UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എം മാണിയെ കേരള രാഷ്ട്രീയം എന്തുചെയ്യും?

Avatar

എ സജീവന്‍ 

ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താം എന്ന കോടതിയുടെ പുതിയ ഉത്തരവ് ഒരാള്‍ പോലും എതിര്‍ക്കും എന്ന് തോന്നുന്നില്ല. കാരണം കോടതി ആവശ്യപ്പെട്ടിരിക്കുന്നത് അന്വേഷണം നടത്തണം എന്ന് മാത്രമാണ്. പ്രതിയെ ശിക്ഷിക്കണം എന്നല്ല. സത്യത്തില്‍ വേണ്ടത് അതാണ്‌. ഇതിനു പിന്നില്‍ ഒരു അട്ടിമറി നടന്നു എന്നും ആ അട്ടിമറിക്ക് അന്നത്തെ വിജിലന്‍സ് ഡയറക്റ്റര്‍ ആയിരുന്ന ശങ്കര്‍ റെഡ്ഡി നേതൃത്വം കൊടുത്തു എന്നും വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെയുള്ള എസ് പി ആര്‍ സുകേശന്‍ ആണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. സുകേശനെയാണ് എല്ലാവരും ഇതുവരെ കുറ്റപ്പെടുത്തിയിരുന്നത്. ഇനി സത്യാവസ്ഥ തെളിയട്ടെ. ശങ്കര്‍റെഡ്ഡിയ്ക്കും കെ എം മാണിയ്ക്കും ഒക്കെ കോടതിയില്‍ എതിര്‍ക്കാന്‍ ഉള്ള അവസരവും ഉണ്ടായിരുന്നു. ഇനി എതിര്‍ത്തിട്ടും കാര്യമില്ല.

ഇതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ ഉണ്ട്. അതിലേക്ക് ചിന്തിക്കുമ്പോള്‍ ചിത്രം കുറച്ചുകൂടി വ്യക്തമാകും ആദ്യം സുകേശന്‍ പറഞ്ഞിരുന്നത് മാണിയ്ക്ക് എതിരെ കുറ്റം ചുമത്താന്‍ കഴിയുന്ന അറുപത് ശതമാനം തെളിവുകള്‍ കിട്ടി കഴിഞ്ഞു എന്നാണ്. പിന്നീടാണ് അത് മാറ്റി പറഞ്ഞത്. ഒരു വ്യക്തിക്ക് എതിരെ കുറ്റം ചുമത്തണമെങ്കില്‍ നൂറ് ശതമാനം തെളിവുകള്‍ വേണം എന്നില്ല. വിശ്വാസ യോഗ്യമായ തെളിവുകള്‍ കിട്ടിയാല്‍ മതിയാകും. അങ്ങനെയുള്ള 60 ശതമാനം തെളിവുകള്‍ കിട്ടിക്കഴിഞ്ഞു എന്നാണ് ആദ്യം സുകേശന്‍ പറഞ്ഞിരുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവശേഷിക്കുന്ന തെളിവുകളും കൃത്യമായി ലഭിക്കുമായിരുന്നു. അതിനെയൊക്കെ മറികടന്നു സുകേശനെ കൊണ്ട് തന്നെ തെളിവുകള്‍ ഇല്ല എന്ന് കോടതിയില്‍ പറയിപ്പിക്കുകയും കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥനെക്കാളും മുന്നേ മാണിയ്ക്ക് ബാര്‍ കോഴയില്‍ പങ്കില്ല എന്ന് അന്നത്തെ മുഖ്യമന്ത്രി അടക്കം ഉള്ളവര്‍ ഗുഡ് സര്‍ട്ടിഫിക്കെറ്റ് നല്‍കി വിധി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തെളിവില്ല എന്ന് പറയുമ്പോള്‍ അവര്‍ ആദ്യം തന്നെ തെളിവ് ഉണ്ടായിരിക്കരുത് എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍

നമ്മുടെ അന്വേഷണ ഏജന്‍സികള്‍ എല്ലാം സ്വതന്ത്ര സ്ഥാപനങ്ങള്‍ ആണെന്ന് നമ്മള്‍ പറയുമെങ്കിലും എല്ലാവര്‍ക്ക് മുകളിലും ഭരണകൂടത്തിന്‍റെ കൈ ഉണ്ടാകും. അവരുടെ ഓരോ ചലനത്തിലും ഭരണകൂടം ഇടപെട്ടുകൊണ്ടേയിരിക്കും. അത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. അത്തരത്തില്‍ ഉള്ള ഭരണകൂട ഇടപെടലിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബാര്‍ കോഴ അന്വേഷണം.

മാണിക്ക് എതിരെ മാത്രമല്ല അന്വേഷണം നടക്കേണ്ടത് ഇതില്‍ ആരൊക്കെ ഇടപെട്ടിട്ടുണ്ടോ അവര്‍ക്കെല്ലാം എതിരെ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. ബാര്‍ കോഴ കേസ് മാത്രമല്ല, സോളാര്‍ കേസ് തുടങ്ങിയ എല്ലാ അഴിമതി കേസുകളിലും നിഷ്പക്ഷമായ അന്വേഷണം നടത്തണം.

മാണി കുറ്റക്കാരന്‍ ആണ് എന്ന് പറയുന്നില്ല. ഒരുപക്ഷെ കുറ്റക്കാരന്‍ അല്ലെങ്കില്‍ അത് തെളിയിക്കപ്പെട്ട് വീണ്ടും രാഷ്ട്രീയത്തില്‍ കൂടുതല്‍ ശോഭയോടെ അദ്ദേഹത്തിന് സജീവമാകാന്‍ കഴിയും. കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ നടപടി എടുക്കണം. ആര് കുറ്റം ചെയ്താലും നിയമത്തിന് അതീതരായി പോകരുത്. എല്ലാവര്‍ക്കും നിയമത്തിന്‍റെ കീഴില്‍ സമത്വം ഉണ്ടായിരിക്കണം.

മാണിക്ക് എതിരെ ഉള്ള അന്വേഷണം സത്യസന്ധമായി നടന്നു കഴിഞ്ഞാല്‍ മുന്‍ മന്ത്രി കെ ബാബു അടക്കമുള്ളവരുടെ നേരെ അന്വേഷണം നീണ്ടേക്കാം. അക്കാര്യത്തിലും അപ്പോള്‍ വ്യക്തത ഉണ്ടാകും. മാണിയ്ക്ക് എതിരെ ഒരു കോടി രൂപയുടെ ആരോപണം ആണ് വന്നതെങ്കില്‍ ബാബുവിന് എതിരെ വന്നിരിക്കുന്നത് പത്തുകോടി രൂപയുടെ ആരോപണമാണ്. സ്വാഭാവികമായും ആര്‍ക്കൊക്കെ കാശ് കൊടുത്തിട്ടുണ്ടോ അവരെല്ലാം കുടുങ്ങും. അത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ട് യുഡിഎഫ് വിട്ടതിന്റെ പേരില്‍ മാണിയെ കോണ്‍ഗ്രസ് നേതാക്കള്‍ കടന്നാക്രമിക്കും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി. പക്ഷെ മാണിയെപ്പോലൊരു രാഷ്ട്രീയക്കാരന്‍ സ്വന്തം കഴുത്തില്‍ കുരുക്കിട്ടു കൊണ്ട് മറ്റുള്ളവരുടെയും കുഴി തോണ്ടാന്‍ പോകും എന്ന് തല്‍ക്കാലം കരുതാന്‍ വയ്യ. മാണിയും യുഡിഎഫും ഈ വിഷയത്തില്‍ പരസ്പരം പഴി ചാരല്‍ അവസാനിപ്പിച്ചു സംയമനം പാലിക്കുന്നതില്‍ന്റെ കാരണം ഇത് തന്നെയാകാം.

സിപിഐഎം മാണിയോട് സ്വീകരിക്കാന്‍ പോകുന്ന നിലപാട് ആണ് ഇനി ചര്‍ച്ചയാകുക. കഴിഞ്ഞ ബജറ്റ് അവതരണ വേളയില്‍ സിപിഐഎം മാണിയോട് കാട്ടിക്കൂട്ടിയത് എല്ലാം രാഷ്ട്രീയ കേരളം കണ്ടതാണ്. യുഡിഎഫ് മുന്നണി വിട്ടു നില്‍ക്കുന്ന മാണി കോണ്‍ഗ്രസ്സിനോടുള്ള സിപിഐഎമ്മിന്‍റെ മൃദു സമീപനം ജനങ്ങളില്‍ സംശയം വളര്‍ത്താന്‍ സഹായിക്കും. സിപിഐഎം ലക്ഷ്യമിടുന്നത് മാണിയെ ആയിരിക്കില്ല. കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിയുടെ അണികളെയാണ്. മാണി പോയാല്‍ ആ സ്ഥാനത്ത് വേറൊരു നേതാവിനെ പകരം കൊണ്ടുവരാം. മധ്യ കേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ ശക്തി ചെറുതല്ല എന്ന് സിപിഐഎമ്മിന് നല്ലതുപോലെ അറിയാം. എന്തൊക്കെ പറഞ്ഞാലും കേരള കോണ്ഗ്രസ് ഒരു മതാധിഷ്ഠിത പാര്‍ട്ടിയാണ്. വലിയൊരു വിഭാഗം ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താന്‍ അവര്‍ക്ക് മാണി കോണ്ഗ്രസിലൂടെ സാധിച്ചേക്കും. അതൊക്കെയാകും സിപിഐഎം ലക്ഷ്യമിടുന്നത്.  ഇപ്പോഴത്തെ ഒരു അവസ്ഥയില്‍ മൃതു സമീപനം എടുക്കാതെ വ്യക്തമായ അന്വേഷണം നടത്തുമ്പോള്‍ അത് എല്‍ഡിഎഫിനുള്ള ജന സ്വീകാര്യത കൂട്ടുകയാകും ചെയ്യുക.

സിപിഐ മാണിയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതിനു പിന്നില്‍ കറ തീര്‍ന്ന രാഷ്ട്രീയം എന്നതില്‍ ഉപരി കേരള കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി വരുമ്പോള്‍ സ്വാഭാവികമായും എല്‍ഡിഎഫില്‍ സിപിഐ യുടെ സ്ഥാനം പരുങ്ങലില്‍ ആകും. രണ്ടാം പാര്‍ട്ടി സ്ഥാനം നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടോക്കെയാണ് സിപിഐ കേരള കോണ്ഗ്രസിനേയും മാണിയും ഇപ്പോള്‍ നിരന്തരം വിമര്‍ശിക്കുന്നത്.

ബാര്‍ കോഴ കേസ്‌ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ കാത്തിരുന്നു തന്നെ കാണണം.    

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എ സജീവനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍