UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറന്റ് ബുക്ക്‌സ് തെറ്റുകാരല്ലെന്ന് സാറാ ജോസഫ്; അവര്‍ക്ക് കടപ്പാട് പ്രസാധകരോടെന്ന് ശ്രീദേവി

അഴിമുഖം പ്രതിനിധി

എപിജെ അബ്ദുള്‍കലാമിന്റെ അവസാന പുസ്തകത്തിന്റെ മലയാള പരിഭാഷാ ചടങ്ങില്‍ നിന്ന് വിവര്‍ത്തകയെ സ്വാമിയുടെ ആവശ്യപ്രകാരം കറന്‍റ് ബുക്സ് മാറ്റിനിര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണോയെന്ന് സംശയമെന്ന് പ്രമുഖ എഴുത്തുകാരിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സാറാ ജോസഫ് അഴിമുഖത്തോട് വ്യക്തമാക്കി. വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്ത അവരുടെ വാദം തെളിയിക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണം തള്ളിക്കളഞ്ഞ ശ്രീദേവി എസ്. കര്‍ത്ത, സാറാ ജോസഫിന് കടപ്പാട് പ്രസാധകരോടാണെന്നും കുറ്റപ്പെടുത്തി.

ശ്രീദേവി എസ് കര്‍ത്തയുമായി ബന്ധപ്പെട്ട വാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ ഞാന്‍ തൃശൂര്‍ കറന്റ് ബുക്‌സുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന സ്ഥിരീകരണമാണ് എനിക്ക് കിട്ടിയത് ഇത്തരമൊരു വാര്‍ത്ത കറന്റ് ബുക്‌സ് അധികൃതര്‍ സംശയലേശമന്യേ നിഷേധിക്കുകയാണുണ്ടായത്. വിവര്‍ത്തകയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല എന്നാണ് അവര്‍ അറിയിച്ചത്. അത് മന:പൂര്‍വമായൊരു മാറ്റി നിര്‍ത്തലായിരുന്നില്ല. പുസ്തകപ്രകാശ ചടങ്ങ് വളരെ ലളിതമായി സംഘടിപ്പിക്കാനാണ് തീരുമാനമെന്നതു കൊണ്ടുമാത്രമാണ് അവരെ ക്ഷണിക്കാതിരുന്നത്. സ്വാമിയുടെ ആവശ്യ പ്രകാരമാണ് ഒരു സ്ത്രീ സാന്നിധ്യം വേദിയില്‍ വേണ്ടന്നുവെച്ചത് എന്നതില്‍ വാസ്തവമുണ്ടോയെന്ന് ഞാന്‍ തിരക്കുകയുണ്ടായി. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത വളരെ ഖേദകരമാണെന്നും കേട്ടുകേള്‍വി വച്ചുമാത്രം ഇങ്ങനെ പറയരുതെന്നുമായിരുന്നു പ്രസാധകര്‍ പറഞ്ഞത്. ഞാന്‍ ആ സദസ്സിന്റെ മുന്‍നിരയില്‍ വന്നിരുന്നാല്‍ സ്വാമിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോയെന്നും ഞാന്‍ ചോദിച്ചു. അതിനവര്‍ പറഞ്ഞ മറുപടി, ടീച്ചര്‍ വേദിയില്‍ വന്നിരുന്നാല്‍പ്പോലും അത് ഞങ്ങള്‍ക്ക് സന്തോഷമേ ഉണ്ടാക്കൂവെന്നാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദത്തെ സംബന്ധിച്ച് കറന്റ് ബുക്‌സിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം ഇപ്രകാരമാകുമ്പോള്‍ ഇതൊരു ഫെയ്ക് ന്യൂസ് ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശ്രീദേവി എസ് കര്‍ത്തയെ എനിക്കറിയാം. അവര്‍ ഒരിക്കലും ഇത്തരമൊരു പ്രവര്‍ത്തിക്ക് മുതിരരുതായിരുന്നു. വിവര്‍ത്തനം ചെയ്തയാളെ പ്രകാശനച്ചടങ്ങിലേക്ക് ക്ഷണിക്കണോ എന്ന് തീരുമാനിക്കുന്നത് ചടങ്ങ് സംഘടിപ്പിക്കുന്നവരാണ്. അതിനുള്ള അവകാശം അവര്‍ക്കില്ലെന്നാണോ?

എംടി വാസുദേവന്‍ നായരോ കറന്റ് ബുക്‌സിന്റെ ജോണിയോ ഇത്തരത്തില്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരല്ല. എനിക്കവരെ അനേകവര്‍ഷങ്ങളായി അറിയാവുന്നതാണ്. ഏതെങ്കിലുമൊരു സ്ത്രീയെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ നടക്കുമെന്നറിഞ്ഞാല്‍ ആ പരിപാടി വലിച്ചെറിഞ്ഞിട്ടു പോകുയാളാണ് എം ടി. ജോണിയും അതേ സ്വഭാവമുള്ളയാള്‍ തന്നെ.

ഇതൊന്നും ഞാന്‍ ആരുടെയെങ്കിലും ഭാഗം ന്യായീകരിച്ചു പറയുന്നതല്ല,എന്റെ വിലയിരുത്തലുകളാണ്. ശ്രീദേവിയുടെ വാദം ശരിയാണെങ്കില്‍ അതവര്‍ തെളിയിക്കണം. അവര്‍ പറയുതാണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ കറന്റ് ബുക്‌സിന്റെ മുന്നില്‍ ചെന്ന് നില്‍ക്കുന്ന ആദ്യത്തെ ആളും ഞാന്‍ ആയിരിക്കും,” സാറാ ജോസഫ് വിശദീകരിച്ചു.

എന്നാല്‍ സാറാ ജോസഫിന്റെ ആരോപണം ശരിയല്ലെന്നാണ് അബ്ദുള്‍ കലാമിന്റെ അവസാന പുസ്തകമായ കാലാതീതത്തിന്റെ വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്ത പറയുന്നത്. പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്ന ബ്രഹ്മ വിഹാരി ദാസിന്റെ ആവശ്യപ്രകാരം പ്രസാധകരായ കറന്റ് ബുക്‌സ് ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് അവര്‍ ഇന്നലെ ആരോപിച്ചിരുന്നു.

എഴുത്തുകാരിക്ക് വിലക്ക്; വേദിയില്‍ സ്ത്രീകളുടെ നിഴല്‍ പോലും പാടില്ലെന്ന് പ്രകാശകനായ സ്വാമിജി

ഈ അഭിപ്രായം സാറാജോസഫ് തന്നെ പറയണം, അറിയപ്പെടുന്ന ഒരു സ്ത്രീ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും ആയ അവര്‍ എന്നോടോപ്പമാണ് നില്‍ക്കേണ്ടിയിരുന്നത്. ഇപ്പോള്‍ വിഷയം വഴിമാറിപ്പോവുകയാണ്. ഒരു പ്രത്യേക വിശ്വാസപ്രമാണം പിന്തുടരുന്ന ഒരു വിഭാഗം അത് സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് ഞാന്‍ എതിര്‍ത്തത്. അത് മനുഷ്യവിരുദ്ധമായാത് കൊണ്ട് തന്നെ അതിനെതിരെ പ്രതികരിക്കേണ്ടതാണ്. അതിനെ എന്റെ ആഗ്രഹം നടക്കാത്തതുകൊണ്ടുള്ള പ്രതികാരം ആണെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റായ പ്രവണതയാണ്. ഞാന്‍ വിവര്‍ത്തനം ചെയ്ത ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഞാന്‍ അലങ്കോലപ്പെടുത്തുക എന്നത് തികച്ചും ലോജിക് ഇല്ലാത്ത ഒരു ആരോപണമാണ്. സാറാ ജോസഫ് അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതിനു കാരണം പ്രസാധകരോട് ഉള്ള കടപ്പാട് തന്നെയാണ്.

കൂടാതെ വിവര്‍ത്തകര്‍ എഴുത്തുകാര്‍ അല്ല എന്നാണോ സാറാ ജോസഫ് കരുതുന്നത്. അവരുടെ പുസ്തകങ്ങള്‍ മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തവരേ അവര്‍ അങ്ങനെയാണോ കാണുന്നത്.

രണ്ടു ഭാഷകളില്‍ പ്രാവീണ്യം ഉള്ള ഉള്ള ഒരു വ്യക്തി സര്‍ഗ്ഗാത്മകമായി ചെയ്യുന്നതു തന്നെയാണ് വിവര്‍ത്തനം. അവര്‍ താഴേക്കിടയിലുള്ളവര്‍ ആണെന്നും അവരെ ഒഴിച്ച് നിര്‍ത്തണം എന്നുമാണോ സാറാജോസഫ് കരുതുന്നതെ”ന്നും ശ്രീദേവി അഴിമുഖത്തോട് പ്രതികരിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍