UPDATES

കുമാറിനെ കൂടെ നിര്‍ത്തി, അമാനത്തുള്ളയെ പുറത്തും; ആപ്പില്‍ കെജ്രിവാളിന്റെ പ്രശ്‌നപരിഹാര ക്രിയ

കുമാര്‍ വിശ്വാസ് കൂടി പാര്‍ട്ടി വിട്ടുപോകുന്നത് കെജ്രവാള്‍ ഒട്ടും ആഗ്രഹിക്കുന്നില്ല

കുമാര്‍ വിശ്വാസിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച എംഎല്‍എ അമാനത്തുള്ള ഖാനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അല്‍പ്പം മുമ്പ് അവസാനിച്ച പിഎസി യോഗത്തിലാണ് അമാനത്തുള്ളയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കുമാര്‍ വിശ്വാസിനെ പാര്‍ട്ടിയുടെ രാജസ്ഥാന്‍ ഘടകത്തിന്റെ കണ്‍വീനറായും നിയമിച്ചു. മൂന്നുമണിക്കൂര്‍ നീണ്ടു നിന്ന പൊള്ളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റിയ്ല്‍ കുറച്ചു ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്നാണു നേതാക്കള്‍ പറയുന്നത്.

പാര്‍ട്ടിയിലെ ഉള്‍പ്പോരിനു പരിഹാരം കണ്ടെത്തുക, സംഘടനയുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റം കൊണ്ടുവരിക എന്നിവയില്‍ തീരുമാനം എടുക്കാനായിരുന്നു പ്രധാനമായി പിഎസി ചേര്‍ന്നത്. ഇതോടൊപ്പം കുമാര്‍ വിശ്വാസിനെ തൃപ്തനാക്കി പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്തുക എന്ന ലക്ഷ്യവും കെജ്രിവാളിനുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് രാജസ്ഥന്‍ ഘടകത്തിന്റെ ചുമതലക്കാരനായി കുമാര്‍ വിശ്വാസിനെ നിയമിച്ചത്. ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ, ആഷിഷ്, സഞ്ജയ് സിംഗ്, അല്‍ക ലാംബ എന്നിവരും പിഎസി യോഗത്തില്‍ പങ്കെടുത്തിരുന്നു.അതേസമയം തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെക്കുറിച്ച് അമാനത്തുള്ള ഖാന്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

കുമാര്‍ വിശ്വാസ് യോഗത്തില്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. തിങ്കളാഴ്ച മനിഷ് സിസോദിയ, അല്‍ക ലാംബ,സഞ്ജയ് സിംഗ് എന്നിവര്‍ ഗാസിയാബാദിലുള്ള കുമാര്‍ വിശ്വാസിന്റെ വസതിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അമാനത്തുള്ള ഖാനെ പുറത്താക്കാതെ താന്‍ പി എ സി യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു കുമാര്‍ വിശ്വാസ് ഈ നേതാക്കളെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി കെജ്രിവാള്‍ നേരിട്ട് ഗാസിയാബാദില്‍ എത്തി കുമാര്‍ വിശ്വാസിനെ കണ്ടു സംസാരിച്ചിരുന്നു. വിശ്വാസ് അസംതൃപ്തനാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ വിജയം നേടാന്‍ ഞങ്ങള്‍ക്കു കഴിയുമെന്നും വിശ്വാസിനെ സന്ദര്‍ശിച്ചശേഷം അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാര്‍ട്ടി അഴിമതിക്കാരോട് സന്ധി ചെയ്യുന്നുവെന്നും പഞ്ചാബിലും ഡല്‍ഹിയിലും ഉണ്ടായ തോല്‍വി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കുഴപ്പം കൊണ്ടല്ലെന്നും പാര്‍ട്ടിയുടെ പരാജയം തന്നെയാണെന്നും കുമാര്‍ വിശ്വാസ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിനെ ഉന്നംവച്ചു തന്നെയായിരുന്നു വിശ്വാസിന്റെ വാക്കുകള്‍. എന്നാല്‍ വിശ്വാസിനെതിരെ രംഗത്തുവന്ന ഓക്‌ലയില്‍ നിന്നുള്ള എംഎല്‍എയും പിഎസി അംഗവുമായ അമാനത്തുള്ള ഖാന്‍ ഗുരുതരമായ ആരോപണങ്ങളാണു വിശ്വാസിനെതിരേ ഉന്നയിച്ചത്. വിശ്വാസ് ബിജെപി ഏജന്റ് ആണെന്നും കെജ്രിവാളിനെ മറിച്ചിട്ട് പാര്‍ട്ടി നേതൃത്വം സ്വന്തമാക്കുകയാണു കുമാറിന്റെ ലക്ഷ്യമെന്നും ഖാന്‍ ആരോപിച്ചു. ഇതിനായി പാര്‍ട്ടി എംഎല്‍എമാരുടെ രഹസ്യയോഗം സ്വന്തം വീട്ടില്‍ കൂടിയിരുന്നു. നീക്കം പരാജയപ്പെട്ടാല്‍ എംഎല്‍എമാരുമായി ബിജെപിയിലേക്കു പോവുകയാണ് ലക്ഷ്യമെന്നും ഖാന്‍ മാധ്യമങ്ങള്‍ക്കു സന്ദേശം അയച്ചു. ഖാന്റെ ആരോപണങ്ങളില്‍ വൃണിതനായ വിശ്വാസ് പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്നു തീരുമാനം എടുകക്കുമെന്നു പറഞ്ഞിരുന്നു. ഇതിനിടയില്‍ വിശ്വാസിനെതിരേ ആരോപണം ഉന്നയിച്ച അമാനത്തുള്ള ഖാന്‍ പി എ സി യില്‍ നിന്നും രാജിവച്ചിരുന്നു. കുമാര്‍ വിശ്വാസ് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും തടയാനുള്ള ശ്രമങ്ങള്‍ തുടക്കം മുതല്‍ കെജ്രിവാള്‍ കൈക്കൊണ്ടിരുന്നു. കുമാര്‍ വിശ്വാസ് തന്റെ ഇളയ സഹോദരനാണെന്നും ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ടെന്നും കെജ്രിവാള്‍ പരസ്യമായി പറഞ്ഞിരുന്നു. അമാനത്തുള്ളയെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതും രാജസ്ഥാന്‍ ഘടകത്തിന്റെ ചുമതല വിശ്വാസിനു നല്‍കുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. തുടര്‍ച്ചയായി നേരിടുന്ന പരാജയങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയില്‍ നിന്നും കുമാര്‍ വിശ്വാസിനെ പോലൊരാള്‍ പുറത്തു പോകുന്നത് ആം ആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നും അതു പാര്‍ട്ടിയെ തകര്‍ക്കുമെന്നും കെജ്രിവാളിനു ബോധ്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍