UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആം ആദ്മിയും അരാഷ്ട്രീയതയുടെ രാഷ്ട്രീയവും

Avatar

രാജീവ് ചേലനാട്ട്

ആം ആദ്മിയിലെ പിളര്‍പ്പും പ്രതിസന്ധിയും, ആ സംഘടനയുടെ രൂപത്തെക്കുറിച്ചും ഘടനയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ധാരണയുള്ളവരില്‍ നിരാശയുണ്ടാക്കിയേക്കാമെങ്കിലും ഒട്ടും അത്ഭുതമുളവാക്കാനിടയില്ല. അനിവാര്യമായിരുന്നു ആ തകര്‍ച്ച.

 

ഇന്ത്യന്‍ പോളിറ്റിയുടെ എല്ലാ മേഖലയേയും ഗ്രസിച്ചിരിക്കുന്ന അഴിമതിയെ ഇല്ലാതാക്കാനായി, ജനലോക്പാല്‍ എന്ന സം‌വിധാനം നിലവില്‍‌വരുത്തുക എന്നതായിരുന്നു ഇന്നത്തെ ആം ആദ്മിയുടെ ആദ്യകാല ലക്ഷ്യങ്ങളിലൊന്ന്. അതിന്റെ രൂപമാകട്ടെ, ഒരു സ്വയംസന്നദ്ധ സംഘടനയുടേതും. സ്വയംസന്നദ്ധ സംഘടന എന്ന ആ രൂപത്തിനകത്തുതന്നെ, ജനലോക്പാല്‍ എന്ന ലക്ഷ്യത്തെക്കുറിച്ച്, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍, ആ സംഘടനയെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റണമെന്നും വേണ്ടെന്നുമുള്ള രണ്ട് വിരുദ്ധ ചേരികളുണ്ടാകുന്നത് നമ്മള്‍ കണ്ടു. രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് വാദിച്ച അരവിന്ദ് കെജ്രിവാളിന്റെ പക്ഷം അതില്‍ വിജയിക്കുകയും ആം ആദ്മി നിലവില്‍ വരുകയും ചെയ്തു. അണ്ണാ ഹസാരെ പഴയ കലാപരിപാടികളിലേക്ക് മടങ്ങിപ്പോയി.

 

രാഷ്ട്രീയ സംഘടനയെന്ന് അവകാശപ്പെട്ട് നിലവില്‍ വന്ന ആം ആദ്മി എന്ന നവാഗതന്റെ ഘടന എന്തായിരുന്നു? ഒരു ചെറിയ കേന്ദ്രഭരണപ്രദേശത്തെ മധ്യവര്‍ഗ്ഗമായിരുന്നു അതിന്റെ ആള്‍ബലം. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ബലവും ബലക്ഷയവും ഒന്നുതന്നെയാണ്‌; അതിന്റെ അരാഷ്ട്രീയത. രാഷ്ട്രീയപ്പാര്‍ട്ടി എന്ന ലേബലില്‍ വന്ന ഒരു സ്വയംസന്നദ്ധ സംഘടനയുടെ അടിസ്ഥാനം തന്നെ അടിമുടി അരാഷ്ട്രീയമായിരുന്നു എന്ന് അന്നുതന്നെ ചിലരെങ്കിലും തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, രാഷ്ട്രീയമെന്നാല്‍, കക്ഷി രാഷ്ട്രീയമല്ലെന്നും, രാഷ്ട്രത്തെക്കുറിച്ചുള്ള എല്ലാ വിചിന്തനങ്ങളും രാഷ്ട്രീയം തന്നെയാണെന്നുമുള്ള മധ്യവര്‍ഗ്ഗത്തിന്റെ വിചിത്ര സിദ്ധാന്തങ്ങള്‍ ഇന്ത്യയില്‍ ഫാഷനായി ജനമധ്യത്തിലേക്കിറങ്ങിവരാന്‍ തുടങ്ങി. ആ കാഴ്ചപ്പാടിനു ചുക്കാന്‍ പിടിച്ചത് ആം ആദ്മിയായിരുന്നെങ്കിലും അതിനെ പ്രചരിപ്പിച്ചത്, ദില്ലിയിലെ വിവിധതലങ്ങളിലുള്ള ബ്യൂറോക്രസിയായിരുന്നു. ദില്ലിയിലെ, (ഇന്ത്യയിലെയും) അഴിമതി എന്ന സാമൂഹ്യ വിപത്തിനെ എല്ലാകാലത്തും നട്ടുനനച്ചിരുന്നതും അതിന്റെ ഫലങ്ങള്‍ കൊയ്തെടുത്തിരുന്നതും ഇതേ ഉദ്യോഗസ്ഥവൃന്ദങ്ങളല്ലാതെ മറ്റാരുമല്ലായിരുന്നു എന്നതാണ്‌ ഇതിലെ ഏറ്റവും വലിയ ക്രൂരഫലിതം.

 

 

ആം ആദ്മിയുടെ അരാഷ്ട്രീയതയുടെ മറ്റൊരു കപടമുഖം അതിന്റെ അണികളുടെ കൃത്യമായ രാഷ്ട്രീയമായിരുന്നു എന്നു പറയുമ്പോള്‍, ആ വാചകത്തിലൊരു പരസ്പരവൈരുദ്ധ്യമുണ്ടെന്നു തോന്നാം. പക്ഷേ, ഇടതുവിരുദ്ധവും, കോണ്‍ഗ്രസ്സ് മുതല്‍ തീവ്രവലതുള്ള ഹിന്ദുത്വ പാര്‍ട്ടികളോടുവരെ ഏറിയും കുറഞ്ഞും ചായ്‌വുള്ളതാണ്‌ പൊതുവെ ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം. ദില്ലിയിലും അത് വ്യത്യസ്തമായിരുന്നില്ല. അരാഷ്ട്രീയത എന്ന സ്വഭാവം പരിശോധിക്കുമ്പോള്‍, അത് ശുദ്ധമായ അരാഷ്ട്രീയതയല്ല, മറിച്ച് ഇടതുവിരുദ്ധ അരാഷ്ട്രീയതയാണെന്നു മനസ്സിലാവും.

 

1956 മുതല്‍, 2013-വരെ നീളുന്ന ദീര്‍ഘമായ കാലയളവു മുഴുവന്‍ മാറിമാറി, ദില്ലി ഭരിച്ചിരുന്നത്, കോണ്‍ഗ്രസ്സും ബിജെപിയും, കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളുമായിരുന്നു. എണ്‍പത്തൊന്നു ശതമാനം ഹിന്ദുക്കളും, മുപ്പത്തഞ്ചു ശതമാനം പഞ്ചാബികളും, ഇരുപത്തഞ്ചു ശതമാനം ജാട്ടുകളും അധികാരത്തിന്റെ വിധി നിശ്ചയിക്കുന്ന ഇന്ദ്രപ്രസ്ഥമാണത്. അവിടെ കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരെയുണ്ടായ ജനവികാരം ആ പാര്‍ട്ടികളുടെ വിശ്വാസ പ്രമാണങ്ങളോടും, നയങ്ങളോടുള്ള രാഷ്ട്രീയമായ എതിര്‍പ്പല്ല, മറിച്ച്, ആ പാര്‍ട്ടികളില്‍നിന്ന് തങ്ങള്‍ക്ക് കിട്ടാതെ വരുന്ന ആനുകൂല്യങ്ങളെക്കുറിച്ചും, പരിഗണനകളെക്കുറിച്ചുമുള്ള ബ്യൂറോക്രസിക്കെതിരെയുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെ രോഷമാണ്‌. ആം ആദ്മിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ പ്രധാനമായി സഹായിച്ചതും ഇതുതന്നെയാണ്‌. ആം ആദ്മിയുടെയും അതിന്റെ പിന്‍‌ബലമായിരുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെയും എതിര്‍പ്പ് കോണ്‍ഗ്രസ്സിനോടും ബീജെപിയോടും ആയിരുന്നില്ല. മുന്‍പ് സൂചിപ്പിച്ചതുപോലെ അതിന്റെ ബ്യൂറോക്രാറ്റിക്ക് ഘടകങ്ങളോടായിരുന്നു എന്നു ചുരുക്കം.

 

ആ ഭീമമായ ബ്യൂറോക്രാറ്റിക്ക് ചക്രത്തിലെ ചെറിയ പല്ലുകളായിരുന്നു ദില്ലിയിലെ സാധാരണക്കാര്‍. ദിവസം മുഴുവനും അദ്ധ്വാനിക്കാനും, ജനനസര്‍ട്ടിഫിക്കറ്റു മുതല്‍ മരണസര്‍ട്ടിഫിക്കറ്റുവരെയുള്ള എന്തിനും ഏതിനും, വരുമാനത്തിന്റെ നല്ലൊരു പങ്ക് ഉദ്യോഗസ്ഥവൃന്ദത്തിന്‌ കൈമടക്കായി നല്‍കാനും നിര്‍ബന്ധിതരായ ചെറിയ മനുഷ്യര്‍. അവരുടെ പേരു പറഞ്ഞാണ്‌, അവര്‍ക്കുവേണ്ടി എന്ന നാട്യത്തിലാണ്‌ അഴിമതിക്കെതിരെയെന്ന പേരിലുള്ള ആം ആദ്മിയുടെ വിശുദ്ധയുദ്ധം ആരംഭിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയായി സ്വയം അവരോധിക്കുകയും, എന്നാല്‍ ഘടനയില്‍ സ്വയംസന്നദ്ധ സംഘടനയുടെ രൂപവും സ്വഭാവവുമുള്ള ഒരാള്‍ക്കൂട്ടത്തിന്റെ അരാഷ്ട്രീയ യുദ്ധം നടത്തുകയുമായിരുന്നു യഥാര്‍ത്ഥത്തില്‍ ആം ആദ്മി. നിഴല്‍ യുദ്ധമെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

 

 

ജനലോക്പാല്‍ ബില്‍, അധികാര വികേന്ദ്രീകരണം, തിരഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും, നിഷേധവോട്ട് രേഖപ്പെടുത്താനുമുള്ള അവകാശങ്ങള്‍ എന്നിവയായിരുന്നു ആം ആദ്മിയുടെ പ്രധാന അജണ്ടകള്‍. ആ അജണ്ടകള്‍ നടപ്പാക്കാനുള്ള മെക്കാനിസമായിരുന്നു സ്വരാജ് എന്ന, സ്റ്റേറ്റിനെ പാടെ നിഷേധിക്കുന്ന, ആ പഴയ തേയ്മാനം വന്ന ഗാന്ധിയന്‍ യന്ത്രം. ഗാന്ധിയുടെ ഒറിജിനല്‍ സ്വരാജില്‍ പോലും ഗ്രാമീണ ഘടനയിലധിഷ്ഠിതമായ പൗരാണിക ഇന്ത്യയുടെ ഉള്ളടക്കം കാണാന്‍, ശ്രദ്ധിച്ചുനോക്കിയാല്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. അതിന്റെ ഒരു പരിഷ്ക്കരിച്ച പതിപ്പു മാത്രമായിരുന്നു ആം ആദ്മിയുടെ സ്വരാജും; ഉള്ളടക്കത്തിലും സ്വഭാവത്തിലും. തന്റെ നിലപാടുകളില്‍ പലപ്പോഴും പരസ്പരവൈരുദ്ധ്യം പ്രതിഫലിപ്പിച്ചിരുന്ന ഗാന്ധിജിയന്‍ ഫിലോസഫി പോലും, അഴിമതിക്കെതിരായ പ്ലാറ്റ്ഫോമില്‍നിന്നുകൊണ്ട്, കൈക്കൂലി കൊടുക്കാന്‍ ആഹ്വാനം ചെയ്ത കെജ്രിവാളില്‍ കാണാനും കഴിയും.

 

സബ്‌സിഡി നിരക്കിലുള്ള വൈദ്യുതിയും കുടിവെള്ളവും വാഗ്ദാനം ചെയ്ത ആം ആദ്മി നയങ്ങളിലായാലും, ചേരിപ്രദേശവാസികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ‘അധികാരത്തോടൊപ്പം സമരം’ എന്ന നയങ്ങളിലും പോപ്പുലിസ്റ്റ് ഘടകങ്ങളായിരുന്നു യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ മുഴച്ചുനിന്നിരുന്നത്.

 

ഇതൊക്കെയാണെങ്കിലും, ഒരു പുതിയ ജനകീയ പരീക്ഷണം എന്ന നിലയില്‍, ആത്മാര്‍ത്ഥമായി ആം ആദ്മിയെ പിന്തുണച്ചവരും ഇല്ലാതില്ല. അവരെയായിരിക്കും അതിന്റെ ഇന്നത്തെ തകര്‍ച്ച കൂടുതലും വേദനിപ്പിക്കുന്നത്. പക്ഷേ ആം ആദ്മിയുടെ രൂപവും ഘടനയും (അ) രാഷ്ട്രീയതയും തിരിച്ചറിഞ്ഞവര്‍ക്ക്, ആ പാര്‍ട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തിന്റെയും അച്ചടക്കത്തിന്റെയും വ്യാജനാമത്തില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ലഹളകളില്‍ തെല്ലും അത്ഭുതവും നിരാശയും തോന്നാന്‍ ഇടയില്ല.

 

(വെള്ളിനേഴി സ്വദേശി; ഇറാക്കില്‍ ജോലി ചെയ്യുന്നു. ബ്ലോഗറാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍