UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആം ആദ്മി പാര്‍ട്ടി ഇനി പരീക്ഷണങ്ങള്‍ക്കില്ല; ആദ്യ ലക്ഷ്യം ചുവടുറപ്പിക്കല്‍

Avatar

ടീം അഴിമുഖം 

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ നിന്നും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഡല്‍ഹിക്ക് വെളിയിലേക്ക് പാര്‍ട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. 2015ലും 2016ലും മറ്റൊരു സംസ്ഥാനങ്ങളിലും പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള ബിഹാര്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടും. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനത്തെ വെല്ലുവിളിക്കുക എന്ന എഎപിയുടെ ലക്ഷ്യം കണക്കിലെടുക്കുമ്പോള്‍, നേരത്തെയുള്ള അതിന്റെ വ്യാപനനയത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വന്‍ തന്ത്രമാറ്റം അത്ഭുതമുളവാക്കുന്നു.

ഡല്‍ഹിയിലെ തൂത്തുവാരല്‍ മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കാമെന്ന, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക നേതാക്കളുടെയും അംഗങ്ങളുടെയും ആവശ്യം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നിരാകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2014 ല്‍ സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 2013ല്‍ ഡല്‍ഹിയില്‍ അഭിനന്ദനാര്‍ഹമായ വിജയം നേടി വെറും ആറുമാസത്തിനുള്ളില്‍, ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ മത്സരിക്കാനുള്ള പാര്‍ട്ടി തീരുമാനം തെറ്റായിരുന്നു എന്ന് അവര്‍ സമ്മതിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 440 ഓളം എഎപി സ്ഥാനാര്‍ത്ഥികളില്‍ 96 ശതമാനം പേര്‍ക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു എന്നതില്‍ നിന്നു തന്നെ പാര്‍ട്ടിയുടെ ആ തീരുമാനം തെറ്റായിരുന്നു എന്ന് തെളിയുന്നു. പഞ്ചാബില്‍ നാല് സീറ്റുകള്‍ ജയിപ്പിക്കാന്‍ മാത്രമാണ് പാര്‍ട്ടിക്ക് സാധിച്ചത്. പാര്‍ട്ടിക്ക് ദേശീയതലത്തില്‍ ഒരു അംഗീകാരം ഉണ്ടെങ്കിലും അതിന് ഇപ്പോള്‍ ദേശീയ താല്‍പര്യങ്ങള്‍ ഇല്ല എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 

എഎപി അതിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുള്ള പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പ് 2017ലാണ് നടക്കുക. അവിടെ പാര്‍ട്ടി ഭാഗ്യം പരീക്ഷിച്ചേക്കാം. പക്ഷെ അതിന് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വരും. 

പക്ഷെ, ഈ തീരുമാനം സംഘടനാപരം മാത്രമാണോ? അതിനുള്ള സാധ്യത കുറവാണ്. ഒരു ഭരണകക്ഷി എന്ന നിലയില്‍ അതിന്റെ കഴിവ് തെളിയിക്കുന്നതിലൂടെ മാത്രമേ ഡല്‍ഹിക്ക് വെളിയിലുള്ള ജനങ്ങളുടെ മനസില്‍ എഎപിയ്ക്ക് ഇടം പിടിക്കാന്‍ സാധിക്കൂ. തന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കെജ്രിവാള്‍ തെളിയിക്കേണ്ടതുണ്ട്. ഭഗീരഥ പ്രയത്‌നമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍, രാജ്യത്തെ ഫെഡറല്‍ സംവിധാനം ചോദ്യം ചെയ്യപ്പെടുകയാണ്. കേന്ദ്രത്തിന്റെ സഹായമില്ലാതെ വാഗ്ദാനം ചെയ്ത സാധനങ്ങളും സേവനങ്ങളും അതിന്റെ പൗരന്മാര്‍ക്ക് പ്രദാനം ചെയ്യാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തെ കെജ്രിവാള്‍ എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 

ഒരു ബഹുകക്ഷി സംവിധാനത്തെ അംഗീകരിക്കാത്ത പലരും എഎപിയില്‍ തന്നെയുണ്ട്. വലതുപക്ഷ ബിജെപിയെ എതിര്‍ക്കുന്ന ഇടതുപക്ഷ ചായ്‌വുള്ള പാര്‍ട്ടിയായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ എഎപി ആഗ്രഹിക്കുന്നു. രണ്ട് കക്ഷികള്‍ മാത്രമുള്ള ഒരു അമേരിക്കന്‍ ജനാധിപത്യ മാതൃക സൃഷ്ടിക്കാനാണ് അത് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് വ്യക്തികളായ കെജ്രിവാളും കിരണ്‍ ബേദിയുമായുള്ള മത്സരമായി ഡല്‍ഹി തിരഞ്ഞെടുപ്പിനെ മാറ്റാന്‍ സാധിച്ചതില്‍ അവര്‍ സന്തുഷ്ടരാണ്. 

അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് പകരം സ്വയം പ്രതിഷ്ഠിക്കുന്നതിനായിരിക്കും എഎപിയുടെ ശ്രമം. വലിയ ലക്ഷ്യങ്ങളാണ് ഭാവിയിലേക്കായി എഎപി ആസൂത്രണം ചെയ്യുന്നത്. ‘വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍, ഏറ്റവും കുറഞ്ഞത് മൂന്ന് മുതല്‍ അഞ്ച് വരെ സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യം പ്രകടമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, പ്രതിപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് മുതല്‍ ഒഡീഷ വരെയുള്ള മേഖലയില്‍ ഒരു ശൂന്യത നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലകളില്‍ വലിയ സാധ്യതകളാണ് നിലനില്‍ക്കുന്നത്. മൂന്നാം സാധ്യത ജനങ്ങള്‍ക്ക് നല്‍കിയതാണ് ഡല്‍ഹിയില്‍ എഎപിയ്ക്ക് വിജയിക്കാന്‍ സാധിച്ചത്,’ എന്ന് എഎപിയുടെ സൈദ്ധാന്തികന്‍ യോഗേന്ദ്ര യാദവ് ഒരു സമീപകാല അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

സല്‍ഭരണത്തിന് വേണ്ടി മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ കൂടിയാണ് ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നതെന്ന് തന്റെ പാര്‍ട്ടിക്ക് പ്രത്യേകിച്ച് പ്രത്യശാസ്ത്ര ചായ്‌വുകളില്ലെന്ന് അവകാശപ്പെടുന്ന യാദവ് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ, ഭരണപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതോടൊപ്പം, ആഗോളവല്‍ക്കരണം, ദേശീയ സുരക്ഷ, തീവ്രവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളിലുള്ള അവരുടെ നിലപാടുകള്‍ കൂടി എഎപിയ്ക്ക് വിശദീകരിക്കേണ്ടി വരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍