UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ തമാശകള്‍ക്കിടയില്‍ തന്റെമേലുള്ള പ്രതീക്ഷകളെ കുറിച്ച് കെജ്രിവാള്‍ മറക്കരുത്

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

രഹസ്യമായി ചോര്‍ത്തപ്പെട്ട ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഇന്നലെ വൈകിട്ട് നമ്മുടെ ദേശീയ വാര്‍ത്ത ചാനലുകളുടെ സമനില തെറ്റി. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും മറ്റൊരു പാര്‍ട്ടി നേതാവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമായിരുന്നു അത്. സംഭാഷണത്തിനിടയില്‍ പാര്‍ട്ടിക്കുള്ളിലെ തന്റെ എതിരാളികള്‍ക്കെതിരെ മോശം ഭാഷയില്‍ കെജ്രിവാള്‍ സംസാരിക്കുന്നത് കേള്‍ക്കാം. ദേശീയ മുഖ്യധാര മാധ്യമങ്ങള്‍ ഇതില്‍ പിടിച്ചുതൂങ്ങി. 

ബിജെപിയോടും കോണ്‍ഗ്രസിനോടും വന്‍കിട കുത്തകകളോടും വിധേയത്വമുള്ള മുഖ്യധാര മാധ്യമങ്ങള്‍, എഎപിയെ അവഹേളിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്തും എന്ന് പ്രതീക്ഷിക്കാനാവില്ല. അമ്മമാരെയും പെങ്ങന്മാരെയും കുറിച്ചുള്ള ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ പുരുഷന്മാരുടെ ഏറ്റവും പഥ്യമായ വാക്കുകളാവുന്ന ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം കെജ്രിവാളിന്റെ ഭാഷാപ്രയോഗങ്ങള്‍ അത്ര കണ്ട് അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. ഉത്തരേന്ത്യന്‍ ഭാഷയുടെ അളവുകള്‍ വച്ച് നോക്കുമ്പോള്‍ യഥാര്‍ത്ഥ തെറിപ്രയോഗമല്ല കെജ്രിവാള്‍ പ്രയോഗിക്കുന്നതെന്നും കാണേണ്ടിയിരിക്കുന്നു. 

എഎപി നാടകം പൊതുവേദികളില്‍ തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍, കെജ്രിവാള്‍ പ്രദര്‍ശിപ്പിക്കുന്ന അക്ഷമയും നേതൃപാടവത്തിന്റെ അപര്യാപ്തതയുമാണ് യഥാര്‍ത്ഥത്തില്‍ ആശങ്ക ജനിപ്പിക്കുന്നത്. 

വലിയ സത്യസന്ധതയും ശരിയായ നിലപാടുകളുമുള്ള നേതാവെന്ന കെജ്രിവാളിന്റെ പ്രതിഛായയ്ക്ക് ഏറ്റ തിരിച്ചടിയാണ് സമീപകാല എഎപി നാടകത്തിന്റെ ഏറ്റവും വലിയ തിരിച്ചടി. ഡല്‍ഹിയിലെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തോടെ, ദേശീയ രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എഎപി. പ്രത്യേകിച്ചും, കുടുംബവാഴ്ച നടത്തുന്ന കോണ്‍ഗ്രസിനും വര്‍ഗ്ഗീയ ബിജെപിക്കുമുള്ള ഒരു ബദല്‍ എന്ന നിലയില്‍. 2019 ല്‍ നരേന്ദ്ര മോദിയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായി കെജ്രിവാള്‍ വളര്‍ന്ന് വരുമെന്ന് നിരവധി ആളുകള്‍ വിശ്വസിച്ചു. കുറച്ച് ആളുകളെങ്കിലും ഇപ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു. 

എന്നാല്‍, കെജ്രിവാളും പ്രശാന്ത് ഭൂഷണ്‍-യോഗേന്ദ്ര യാദവ് ദ്വയവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെയും ക്ഷമയില്ലാത്ത നേതൃത്വത്തിന്റെയും കഥ പറയുന്നു. 

ആദ്യമായി പ്രായോഗിക രാഷ്ട്രീയത്തെ കുറിച്ച് പരിശോധിക്കാം. ചരിത്രപരമായ പൊതു താല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ ഒരു സമ്പന്ന ഭൂതകാലമുള്ള പ്രശാന്ത് ഭൂഷണ്‍ പ്രത്യയശാസ്ത്രപരമായി ശുദ്ധനാണ് എന്ന് പറയാം. എഎപി അതിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെജ്രിവാള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയനാവുന്നു എന്നതായിരുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ഏറ്റവും വലിയ പരാതി. വിജയസാധ്യത മാത്രം മുന്‍നിര്‍ത്തി, മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂറുമാറി വന്ന നിരവധി പേര്‍ക്ക് എഎപി ടിക്കറ്റ് നല്‍കിയിരുന്നു. ഇതൊരു ഒത്തുതീര്‍പ്പാണെന്നും വിജയസാധ്യതയെ കുറിച്ചല്ല എഎപി ആശങ്കപ്പെടേണ്ടതെന്നും സംശുദ്ധവും വൃത്തിയുള്ളതുമായ ഒരു സമാന്തര രാഷ്ട്രീയധാര പ്രദാനം ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും ഭൂഷണ്‍ തന്റെ സുഹൃത്തുക്കളോട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 

ഭൂഷണും കെജ്രവാളും തമ്മില്‍ മറ്റ് നിരവധി പ്രശ്‌നങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തെ ചില വലതുപക്ഷ മൃദുഹിന്ദുത്വവും ദിശാബോധമില്ലാത്ത രോഷവും മോഹഭംഗങ്ങളുമായി സംയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയില്‍ പ്രത്യശാസ്ത്ര സംശുദ്ധി ഉറപ്പാക്കുന്നതില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഭൂഷണിന്റെ വാദങ്ങളെല്ലാം. 

പരപുച്ഛത്തിന്റെ സര്‍വസീമകളെയും ലംഘിക്കുന്ന തരത്തില്‍ സ്വന്തം ശേഷികളില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിന് പേരുകേട്ട ഒരു അക്കാദമിക്കാണ് യോഗേന്ദ്ര യാദവ്. ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും തല്‍ക്കാലും മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കാനും കെജ്രിവാള്‍ ക്യാമ്പ് തീരുമാനിച്ചതോടെ, ഹരിയാനയില്‍ തന്റെ രാഷ്ട്രീയ ഭാവി സ്വപ്‌നം കണ്ടിരുന്ന യാദവ് നിസ്സഹായനും നിരാശനുമായി. 

വ്യത്യസ്തതരത്തില്‍ ഇച്ഛാഭംഗം ബാധിച്ച ഭൂഷണും യാദവും ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പ് ഒത്തുചേര്‍ന്നതോടെ, അവര്‍ എഎപിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും സജീവ പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടാനും തുടങ്ങി. തികച്ചും ധാര്‍മ്മിക വിരുദ്ധമായ പ്രവര്‍ത്തനം തന്നെയായിരുന്നു അത്. 

പക്ഷെ ഭൂഷണും യാദവിനും എഎപിയില്‍ വലിയ പ്രധാന്യമില്ല. കെജ്രിവാളിന്റെ വ്യക്തിപ്രഭാവത്തില്‍ വോട്ടും പ്രവര്‍ത്തകരെയും ആകര്‍ഷിക്കുന്ന പാര്‍ട്ടിയാണത്. അദ്ദേഹത്തിന്റെ ഗാന്ധിയന്‍ രീതികളും ജനകീയ ബന്ധങ്ങളും നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള എല്ലാ ആധുനിക ഇന്ത്യന്‍ രാഷ്ട്രീയക്കാരിലും അസൂയ ജനിപ്പിക്കുന്ന ഒന്നാണ്. പക്ഷെ വിശ്വസനീയതയും ദീര്‍ഘായുസുമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് അത് മാത്രം പോര. 

നേതൃത്വപാടവം, വ്യത്യസ്ത ശബ്ദങ്ങളെ സ്വീകരിക്കാനുള്ള കഴിവ്, സ്വയം കേന്ദ്രീകൃതരും ഗര്‍വ്വിഷ്ടരുമായ പ്രത്യയശാസ്ത്ര നിര്‍മ്മാതാക്കളെ നിയന്ത്രിക്കാനുള്ള ശേഷി, ‘തുല്യര്‍ക്കിടയില്‍ മുമ്പനാവാനുള്ള’ പക്വത എന്നിവയാണ് ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യം വേണ്ട ഗുണഗണങ്ങള്‍. ഇക്കാര്യത്തില്‍ കെജ്രിവാള്‍ ഒരു പരാജയമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി മാറ്റിയെഴുതാന്‍ കഴിയുന്ന ഒരു ദേശീയ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള ശേഷി അദ്ദേഹത്തില്‍ ബാക്കിയുണ്ടോ എന്നുള്ളത് കാലം തെളിയിക്കേണ്ട കാര്യമാണ്. 

മനീഷ് സിസോദിയ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍, ഏറ്റവും അടിത്തട്ടില്‍ ഫലങ്ങള്‍ കാണിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നതാണ് എഎപി കഥയിലെ ഏറ്റവും പ്രോത്സാഹനജനകമായ കാര്യം. വൈദ്യുതി നിരക്കുകളുടെയും ജലവിതരണത്തിന്റെയും കാര്യത്തില്‍ പ്രബലമായ മെച്ചപ്പെടല്‍ പ്രത്യക്ഷത്തില്‍ തന്നെ അനുഭവപ്പെടുന്നുണ്ട്. ഭരണനിര്‍വഹണത്തില്‍ ഭരണകൂടം പ്രത്യക്ഷ ശ്രദ്ധ പതിപ്പിക്കുന്നു. ഡല്‍ഹി ഭരണത്തിലൂടെ ലഭ്യമാവുന്ന ഗുണഫലങ്ങള്‍ കെജ്രിവാളിന് ദേശീയതലത്തില്‍ തുറുപ്പുചീട്ടാവുമെന്ന് ഉറപ്പ്. അങ്ങനെ വരികയാണെങ്കിലും ഇപ്പോഴത്തെ തമാശകള്‍ ക്ഷമിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായേക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍