UPDATES

ട്രെന്‍ഡിങ്ങ്

ക്യാബിനറ്റ് പദവിയോടെയുള്ള എ. സമ്പത്തിന്റെ നിയമനം: പ്രളയത്തിൻ്റെ ഒന്നാം വര്‍ഷത്തില്‍ പിണറായി സര്‍ക്കാര്‍ ‘സാമ്പത്തിക അച്ചടക്കം’ പാലിക്കുന്നത് ഇങ്ങനെയാണ്

മന്ത്രിസഭയ്ക്ക് പുറത്ത് ക്യബിനറ്റ് റാങ്കുള്ള നാല് പേരാണ് ഇപ്പോഴുള്ളത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം തികയുകയാണ്. എളുപ്പം തീര്‍ക്കാവുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളായിരുന്നില്ല പ്രളയം സൃഷ്ടിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തിനിടയിലും സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്ന് എല്ലാം നഷ്ടപ്പെട്ടുപോയവര്‍ക്ക് ജീവിതം തിരികെ നല്‍കുമെന്ന പ്രതീക്ഷയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടാക്കിയത്.

വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെട്ടു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇതിനായി പണം കണ്ടെത്തുന്നതിന് വിവിധ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു. ലോകത്തെമ്പാടുമുള്ള മലയാളികളെ പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. അത് വിജയിക്കുമെന്നുമുള്ള തോന്നലുകളാണ് പൊതുവില്‍ സൃഷ്ടിക്കപ്പെട്ടത്.

ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുപോലും പ്രളയത്തിന് ഫണ്ട് കണ്ടെത്താന്‍ രണ്ട് ശതമാനം പ്രളയ സെസ്സ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ കേരളത്തിന് അധികാരം നല്‍കി. അത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുമൂലം സ്വാഭാവികമായി വിവിധ സാധനങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടാകും. പ്രളയത്തിന്റെ കെടുതി മറികടക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ ഇത്തരം ഒരു തീരുമാനം നടപ്പിലാക്കിയ ദിവസം തന്നെയാണ് മറ്റു ചില തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. അതില്‍ ഒന്ന് കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇടപെടലിന് ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കാനുള്ള തീരുമാനമാണ്. മുന്‍ എംപി എ. സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ കേരളത്തിന്റെ പ്രതിനിധിയാക്കി ഡല്‍ഹിയില്‍ നിയമിച്ചു. അദ്ദേഹത്തിന് തലസ്ഥാനത്ത് ഓഫീസും സംവിധാനങ്ങളും അനുവദിച്ചു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് പ്രത്യേകിച്ച് പ്രയോജനമെന്നതാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം. കേരളത്തിന്റ ആവശ്യങ്ങള്‍ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമെയാണ് ക്യാബിനറ്റ് റാങ്കിലെ നിയമനം.  ഈ നിയമനം ഉണ്ടാക്കുന്ന അധിക ചെലവിന് യുക്തിസഹമായ വിശദീകരണം സർക്കാറിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് റാങ്കിലുള്ള രാഷ്ട്രീയ നിയമനങ്ങള്‍ ഇതാദ്യമല്ല. നാല് പേരാണ് ഇത്തരത്തില്‍ ഉള്ളത്. ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍, എന്താണ് ഉദ്ദേശം എന്ന് പോലും അറിയാത്ത മുന്നോക്ക സമുദായത്തിന്റ ക്ഷേമത്തിനായുളള കോർപ്പറേഷൻ ചെയര്‍മാനായി ആര്‍ ബാലകൃഷ്ണപ്പിള്ള, പിന്നെ കഴിഞ്ഞ മാസം സിപിഐക്ക് നല്‍കിയ ചീഫ് വിപ്പ് പദവി, ഇപ്പോള്‍ എ. സമ്പത്തും. ജനങ്ങളോട് ചിലവ് ചുരുക്കാനും അവരിലേക്ക് കൂടുതല്‍ ബാധ്യത ഏല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഈ സംവിധാനങ്ങള്‍ തുടരുന്നത്.

ഇ.പി ജയരാജനെ വീണ്ടും ഉള്‍പ്പെടുത്തിയതോടെ മന്ത്രിസഭയിലെ അംഗസംഖ്യയും പരമാവധി സാധ്യമായ 20 ആയി. അതിലും ചിലവ് കുറയ്ക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശ്രമമൊന്നുമുണ്ടായില്ല.

ഇന്നലെ എടുത്ത മറ്റൊരു തീരുമാനം മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി. ബാലകൃഷ്ണന്റെ നിയമനമാണ്. വിരമിച്ചത് മുതല്‍ വിശ്രമം കിട്ടാത്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പോലെ പ്രിയങ്കരന്‍. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ തലസ്ഥാന നഗര വികസന പദ്ധതിയില്‍ സ്പെഷ്യല്‍ ഓഫീസര്‍ തസ്തിക നിയമിച്ചാണ് നിയമനം. നിലവില്‍ പദ്ധതിയുടെ എംപവേഡ് കമ്മിറ്റിയുടെ കണ്‍വീനറാണ് ഇദ്ദേഹം. ഇത് ഔദ്യോഗിക പദവി അല്ലാത്തതിനാലാണത്രെ പുതിയ പദവി സൃഷ്ടിച്ചുള്ള നിയമനം.

വിരമിക്കുമ്പോള്‍ കൈപ്പറ്റിയിരുന്ന ശമ്പളത്തില്‍ കുറവു വരാതെയാണ് സാധാരണ ഐഎഎസ് ഉദ്യോഗസ്ഥരുടെ പുനര്‍നിയമനം. അതുകൊണ്ട് തന്നെ പെന്‍ഷന്‍ തുക കഴിഞ്ഞുള്ളത് ശമ്പളമായി അദ്ദേഹത്തിന് ലഭിക്കും.

യുഡിഎഫ് ഭരണകാലത്ത് വിരമിച്ച ബാലകൃഷ്ണനെ വ്യവസായ വകുപ്പിന് കീഴിലെ ഇന്‍കലിന്റെ ചെയര്‍മാനാക്കി നിയമിച്ചിരുന്നു. പിന്നീട് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എംഡിയുമാക്കി. അതിന് ശേഷമാണ് പുതിയ നിയമനം.

നിയമസഭയ്ക്ക് പുതിയ ഗസ്റ്റ് ഹൗസ് പണിയുന്നതിനുള്ള തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നത് ഈ ദിവസങ്ങളിലാണ്. രണ്ടര കോടി ചിലവിട്ടാണത്രെ പുതിയ ഗസ്റ്റ് നിര്‍മ്മിക്കുന്നത്.

ഇതിനൊക്കെ പുറമെയാണ് മുഖ്യമന്ത്രിയുടെ അനവധിയായ ഉപദേശകര്‍. ഉന്നത റാങ്കിലുളള ഉപദേശകര്‍.  ഇങ്ങനെ പണം ചിലവിടാനുള്ള ഒരു അവസരവും കളയാതെയാണ് ജനങ്ങളോട് സഹകരിക്കാൻ സർക്കാർ ആവശ്യപ്പെടുന്നത്.

പ്രളയത്തിന്റെ ഒന്നാമാണ്ടില്‍, നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കാണിക്കുന്ന ‘ജാഗ്രത’യുടെ ഉദാഹരണങ്ങളില്‍ ചിലതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക ജാഗ്രതയുടെ ഉദാഹരണം. പ്രളയത്തില്‍നിന്ന് കേരളം ഒന്നും പഠിച്ചിട്ടില്ലെന്ന പാഠമാണ് ഒന്നാം ആണ്ടിന്റെ സമയത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ രാഷ്ട്രീയ നിയമനങ്ങളിലൂടെ സ്വയം പരസ്യപ്പെടുത്തുന്നത്.

Azhimukam Special: ‘കൃപാസനത്തെ തൊടാനാവില്ല’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡയറക്ടര്‍ ഫാ. വി.പി ജോസഫ്

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍