UPDATES

സിനിമ

മലയാള സിനിമാസ്വാദകരെ ഞെട്ടിച്ച വിന്‍സെന്‍റ് മാഷ്

Avatar

ശരത് കുമാര്‍

നിശ്ചല ഛായാഗ്രാഹകനായ പിതാവിനൊപ്പമാണ് ആ പത്തൊമ്പതുകാരന്‍ മദിരാശിയില്‍ എത്തിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാളുകള്‍. സ്വാതന്ത്ര്യലബ്ധിയുടെ ആഘോഷം ക്യാമറയില്‍ പകര്‍ത്തുന്ന അച്ഛന്റെ സഹായിയായി പയ്യന്‍സും ഒപ്പം കൂടി. അന്ന് ക്യാമറയില്‍ ഫ്ലാഷ് ഉണ്ടായിരുന്നില്ല. പകരം സഹായി രണ്ട് ടംഗ്സ്റ്റണ്‍ വയറുകള്‍ കൂട്ടിമുട്ടിച്ച് ഉണ്ടാക്കുന്ന വെളിച്ചത്തിലാണ് പടം എടുക്കുന്നത്. ഇത് വളരെ കൃത്യമായും ചിട്ടയായും ചെയ്യേണ്ടിയിരുന്ന ഒരു കര്‍മ്മമായിരുന്നു. കാരണം, ഛായാഗ്രാഹകന്‍ ക്ലിക്ക് ചെയ്യുന്ന സെക്കന്റില്‍ തന്നെ വയറുകളും കൂട്ടിമുട്ടിക്കണം. ഇതിന് ക്യാമാറമാന്റെ മനസ് അറിയണം. അയാളുടെ ശൈലി അറിയണം. അലോഷ്യസ് വിന്‍സന്റ് എന്ന പയ്യന് ഇത് രണ്ടും അറിയാമായിരുന്നു. അല്ലെങ്കില്‍ ആ ശീലം ജന്മസിദ്ധമായി കൈവന്നിരുന്നു. 

പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമാ ദൃശ്യങ്ങളുടെ അവസാനവാക്കായി അലോഷ്യസ് വിന്‍സന്റ് എന്ന എ വിന്‍സെന്റ് മാറി. പുതിയ സങ്കേതങ്ങളുമായി പരിചയപ്പെടേണ്ടി വരുമ്പോഴൊക്കെ തന്നെ സഹായിച്ചിരുന്നത് ആ ആദ്യകാല പരിശീലനമായിരുന്നു എന്ന് ഒരിക്കല്‍ വിന്‍സന്റ് മാഷ് പറഞ്ഞത് ഓര്‍ക്കുന്നു. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയി പഠിച്ചു നേടിയതായിരുന്നില്ല ആ ദൃശ്യസംസ്‌കാരം. പിതാവിന്റെ കോഴിക്കോട്ടെ സ്റ്റുഡിയോയില്‍ നിന്നും ചെറുപ്പം മുതല്‍ കണ്ടും കേട്ടു അറിഞ്ഞതായിരുന്നു ആ പാടവം. 

മലയാള സിനിമ ചില ഹിന്ദി, തമിഴ് സിനിമളുടെ പതിപ്പും പകര്‍പ്പുമായി ഒതുങ്ങിയിരുന്ന കാലത്ത് ഒരു സംഘം ചെറുപ്പക്കാര്‍ മലയാള തനിമയുള്ള സിനിമ എന്ന സങ്കല്‍പവുമായി ഇറങ്ങി തിരിച്ചപ്പോള്‍ ടി കെ പരീക്കുട്ടി എന്ന നിര്‍മാതാവ് അവര്‍ക്ക് താങ്ങും തണലുമായി. അങ്ങനെ നീലക്കുയില്‍ എന്ന സിനിമ 1954ല്‍ യാഥാര്‍ത്ഥ്യമായി. മലയാളത്തിലെ സാഹിത്യ, സിനിമ രംഗങ്ങളിലെ എണ്ണപ്പെട്ട പ്രതിഭകളുടെ സംഗമമായിരുന്നു ആ ചിത്രം. കഥ, തിരക്കഥ-ഉറൂബ് എന്ന പി സി കുട്ടികൃഷ്ണന്‍, സംവിധാനം-പി ഭാസ്‌കരന്‍, രാമു കാര്യാട്ട്, ഗാനരചന- പി ഭാസ്‌കരന്‍, സംഗീതം- കെ രാഘവന്‍. ആ ചിത്രത്തിന്റെ ഛായാഗ്രാഹകനായി വിന്‍സന്റ് അല്ലാതെ മറ്റാരും മനസിലില്ലായിരുന്നു എന്ന് സ്ഥിരീകരിച്ചത് ഭാസ്‌കരന്‍ മാഷായിരുന്നു. സ്വതന്ത്ര ഛായാഗ്രാഹകന്‍ എന്ന നിലയില്‍ അപ്പോഴേക്കും അദ്ദേഹം രണ്ട് വര്‍ഷത്തെ പരിചയം സ്വായത്തമാക്കിയിരുന്നു. 

കഥയ്ക്ക് വേണ്ടി നിര്‍മ്മിച്ച ദൃശ്യങ്ങളാണ് നീലക്കുയിലില്‍ ഏറെയും. ഇപ്പോള്‍ കാണുന്നവര്‍ക്ക് മദിരാശിയുടെ സിനിമ സെറ്റുകളുടെ ചെടിപ്പും എളുപ്പം മനസിലാവും. 
എന്നാല്‍ വിന്‍സന്റ് എന്ന ഛായാഗ്രാഹകന്റെ ദൃശ്യബോധം ആത്മഹത്യയുടെ റയില്‍ പാളത്തിലേക്ക് ഇഴഞ്ഞടുക്കുന്ന നീലിയുടെ (മിസ് കുമാരി) ഹൃദയഭേദകമായ രംഗങ്ങളില്‍ തിരിച്ചറിയാനാകും. അതുവരെ മലയാളത്തില്‍ കണ്ട ശീലങ്ങളോടുള്ള ഒരു വലിയ വെല്ലുവിളിയായിരുന്നു ആ ദൃശ്യങ്ങള്‍. കഥയുടെ ഗതിക്കനുസരിച്ച് ദൃശ്യം നല്‍കിയ ഭയാനകവും എന്നാല്‍ ശോകപൂരിതവുമായ ആ ദൃശ്യം അത്ര എളുപ്പം ചിത്രം കണ്ടിറങ്ങുന്നവരുടെ മനസില്‍ നിന്നും വിട്ടുപോവില്ല. സ്റ്റുഡിയോ സെറ്റില്‍ ചിത്രീകരിച്ചതാണെങ്കിലും ചില ഗാനങ്ങളുടെ ഇരുള്‍-വെളിച്ച വിന്യാസവും ശ്രദ്ധേയമായിരുന്നു. പ്രത്യേകിച്ചും ‘എല്ലാരും ചൊല്ലണ്’ എന്ന ഒരിക്കലും മരിക്കാത്ത ഗാനത്തിന്റെ ചിത്രീകരണം. 

ഈ ദൃശ്യാവബോധം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് സംവിധായകനായി മാറുന്നതോടെയാണ്. ‘നീലവെളിച്ചം’ എന്ന ബഷീര്‍ കഥ സിനിമയാക്കാന്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ സംവിധായകനാകാന്‍ എ വിന്‍സന്റ് നിയോഗിക്കപ്പെട്ടത്, മലയാള കഥയുടെ സുല്‍ത്താന്റെ കൂടി താല്‍പര്യപ്രകാരമാണ്. 1964ല്‍ ‘ഭാര്‍ഗവീനിലയം’ എന്ന് പേരിട്ട ചിത്രം പുറത്തിറങ്ങുമ്പോള്‍ അതുവരെ കാണാത്ത ഒരു ദൃശ്യ പരിചരണം മലയാള സിനിമ ശീലിക്കുകയായിരുന്നു. അതുവരെ കഥ പറയാനുള്ള ഒരു ഉപാധി മാത്രമായിരുന്നു ദൃശ്യങ്ങള്‍. ‘രാരിച്ചന്‍ എന്ന പൗരന്‍’ പോലുള്ള അപൂര്‍വം ചില സിനിമകള്‍ ഒഴികെയുള്ളവയ്‌ക്കെല്ലാം നാടകത്തിനോടായിരുന്നു കൂടുതല്‍ അടുപ്പം. ഈ ശീലത്തെ വിന്‍സന്റ് മാഷ് അടിമുടി മാറ്റിയെഴുതാന്‍ ശ്രമിച്ചു. ദൃശ്യങ്ങളിലൂടെ കഥ പറയാനുള്ള ഒരു വലിയ ശ്രമം ‘ഭാര്‍ഗവീനിലയ’ത്തില്‍ വായിച്ചെടുക്കാനാവും. ഒരു കണ്ണില്‍ മാത്രം വെളിച്ചവുമായി വിജയനിര്‍മല, യക്ഷിയായി ഊഞ്ഞാലില്‍ ആടി വരുമ്പോള്‍ വാടകവീട്ടില്‍ ഒറ്റയ്ക്കാവുന്ന കഥാകൃത്ത് മാത്രമല്ല കാണികളും ഒന്ന് ഞെട്ടും. ആ ഞെട്ടല്‍ ഒരു ചെപ്പടി വിദ്യയില്‍ നിന്നും വരുന്നതല്ല. അതുകൊണ്ടാണ് ‘ഭാര്‍ഗവീനിലയം’ ആവര്‍ത്തിച്ച് കാണുമ്പോഴും ആ ഞെട്ടല്‍ ബാക്കി നില്‍ക്കുന്നത്. ഭാസ്കര്‍ റാവു എന്ന തന്റെ സ്ഥിരം സഹായിയെയാണ് ‘ഭാര്‍ഗവീനിലയ’ത്തിന്റെ ഛായാഗ്രാഹകനായി വിന്‍സന്റ് മാഷ് നിശ്ചയിച്ചതെന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. 

ഗാനങ്ങളുടെ ചിത്രീകരണത്തിന്റെ അസാമാന്യമായ കൈയടക്കം പ്രദര്‍ശിപ്പിച്ചിരുന്നു വിന്‍സന്റ് മാഷ്. ഏകാന്തതയുടെ അപാര തീരം, പൊട്ടിത്തകര്‍ന്ന കിനാവ് കൊണ്ടൊരു, അറബിക്കടലൊരു (ഭാര്‍ഗവീനിലയം) കരയുന്നോ പുഴ ചിരിക്കുന്നോ, കടവത്ത് തോണിയടുത്തപ്പോള്‍ (മുറപ്പെണ്ണ്), പാമരം പളുങ്ക് കൊണ്ട് (ത്രിവേണി) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനരംഗങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല.

അടിമുടി സിനിമാക്കാരനായിരുന്നു എന്ന് മരിച്ച ചലച്ചിത്രകാരന്മാരെ കുറിച്ച് സ്ഥിരം പറയുന്ന പല്ലവിയാണ്. എന്നാല്‍ സിനിമയോട് ഇത്രയും അഭിനിവേശം ഉണ്ടായിരുന്ന രണ്ടുപേര്‍ പി എന്‍ മേനോനും എ വിന്‍സന്റുമായിരിക്കും. സിനിമയെ കുറിച്ചല്ലാതെ ഇരുവര്‍ക്കും സംസാരിക്കാന്‍ മറ്റൊരു വിഷയവും ഇല്ലായിരുന്നു. അതുകൊണ്ടാവാം പ്രായം വെല്ലുവിളിച്ചപ്പോഴും ഇരുവരും സിനിമ രംഗത്ത് തന്നെ ഉറച്ച് നിന്നത്.

ഒരിക്കല്‍ ചെന്നൈയിലെ വീട്ടില്‍ മാഷിനെ കാണാന്‍ പോയത് ഓര്‍മയുണ്ട്. തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരു ഷൂട്ടിനിടെ അപകടത്തില്‍ കാലൊടിഞ്ഞ് വിശ്രമിക്കുകയായിരുന്നു മാഷപ്പോള്‍. മലയാള സിനിമയുടെ ചരിത്ര സംബന്ധമായ ചില സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു ഞങ്ങള്‍ മാഷിനെ കാണാന്‍ പോയത്. അന്ന് വിശ്രമത്തിലായിരുന്നതിനാല്‍ ദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചു. ഇറങ്ങാന്‍ നേരം മാഷ് പറഞ്ഞു, ചിരംജീവി ഇപ്പോഴും കാത്തിരിക്കുകയാണ്. തെലുഗു സൂപ്പര്‍സ്റ്റാര്‍ തന്റെ ഒരു പടത്തിന്റെ ബാക്കി പണികള്‍ മുഴുവന്‍ തീര്‍ത്ത് ഒരു പാട്ട് മാത്രം ബാക്കി വച്ച് മാഷിനെ കാത്തിരിക്കുകയാണ്. പരിക്ക് ഭേദമായ ശേഷം അതെങ്കിലും മാഷ് ചെന്നൊന്ന് ചെയ്ത് കൊടുക്കണം എന്ന അഭ്യര്‍ത്ഥനയുമായി.

തന്റെ മേഖലയോടുള്ള ആത്മസമര്‍പ്പണം ആ 66-ാം വയസിലും അദ്ദേഹം കാത്തുസൂക്ഷിച്ചു. അതുകൊണ്ടാണല്ലോ നിമിഷങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു താരം അക്കാലത്തും അദ്ദേഹത്തെ കാത്തിരിക്കുന്നത്. ആ ആത്മസമര്‍പ്പണം കൈമുതലാക്കിയ തലമുറ കൊഴിഞ്ഞുപോവുകയാണ്. പണവും പ്രൗഢിയുമായിരുന്നില്ല അവര്‍ക്ക് സിനിമ. പ്രസിദ്ധിയുടെ വെള്ളിവെളിച്ചത്തില്‍ വിഹരിക്കാനുള്ള കുറുക്കുവഴിയും ആയിരുന്നില്ല. സൃഷ്ടിയുടെ സൗന്ദര്യം തന്നെയായിരുന്നു അവരുടെ ആകര്‍ഷണബിന്ദു. അവരുടെ സൃഷ്ടികളുടെ സൗന്ദര്യ, പ്രത്യയശാസ്ത്ര വിവക്ഷകളെ കുറിച്ച് നമുക്ക് തര്‍ക്കിക്കാം. പക്ഷെ ആ ആത്മാര്‍പ്പണത്തെ നമുക്ക് തള്ളിക്കളായനാവില്ല. നമ്മുടെ ന്യൂജനറേഷന്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ മറന്നുപോകുന്ന വലിയ പാഠവും അതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍