UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

കലാപകാലത്ത് തീപ്പൊരി പണിയുന്നവര്‍

ഏറ്റവും നല്ല പ്രതിഷേധങ്ങള്‍ നടക്കുന്നത് പലപ്പോഴും ഭരണാധികാരികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന നിസ്സഹായരായ ആള്‍ക്കൂട്ടങ്ങള്‍ നിനച്ചിരിക്കാത്തൊരു നേരം തെരുവിലിറങ്ങുമ്പോഴാവും. അതൊരുപക്ഷേ ഏറ്റവും സഹികെട്ട നേരത്ത് മാത്രം സംഭവിക്കുന്നതും സമാനതകളില്ലാത്തതുമാവും. എല്ലാക്കാലത്തും നേരിനു വേണ്ടിയുള്ള കലാപങ്ങള്‍ക്കായ് കല തന്നെ തീപ്പൊരി പണിയുന്നുണ്ട്. അത്തരം തീപ്പൊരികള്‍ ഭൂമിയൊട്ടാകെ കൊള്ളിയാന്‍ കണക്കെ വീണുകത്തുന്നുമുണ്ട് എക്കാലവും. അവയുടെ വെളിച്ചത്തിലാണ് അധാര്‍മ്മികമായ അടിച്ചമര്‍ത്തലുകളെ പുറംലോകം കാണുന്നത് അല്ലെങ്കില്‍ അകംലോകം വെളിവാക്കപ്പെടുന്നത്.

ഇന്ത്യയെന്ന രാജ്യം (പാക്കിസ്ഥാനും) പൊതിഞ്ഞുപിടിച്ചിരിക്കുന്ന ഒരു കളവാണ് കാശ്മീര്‍. വിഭജന സമയത്ത് ഇന്ത്യ ഹൈദരബാദ് കൈക്കലാക്കിയതിനു പറഞ്ഞ ന്യായം രാജാവ് മുസ്‌ളീമും ജനങ്ങള്‍ അധികം ഹിന്ദുക്കളുമാണ്, അതിനാല്‍ ഹൈദരാബാദ് പാക്കിസ്ഥാനു കൊടുക്കാന്‍ നിര്‍വ്വഹമില്ല എന്നാണ് .അതുകൊണ്ട് ഹൈദരാബാദ് പാക്കിസ്ഥാനില്‍ ചേരണമെന്ന നൈസാമിന്റെ ആഗ്രഹത്തിന് സഫലീകരണം ഉണ്ടായില്ല. അതുപോലെ രാജ ഹരിസിംഗിന് ഇന്ത്യയോട് ചേരണം എന്ന് ആഗ്രഹം; ജനങ്ങള്‍ ഭൂരിഭാഗവും മുസ്‌ളീമുകളും. എന്നിട്ടും ഒന്നും അറിയാത്തപോലെ ജനറല്‍ മനേക് ഷായെ അയച്ച് ജമ്മു കാശ്മീര്‍ സ്വന്തമാക്കി (ഭാഗികമായി). ഈ ഇരട്ടത്താപ്പിന് കാലം നല്‍കിയ ശിക്ഷ എന്താണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞോ എന്തോ. ഒരേ കാര്യത്തിനു രാജ്യം കാണിച്ച ആ ഇരട്ടത്താപ്പിനു കൊടുക്കുന്ന വിലയാണ് രാജ്യത്തെ യുവാക്കളുടെ അതിര്‍ത്തിയിലെ മരണം. മരിച്ച ശേഷം വീരമൃത്യു എന്നോ രക്തസാക്ഷി എന്നോ ഒക്കെ പറയുമായിരിക്കും. കൊല്ലപ്പെടുന്ന ഓരോ കാശ്മീരിയും തെരുവില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന കുട്ടികളും സ്വന്തം ജന്മദേശത്ത് സ്വാതന്ത്ര്യമില്ലാത്ത ദൗര്‍ഭാഗ്യശാലികളാണ്. അവരനുഭവിക്കുന്നതൊന്നും നമ്മള്‍ അനുഭവിക്കാത്തത്ര സമയത്തോളം അവരുടെ വേദന കാശ്മീരി പണ്ഡിറ്റുകളെ അടിച്ചോടിച്ചവര്‍ എന്ന പ്രത്യുത്തരത്തില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കാം.

ഈ കലാപങ്ങള്‍ കാശ്മീരികള്‍ മാത്രം ഉണ്ടാക്കുന്നതാണോ? ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്ന് അവരെ ജീവിക്കാന്‍ വിടാത്തതല്ലേ?എനിക്ക് പണ്ടേ തോന്നിയ ഒരു സംശയമാണിത്. അതിന് കൃത്യമായ ഒരു നേരനുഭവവും ഉണ്ട്. ഒരു കാശ്മീരി അമ്മ അനന്തനാഗ് എന്ന സ്ഥലത്ത് വെച്ച് വെള്ളം ചോദിച്ച് ചെന്ന എന്നോട് ചോദിച്ചത്  ‘ആപ് അപ്നാ ആദ്മീ ഹെ ക്യാ, ഹിന്ദുസ്ഥാനി?’ അതെ, താങ്കള്‍ നമ്മുടെ ആളാണോ അതോ ഹിന്ദുസ്ഥാനിയാണോ എന്ന്. ഇത് മറ്റൊരു തരത്തില്‍ അവര്‍ പാക്കിസ്ഥാനികളോടും ചോദിക്കും, മറ്റൊരവസരത്തില്‍. ഓരോ കാശ്മീര്‍ പൗരനും ഇന്ത്യയെയും പാക്കിസ്ഥാനെയും നോക്കിക്കാണുന്നത് ചോരകുടിയന്മാരായ സഹോദരങ്ങളായിട്ടാവുമോ? ആര്‍ക്കറിയാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എവിടെയെങ്കിലും വേര്‍പിരിയുന്നുണ്ടോ എന്നു ചോദിച്ചാല്‍ വിഭജനം വരെ ഉത്തരേന്ത്യയെന്ന അത്യുഷ്ണ – ശൈത്യ മേഖലയില്‍ അത്തരം വേര്‍പിരിയലുകളൊന്നും സംഭവിച്ചിരുന്നില്ല. അത് പിന്നീടും സംഭവിക്കുകയില്ലായിരുന്നു. ക്ഷയരോഗിയായ ജിന്നയെന്ന ദുര്‍ബല ശരീരന്‍ സന്ധിസംഭാഷണങ്ങള്‍ക്ക് തയ്യാറായിരുന്നു. വേണമെങ്കില്‍ ജിന്നയെ ഉപപ്രധാനമന്ത്രിയാക്കാമായിരുന്നു, ക്യാബിനറ്റ് മന്ത്രിയാക്കാമായിരുന്നു, വേണ്ട വെറുതെ ഒരു മന്ത്രിയെങ്കിലുമാക്കാമായിരുന്നു. നെഹ്‌റുവിനില്ലാതെ പോയ ആ വിശാലമനസ്സിന്റെ ഉത്തരമായിട്ടും കൂടി ഇന്ത്യാ – പാക്കിസ്ഥാന്‍ വിഭജനത്തെ കണക്കാക്കണം.

‘ഏ വാക്ക് ഇന്‍ ദി വുഡ്’ എന്ന നാടകം രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ, എന്നാല്‍ പ്രതീക്ഷകളോടെ ഇരിക്കുന്ന ജനതകളെ വഞ്ചിച്ച് നടത്തുന്ന ചര്‍ച്ചകളുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യാ – പാക്ക് സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഈ സവിശേഷ സാഹചര്യത്തില്‍ നമുക്ക് പഠനത്തിനു വിധേയമാക്കാവുന്ന ഒരു നാടകമാണ് ഏ വാക്ക് ഇന്‍ ദി വുഡ്‌സ്. ശീതയുദ്ധ സമയത്ത് അമേരിക്കയും റഷ്യയും തമ്മിലുള്ള അന്തമില്ലാത്ത ചര്‍ച്ചകളുടെ നിരര്‍ത്ഥകതയെ വെളിവാക്കി ലീ ബ്‌ളസ്സിങ്ങ് 1988-ല്‍ എഴുതിയ നാടകത്തിന്റെ ഏഷ്യന്‍ രൂപമായി ഫൈസല്‍ റഷീദും രണ്‍ദീപ് ഹൂഡയും ചേര്‍ന്നു രൂപാന്തരീകരണം വരുത്തിയ അതേ പേരുള്ള നാടകത്തിന്റെ ഇതിവൃത്തം ഇന്ത്യാ – പാക്കിസ്ഥാന്‍ വിഭജനം മുതല്‍ ഇന്നോളമുള്ള പ്രതിസന്ധികളുടെ നേര്‍ക്കാഴ്ച്ചയാണ്. ഈ നാടകത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളായ് വരുന്നത് ജമാലുദ്ദീന്‍ ലുഫ്തള്ളയായി നസറുദ്ദീന്‍ ഷായും രാം ചിന്നപ്പയായി രജത് കപൂറുമാണ്. രത്‌ന പഥക് ഷാ (നസറുദ്ദീന്‍ ഷായുടെ പങ്കാളി) സംവിധാനം നിര്‍വ്വഹിച്ച ഈ നാടകം അഭിനേതാക്കളുടെ ബാഹുല്യമില്ലാതെ തന്നെ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു.

ഒരേ സംസ്‌കാരത്തില്‍ (വിഭിന്ന രൂപത്തില്‍), ഒരേ ഭാഷയില്‍ ജീവിച്ചിരുന്ന, പിന്നീട് രണ്ടായി മാറുകയും ഒരിക്കലും ഒന്നായി മാറാനുള്ള സാദ്ധ്യതകളില്ലെങ്കിലും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷ (അതിന്റെ പേരാണ് ഇന്ത്യാ – പാക്ക് ചര്‍ച്ച)കളുള്ള സാധാരണ ഇന്ത്യക്കാരന്റെയും പാക്കിസ്ഥാനിയുടെയും അതിര്‍ത്തിയിലെ സമാധാനം, സ്വസ്ഥമായുള്ള പോക്കുവരവുകള്‍ എന്നിത്യാദി സ്വപ്നങ്ങള്‍ക്കുള്ള മറുപടിയെന്നോ യാഥാര്‍ത്ഥ്യമെന്നോ വിവരിക്കാവുന്നതാണ് ഈ നാടകം. ജനീവയിലെ ഒരു പാര്‍ക്കില്‍ രണ്ടു രാജ്യങ്ങളുടെ കൃത്യമായി നിര്‍വ്വചിക്കപ്പെടാനാവാത്ത പ്രതിനിധികളായാണ് അവരെത്തുന്നത്. ഒരു പക്ഷെ നയതന്ത്രപ്രതിനിധിയാവാം അല്ലെങ്കില്‍ ആയുധക്കച്ചവടക്കാരനാവാം അതുമല്ലെങ്കില്‍ ഇരു രാജ്യത്തെയും തമ്മിലടുപ്പിച്ചാല്‍ ഗുണമുള്ള ഗവണ്മെന്റുകള്‍ക്ക് സമ്മതരായി ചുമതലപ്പെടുത്തിയ രണ്ട് ധനാഡ്യരാവാം. ആരാണെന്ന കൃത്യമായ നിര്‍വ്വചനങ്ങളില്ലാത്ത രണ്ടു പേരാണ് ജമാലും രാം ചിന്നപ്പയും; മരക്കൂട്ടങ്ങള്‍ക്കിടയിലെ പാര്‍ക്കിലേക്ക് കടന്നെത്തുന്ന സന്ധി സംഭാഷണക്കാര്‍.

രാം ചിന്നപ്പയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുന്ന ജമാലുദ്ദീന്‍ എന്ന പാക്കിസ്ഥാന്‍ പ്രതിനിധിയുടെ അതീവ നര്‍മ്മരസപ്രധാനവും അലസമെന്നോ അശ്രദ്ധമെന്നോ തോന്നിയേക്കാവുന്ന മറുപടികള്‍. സത്യത്തില്‍ ഈ ചര്‍ച്ചകളെന്നല്ല ഒരു ചര്‍ച്ചയും കൊണ്ട് ഒന്നും സംഭവിക്കാന്‍ സാദ്ധ്യതയില്ലെന്നറിയാവുന്നതിന്റെ കാര്യഗൗരവത്തില്‍ നിന്നും വരുന്നതായ ആ മറുപടികളും മറുചോദ്യങ്ങളും തുടക്കം മുതല്‍ ഒടുക്കം വരെ ചിരിയുണര്‍ത്തുന്നതാണ്. ഇന്ത്യക്കാരന്റെ പതിവ് വല്ല്യേട്ടന്‍ ഗൗരവത്തിന്റെ രൂപവും ഭാവവും ധാര്‍ഷ്ട്യവും ബലംപിടുത്തം വിടാത്ത ശരീര ഭാഷയും രജത് കപൂര്‍ അവതരിപ്പിച്ച രാം ചിന്നപ്പ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നു.

 

തങ്ങള്‍ക്കനുകൂലമാക്കി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് രാം ചിന്നപ്പയുടെ ആത്മാര്‍ത്ഥപരിശ്രമം തോന്നിപ്പിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ തങ്ങളാണ് കൂടുതല്‍ നഷ്ടം നേരിട്ടവര്‍ അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ചര്‍ച്ച നീണ്ടു പോകുന്നതില്‍ ഗുണമോ ദോഷമോ സംഭവിക്കാന്‍ സാദ്ധ്യതയില്ല എന്ന നിസ്സംഗതയോടെ ജമാലും നില്‍ക്കുന്നു. നിങ്ങള്‍ തങ്ങളെ തോല്‍പ്പിക്കുന്നത് തന്നെയാണ് രാജ്യമെന്ന നിലയില്‍ തങ്ങളുടെ ഐക്യത്തിന് കരുത്തേകുന്നതെന്ന മാനസികാവസ്ഥപോലും പലപ്പോഴും ജമാലില്‍ നിന്നും വായിച്ചെടുക്കാം.

 

 

രണ്ടു രാജ്യങ്ങളും തമ്മിലുള്ള അനാവശ്യ വിവാദങ്ങള്‍ക്ക് ഒരു പരിഹാരം ഇപ്പോള്‍ തന്നെ വരുത്തണം എന്ന മട്ടിലാണ് രാം ചിന്നപ്പ ഓരോ വട്ടവും മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്നത്. എത്രയൊക്കെ നൊന്തിട്ടും നോവിച്ചിട്ടും ഉള്ളിലെ നന്മയെ അടക്കിവെക്കാതെ തന്നെ നര്‍മ്മത്തിന്റെ മര്‍മ്മത്തിലൂടെ രാജ്യാതിര്‍ത്തികളുടെ നിരര്‍ത്ഥകതയെ ചോദ്യം ചെയ്യുന്നുണ്ട് ജമാലുദ്ദീന്‍. ഓരോ ചര്‍ച്ചകളുടെ തുടക്കത്തിലും വിഷയത്തിലേക്ക് കടക്കാതെ മടിച്ച് ഉരുണ്ടുകളിക്കുന്ന ജമാലാണ് ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. വല്ലാതെ കടുത്ത് വിഷയത്തിലേക്ക് കടന്നാല്‍ തന്നെ തിരിച്ചു വിളിച്ച് അടുത്തയാളെയയ്ക്കും, അത് തന്നെ വേണോ എന്ന ശങ്ക ചിന്നപ്പയോട് ചോദിക്കുന്ന ജമാല്‍ ‘പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതയെ ആഴത്തിലറിയുന്നത്’ സന്ധിസംഭാഷണക്കാരുടെ ജോലിക്കും സ്വസ്ഥതയ്ക്കുമാണ് അപകടമായിത്തീരുക എന്ന യാഥാര്‍ത്ഥ്യവും ആദ്യംതന്നെ തുറന്നു പിടിക്കുന്നു. ആദ്യ ഘട്ട ചര്‍ച്ചകള്‍ ഒരിടത്തുമെത്താതെ ചെറുവഴക്കിലവസാനിച്ച് വേര്‍പിരിയുമ്പോള്‍ ദേഷ്യത്തില്‍ പുറത്തേക്ക് ഒറ്റയ്ക്ക് നടക്കുന്ന രാം ചിന്നപ്പയെ പിന്നില്‍ നിന്ന് വിളിച്ച് പത്രക്കാരെ പറ്റിക്കുവാന്‍ എല്ലാം ഭദ്രമെന്നു തോന്നിക്കാന്‍ രണ്ടു പേരും ഒരുമിച്ച് പോകുവാന്‍ തീരുമാനിക്കുന്നതിലുണ്ട് രാഷ്ട്രീയം. കാശ്മീര്‍ എന്ന പൊള്ളുന്ന വിഷയത്തില്‍ തട്ടിയാണ് ദരിദ്ര രാഷ്ട്രമായ പാക്കിസ്ഥാന്‍ പലപ്പോഴും തമ്മില്‍ കൊല്ലാന്‍ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ഒരു പരിധി വരെ പിടിച്ചുനില്‍ക്കുന്നത്. ഒരു യഥാര്‍ത്ഥ ആഭ്യന്തര പ്രശ്‌നം വരുന്ന സമയത്ത് ഇരു രാജ്യക്കാരും അതിര്‍ത്തിയിലേക്ക് അല്ലെങ്കില്‍ കാശ്മീരിലേക് പ്രതീക്ഷാപൂര്‍വ്വം കാതോര്‍ക്കും. ‘അവിടെ ഒന്നും പൊട്ടാനില്ലേ കൂവെ’ എന്ന വഴിക്കണ്ണോടെ. തീവ്രവാദം ഒരു ബിസ്സിനസ്സായി മാറിയതിനുശേഷം ഏത് സമയത്തും എവിടെയും പൊട്ടിക്കാനുള്ള സ്വിച്ച് എല്ലാരാജ്യങ്ങള്‍ക്കും സ്വന്തമാണല്ലൊ; പൊട്ടിത്തെറിക്കാന്‍ നിരപരാധികളെന്ന നിര്‍ഭാഗ്യവാന്മാരും.

ഈ നാടകത്തിന്റെ ഒരു പ്രത്യേകത രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിതീവ്ര വിഷയങ്ങളെ ലഘൂകരിക്കാന്‍ അധികാരകേന്ദ്രങ്ങളായ വ്യക്തികള്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഇടപെടലുകളും അതിന്റെ വരുംവരായ്കകളും ചരിത്രത്തില്‍ എന്നും സംഭവിച്ചിട്ടുണ്ട് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്; അതിനൊപ്പം കേവലം രണ്ട് വ്യക്തികളുടെ സ്വഭാവവൈചിത്രങ്ങള്‍ പോലും ഒരു രാജ്യന്തര ചര്‍ച്ചയെ ഏത് വഴിക്കൊക്കെ നയിക്കും എന്ന സൂചകവും കൂടിയാണ്.

തന്റെ സ്വതസിദ്ധമായ സരസ സംഭാഷണത്തിലൂടെ നസറുദ്ദീന്‍ ഷായും നാടക ജീവിതത്തിലെ ഏറ്റവും മികവുറ്റ അഭിനയവുമായ് രജത് കപൂറും ഏ വാക്ക് ഇന്‍ ദി വുഡ്‌സ് എന്ന നാടകത്തെ അവിസ്മരണീയമാക്കുന്നു.

ഈ നാടകത്തിലെ ഒരു കഥാപാത്രം തന്നെയാണ് ഇതിന്റെ തികച്ചും ലളിതവും അലങ്കാരവിമുക്തവും എന്നാല്‍ സുന്ദരവുമായ സ്‌റ്റേജ്. അതൊരുക്കിയത് മിഹിര്‍ താകിറും അമൃതാ ബാഗ്ചിയും ചേര്‍ന്നാണ്. നിഴലും വെളിച്ചവും മാറിയും ഇടകലര്‍ന്നും വരുന്ന ലൈറ്റ് ഡിസൈന്‍ ചെയ്ത മിഖായേല്‍ നസ്രേത്ത് കാഴ്ചക്കാരെ ഒരു നിമിഷം പോലും ശ്രദ്ധ മറ്റൊരിടത്തേക്ക് തിരിച്ചു വിടാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തുന്നു. രത്‌ന പഥക് ഷായും സാജിദും ചേര്‍ന്നു കഥാപാത്രങ്ങളെ അവരുടെ സ്വഭാവങ്ങളോടും രീതികളോടും കൂടെ നമുക്ക് പരിചയപ്പെടുത്തുന്ന വസ്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. വിശാല്‍ ഭരദ്വാജിന്റെ രണ്ടു കവിതകള്‍ അദ്ദേഹത്തിന്റെ പത്‌നി രേഖാ ഭരദ്വാജ് ചൊല്ലിയത് നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാംകൊണ്ടും മികച്ച സംവിധാനങ്ങളാല്‍ അരങ്ങിലെത്തിയ ഈ നാടകത്തെ പറ്റി ആകെ തോന്നിയ പോരായ്മ കേരളത്തില്‍ ഇത് അവതരിപ്പിച്ചത് മോഹന്‍ലാല്‍ ചെയര്‍മാനായ ജെ ടി പാക്ക് എന്ന സ്ഥാപനത്തിലാണെന്നതാണ്. കൃത്യമായ ഒരു ക്ലാസില്‍ വരുന്ന കാണികളെ ഉദ്ദേശിച്ചു മാത്രം പ്രദര്‍ശനങ്ങള്‍ നടക്കുന്ന അത്തരം ഒരു സ്ഥലത്ത് നാടകം ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ അതു കാണാന്‍ ആശിച്ചാലും സാധിക്കില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ജനകീയ കലയായ നാടകത്തിന്റെ വളര്‍ച്ചയില്‍ സംഭവിച്ച ഒരു തകരാര്‍ എന്നോ ‘വളര്‍ച്ച’ എന്ന ആ വാക്കിനെ നമ്മള്‍ തിരിച്ചറിഞ്ഞ രീതിയില്‍ വന്ന മാറ്റമെന്നോ ഇതിനെ കാണാമെന്നു തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍