UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് നരേന്ദ്ര മോദിയെ കടപുഴക്കാന്‍ കെല്‍പ്പുള്ള രാഷ്ട്രീയസുനാമി

Avatar

ടീം അഴിമുഖം

ഡല്‍ഹിയെ പിടിച്ചുകുലുക്കിയ ഈ രാഷ്ട്രീയ സുനാമി ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമോ?

ചോദ്യം അനവസരത്തിലുള്ളതാണെന്ന് തോന്നാമെങ്കിലും, ഡല്‍ഹിയുടെയും ഇന്ത്യന്‍ ഗ്രാമീണ ഹൃദയത്തിന്റെയും സ്പന്ദനങ്ങള്‍ ശ്രദ്ധിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, ഇന്ത്യന്‍ രാഷ്ട്രീയത്തെ അതിനാടകീയമായി മറ്റി മറിക്കാനുള്ള ശക്തി അതിനുണ്ട് എന്ന് നിങ്ങള്‍ക്ക് ന്യായമായും വിശ്വസിക്കാം. 

അതിനുള്ള കാരണങ്ങള്‍ നിരവധിയാണ്. 

ഒരു സന്തുഷ്ട ജനാധിപത്യ പാര്‍ട്ടിയല്ല ബിജെപി എന്നതാണ് ആദ്യത്തെ കാരണം. അമിത് ഷായുടെ സഹായത്തോടെ ഏകാധിപതിയായ നരേന്ദ്ര മോദി നയിക്കുന്ന പാര്‍ട്ടിയാണത്. ചില ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് അവര്‍ ശ്രമം നടത്തി. ഒരുപരിധിവരെ കുറച്ചുകാലത്തേക്ക് അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ ആ നേട്ടം ഇനി ആവര്‍ത്തിക്കണമെങ്കില്‍ ബിജെപിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. 

മുമ്പില്ലാത്ത വിധത്തിലുള്ള മുറുമുറുപ്പുകളാണ് ബിജെപിയില്‍ ഉയര്‍ന്നുവരുന്നത്. നിരവധി മുതിര്‍ന്ന നേതാക്കള്‍ നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ അനൗദ്യോഗികമായി പരാതിപ്പെടുന്നു. അത് തെരുവില്‍ എത്താന്‍ ഇനി അധികം സമയമെടുക്കില്ല. അങ്ങനെ സംഭവിക്കുന്നതോടു കൂടി, മോദിയുടെ അവസ്ഥ കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യും. 

കോണ്‍ഗ്രസുകാര്‍ പ്രയോഗത്തില്‍ വരുത്തുകയും മോദി മറ്റൊരു തലത്തിലേക്ക് അതിനെ വളര്‍ത്തുകയും ചെയ്ത ധനികരുടെ ചിലവേറിയ രാഷ്ട്രീയമാണ് എഎപിയുടെ അല്ലെങ്കില്‍ അതുപോലെയുള്ള പ്രസ്ഥാനങ്ങളുടെ ഉദയത്തിന് കാരണമാകുന്നത്. പത്തു ലക്ഷം രൂപ വിലയുള്ള സ്യൂട്ട് ധരിക്കുന്നതും അംബാനിമാരോടും അദാനിമാരോടും സൗഹൃദം പുലര്‍ത്തുന്നതും അവശ്യം വേണ്ടതും മോദിയുടെ സ്വഭാവത്തിന് ചേര്‍ന്നതുമായിരിക്കാം. പക്ഷെ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം അതൊരു ചെടിപ്പിക്കുന്ന ദൃശ്യമാണ്. 

എന്നാല്‍ ഒന്ന് വൃത്തിയായി നടക്കാന്‍ പോലും സാധിക്കാത്ത ഇന്ത്യയുടെ ബഹുഭൂരിപക്ഷത്തിനെ സംബന്ധിച്ചിടത്തോളം നിത്യവൃത്തിപോലും ഒരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് വേവലാതിപ്പെടാന്‍ നമ്മുടെ രാഷ്ട്രീയ വര്‍ഗ്ഗങ്ങള്‍ക്ക് തീരെ സമയമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ സാധ്യതയുണ്ടായിരുന്ന ഒരു ഇടമായിരുന്നു അത്. എന്നാല്‍ ഉദ്യോഗസ്ഥ സ്വഭാവമുള്ള അവരുടെ നേതൃത്വം ആ അവസരം പാഴാക്കി. അങ്ങനെ പുതിയ ഇടതുപക്ഷമായി എഎപി ഉയര്‍ന്നുവന്നു. അതിന്റെ മധ്യത്തില്‍ നിന്നും ഇടതുവശത്തേക്കുള്ള പ്രവര്‍ത്തന സ്വഭാവം ഡല്‍ഹിയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. ഈ വര്‍ഷം അവസാനം നടക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവാന്‍ എഎപിയ്ക്ക് സാധിക്കുമോ? ഉത്തര്‍പ്രദേശില്‍ അവരൊരു നിര്‍ണായക ഘടകമാകുമോ? അതോ ബിജെപിയെ നേരിടുന്നതിനായി നിലവിലുള്ള ശക്തികള്‍ തന്നെ ഒന്നിക്കുന്ന സാഹചര്യമാകുമോ ഉണ്ടാവുക?

അതിന്റെ വന്‍ജനപിന്തുണയും നിലവിലുള്ള പാര്‍ട്ടികളോടുള്ള ജനരോഷവും മൂലം പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റ് പല സംസ്ഥാനങ്ങളും ഒരു എഎപി വിപ്ലവത്തിന് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. നിലവിലുള്ള രാഷ്ട്രീയ ആഖ്യാനങ്ങള്‍ക്ക് അപ്പുറത്തേക്ക് ശ്രദ്ധിച്ചാല്‍, ഇനിയും ചൂഷണം ചെയ്യപ്പെടാത്ത ശക്തമായ ഒരു രാഷ്ട്രീയ അടിത്തറ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാകും. അവിടെയാണ് എഎപിക്ക് വലിയ ഒരു അവസരം തുറന്ന് കിടക്കുന്നത്. 

പക്ഷെ എഎപി ഡല്‍ഹിയില്‍ എങ്ങനെ ഭരിക്കും എന്നതിനെ ആശ്രയിച്ച് മാത്രമേ ആ സാധ്യതയെ വിലയിരുത്താനാവു. ഭരണനിര്‍വഹണത്തിലെ നിരവധി ഫലങ്ങള്‍ കെജ്രിവാളിന് പറിച്ചെടുക്കാനാവും. അതില്‍ അദ്ദേഹത്തിന്റെ വിജയിക്കാന്‍ സാധിച്ചാല്‍, ഒരു പുതിയ ഭരണനിര്‍വഹണത്തെ കുറിച്ചുള്ള സന്ദേശം രാജ്യത്തെമ്പാടും വ്യാപിക്കും. അതില്‍ കെജ്രിവാള്‍ വിജയിച്ചാല്‍ അഴിമതി നിറഞ്ഞ പോലീസുകാരെയും റവന്യൂ ഉദ്യോഗസ്ഥരെയും പ്രോത്സാഹിപ്പിക്കുന്ന ഭരണമായിരിക്കില്ല അത്. അക്കാര്യത്തില്‍ കെജ്രിവാള്‍ വിജയിച്ചാല്‍ വിലകുറഞ്ഞ വെള്ളവും വെളിച്ചവും ലഭിക്കുന്ന, നല്ല ആരോഗ്യപരിരക്ഷ ലഭ്യമാവുന്ന ഒരു ഭരണമാവും സംഭവിക്കുക. അത്തരത്തിലുള്ള ഒരു ഭരണമാണ് ഇന്ത്യയ്ക്ക് ആവശ്യം. നിങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയും തിളങ്ങുന്ന നഗരങ്ങളുമൊന്നും ആദിവാസികളെയും ദരിദ്രരെയും ആകര്‍ഷിക്കില്ല. എഎപിയെ അധികാരത്തിലെത്തിക്കാന്‍ പ്രാപ്തമായ രോഷം അവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇടത്തരക്കാരും മേല്‍ത്തട്ടുകാരും അവരോടൊപ്പം നില്‍ക്കുകയും ചെയ്യും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍