UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്രത്തില്‍ അയിത്തം; കുമ്മനം അപവാദ പ്രചാരണം നടത്തുകയാണെന്നു പി. ജയരാജന്‍

കുമ്മനത്തിനുള്ള മറുപടി വിശ്വാസികള്‍ നല്‍കും

അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തെ കുറിച്ച് ബിജെപി നടത്തുന്നത് വ്യാജപ്രചാരണമാണെന്നും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ പിന്‍മാറണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്‍. ക്ഷേത്രത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ട് എന്ന സംഘപരിവാര്‍ പ്രചരണത്തെ തുടര്‍ന്ന് സത്യാവസ്ഥ അന്വേഷിക്കാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആയിരുന്നു ജയരാജന്റെ അഭ്യര്‍ത്ഥന. സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍, ഏരിയ സെക്രട്ടറി കെപി സുധാകരന്‍, പികെഎസ് നേതാക്കള്‍ പട്ടികജാതി വിഭാഗം പ്രതിനിധികളും ഉണ്ടായിരുന്നു.

തീയ്യ സമുദായത്തില്‍ പെട്ടവരുടെ ഭഗവതി ക്ഷേത്രമാണിത്. മുന്‍പ് സുപ്രീം കോടതിയിലടക്കം കേസ് നടന്നതിനെ തുടര്‍ന്ന് ക്ഷേത്ര ഊരാളന്മാരും വിശ്വാസികളും ചേര്‍ന്നുള്ള കമ്മറ്റിയാണ് ഇവിടെ ഭരണം നടത്തുന്നത്.1970ന് മുന്‍പ് പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ക്ഷേത്ര കോമ്പൗണ്ടില്‍ നിന്ന് കുറച്ചകലെ ആയിരുന്നു ഭഗവതിയെ ദര്‍ശിക്കാനുള്ള സ്ഥലം നിര്‍ണ്ണയിച്ചിരുന്നത്.അവിടെ വെച്ച് പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ ”അടിമപ്പണം” എന്ന പേരിലാണ് നേര്‍ച്ച നടത്തിയിരുന്നത്. എന്നാല്‍ അതിനെല്ലാം പില്‍ക്കാലത്ത് മാറ്റങ്ങള്‍ വന്നു.തുടര്‍ന്ന് നാനാ ജാതിക്കാര്‍ക്കും ക്ഷേത്രത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടു.അതനുസരിച്ച് പട്ടികജാതി വിഭാഗത്തില്‍ പെട്ട ”അനിന പൊന്നു” എന്ന പെണ്‍കുട്ടിയെ തുലാഭാരം തൂക്കുന്നത് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. മാത്രമല്ല ഹാഷിം എന്ന ഇസ്ലാം മതവിശ്വാസി മുട്ട നേര്‍ച്ച നടത്താന്‍ എത്തിയതും കണ്ടു.

പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ വിവാഹകര്‍മ്മങ്ങളും ഈ ക്ഷേത്രത്തില്‍ നടക്കുന്നുണ്ട്. ചില ക്ഷേത്രങ്ങളില്‍ വിവാഹ കര്‍മ്മത്തിന്റെ ഭാഗമായി മാല തന്ത്രിമാര്‍ എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നതെങ്കില്‍ ഇവിടെ വധൂവരന്മാരുടെയും രക്ഷിതാക്കളുടെയും കൈ പിടിച്ച് അനുഗ്രഹിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരമൊരു ക്ഷേത്രത്തെ കുറിച്ചാണ് കുമ്മനം രാജശേഖരന്‍ അപവാദ പ്രചരണം നടത്തുന്നത്- ജയരാജന്‍ പ്രസ്താവനയില്‍ പറയുന്നു.

ക്ഷേത്രാചാരത്തിന്റെ ഭാഗമായി വീടുകളിലേക്കുള്ള എഴുന്നള്ളിപ്പ് മറ്റ് പല കാവുകളിലും ഉള്ളത് പോലെ നിശ്ചിത കുടുംബങ്ങളില്‍ മാത്രമാണ് പോവാറുള്ളത്.അതില്‍ മാറ്റം വരുത്തുന്നതിനുള്ള അധികാരം ക്ഷേത്രവിശ്വാസികളുടെ ജനറല്‍ ബോഡിക്ക് മാത്രമാണ്.ആ ജനറല്‍ ബോഡി തീരുമാനം അംഗീകരിക്കാമെന്ന് ബിജെപിക്കാരും സമ്മതിച്ചിട്ടുണ്ട്.കണ്ണൂര്‍ ഡിവൈഎസ്പി യുടെ മുന്‍പാകെ ഇത്തരമൊരു തീരുമാനത്തിനടിയില്‍ ഒപ്പിട്ടവരാണ് ഇപ്പോള്‍ സമരപ്രഹസനം നടത്തുന്നത്.ഈ ക്ഷേത്രഭരണസമിതിയില്‍ പത്ത് വര്‍ഷക്കാലം ഒരു ബിജെപി പ്രവര്‍ത്തകനും ഉണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ മല്‍സരിച്ച് പരാജയപ്പെട്ട പി വി സുഗുണന്‍.ഇയാള്‍ ഭരണസമിതിയില്‍ ഉണ്ടായിരുന്ന കാലത്ത് എഴുന്നെള്ളിപ്പ് സംബന്ധിച്ചുള്ള കീഴ്‌നടപ്പ് എന്ത് കൊണ്ട് മാറ്റം വരുത്തിയില്ല എന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കണമെന്നും പി. ജയരാജന്‍ ആവശ്യപ്പെടുന്നു.

കണ്ണൂരിലെത്തിയ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ സമരം നടത്തുമെന്ന് ഭീഷണി മുഴക്കുന്നതിന് മുന്‍പ് ഉല്‍സവം നടന്നുകൊണ്ടിരിക്കുന്ന ഈ ക്ഷേത്രത്തിലായിരുന്നു എത്തേണ്ടിയിരുന്നത്. എങ്കില്‍ കുമ്മനത്തിന് ഉചിതമായ മറുപടി വിശ്വാസികളില്‍ നിന്ന് ലഭിക്കുമായിരുന്നു. എ.കെ.ജി സെന്ററിന് മുന്നില്‍ സമരം നടത്തുമെന്ന ഈ ഭീഷണി കുബുദ്ധിയുള്ള മനത്തിന്റെ ഉടമയായ കുമ്മനം രാജശേഖരന്റെ തമാശയായി മാത്രമേ സിപിഐ എം കണക്കാക്കുന്നുള്ളൂ.ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസിലാക്കി തെറ്റായ പ്രചരണം നടത്തിയതിന് ജനങ്ങളോട് ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍