UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫീസ് അടയ്ക്കാന്‍ വഴിയില്ല; ആം ആദ്മി എംഎല്‍എയുടെ മക്കളെ സ്‌കൂളില്‍ നിന്നും പുറത്താക്കി

അഴിമുഖം പ്രതിനിധി

ആറുമാസമായി സ്‌കൂള്‍ ഫീസ് അടച്ചില്ല, ഡല്‍ഹിയിലെ ആം ആദ്മി എംഎല്‍എയുടെ മക്കളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഡല്‍ഹി നിയമസഭ സമാജികരുടെ ശമ്പളം നാന്നൂറ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഒരു എംഎല്‍എയ്ക്ക് ഇത്തരമൊരു അവസ്ഥ വന്നിരിക്കുന്നതും.

ഓഖ്‌ല മണ്ഡലത്തിന്റെ പ്രതിനിധിയായ അമാനത്തുള്ള ഖാനാണ് കുട്ടികളുടെ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നത്. ഏതൊരു കുടുംബത്തെയും അസഹ്യപ്പെടുത്തുന്നതും അപാമനപ്പെടുത്തുന്നതുമായ അവസ്ഥയാണ് എന്റെ കുടുംബത്തിനും വന്നുപെട്ടിരിക്കുന്നത്. എന്റെ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല. അവസാന അവസരം എന്ന നിലയ്ക്ക് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ അധികൃതരുടെ അറിയിപ്പ് വന്ന കാര്യം അറിയിക്കാന്‍ എന്റെ ഭാര്യ ഒത്തിരി ശ്രമിച്ചിരുന്നു. നിര്‍ഭാഗ്യത്തിന് ഞാനിന്നലെ നിയമസഭയില്‍ കുടുങ്ങി. ഇന്നാണെങ്കില്‍ പാര്‍ട്ടിയുടെ ഒരു പ്രതിഷേധ പരിപാടിയിലും പങ്കെടുക്കേണ്ടതായുണ്ടായിരുന്നു. പിന്നീട് എനിക്ക് കിട്ടുന്നത് കുട്ടികളുടെ പേര് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തതായുള്ള ഫോണ്‍ സന്ദേശമാണ്. സത്യം പറഞ്ഞാല്‍ എന്റെ കുട്ടികളുടെ സ്‌കൂള്‍ ഫീസ് എനിക്ക് താങ്ങാന്‍ കഴിയുന്നതല്ല, ആവുമായിരുന്നെങ്കില്‍ ഇത്രയും നാളത്തെ ഡ്യൂസ് ഇടില്ലായിരുന്നു. നിങ്ങള്‍ സത്യസന്ധനായൊരു ജനപ്രതിനിധിയാണെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന തീര്‍ത്തും അപര്യാപ്തമായ വേതനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല; അമാനത്തുള്ള ഖാന്‍ പറയുന്നു. 

അമാനത്തുള്ളയുടെ മകന്‍ ഏഴാം ക്ലാസിലും മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഹംദര്‍ദ് പബ്ലിക് സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. കുട്ടികളെ പുറത്താക്കിയതിനെ തുടര്‍ന്ന് അവര്‍ക്ക് അതേ സ്‌കൂളില്‍ തന്നെ പുനപ്രവേശനം കിട്ടുമോയെന്നറിയാന്‍ ശ്രമിക്കുകയാണ് അമാനത്തുള്ള. വീണ്ടും പ്രവേശനം കിട്ടണമെങ്കില്‍ നിലവിലുള്ള ഫീസ് കുടിശ്ശിക കൂടാതെ മറ്റൊരു തുക കൂടി കൊടുക്കേണ്ടി വരും. അതിനുള്ള നിവൃത്തി എനിക്കില്ലയെന്നതാണ് സത്യം; അമാനത്തുള്ള പറയുന്നു.

83,500 രൂപയാണ് ഒരു മാസം എനിക്ക് എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്നത്. ഇതില്‍ 62,000 രൂപ എന്റെ ഓഫിസ് നടത്തിക്കൊണ്ടുപോകാന്‍ തന്നെ ചെലവാകും. ഓഫിസില്‍ രണ്ട് ഡേറ്റ ഓപ്പറേറ്റര്‍മാരുണ്ട്, അവര്‍ക്ക് മാസം 30,000 രൂപ ശമ്പളയിനത്തില്‍ കൊടുക്കണം. 12,000 രൂപയാണ് ഡ്രൈവറുടെ ശമ്പളം, രണ്ട് ഓഫീസ് ബോയ്‌സ് ഉണ്ട്; അവര്‍ക്കായി 20,000 ഓരോ മാസവും മാറ്റിവയ്ക്കണം. ഇതെല്ലാം കഴിഞ്ഞു കിട്ടുന്നതുകൊണ്ടുവേണം എനിക്കും കുടുംബത്തിനും കഴിയാന്‍. വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറാണ് ഞാന്‍ ഓഫിസായി ഉപയോഗിക്കുന്നത്. വളരെ സുതാര്യമാണ് എന്റെ സാമ്പത്തിക ഇടപാടുകളെല്ലാം. പക്ഷെ ഒരു കുടുംബനാഥനെന്ന നിലയിലും പിതാവെന്ന നിലയിലും എനിക്കെന്റെ ഭാര്യയുടെയും കുട്ടികളുടെയും മുഖത്തുപോലും നോക്കാന്‍ കഴിയാത്ത നിലയാണ്. എംഎല്‍എമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നിയമസഭ പാസ്സാക്കിയ ബില്ലിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുന്നതിലാണ് ഇപ്പോള്‍ തന്റെ പ്രതീക്ഷയെന്നും ഖാന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍