ എന്നുമാത്രം.

എഴുതിയ ആള്‍ ജീവിച്ചിരിപ്പില്ല എന്നു മാത്രം കത്തില്‍നിന്നു ഡ്രേപര്‍ക്കു മനസിലായി. മരണത്തോടടുക്കുന്ന അമ്മ മകളോടുപറയുന്ന അവസാനവാക്കുകളായിരുന്നു ആ കത്തില്‍. ഡ്രേപറുടെ കണ്ണു നിറഞ്ഞു. ബഥാനിയെ കണ്ടെത്തണമെന്ന് തീരുമാനമെടുത്തു.

‘ആരായാലും ഇത് സൂക്ഷിക്കണമെന്നാഗ്രഹിക്കും. ഇത്തരമൊരു കത്ത് ആരും വലിച്ചെറിയില്ല.’

പുസ്തകം എത്തിയത് തന്റെ കടയിലാണെങ്കില്‍ ബഥാനി ബിഷപ് ഓക്ക്‌ലന്‍ഡിനു ചുറ്റുമുള്ള പ്രദേശത്തുനിന്നാകണമെന്ന് ഡ്രേപര്‍ കരുതി. ചിത്രത്തിലെ പെണ്‍കുട്ടിയുടെ മുഖം പരിചിതമെന്നും ഡ്രേപര്‍ക്കു തോന്നി. ആ കുട്ടി ഇവിടെ നിന്നു താമസം മാറിയിട്ടുണ്ടാകാമെങ്കില്‍പ്പോലും ചിത്രം കണ്ട് ആരെങ്കിലും അവരെ തിരിച്ചറിയാതിരിക്കില്ലെന്നായിരുന്നു ഡ്രേപറുടെ പ്രതീക്ഷ.

പ്രാദേശിക ദിനപത്രത്തില്‍നിന്ന് ഡ്രേപര്‍ അന്വേഷണം തുടങ്ങി. ഒരു കൊച്ചുപെണ്‍കുട്ടിയുടെ അമ്മയെ എന്നന്നേക്കുമായി അരികിലെത്തിക്കുമെന്ന വാദ്ഗാനം നിറഞ്ഞ ആ വാര്‍ത്ത കഴിഞ്ഞ വാരാന്ത്യത്തില്‍ ദി നോര്‍ത്തേണ്‍ എക്കോ മുന്‍പേജില്‍ പ്രസിദ്ധീകരിച്ചു.

ഇരുപത്തൊന്നുകാരിയും ഒരു ആണ്‍കുട്ടിയുടെ അമ്മയുമായ ബഥാനി ഗാഷിന് ഈ വാര്‍ത്ത ഫേസ്ബുക്കില്‍ അയച്ചുകൊടുത്തത് ഒരു കുടുംബസുഹൃത്താണ്. അപ്പോള്‍ 10 മൈല്‍ അകലെയായിരുന്നു അവര്‍. എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയെന്നു കരുതിയ അമ്മയുടെ വാക്കുകള്‍ വായിക്കുമ്പോള്‍ സ്വപ്‌നം കാണുന്നതുപോലെ തോന്നിയെന്ന് ബഥാനി പറയുന്നു.

1999ല്‍ ബഥാനിക്കു നാലുവയസുള്ളപ്പോഴാണ് അവരുടെ അമ്മ സിസ്റ്റിക് ഫൈബ്രോസിസ് മൂലം മരിച്ചത്. അഞ്ചുവര്‍ഷത്തിനുശേഷം കുടുംബം മറ്റൊരു വീട്ടിലേക്കു മാറി. ഒരു പുസ്തകത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന കത്ത് എങ്ങനെയോ സംഭാവനയായി നല്‍കിയ പുസ്തകങ്ങളില്‍പ്പെട്ടു.

പുതിയ വീട്ടിലെത്തി കത്തിനായി നടത്തിയ തിരച്ചില്‍ ബഥാനി ഓര്‍മിക്കുന്നു.  എല്ലായിടത്തും അന്വേഷിച്ചു മടുത്ത് കത്ത് എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിലെത്തി അവര്‍. കുട്ടിക്കാലത്തുതന്നെ കത്ത് നഷ്ടമായെങ്കിലും അതിലെ ചില കാര്യങ്ങള്‍ ബഥാനി ഓര്‍മിച്ചിരുന്നു. താന്‍ മരിച്ചുകഴിഞ്ഞും തന്നോടു സംസാരിക്കുന്നതില്‍ കുഴപ്പമില്ലെന്ന് അമ്മ ബഥാനിയോടു പറയുന്ന വരികളാണ് അതില്‍ ഒന്ന്.

താന്‍ സ്വര്‍ഗത്തില്‍ മാലാഖമാരോടൊപ്പമായിരിക്കുമെന്നും ബഥാനി നന്നായിരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആകാശത്തുനിന്ന് അവളെ ശ്രദ്ധിക്കുമെന്നും കത്തില്‍ അമ്മ പറയുന്നു. ‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പാട്ടിലേതുപോലെ ഏതെങ്കിലും തിളങ്ങുന്ന നക്ഷത്രത്തെ നീ കണ്ടാല്‍ അത് ഞാനായിരിക്കും. ഞാന്‍ എപ്പോഴും നിന്റെ അമ്മയായിരിക്കും. നീ എന്നെ മറക്കില്ലെന്നു ഞാന്‍ കരുതുന്നു.’

കത്തു തിരിച്ചുനല്‍കാന്‍ ഡ്രേപര്‍ നേരിട്ടെത്തി. അമ്മയുടെ കത്ത് തിരിച്ചുകിട്ടുന്ന സന്തോഷത്തിനൊപ്പം ഒരു അപരിചിതന്റെ സുമനസും ബഥാനിയെ ആഴത്തില്‍ സ്പര്‍ശിച്ചു.

‘ഞാന്‍ പൊട്ടിക്കരയാന്‍ ആഗ്രഹിച്ചു. കത്ത് എനിക്കു തിരിച്ചുനല്‍കാന്‍ അദ്ദേഹം യത്‌നിച്ചത് എത്രയെന്നത് അതിശയകരമായിരുന്നു.’

ബഥാനിയുടെ മകനുവേണ്ടി ഒരു പുസ്തകവും ഡ്രേപര്‍ കൊണ്ടുവന്നു.

‘അത് അത്ഭുതമായിരുന്നു. കത്ത് യഥാര്‍ത്ഥത്തില്‍ അവര്‍ക്കു തിരിച്ചുകിട്ടിയെന്നത് അതിശയിപ്പിക്കുന്നു. വെറുമൊരു പേരുമാത്രമായിരുന്നു ഉടമയിലേക്കുള്ള തുമ്പ്. അവര്‍ കടയിലേക്കു വരുമെന്നു പറയുന്നു. എനിക്കു പുതിയൊരു സുഹൃത്തിനെ ലഭിച്ചെന്നു തോന്നുന്നു,’ ഡ്രേപര്‍ പറഞ്ഞു.

വളര്‍ന്നതോടെ അമ്മയെപ്പറ്റി പിതാവിനോടു സംസാരിക്കുന്നതില്‍ കുറവു വന്നിരുന്നതായി ബഥാനി പറയുന്നു. എന്നാല്‍ ഈ സംഭവം അമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിച്ചു: അവരുടെ മകള്‍ അവരെപ്പറ്റി സംസാരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍