UPDATES

പുലയ വിഭാഗത്തോട് അയിത്തം; കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ദേവസ്വം കമ്മിറ്റിയുടെ ജാതി വിവേചനം

അഴീക്കലിലെ ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് പുലയരുടെ വീട്ടില്‍ കയറില്ല

സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പുലയര്‍ക്ക് അയിത്തം. കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രം ഭാരവാഹികളാണ് ‘ആചാര’ങ്ങളുടെ പേരില്‍ അയിത്തം തുടരുന്നത്. ജാതി,മതരഹിത സമൂഹമെന്ന ആദര്‍ശം മുന്നോട്ട് വയ്ക്കുന്ന സിപിഎം തന്നെ ജാതി വിവേചനത്തിന് തുറന്ന പിന്തുണ നല്‍കുകയാണ്.

എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള വാളെഴുന്നള്ളിപ്പിലാണു പ്രദേശത്തെ പുലയ കുടുംബങ്ങളോടുള്ള വിവേചനം. മറ്റെല്ലാ സമുദായങ്ങളിലുമുള്ളവരുടെ വീടുകളില്‍ വാളെഴുന്നള്ളിപ്പ് നടത്തുമെങ്കിലും ഇതില്‍ നിന്ന് പുലയ സമുദായക്കാരെ മാറ്റി നിര്‍ത്തുകയാണ്. പുലയ സമുദായക്കാരുടെ വീടുകളില്‍ വെളിച്ചപ്പാട് കയറില്ല. പൊതു സമൂഹത്തിന് മുന്നില്‍ തങ്ങളെ അപമാനിതരാക്കുന്നതാണ് ഈ ആചാരമെന്നും വിവേചനപരമായ നിലപാടില്‍ നിന്ന് ക്ഷേത്രം ഭരണസമിതി മാറിച്ചിന്തിക്കണമെന്നുമുള്ള ആവശ്യം പുലയസമുദായത്തില്‍ പെട്ടവര്‍ ഉന്നയിച്ചിട്ടും അയിത്തം തുടരുമെന്ന ഉറച്ച നിലപാടിലാണു സി.പി.എം പ്രാതിനിധ്യമുള്ള ക്ഷേത്ര ഭരണസമിതി.

1915ലെ നിശ്ചയരേഖയാണ് ഈ വിവേചനത്തിനുള്ള ന്യായീകരണമായി ഭരണസമിതി എടുത്തുകാട്ടുന്നത്. വാളെഴുന്നള്ളത്ത് നടത്തുന്നത് ഈ നിശ്ചയരേഖ പ്രകാരമാണെന്നും ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നുമാണു ഭരണസമിതിയുടെ ന്യായവാദം.

2015ല്‍ വിഷയം ചര്‍ച്ചയായിരുന്നു. അന്നു ദളിത് സംഘടനകള്‍ നല്‍കിയ പരാതിയിന്‍മേല്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. ഒരു പ്രത്യേക ജാതി മാത്രം അനുഷ്ഠിക്കുന്ന മതപരമായ ചടങ്ങിനെ ആചാരമായും, ഒരു പ്രത്യേക സമുദായത്ത അകറ്റി നിര്‍ത്തി മറ്റെല്ലാ സമുദായങ്ങളും ചേര്‍ന്ന് നടത്തുന്ന മതപരമായ ചടങ്ങിനെ വിവേചനമായും പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ ആ യോഗത്തില്‍ പറഞ്ഞിരുന്നു. ഇത്തരം വിവേചനം അനുവദിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഗൗരവതരമായി വീക്ഷിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ പറഞ്ഞിരുന്നു. ആയുധം എഴുന്നള്ളിപ്പ് ഒരു പ്രത്യേക സമുദായത്തിന് മാത്രമായുള്ള ക്ഷേത്രാചാരമാണെങ്കില്‍ അത് നിലനിര്‍ത്താമെന്നും പകരം പല സമുദായങ്ങളുടെ വീട്ടിലും എഴുന്നള്ളിപ്പ് നടത്തി പുലയ സമുദായങ്ങളെ മാത്രം ഒഴിവാക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ തീയ സമുദായ അംഗങ്ങളുടെ വീടുകളില്‍ മാത്രമായി എഴുന്നള്ളിപ്പ് ഒതുക്കി. എന്നാല്‍ ഈ വര്‍ഷം പഴയപടി തന്നെ ആചാരം തുടര്‍ന്നാല്‍ മതിയെന്ന് ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.

തീയ സമുദായത്തിന് പ്രാതിനിധ്യം കൂടുതലുള്ള ഗ്രാമമാണ് അഴീക്കല്‍. തീയസമുദായത്തിലെ ഒരു തറവാട്ടുകാരുടേതായിരുന്നു ആലിന്‍കീഴില്‍ ക്ഷേത്രം. മൂന്ന് ദശകക്കാലമായി പ്രാദേശിക ജനകീയ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം. ഇപ്പോള്‍ സിപിഎമ്മും സിപിഐയുമാണ് ക്ഷേത്രം കമ്മിറ്റിയുടെ ഭരണ സമിതിയിലുള്ളത്. ദളിത് സമുദായക്കാരോടുള്ള വിവേചനം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 2015ല്‍ കേരള സ്റ്റേറ്റ് പട്ടിക ജനസമാജം എന്ന സംഘടന ക്ഷേത്രവിശ്വാസികളായ ദളിത് സമുദായങ്ങളുടെ വീട്ടിലും വാളെഴുന്നള്ളിപ്പ് കയറണം എന്നാവശ്യപ്പെട്ടു ക്ഷേത്ര ഭരണ സമിതിയ്ക്ക് കത്ത് നല്‍കിയിരുന്നു. വിശാല ഹിന്ദു താത്പര്യം മുന്‍നിര്‍ത്തിയായിരുന്നില്ല, മറിച്ച് ഹിന്ദുത്വത്തിലെ ജാതീയതയ്‌ക്കെതിരായാണ് തങ്ങളുടെ നിലപാടെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ ഭരണസമിതി ഈ ആവശ്യം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും നടത്തിയതിന്റെ ഭാഗമായായിരുന്നു കളക്ടര്‍ യോഗം വിളിച്ചത്.

ഹിന്ദുവിഭാഗത്തിലെ എട്ട് ജാതികളില്‍ പെട്ടവരാണ് ആ പ്രദേശത്ത് താമസിക്കുന്നത്. മറ്റെല്ലാ വിഭാഗക്കാരുടേയും വീടുകളില്‍ കയറുമ്പോള്‍ പുലയരെ മാത്രം അവഗണിക്കും. ഇടകലര്‍ന്ന വീടുകളാണ്. പുലയരുടെ വീട്ടുമുറ്റത്തുകൂടെയാണു ചിലപ്പോള്‍ മറ്റ് സമുദായക്കാരുടെ വീട്ടിലേക്ക് വെളിച്ചപ്പാട് പോകുന്നത്. എന്നിട്ടും ഞങ്ങളെ മാത്രം തഴയുന്നു. സിപിഎം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണു ഞങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. ഉത്സവം ഏഴാം തീയതി ആരംഭിച്ചു. ഞങ്ങളുടെ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാവണമെന്ന് കരുതി അഞ്ചാം തീയതി തന്നെ കളക്േ്രടറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചു. എന്നാല്‍ സമരം പുരോഗമിക്കുമ്പോഴും ഇതേവരെ അധികാരപ്പെട്ടവരാരും ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ല. സിപിഎം പ്രാദേശിക നേതാക്കളാണ് ക്ഷേത്രം ഭരിക്കുന്നത്. ക്ഷേത്രത്തിന്റെ ബിസിനസില്‍ ഞങ്ങളെ പങ്കെടുപ്പിക്കുന്നുണ്ട്. ഉത്സവത്തിന് ഞങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പിരിവ് വാങ്ങുന്നുണ്ട്. വാളെഴുന്നള്ളിപ്പില്‍ നിന്ന് മാത്രമാണ് ഒഴിവാക്കുന്നത്. ഫെബ്രുവരി 12ന് ഉത്സവം അവസാനിക്കുമ്പോള്‍ ഞങ്ങള്‍ സമരവും നിര്‍ത്തും. ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റും.’ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ പ്രതികരിച്ചു.

‘നൂറ്റാണ്ടുകളായി നടന്നു വരുന്ന ഉത്സവമാണ്. ഈ ക്ഷേത്രം 34 തീയ സമുദായത്തില്‍ പെട്ട കുടുംബങ്ങളുടേതാണ്. മലബാര്‍ ദേവസ്വത്തിന് ഈ ക്ഷേത്രത്തിന് മുകളില്‍ യാതൊരു അധികാരവുമില്ല. ക്ഷേത്രത്തിന്റെ അധികാരമുള്ള പ്രാദേശിക ജനകീയ സമിതിയിലും തീയകുടുംബങ്ങള്‍ മാത്രമേയുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീയ കുടുംബങ്ങളില്‍ മാത്രമേ തിരുവാളെഴുന്നള്ളിപ്പ് നടത്തിയുള്ളൂ. എന്നാല്‍ തെക്കന്‍ സുനില്‍കുമാര്‍ ഈ ക്ഷേത്രത്തില്‍ അയിത്തമുണ്ടെന്ന് പറ്ഞ്ഞ് കഴിഞ്ഞ വര്‍ഷം വീണ്ടും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കി. കമ്മീഷന്‍ രണ്ട് തവണ ഹിയറിങ്ങിന് വിളിപ്പിച്ചു. ക്ഷേത്രം ഭാരവാഹികളെന്ന നിലയില്‍ ഞങ്ങള്‍ ഹിയറിങ്ങില്‍ പങ്കെടുത്തു. എന്നാല്‍ പരാതിക്കാരന്‍ രണ്ടു തവണയും കമ്മീഷന് മുന്നില്‍ ഹാജരായില്ല. തുടര്‍ന്ന് ഈ കേസ് തള്ളിയതായുള്ള വിധി ഞങ്ങള്‍ക്കനുകൂലമായി വരേണ്ടതായിരുന്നു. എന്നാല്‍ കമ്മീഷന്‍ കേസ് തള്ളുന്നതിനു പകരം കേസിന്റെ നിജസ്ഥിതി അന്വേഷിക്കാനായി മലബാര്‍ ദേവസ്വം കമ്മീഷ്ണര്‍ക്ക് പരാതി കൈമാറി. മലബാര്‍ ദേവസ്വം കമ്മിഷണര്‍ ക്ഷേത്രത്തില്‍ വരികയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്തതിന് ശേഷം പരാതിയില്‍ പറഞ്ഞ പ്രകാരം ദളിതര്‍ക്ക് മേല്‍ യാതൊരുവിധ അയിത്തവും ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ട് നല്‍കി. ആലിന്‍കീഴ് ക്ഷേത്രത്തില്‍ ആര്‍ക്കും ഏത് സമയത്തും ആരാധന നടത്താനുള്ള അവകാശമുണ്ട്. ക്ഷേത്രത്തേയും ഭരണസമിതിയേയും അപമാനിക്കുന്നതിനായാണ് തെക്കന്‍ സുനില്‍കുമാര്‍ നിരാഹാര സമരം നടത്തുന്നത്. തീയ സമുദായത്തിന് പുറമെ മറ്റ് നാല് ഇതര സമുദായക്കാരുടെ വീടുകളില്‍ എഴുന്നള്ളിപ്പ് പോവാറുണ്ട്. അങ്ങനെ പോവാനുള്ള അടിസ്ഥാന കാരണവുമുണ്ട്. കൊല്ലന്‍ സമുദായത്തില്‍പ്പെട്ടയാളാണ് ക്ഷേത്രത്തിനകത്തുള്ള ആയുധങ്ങള്‍ പോളിഷ് ചെയ്ത് മിനുക്കേണ്ടയാള്‍. അതവര്‍ക്കുള്ള ജന്മാവകാശമാണ്. തട്ടാന്‍ സമുദായക്കാരാണ് ഇവിടെയുള്ള ആഭരണങ്ങളെല്ലാം മിനുക്ക് പണി നടത്തുന്നത്. അതുകൊണ്ട് അവരുടെ വീടുകളിലും പോകും. വിശ്വകര്‍മ്മ സമുദായത്തില്‍പെട്ടവരാണ് ഇവിടുത്തെ ആശാരിപ്പണികള്‍ ചെയ്യേണ്ടത്. തിരുവാള്‍ എഴുന്നള്ളിച്ചുകൊണ്ട് പോവുന്ന വെളിച്ചപ്പാടിന് ചൂടേണ്ട ഓലക്കുടകള്‍ നിര്‍മ്മിച്ച് ക്ഷേത്രത്തിന് നല്‍കേണ്ട അവകാശം കാവുതീയ സമുദായക്കാരാണ്. അതിനാല്‍ അവരേയും ഉള്‍പ്പെടുത്തും. ഇത്തരം കാരണങ്ങള്‍ വ്യക്തമായി ചരിത്ര രേഖകളില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണ് ഈ ഇതര സമുദായങ്ങളുടെ വീടുകളില്‍ കൂടി തിരുവാളെഴുന്നള്ളിച്ച് കൊണ്ടുപോവുന്നത്. അല്ലാതെ ദളിതരോടുള്ള പ്രത്യേക വിവേചനമല്ല.

നൂറ്റാണ്ടുകളായി നടന്നു വരുന്ന ഒരു ആചാരത്തിന്റെ ഭാഗമാണ് ഇതെന്നതിനാല്‍ ഒരാലോചന കൂടാതെ പെട്ടെന്ന് ഇക്കാര്യം മാറ്റാനാവില്ല. ഒന്ന്, ജനകീയ അഭിപ്രായ സ്വരൂപണം നടത്തണം. രണ്ട് ദൈവഹിതം അറിയണം. ഇതിന് ഒരു സാവകാശം വേണം. കഴിഞ്ഞ ദിവസം കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡി.വൈ.എസ്.പി. ഞങ്ങളെ ഇരുകൂട്ടരേയും വിളിപ്പിച്ചു. മാര്‍ച്ച് 12നു ക്ഷേത്രത്തിന്റെ ജനറല്‍ ബോഡിയോഗം വിളിച്ച് ചേര്‍ത്ത് ദളിതരുടെ വീടുകളിലും എഴുന്നള്ളിപ്പ് പോകാനാവുമോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിച്ചത്. ഇത് ഇരുകക്ഷികളും ഒപ്പിട്ട് അംഗീകരിച്ച കാര്യമാണ്. ഇപ്പോള്‍ എന്തുകൊണ്ട് ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയതെന്ന് അറിയില്ല. മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തുക എന്ന രാഷ്ട്രീയ ഗൂഢാലോചന ഇതിന്റെ പിറകില്‍ ഉണ്ടോയെന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രദേശത്ത് ദളിതര്‍ക്ക് മാത്രമായി കോവുമ്മല്‍ ഭഗവതി ക്ഷേത്രമുണ്ട്. അവിടെയാണ് ദളിതര്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൂട്ടായ്മ വിളിച്ച് ചേര്‍ത്ത് കോവുമ്മല്‍ ഭഗവതി ക്ഷേത്ര ഭാരവാഹികള്‍, തെക്കന്‍ സുനില്‍കുമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന തീരുമാനമെടുത്തു. ആ തീരുമാനം അവരുടെ ലെറ്റര്‍ഹെഡില്‍ എഴുതി ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. പ്രദേശത്തെ ദളിതര്‍ക്ക് ഇത്തരത്തിലൊരു ഡിമാന്റ് ഇല്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.’ ക്ഷേത്രം ഭരണസമിതി അംഗമായ രഞ്ജിത്ത് പറയുന്നു.

അഴീക്കലില്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് എല്ലാ ജാതികളിലുള്ളവരും നില്‍ക്കുന്നത്. ദളിതര്‍ക്ക് ക്ഷേത്രം ഭരണസമിതിയുടെ നടപടിയില്‍ വിയോജിപ്പുകളുണ്ടെങ്കിലും പാര്‍ട്ടിയെ ഭയന്ന് ആരും ഇക്കാര്യങ്ങള്‍ തുറന്ന് പറയാറില്ല. അതിനാലാണ് സമരത്തിന് ദളിത് വിഭാഗക്കാരുടെ തുറന്ന പിന്തുണ ലഭിക്കാത്തതെന്നാണ് സമരക്കാരുടെ വാദം.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉത്പാദിപ്പിക്കുന്ന ബ്രാഹ്മണിക്കലായിട്ടുള്ള മൂല്യങ്ങളുടെ ഭാഗമായുള്ള ജാതീയ വ്യവസ്ഥ അല്ലെങ്കില്‍ ജാതീയ അയിത്തം എന്ന് പറയുന്നത് കണ്ണൂരില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി വളരെയടുത്ത ബന്ധമുള്ള തീയസമുദായക്കാരാണ്. ദളിതര്‍ക്ക് ആ സിസ്റ്റത്തില്‍ നീതി ലഭിക്കുന്നില്ല. ഇന്ത്യയിലെ ജാതിയ്‌ക്കെതിരെ ഒരു തിയറിയോ പൊളിടിക്‌സോ മുന്നോട്ടുവയ്ക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിതന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കണ്ണൂരിലെ ജാതി വിവേചനം തിരിച്ചറിയുന്ന ദളിതര്‍ക്ക് ഇത് ഒരു പുതിയ അനുഭവമല്ല.’ സാമൂഹ്യപ്രവര്‍ത്തകനായ രൂപേഷ്‌കുമാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു.

(മാധ്യമപ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍