UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക അതിക്രമ ഇരകള്‍ ഒരു ട്വീറ്റിലൂടെ തുറന്നു സംസാരിച്ചപ്പോള്‍

Avatar

‘ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് സുരക്ഷിതമായ ഇടങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ശക്തമായി വാദിക്കുന്ന ഒരാളാണ് ഞാന്‍. ഇവര്‍ക്കുള്ള സുരക്ഷിതമായ ഒരിടമായി ഞാന്‍ കാണുന്നത് ട്വിറ്റര്‍ ആണ്. ഇതിന്റെ സംക്ഷിപ്ത രൂപം പലരെയും തങ്ങളുടെ അനുഭവങ്ങളെ വിവരിക്കാന്‍ സഹായിക്കും.’  ഹര്‍നിദ് കൌര്‍ ന്യൂസ് പോര്‍ട്ടലായ സ്ക്രോളില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍.  

ഒരിക്കലും വെള്ളിവെളിച്ചത്തിലെത്തി തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കാത്തവരാണ് ഇവരില്‍ ഏറെയും. വ്യാഴാഴ്ച ഇത്തരം ഒരു ചര്‍ച്ച ഞാന്‍ ട്വിറ്ററില്‍ ആരംഭിച്ചപ്പോള്‍ എന്റെ ചോദ്യം എത്രപേര്‍ തങ്ങളുടെ വ്യക്തിപരമായ ആഘാതങ്ങളെ അതിജീവിച്ചു എന്നായിരുന്നു. ട്രോളുകളുടെ ഒരു പ്രവാഹമായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വളരെ ആഴത്തിലുള്ളതും അര്‍ത്ഥവത്തുമായ കുറെ സംവാദങ്ങളിലേക്കാണ് ഞാന്‍ എത്തപ്പെട്ടത്. എന്റെ ജീവിതത്തില്‍ എക്കാലവും വലിയ ആഘാതസൃഷ്ടിക്കാന്‍ ത്രാണിയുള്ളവയായിരുന്നു ആ ആശയവിനിമയങ്ങള്‍.

ഭീതി കിലുങ്ങുന്ന ശബ്ദത്തില്‍ വളരെ കുറച്ച് പുരുഷന്മാര്‍ ഇല്ല എന്ന ഉത്തരം നല്‍കി. ഇത്തരം സംഭവങ്ങളെ കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ലാത്തതിനാല്‍ സംഭവിച്ച ഹാനിയുടെ വ്യാപ്തി മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കാത്തതാവാം ഇതിന് കാരണം. ലൈംഗീക പിഡനത്തിനിരയാകുന്ന പുരുഷന്മാര്‍ക്കിടയില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടത്താത്തതിനാല്‍ ഇത്തരം ചര്‍ച്ചകളില്‍ പങ്കാളിയാകണം എന്നാഗ്രഹമുണ്ടെങ്കില്‍ പോലും പല പുരുഷന്മാര്‍ക്കും സാധിക്കാറില്ല. പക്ഷെ അത്തരക്കാര്‍ക്കും ഇത്തരത്തിലുള്ള ഒരു ചര്‍ച്ച അനിവാര്യമായിരുന്നു. കാരണം വിഷയത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും നിരവധി അനുഭവങ്ങള്‍ വായിക്കുകയും ചെയ്യുന്നതുവഴി അവര്‍ സ്വയം തിരിച്ചറിയുകയാണ്.

തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറായ പുരുഷന്മാരുടെ എണ്ണം എന്നെ അത്ഭുതപ്പെടുത്തി. അധികാരമുള്ളവരിലൂടെയാണ് പലപ്പോഴും ഇത്തരം അതിക്രമങ്ങള്‍ വ്യാപിപ്പിക്കപ്പെടുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. കുടുംബ ബന്ധങ്ങള്‍, സംരക്ഷകന്റെ കുപ്പായം തുടങ്ങിയവയിലെല്ലാം ഇത്തരം അധികാരം ഒളിഞ്ഞിരിക്കുന്നു. ലൈംഗീക അതിക്രമങ്ങള്‍ വെറും ആകര്‍ഷണത്തിന്റെ പ്രശ്‌നമല്ല, മറിച്ച് അധികാരത്തിന്റെതാണ്. ഇവിടെയാണ് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പുരുഷന്മാര്‍ തിരിച്ചറിയാതിരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അത് തള്ളിക്കളഞ്ഞപ്പോള്‍ മറ്റുചിലര്‍ അതിന്റെ പ്രത്യാഘാതത്തെ ലഘൂകരിച്ചുകാണാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാം തങ്ങളുടെ കുറ്റംകൊണ്ട് സംഭവിച്ചതാണെന്ന് ചിലര്‍ പറഞ്ഞതായിരുന്നു ഏറ്റവും ഹൃദയഭേദകം.

ചെറുപ്രായത്തിലാണ് അധികം പേരും ലൈംഗിക അതിക്രമത്തിന് വിധേയരാവുന്നത്. എന്റെ ട്വീറ്റിനോട് പ്രതികരിച്ചവരില്‍ 20 പേരുടെ കാര്യത്തിലും അവര്‍ക്ക് 12 വയസ്സില്‍ താഴെയുള്ള സമയത്താണ് അതിക്രമം നേരിട്ടത്. മിക്ക മാതാപിതാക്കളും ‘സമ്മതത്തെ’ ‘ലൈംഗിക പ്രവര്‍ത്തനങ്ങളുമായി’ കൂട്ടിക്കുഴയ്ക്കും. ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുന്നതില്‍ മാത്രമാണ് സമ്മതത്തിന്റെ ആവശ്യമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ സമ്മതം എന്ന പ്രയോഗത്തെ ലൈംഗിക സ്പര്‍ശം എന്നതിനെക്കാളുപരി ‘ഏതൊരാളില്‍ നിന്നും നിങ്ങളെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ള സ്പര്‍ശം’ എന്ന് മാറ്റി വായിക്കേണ്ടിയിരിക്കുന്നു. ഇതുവഴി ഒരു പരിധിവരെ ഗാര്‍ഹിക ലൈംഗിക പീഡനങ്ങളെ തടയാന്‍ സാധിച്ചേക്കും. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളവും ഇത് ബാധകമാണ്. സമ്മതത്തിന്റെ പരിധി എത്രത്തോളമാണെന്ന് പലരും തിരിച്ചറിയുന്നില്ല.

സ്‌നേഹബന്ധം എന്ന സങ്കല്‍പത്തിനും ശാരീരികമായ സ്വയംതീരുമാനത്തെ കുറിച്ചും വളരെ സൂഷ്മവും വ്യക്തിപരവുമായ സാഹചര്യങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുന്നതിനും നിശബ്ദതയുടെ സംസ്‌കാരം ഇടം തടസ്സം നില്‍ക്കുന്നു. ആശയവിനിമയമാണ് ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും പ്രധാനമെന്നാണ് ഈ അനുഭവം എന്നെ പഠിപ്പിച്ചത്. കുടുംബങ്ങള്‍ക്കുള്ളില്‍, സുഹൃത്തുക്കള്‍ക്കിടയില്‍, ജോലിസ്ഥലങ്ങളില്‍ ഒക്കെ തുറന്ന സംസാരങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് സാധിക്കുന്നിടത്തോളം സംസാരിക്കുക. സംസാരിക്കാന്‍ മറ്റുള്ളവര്‍ക്ക് ഇടം നല്‍കുക. സത്യസന്ധമായി, നിരന്തരം സംസാരിക്കാന്‍ ഇടം നല്‍കുക. ഒരു ട്വീറ്റുകൊണ്ട് ഇത്രയും പേര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞെങ്കില്‍ ഒരു കൂട്ടായ സംഭാഷണത്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന അത്ഭുതങ്ങളെ കുറിച്ച് ഓര്‍ക്കുക. 


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍