UPDATES

ട്രെന്‍ഡിങ്ങ്

ഒരാഴ്ച മുന്‍പ് അമിത് ഷാ അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു; ഇന്നലെ അവര്‍ തൃണമൂലില്‍ ചേര്‍ന്നു

ദരിദ്രരായ ഗ്രാമീണരെ വച്ച് രാഷ്ട്രീയം കളിക്കുകയാണ് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും

ദരിദ്രരായ ഗ്രാമീണരെ വച്ച് രാഷ്ട്രീയം കളിക്കുകയാണ് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും. കഴിഞ്ഞ ആഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് വിരുന്നൊരുക്കി ദേശീയ ശ്രദ്ധ നേടിയ ദമ്പതികള്‍ ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ട് വീണ്ടും മാധ്യമ ശ്രദ്ധ നേടി. വടക്കന്‍ ബംഗാളില്‍ നിന്നുള്ള ഗീത, രാജു മഹാലി ദമ്പതികളാണ് ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി ഗൗതം ദേബ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി.

മമത ബാനര്‍ജിയില്‍ നിന്നും ബംഗാള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് പര്യടനം നടത്തിയ അമിത് ഷാ നക്‌സല്‍ബാരിയിലുള്ള ഗീത, രാജു ദമ്പതിമാരുടെ വീട്ടില്‍ നിന്നും വാഴയിലയില്‍ സസ്യഭക്ഷണം കഴിച്ചിരുന്നു. ഇത് ദേശീയ മാധ്യമങ്ങളുടെ ഉള്‍പ്പെടെ ശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് മറുതന്ത്രങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ ഇവരെ ഭീഷണിപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണ് ഇരുവരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് ഗൗതം ദേബ് പറയുന്നത്. തങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഗീത മഹാലി പറഞ്ഞു. മമത ബാനര്‍ജിയെ ഇഷ്ടമായതുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വീട് സന്ദര്‍ശിക്കുകയാണെങ്കില്‍ മമതയ്ക്കും ഭക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച അമിത് ഷായുടെ സാന്നിധ്യത്തില്‍ ഗീത മഹാലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂലിപ്പണിക്കാരായ ഇരുവരെയും രണ്ട് ദിവസമായി കാണാനില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പെയിന്റിംഗ് പണി ചെയ്യുന്ന ആളാണ് രാജു. ഗീത കര്‍ഷകത്തൊഴിലാളിയാണ്. ഇവര്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ അഭയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പരമ്പരാഗതമായി ബിജെപിക്ക് ശക്തി തെളിയിക്കാന്‍ സാധിക്കാത്ത ബംഗാളില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം. എന്നാല്‍ സ്വന്തം തട്ടകം വിട്ടുനല്‍കാന്‍ മമതയും തയ്യാറല്ല. ഇരുവരും തമ്മില്‍ കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വേണം ഒരു ദരിദ്രകുടുംബത്തെ വെച്ച് ഇപ്പോള്‍ രണ്ട് കക്ഷികളും കളിക്കുന്ന നാടകങ്ങളെ നോക്കിക്കാണാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍