UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

കറന്റ് ബുക്‌സിന്റെ പുസ്തകം തന്നെ നിരോധിക്കേണ്ടതുണ്ട്

ശ്രീദേവി എസ് കര്‍ത്ത വിവര്‍ത്തനം നിര്‍വ്വഹിച്ച കാലാതീതം എന്ന പുസ്തകം സ്വാമി നാരായണ്‍ ഗ്രൂപ്പിലെ ഇപ്പോഴത്തെ മുഖ്യ സ്വാമി പ്രമുഖിനെക്കുറിച്ച് അദ്ദേഹത്തെ ഗുരുവായിക്കരുതുന്ന എ.പി.ജെ അബ്ദുള്‍ കലാം എഴുതിയതാണ്. ഈ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് പരിഭാഷകയെ വേദിയില്‍ ഇരുത്താന്‍ സ്വാമി സമ്മതിക്കുന്നില്ലെന്ന് കറന്റ് ബുക്‌സ്, ദൂതന്‍ മുഖാന്തിരം അറിയിച്ചു എന്ന ശ്രീദേവിയുടെ വാദവും, പരിഭാഷ ചെയ്യുന്നവരെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കണമെന്ന് നിര്‍ബന്ധമില്ല എന്ന കറന്‍റ് ബുക്സിന്റെ മറുവാദവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം കനത്തപ്പോള്‍ സ്വാമിയെ തിരിച്ചു വിടുകയും പരിപാടി തന്നെ അലങ്കോലമാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത സംഭവത്തിന്റെ വിശേഷങ്ങള്‍ നമുക്ക് മൂന്ന് തരത്തില്‍ കാണാം
1. പ്രസാധകന്‍ പണം നല്കി വിവര്‍ത്തനം ചെയ്യിപ്പിക്കുന്ന പുസ്തകത്തില്‍ പരിഭാഷ നിര്‍വ്വഹിക്കുന്നയാളെ ചടങ്ങില്‍ പങ്കെടുപ്പിക്കണമോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. ക്ഷണിക്കാതെ അവരുടെ ചടങ്ങില്‍ പങ്കെടുക്കേണ്ട ആവശ്യവും ഇല്ല; തന്നെയുമല്ല പലപ്പോഴും വിവര്‍ത്തകര്‍ പുസ്തകം പ്രസിദ്ധീകരിച്ച വിവരം പോലും യഥാസമയം അറിയാറില്ല എന്നതും ഒരു വാസ്തവം തന്നെയാണ്. വിവര്‍ത്തകയെ ചടങ്ങില്‍ പങ്കെടുപ്പിക്കണമോ വേണ്ടയോ എന്നത് പ്രസാധകന്റെ ഔചിത്യമാണ്.
2. സ്വാമി നാരായണ്‍ ഗ്രൂപ്പിലെ പ്രമുഖ് സ്വാമിയുടെ ശിഷ്യന്മാര്‍ക്ക് പ്രഖ്യാപിത നിയമങ്ങള്‍ ഉണ്ട്. സ്വകാര്യ ചടങ്ങായാലും പൊതുചടങ്ങായാലും സ്ത്രീകള്‍ സ്വാമിമാര്‍ക്ക് ഒപ്പം ഇരിക്കാന്‍ പാടില്ല. ഏത് പരിപാടിക്ക് പോവുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ഈ സ്ത്രീവിരുദ്ധത പാലിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. അതില്‍ നിന്നും അവരുടെ ബുദ്ധിയും ബോധവും തിരിച്ചു വരാന്‍ ഈ യുഗത്തില്‍ സാധിച്ചെന്നു വരില്ല. അവരിത് സ്ത്രീ വിരുദ്ധതയായിട്ടാണോ ആചാരമായിട്ടാണോ കണക്കാക്കുന്നതൊന്നും നമ്മള്‍ ബേജാറാകണ്ട. സ്വന്തം മതതത്ത്വങ്ങളെന്ന പേരില്‍ സ്ത്രീകളെ രണ്ടാം നിരയിലായി നിര്‍ത്തുന്നത് നമ്മുടെ എല്ലാ മതങ്ങളുടെയും പതിവാണ്.

 

 

3, ശ്രീദേവി എസ് കര്‍ത്ത എന്ന സുഹൃത്ത് സത്യത്തില്‍ ഈ സന്യാസിസമൂഹത്തിലെ പലരെക്കാളും കറന്റ് ബുക്‌സിനെക്കാളും മാനവ മൂല്ല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണ്. ജീവിതം കൊണ്ടും എഴുത്തുകൊണ്ടും നിലപാടുകളുള്ള ഒരാള്‍. താന്‍ വിവര്‍ത്തനം ചെയ്ത ഒരു കൃതിയുടെ പ്രകാശനത്തില്‍ തനിക്കെത്താതിരിക്കാന്‍ സാധിക്കാതെ വരുന്നത് സ്ത്രീ ആയത് കൊണ്ട് മാത്രമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് പ്രതിഷേധം ആരംഭിക്കുന്നത്.  എന്തുകൊണ്ടും ഈ പ്രതിഷേധം സ്വാഗതാര്‍ഹമാണ്. കേരളം പോലുള്ള അഭ്യസ്തവിദ്യരുടെ നാട്ടിലെങ്കിലും ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടാവുന്നത് നല്ലതാണ്.
ഇനി കറന്റ് ബുക്‌സിനെക്കുറിച്ച് രണ്ട് നല്ല വാക്ക്. പ്രസ്തുത സ്ഥാപനം നിരവധി ഹിമാലയ യാത്രാവിവരണങ്ങള്‍ ഇറക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കോപ്പി വിറ്റുപോയ പുസ്തകത്തില്‍ നല്ല കലിപ്പന്‍ സ്ത്രീ വിരുദ്ധതയുണ്ട്; പ്രതിമബേദിയെക്കുറിച്ചുള്ളത്. അതിനു ശേഷം അതേ പുസ്തകരചയിതാവിന്റെ തന്നെ മൂന്നാമത്തെ പുസ്തകത്തില്‍ ഒരു പെണ്‍കുട്ടി പ്രണയിതാവുമായി യാത്രയ്ക്ക് വന്നതും അവളുണ്ടായത് കൊണ്ട് യാത്രമുഴുവന്‍ കുഴപ്പത്തിലായെന്നും അവരെ തിരിച്ചയച്ചെന്നും ഒക്കെ എഴുതിയിട്ട് ആ യാത്രാവിവരണപുസ്തകത്തിന്റെ അവസാനം കളര്‍ ചിത്രങ്ങള്‍ കൊടുത്ത കൂട്ടത്തില്‍ ചിത്രത്തില്‍ നീല ഡ്രസ്സിട്ടിരിക്കുന്ന കുട്ടിയാണ് പൂജ (പേരെന്തെന്ന് ഓര്‍മ്മയില്ല) എന്ന് എഴുതിവച്ച അടിമുടി ആഭാസനായ കൈലാസം എഴുത്തുകാരനും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് നിരവധി പതിപ്പുകള്‍ ഇറക്കുവാന്‍ സഹായിച്ചവര്‍ക്കും ഭൂരിഭാഗം വരുന്ന സ്ത്രീസമൂഹത്തിനും അതിലെ സ്ത്രീ വിരുദ്ധത എന്തേ മനസ്സിലാവാത്തത്? ആ പുസ്തകം പ്രസാധനം ചെയ്ത കറന്റ് ബുക്‌സിന് എന്ത് കൊണ്ട് അത് മനസ്സിലായില്ല? ഒരു സ്ത്രീ പുരുഷനൊപ്പം വന്നത് കൊണ്ട് സ്ത്രീയെ മാത്രം കുഴപ്പക്കാരിയാക്കി അവളുടെ ഫോട്ടോ അടക്കം അച്ചടിച്ച് പ്രസിദ്ധീകരിച്ച ഒരു മാന്യസ്ഥാപനത്തോട് ഇന്നേവരെ ഒരക്ഷരം പ്രതിഷേധിക്കാത്ത പ്രിയപ്പെട്ട മലയാളികള്‍ ശ്രീദേവിയുടെ അവകാശത്തിലെങ്കിലും ശ്രദ്ധിച്ചതില്‍ ഒരു നല്ല നമസ്‌കാരം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍