UPDATES

ആം ആദ്മി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിമതവിഭാഗം

അഴിമുഖം പ്രതിനിധി

പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആദം ആദ്മി പാര്‍ട്ടി വിമത വിഭാഗം നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി. തങ്ങളെ പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെടുത്തിയതിനെ കുറിച്ചും തങ്ങളുടെ ഭാവി തീരുമാനിക്കുന്നതിന് രൂപീകരിക്കപ്പെട്ട അച്ചടക്കസമിതിയുടെ രൂപീകരണത്തെ സംബന്ധിച്ചും നിരവധി ചോദ്യങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ മറുപടി കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 

ആരാണ് ഈ അച്ചടക്ക സമിതിക്ക് രൂപം നല്‍കിയതെന്ന് തനിക്കറിയില്ലെന്ന് കത്തില്‍ പ്രശാന്ത് ഭൂഷണ്‍ തുറന്നടിച്ചു. എപ്പോഴാണ് അത് രൂപീകരിച്ചതെന്നും തനിക്കറിയില്ല. തനിക്കും യോഗേന്ദ്ര യാദവിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പങ്കജ് ഗുപ്തയും ആശിഷ് കേതനും അച്ചടക്ക സമിതിയില്‍ അംഗങ്ങളാണെന്നും അതിനാല്‍ തന്നെ അത് നിയമവിരുദ്ധമാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ വിധി പ്രസ്താവിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു. 

പാനലില്‍ നിന്നും വിമതരെ പുറത്താക്കിയ നാഷണല്‍ കൗണ്‍സില്‍ യോഗം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഭൂഷണ്‍ പറഞ്ഞു. കൗണ്‍സില്‍ നടപടികളെ സംബന്ധിച്ച് ഔദ്യോഗിക വിഭാഗം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. 

ഗുര്‍ഗാവില്‍ സമാന്തര യോഗം വിളിച്ചതിനെ തുടര്‍ന്ന് പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന്റെ മുന്നോടിയായി ഇരുവര്‍ക്കും കഴിഞ്ഞ വെള്ളിയാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് സമര്‍പ്പിച്ചിരുന്നു. 

എന്നാല്‍ ഭൂഷന്റെ കത്തിന് മറുപടിയായി എഎപി നേതാവ് അശുതോഷ് രംഗത്തെത്തി. അച്ചടക്ക സമിതിക്ക് മുന്നില്‍ മറുപടി കത്ത് എത്തുന്നതിന് മുമ്പ് തന്നെ അവ ചാനലുകളിലും മറ്റ് മാധ്യമങ്ങളിലും എത്തിയെന്നും അതാണ് ഇരുവരും പാര്‍ട്ടിയോട് കാണിക്കുന്ന ബഹുമാനമെന്നും അശുതോഷ് ട്വിറ്ററില്‍ പരിഹസിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍