UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാധാരണക്കാരുടെ പേരില്‍ ചില അട്ടിമറികള്‍; ആപ് നയം വ്യക്തമാക്കേണ്ടതുണ്ട്‌

Avatar

ടീം അഴിമുഖം

രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ഏറ്റവും മികച്ച അദ്ധ്യാപകരിലൊരാളായാണ് വിദ്യാഭ്യാസ വൃത്തങ്ങളില്‍ യോഗേന്ദ്ര യാദവ് അറിയപ്പെടുന്നത്. ചരിത്രത്തില്‍ രാഷ്ട്രീയത്തെ രാഷ്ട്രതന്ത്രമാക്കി മാറ്റിയ പ്രാചീന, മധ്യകാല, ആധുനിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന് യാദവിന്റെ വിദ്യാര്‍ത്ഥികളും സാക്ഷ്യം പറയും.

പ്രത്യയശാസ്ത്ര രാഹിത്യത്തിന്റെ പേരില്‍ ആപ് വിമര്‍ശിക്കപ്പെട്ടപ്പോള്‍ തന്റെ കക്ഷിയെ രക്ഷിക്കാന്‍ യാദവാണ് വിശദീകരണവുമായി മുന്നോട്ടുവന്നത്. ‘തങ്ങളുടെ ശബ്ദം എന്തുരീതിയിലാണ് പ്രകടിപ്പിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് തുറന്ന മനസുള്ള ജനങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലെ പല തീവ്ര ചിന്താഗതികളെയും, പ്രധാനമായും ഇടതുപക്ഷത്തെ സംശയത്തോടെയാണവര്‍ കാണുന്നത്. ആ വാക്കിന്റെ ഏറ്റവും മികച്ച അര്‍ത്ഥത്തില്‍ ആളുകള്‍ സംശയാലുക്കളാണ്. ഈ പ്രത്യയശാസ്ത്ര ഇടമാണ് ഞങ്ങള്‍ കയ്യടക്കാന്‍ ആഗ്രഹിക്കുന്നത്. ഇടതിനും വലതിനുമിടയിലുള്ള സ്ഥലമല്ല, ഈ ദ്വന്ദ്വത്തെ മറികടക്കുന്ന ഒന്ന്. എന്തായാലും ഇടതു-വലത് രാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ അര്‍ത്ഥമൊന്നും ഉണ്ടാക്കിയില്ല. വലതിന് ഇന്ത്യയ്ക്ക് പറ്റുന്ന ഒരു രാഷ്ട്രീയമാകാന്‍ കഴിയില്ല: ഇടതിന് ബുദ്ധിപൂര്‍വമായ ഒരു സാമ്പത്തികശാസ്ത്രവും ഇല്ലായിരുന്നു,’ യാദവ് അന്ന് പറഞ്ഞു.

പാര്‍ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചോദ്യം നേരിട്ടപ്പോഴൊക്കെ എ എ പിയുടെ വക്താക്കളും പ്രവര്‍ത്തകരും യാദവിന്റെ വരികള്‍ ആവര്‍ത്തിച്ചു. പക്ഷേ ഇപ്പോള്‍ ഈ ‘പ്രത്യയശാസ്ത്രമില്ലായ്മയുടെ’ പ്രത്യയശാസ്ത്രം അരവിന്ദ് കെജ്രിവാളിനും മറ്റുള്ളവര്‍ക്കുമൊപ്പം തങ്ങള്‍ക്കൂടി ചേര്‍ന്ന് സ്ഥാപിച്ച എ എ പി എന്ന കക്ഷിക്ക് പുറത്തു യാദവിനെയും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണേയും വേട്ടയാടുകയാണ്.

ഇരുവരെയും എ എ പിയുടെ ദേശീയ സമിതിയില്‍ നിന്നും പുറത്താക്കി. ശനിയാഴ്ച്ച ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ സമിതി യോഗത്തില്‍ ഇതിനായി അവതരിപ്പിച്ച പ്രമേയം ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. യാദവിന്റെ അനുയായികളായ അനന്ത് കുമാറിനെയും അജിത്ത് ഝായേയും സമിതിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

കെജ്രിവാളിന്റെ പൂര്‍ണസമ്മതത്തോടുകൂടി ഈ അട്ടിമറിക്ക് നേതൃത്വം നല്‍കുന്നത് പാര്‍ടിക്കുള്ളിലെ ചില യുവ മാധ്യമപ്രവര്‍ത്തകരാണ്. വെറുമൊരു അഴിമതി വിരുദ്ധസംഘം എന്ന നിലയില്‍ നിന്നും കര്‍ഷകരടക്കമുള്ള വിവിധ ജനവിഭാഗങ്ങളിലേക്ക് ആപ് ഇറങ്ങിച്ചെല്ലാന്‍ തുടങ്ങിയിരുന്നു. യാദവിന്റെ നേതൃത്വത്തിലുള്ള ജയ് കിസാന്‍ അഭിയാന്‍ സബ്‌സിഡി ഉയര്‍ത്തുന്നതും, കാര്‍ഷിക മേഖലയിലെ പൊതുചെലവ് സംബന്ധിച്ചുമൊക്കെ ‘പ്രത്യയശാസ്ത്ര’ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി. ഇങ്ങനെയൊരു കര്‍ഷക സംഘടന ഉണ്ടാക്കിയത് ഹരിയാനയില്‍ യാദവിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണെന്ന് വ്യാഖാനം വന്നു. അടുത്തുതന്നെ കെജ്രിവാളിന്റെ നേതൃത്വത്തെ വെല്ലുവിളിച്ചേക്കാവുന്ന അധികാരമോഹിയായ ഒരു നേതാവായി കെജ്രിവാളിന്റെ അടുപ്പക്കാര്‍ വിലയിരുത്താന്‍ തുടങ്ങി.

‘അഴിമതി ഇല്ലാതാക്കുന്നതിന് പകരം പ്രവര്‍ത്തകര്‍ എന്നെ ആവശ്യപ്പെടുന്ന ഒരു ദിനം വരുമെന്നു ഞാന്‍ ഒരിക്കലും കരുതിയില്ല. ദൈവം അവര്‍ക്ക് നല്ല ബുദ്ധി തോണിക്കണേ എന്നും ഇവിടെ വരുന്നതിന് പകരം പ്രവര്‍ത്തകരോട് വീട്ടിലിരിക്കാനുമാണ് ഞാന്‍ ആവശ്യപ്പെടുന്നത്.’ യാദവ് പറഞ്ഞു.

‘എന്നെ ചീത്തവിളിക്കാന്‍ ആളെക്കൊണ്ടുവരാന്‍ ഓരോ എം എല്‍ എക്കും 10 ബസാണ് നല്‍കിയത്. പ്രസ്ഥാനത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍ ദുഖകരമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എപ്പോഴൊക്കെയും രാഷ്ട്രീയാധികാരവും പണവും സംവിധാനത്തെ മാറ്റാനുള്ള ഇച്ഛാശക്തിയും ഇടയുമ്പോഴും അവസാനത്തേതാണ് നിലനില്‍ക്കുക.’

ഇപ്പോള്‍ യാദവിനെ സ്വന്തം വാക്കുകള്‍ വേട്ടയാടുകയാണ്. ആപിലെ ഇത്തരം നടപടികള്‍ അതിന്റെ പ്രത്യായശാസ്ത്രത്തിലേക്കും വെളിച്ചം വീശുന്നു.

അഴിമതിയടക്കം ജനങ്ങള്‍ അനുഭവിക്കുന്ന ചില നിര്‍ണായക പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുമെന്ന് പറയുമ്പോഴും അവയെ സൃഷ്ടിച്ച സാമ്പത്തിക നയങ്ങളെപ്പറ്റി അവര്‍ ഇതുവരെയും നിശബ്ദരാണ്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ഇടക്കിടെ ഉയരുന്ന വൈദ്യുതി നിരക്കിന്റെ കാരണം നഗരത്തിലെ വൈദ്യുതി വിതരണം സ്വകാര്യവത്കരിച്ചതാണ്. ഉയര്‍ന്ന തലങ്ങളിലുള്ള സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി നവഉദാരവത്കരണ നയങ്ങളുടെ ഫലമാണ്. അതുപോലെതന്നെയാണ് കരാര്‍വത്കരിക്കപ്പെട്ട തൊഴില്‍ ഘടനയും. പക്ഷേ ആപ് ഇപ്പൊഴും സമഗ്രമായ നയസമീപനം വ്യക്തമാക്കിയിട്ടില്ല. നവഉദാരവത്കരണത്തിനുള്ള എന്തെങ്കിലും ബദല്‍ നയങ്ങള്‍ അവര്‍ പ്രഖ്യാപിക്കുന്നുണ്ടോ?

പാര്‍ടിക്ക് ചുറ്റും അണിനിരന്ന വിവിധ തലങ്ങളിലുള്ള ജനവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ മൂലം ഇത്തരം വിഷയങ്ങളെ മൂടിവെക്കാനുള്ള ഒരു പ്രവണതയുണ്ട്.

കോണ്‍ഗ്രസിന് സമാനമായ ബിജെപിയുടെ അഴിമതിയെയും നയങ്ങളെയും തുറന്നുകാട്ടാനും അവര്‍ക്ക് തടയിടാനും ആപിന് കഴിഞ്ഞു. മധ്യവര്‍ഗത്തിലും യുവാക്കളിലും നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്ത സ്വാധീനത്തെ ഡല്‍ഹിയില്‍ ആപ് ഇല്ലാതാക്കി. എന്നാല്‍, ഈ പശ്ചാത്തലത്തിലും വര്‍ഗീയതയെക്കുറിച്ചുള്ള എ എ പിയുടെ നിലപാടും ഹിന്ദുത്വ വര്‍ഗീയതക്കെതിരായ അതിന്റെ ആക്രമണവും കാണാനില്ലായിരുന്നു. വര്‍ഗീയതക്കെതിരായ വ്യക്തമായ നിലപാടെടുക്കാതെ എ എ പിക്ക് തങ്ങളെ ഒരു ബദലായി എന്നെങ്കിലും അവതരിപ്പിക്കാന്‍ ആവുമോ?

ഇപ്പോള്‍ ആപ് ഒരു ദേശീയ കക്ഷിയാകാനും മറ്റ് സംസ്ഥാനങ്ങളില്‍ മത്സരിക്കാനുമുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ തങ്ങളുടെ നയപരിപാടികള്‍ അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ആളുകള്‍ക്ക് ആ കക്ഷിയുടെ സ്വഭാവത്തെക്കുറിച്ചും അത് നീങ്ങുന്ന ദിശയേക്കുറിച്ചും തീരുമാനമെടുക്കാനാവൂ. മറിച്ചുള്ള ഇത്തരം പ്രഹസനങ്ങള്‍ രാജ്യത്തെ രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ മാറ്റം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍