UPDATES

ശരീരത്തിന്റെ 90 ശതമാനം തളര്‍ന്ന വനിത ഡോക്ടര്‍ക്ക് സ്ഥലംമാറ്റം നല്‍കിയത് 100 കിലോമീറ്റര്‍ അകലെ

അഴിമുഖം പ്രതിനിധി

ഇതൊരു അപേക്ഷയാണ്, ഇതു വായിക്കുന്ന എല്ലാവരോടുമായി…

ശരീരത്തിന്റെ തൊണ്ണൂറു ശതമാനവും തളര്‍ന്ന ഒരു വനിത ഡോക്ടറാണ് ഈ അപേക്ഷ നിങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസില്‍ നിന്നും കിട്ടേണ്ട നീതിക്കു വേണ്ടി…

ഈ ഡോക്ടറുടെ അവസ്ഥ കേട്ടശേഷം തീരുമാനമെടുക്കൂ…

ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് എന്റെ ജീവിതം മാറിമറിയുന്നത്. ഒരപകടത്തില്‍ സാരമായി പരിക്കേറ്റ് ഞാന്‍ വീല്‍ച്ചെയറിലായി. ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്നുപോയ എനിക്ക് പരസഹായം ഇല്ലാതെ കട്ടിലില്‍ നിന്നേഴുന്നേല്‍ക്കാനോ വീല്‍ച്ചെയറില്‍ ഇരിക്കാനോ കഴിയില്ല. ബാത്ത് റൂമില്‍ പോകാന്‍ പോലും സഹായം വേണം.

ഇത്തരമൊരു ഗതി വന്നിട്ടും ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറയില്ല. എനിക്കു 11 വയസുള്ള ഒരു മകളുണ്ട്. അവള്‍ക്കു വേണ്ടി എനിക്കു ജീവിച്ചേ മതിയാകൂ. അവളെ പഠിപ്പിക്കണം, നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം.

ആരുടെയും സഹാതപമോ സഹായമോ ഞാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഞാനൊരു സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ചു. അതെനിക്കു കിട്ടുകയും ചെയ്തു.

വല്ലാത്ത ആത്മവിശ്വാസമാണ് എന്നിലുണ്ടായത്. എനിക്കു മുന്നോട്ടുപോകാന്‍ കഴിയും. എന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയും.

എന്നാല്‍ ഈ സന്തോഷത്തിന്റെ ആയുസ് വളരെ കുറവായിരുന്നു.

എന്റെ വീട് പൂനെയാണ്. അവിടെ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ബരാമതി എന്ന ചെറുപട്ടണത്തിലേക്ക് എന്നെ സ്ഥലം മാറ്റി.

എന്റെ അവസ്ഥ ആര്‍ക്കും നേരില്‍ കണ്ടാല്‍ മനസിലാകുമെന്നിരിക്കെയാണ് ഇങ്ങനെയൊരു ചെയ്തി.

ബരാമതിയിലാണെങ്കില്‍ എനിക്ക് ബന്ധുക്കളാരുമില്ല. അവിടെ ആരെയും തന്നെ എനിക്കു പരിചയവുമില്ല. എന്റെ മകളെയും അമ്മയേയും വിട്ട് 100 കിലോമീറ്റര്‍ അകലെ ഞാന്‍ കഴിയണം. എന്നും വന്നുപോകാന്‍ എനിക്കു കഴിയുമോ?

അംഗവൈകല്യമുള്ളവരെ സ്വന്തം വീടിരിക്കുന്നതില്‍ നിന്നും 10 കിലോമീറ്ററിന് അപ്പുറത്തേക്കു സ്ഥലം മാറ്റരുതെന്ന് നിയമമുണ്ട്.

ഞാന്‍ ഈ കാര്യങ്ങള്‍ കാണിച്ചു മുഖ്യമന്ത്രിക്കൊരു പരാതി നല്‍കി. ബരാമതിയില്‍ നിന്നും പൂനെയിലേക്ക് എനിക്കു മാറ്റം തരണമെന്ന് അഭ്യര്‍ത്ഥിച്ചു. മറ്റു പല അധികാരപ്പെട്ടവരോടും ഞാന്‍ അഭ്യര്‍ത്ഥിച്ചു.

ആരും ഒന്നും എനിക്കുവേണ്ടി ചെയ്തില്ല…

എന്റെ പരിമിതകളില്‍ നിന്നു കൊണ്ടു തന്നെ കഠിനമായി ജോലി ചെയ്യുന്നൊരു ഡോക്ടറാണ് ഞാന്‍. മറ്റുള്ളവര്‍ക്കു വേണ്ടി പരമാവധി സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അതിനൊപ്പം എന്റെ കുടുംബത്തെയും നോക്കേണ്ടതില്ലേ…

എന്റെ മകളില്‍ നിന്നും ഞാന്‍ അനുഭവിക്കുന്ന മാനസികവിഷമം മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ കൂടുതല്‍ കഷ്ടപ്പെടുന്നത്. അവള്‍ എന്റെ സങ്കടം അറിയരുത്. എല്ലാദിവസവും വിളിക്കുമ്പോള്‍ വലിയ ധൈര്യശാലിയെപോലെയാണു ഞാനവളോട് സംസാരിക്കുന്നത്. പക്ഷേ ഞാനവളെ കെട്ടിപ്പുണരാന്‍ കൊതിക്കുന്നു, അവള്‍ക്ക് എന്റെ സാമിപ്യം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നു…

90 ശതമാനം ശരീരം തളര്‍ന്നൊരാള്‍, കുടുംബത്തെ വിട്ട് താമസിക്കേണ്ടി വരുന്ന അവസ്ഥ; നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ.

എനിക്കു വേണ്ടത് നിങ്ങളുടെ സഹകരണമാണ്… മുഖ്യമന്ത്രിക്കു മുന്നില്‍ വീണ്ടും ഞാന്‍ പരാതി സമര്‍പ്പിക്കുകയാണ്…ആ പരാതിയില്‍ നിങ്ങളെല്ലാവരും ഒപ്പു വയ്ക്കുമോ?

എനിക്കു പൂനെയിലേക്ക് മാറ്റം വേണം. എന്റെ കുടുംബത്തിനൊപ്പം നില്‍ക്കണം. സമൂഹത്തിനു വേണ്ടി ഏറ്റവും മികച്ച സേവനം നടത്തുമെന്നതാണ് ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന ഉറപ്പ്…

ഡോക്ടറുടെ പരാതിയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ change.org യുടെ ഈ ലിങ്കില്‍ കയറി പിന്തുണ അറിയിക്കുക; http://goo.gl/VKSeQn

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍