അഴിമുഖം പ്രതിനിധി
ആം ആദ്മി പാര്‍ട്ടിയില്‍ അടുത്തിടെ ഉണ്ടായ ഭിന്നതകള്‍ പരിഹരിക്കപ്പെടുന്നതായി സൂചന. പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍പക്ഷ നേതാക്കള്‍ ഇന്നലെ പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ യോഗേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തി. യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണെയും അടുത്തിടെ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും പുറത്താക്കിയിരുന്നു.
എന്നാല്‍, ഇന്നലെ വൈകിട്ട് നടന്ന ചര്‍ച്ചയ്ക്ക് ശേഷം പുറത്തെത്തിയ യോഗേന്ദ്ര യാദവ് ചര്‍ച്ച ചെയ്ത കാര്യങ്ങളെ കുറിച്ച് ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. പാര്‍ട്ടിയിലെ എന്റെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തിയിരുന്നു. താന്‍ അവരുമായി സംസാരിച്ചു. ചര്‍ച്ച പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാം നിങ്ങളെ അറിയിക്കുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. ഇതേ അഭിപ്രായം തന്നെ പങ്കുവച്ച മുതിര്‍ന്ന എഎപി നേതാക്കളായ സഞ്ജയ് സിങ്ങും കുമാര്‍ വിശ്വാസും എഎപി ഒരു കുടുംബം പോലെയാണെന്നും വ്യക്തമാക്കി.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷണും വ്യക്തമാക്കി. ഇന്ന് യോഗേന്ദ്ര യാദവിനൊപ്പം താനും കെജ്‌രിവാളിനെ കാണുമെന്നും അദേഹം അറിയിച്ചു. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് കെജ്‌രിവാളുമായി മുഖാമുഖം സംസാരിക്കാനാണ് തനിക്ക് താല്‍പര്യം. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.
ഇതോടെ ഇന്ത്യ ജനാധിപത്യ ചക്രവാളത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി വന്ന് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുത്തശ്ശിമാരെ തകിടം മറിച്ച എഎപിയിലെ പ്രശ്‌നങ്ങള്‍ കെട്ടടുങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.