UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ആം ആദ്മി പാര്‍ട്ടി ഇനിയെന്തു ചെയ്യും?

Avatar

അനില്‍ ജോര്‍ജ്

കുടുംബവാഴ്ച്ചയുടെയും വര്‍ഗീയ അജണ്ടയുടെയും രാഷ്ട്രീയങ്ങളില്‍ നിന്ന് മോചനം കാംക്ഷിച്ചു നിന്ന ജനങ്ങള്‍ക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും സുതാര്യകിരണങ്ങള്‍ വര്‍ഷിച്ചുകൊണ്ട് ഉടലെടുത്ത പ്രസ്ഥാനമാണ് ആം ആദ്മി പാര്‍ട്ടി. സാധാരണക്കാരന്റെ ജീവിതത്തിന് ഇത്രയേറെ പ്രധാന്യം കൊടുക്കുന്ന ഒരു പ്രത്യയശാസ്ത്രം ആം ആദ്മി പാര്‍ട്ടിക്കല്ലാതെ മറ്റൊരു രാഷ്ട്രീയസംഘടനയ്ക്കും ഇക്കാലത്ത് ഇല്ല. അതു തന്നെയാണ് രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ ഈ പ്രസ്ഥനത്തില്‍ തങ്ങളുടെ വിശ്വസങ്ങള്‍ അര്‍പ്പിക്കുകയും, അതിനെ വിജയിപ്പിക്കുകയും ചെയ്തത്. ഭരിക്കുക എന്നതിലപ്പുറം ജനങ്ങളെ സേവിക്കുക എന്ന യഥാര്‍ത്ഥ ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഈ പ്രസ്ഥാനത്തിന് തങ്ങളുടെ ശക്തിയായ ജനങ്ങളോട് ഒട്ടുംവിട്ടുവീഴ്ച്ച കാണിക്കരുതാത്ത ആത്മാര്‍ത്ഥതയും കടമയും നിര്‍വഹിക്കേണ്ടതുമുണ്ട്. എന്നാല്‍ ഒരു സ്വയം വിമര്‍ശനം എന്നതരത്തില്‍ തന്നെ പറയട്ടെ, നേത്വത്തിലെ ഒരു വിഭാഗം, തങ്ങള്‍ വസിക്കുന്ന മൂഢസ്വര്‍ഗത്തിലിരുന്നുകൊണ്ട് അബദ്ധജഢിലമായ തീരുമാനങ്ങളും പ്രവര്‍ത്തികളുംകൊണ്ട് ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ജനങ്ങളെ വഞ്ചിക്കാന്‍ തയ്യറാവുകയുമാണ്. ഒരിക്കലും മാര്‍പ്പര്‍ഹിക്കാത്ത തെറ്റാണ് ഇവര്‍ ചെയ്യുന്നത്.

ആം ആദ്മി ഇപ്പോള്‍ ദേശീയതലത്തില്‍ വാര്‍ത്തയായിരിക്കുന്നത് അതിന്റെ നിര്‍മിതിയുടെയും തുടര്‍ന്നുണ്ടായ വിസ്മയകരമായ നേട്ടങ്ങളുടെയും പേരിലല്ല, മറിച്ച് അതിനുള്ളിലെ വിഭാഗീയതയുടെ ഭാഗമായിട്ടാണെന്നത് തീര്‍ത്തും സങ്കടകരമായ അവസ്ഥയാണ് ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും അതിനായി ജീവീക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും വരുത്തിയിരിക്കുന്നത്.

പാര്‍ട്ടി പിളര്‍പ്പിലേക്കെന്നും അരവിന്ദ് കെജ്രവാളിന്റെ ഏകാധിപത്യം പാര്‍ട്ടിയില്‍ സ്ഥാപിക്കപ്പെടുന്നുവെന്നൊക്കെ വാര്‍ത്തകളും ചര്‍ച്ചകളും വരുമ്പോഴും, ആരുടെയൊക്കെയോ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലങ്ങളായി ഈ പ്രസ്ഥാനത്തിന്റെ അടിത്തറയിളക്കുകയായിരുന്നുവെന്നത് സത്യമാണ്. മറ്റേത് രാഷ്ട്രായപ്പാര്‍ട്ടിക്കും ഉണ്ടാകാത്തവിധത്തിലുള്ള തെരഞ്ഞെടുപ്പ് വിജയമാണ് ആം ആദ്മിയിലെ ഒരു വിഭാഗത്തെ അമിതാസക്തിയിലെക്ക് എത്തിച്ചത്. ഡല്‍ഹിയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകള്‍ നേടി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായി പാര്‍ട്ടി മാറിയപ്പോള്‍, അതിനെ തെറ്റായ രീതിയില്‍ വ്യാഖാനിക്കാനും ഇവര്‍ തയ്യാറായി. അതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍, ഒരു പക്ഷേ, ബിജെപിയും കോണ്‍ഗ്രസും മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതിലേക്കുവരെ പാര്‍ട്ടിയെ കൊണ്ടെത്തിച്ചത്. എന്തായിരുന്നു ഫലം?, പഞ്ചാബില്‍ നാലു സീറ്റ്( അതൊരു നേട്ടം തന്നെയാണ്) കിട്ടിയെന്നതൊഴിച്ചാല്‍ കയ്‌പ്പേറിയൊരു അനുഭവം മാത്രമായി മാറിയത്. ഇന്നലെ നടപടി നേരിട്ട നേതാക്കന്മാരുടെ അന്ധവീക്ഷണത്തിന്റെ തിരിച്ചടിയായിരുന്നു പാര്‍ട്ടി ഒന്നടങ്കം ഏല്‍ക്കേണ്ടി വന്നത്. ആ വീഴ്ച്ചയില്‍ നിന്ന് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിക്ക് ഉയര്‍ത്തേഴുനേല്‍ക്കാന്‍ കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സാധിച്ചെങ്കിലും മാറേണ്ടവര്‍ മാത്രം അവരുടെ മനോഭാവത്തില്‍ ഒരു മാറ്റവും വരുത്താതെ തുടര്‍ന്നു. ഇവരെ തിരുത്താന്‍ നേതൃത്വത്തിന് വീഴ്ച്ചവരികയും ഒടുവില്‍ അതിന് തയ്യാറായപ്പോള്‍, അത് പൂര്‍ണമായും നീതിയുക്തമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ളതുമായിപ്പോവുകയും ചെയ്തു.

ദേശീയ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രശാന്ത് ഭൂഷന്റെയും യോഗേന്ദ്ര യാദവിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു വിഭാഗമാണ് കേരളത്തിലും പാര്‍ട്ടിയെ നയിക്കുന്നത്. ശരിയായ രീതിയെന്ന് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത ഇവരുടെ പ്രവര്‍ത്തികള്‍ ഈ പാര്‍ട്ടിക്ക് ഇന്ന് കേരളത്തിലുണ്ടാക്കിയിട്ടുള്ള ദോഷങ്ങള്‍ ഏറെയാണ്. ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിപോലും ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലാക്കിയിരിക്കുന്നു.

ഡല്‍ഹിയിലെ അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ വിജയത്തില്‍ അവിടുത്തെപോലെ തന്നെ ഇവിടെയും ചിലര്‍ മതിമന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ലഹരിയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തെ നയിക്കുന്നത്. സ്വന്തം അജണ്ട നടപ്പാക്കാന്‍ അവാസ്തവികമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതിനകത്തു നിന്ന് മത്സരിക്കുയായിരുന്നു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍. മുന്നൂലക്ഷത്തില്‍ അധികം വോട്ടുകള്‍ കിട്ടില്ലെന്ന സര്‍വെ കണക്ക് ഞങ്ങള്‍ അവതരിപ്പിച്ചിട്ടും മുന്‍ സംസ്ഥാന കണ്‍വീനര്‍ മനോജ് പത്മനാഭനും മുന്‍ സംസ്ഥാന വക്താവ് കെ പി രതീഷും അടക്കമുള്ളവര്‍, ആ കണക്കുകള്‍ തിരസ്‌കരിച്ച് 15 സീറ്റുകളില്‍ മത്സരിക്കുകയായിരുന്നു. പാര്‍ലമെന്ററി വ്യാമോഹം ബാധിച്ചവരുടെ ആക്രാന്തം. പലതും മറച്ചുവച്ചാണ്, തെറ്റിദ്ധാരണകള്‍മാത്രം സൃഷ്ടിച്ചാണ് പാര്‍ട്ടി പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോയത്. തങ്ങളുടെ നയങ്ങള്‍ ശരിയാണെന്നു വിചാരിച്ചവശരായി കടിഞ്ഞാണില്ലാത്ത കുതിരകളെപോലെ അവര്‍ അലഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമ്പോള്‍, ആ സ്ഥാനാര്‍ത്ഥിയെ ആദ്യം ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങണമെന്നതതടക്കമുള്ള യോഗ്യതാപരീക്ഷകള്‍ നടത്താതെ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുകയായിരുന്നു ഇവിടെ.

കൃത്യമായ സംഘടന സംവിധാനം ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സംഭവിക്കുന്ന ഗുരുതര പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണാണ് ആ തെരഞ്ഞെടുപ്പില്‍ ആപ്പിനുള്ളിലും സംഭവിച്ചത്. കേരളത്തില്‍ 3 മുതല്‍ അഞ്ച് സീറ്റുവരെ മത്സരിക്കാനായിരുന്നു സംസ്ഥാന കമ്മിറ്റി ആദ്യമെടുത്ത തീരുമാനം. എന്നാല്‍ ഈ തീരുമാനം അടിമറിക്കുകയാണ് ഇലക്ഷന്‍ കാമ്പയിന്‍ കമ്മിറ്റി ചെയ്തത്. അവരാണ് 15 സീറ്റുകളില്‍ മത്സരിക്കാമെന്ന് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന്‍ കാമ്പയിന്‍ കമ്മിറ്റിക്കാണ് പാര്‍ട്ടിയുടെ പൂര്‍ണ ചുമതല വരുന്നത്. ഈ കമ്മിറ്റിയെ ഒരു വിഭാഗം ഹൈജാക്ക് ചെയ്യുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഇലക്ഷന്‍ കാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചത് സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ ഉള്‍പ്പെടുത്തിയായിരുന്നു. ഓ വി ഉഷ, രേവതി വര്‍മ്മ അടക്കമുള്ളവരെയാണ് ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ഇവരൊക്കെ അവരവരുടെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയച്ചവരും സമൂഹത്തില്‍ പേരുനേടിയവരുമാണ്. എന്നാല്‍ ഇവര്‍ക്ക് പാര്‍ട്ടിയുടെ ശക്തി ദൗര്‍ബല്യങ്ങളെ കുറിച്ച് എന്തറിയാം? ഓരോ മണ്ഡലത്തിലും പാര്‍ട്ടിയുടെ സ്ഥിതി എന്താണെന്നും ഇവര്‍ക്ക് അറിയില്ലല്ലോ. ശരിക്കും സംഭവിച്ചതെന്തെന്നാല്‍, ഈ കമ്മിറ്റിയെ മുന്‍നിര്‍ത്തി നേതൃത്വത്തിലെ ഒരു വിഭാഗം തങ്ങളുടെ ഇഷ്ടങ്ങള്‍ നടത്തിയെടുക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിലെ ലൈക്കുകളുടെ എണ്ണത്തില്‍ വോട്ട് നിലനിശ്ചയിച്ചാണ് ഇവര്‍ മത്സരിക്കാനിറങ്ങിയതെന്ന മണ്ടത്തരംകൂടി മനസ്സിലാക്കണം. അബദ്ധം എന്നുമാത്രം വിളിക്കാവുന്ന ഈ കണക്കുകളെ ചോദ്യം ചെയ്തവരെ വിമതരാക്കി. സുതാര്യമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സംവിധാനത്തില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യംപോലും സാധ്യമാക്കില്ലയെന്ന വിരോധഭാസമാണ് നടക്കുന്നത്. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്നതാണ് ഈ പാര്‍ട്ടിയുടെ നിലപാടെങ്കില്‍, ഇതിനെ കോണ്‍ഗ്രസെന്നോ ബിജെപിയെന്നോ വിളിച്ചാല്‍ പോരെ!

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് കാതികൂടം നിറ്റ ജലാറ്റിന്‍ മലിനീകരണം സംബന്ധിച്ച് പാര്‍ട്ടി കേരളത്തില്‍ ആദ്യമായി നടത്തിയ ജനകീയ സര്‍വ്വെപോലും പ്രസിദ്ധീകരിക്കാന്‍ അവര്‍ക്കായില്ല, ഇന്നുമത് ഇരുട്ടത്ത് തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനോ, അവരുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാനോ ഈ വിഭാഗത്തിന് താല്‍പര്യമില്ല. ഇന്ന് കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളെ ഏറ്റെടുക്കുന്നതിലും അതില്‍ പങ്കാളികളാകുന്നതിലും ഇവിടുത്തെ നേതാക്കള്‍ പരാജയമാണ്. സാറാ ടീച്ചര്‍ ഉള്‍പ്പെടെ ഈ പരാജയഭാരം ചുമക്കണം. എഴുത്തുകാരിയും ആക്ടിവിസ്റ്റും എന്ന നിലയില്‍ ടീച്ചര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെങ്കിലും ഈ പാര്‍ട്ടിയെ നയിക്കുന്നതില്‍ ടീച്ചര്‍ പരാജയം തന്നെയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പോടെ ഉണ്ടായ അനൈക്യവും അഭിപ്രായവ്യത്യാസങ്ങളും ശിഥിലീകരണത്തിലേ്ക്ക് പാര്‍ട്ടിയെ കൊണ്ടെത്തുക്കുമെന്ന ഘട്ടത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായി. എം എന്‍ കാരശ്ശേരി, സി ആര്‍ നീലകണ്ഠന്‍, അജിത് ജോയ്, അനിത പ്രതാപ്, സാറാ ജോസഫ് എന്നിവരടങ്ങിയ അഞ്ചംഗ പരാതിപരിഹാര കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സിറ്റിംഗ് നടത്തുകയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതൃത്വത്തില്‍ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുകയും അതിന്മേലൊരു റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് നല്‍കുകയും ചെയ്തു. സുതാര്യത മുഖമുദ്രയാക്കിയ ഈ പാര്‍ട്ടിയില്‍, ഇന്നേവരെ ആ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല എന്നതാണ് തമാശ! ആ കമ്മറ്റിയില്‍ ഉണ്ടായിരുന്നവരെ കൂടി ശ്രദ്ധിക്കുക, സി ആറും കാരശ്ശേരി മാഷും ഒഴിച്ച് മറ്റു മൂന്നുപേരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍. അതിലും വലിയ രസം എന്തെന്നാല്‍, പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും സംഘടന സംവിധാനവും കെട്ടിപെടുക്കാനായി മിഷന്‍ വിസ്താര്‍ കമ്മിറ്റികള്‍ എല്ലായിടത്തും രൂപീകരിച്ചിരുന്നു, കേരളത്തില്‍ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍, പഴയ പരാതിപരിഹാര കമ്മിറ്റിയിലുണ്ടായിരുന്ന അതേ നാലുപേര്‍! തുറന്നു പറയട്ടെ, ഈ മിഷന്‍ വിസ്താര്‍ കമ്മിറ്റിക്ക് നാളിതുവരെ കേരളത്തിലെ സംഘടനയിലെ ഒരു പ്രശനവും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പൂര്‍ണ പരാജയം എന്നു തന്നെ പറയാം. പേരെടുത്ത് പറയുന്നില്ലെങ്കിലും ഒന്നോ രണ്ടോ പേരൊഴിച്ച് ഈ നേതൃത്വത്തിലുള്ളവര്‍ക്ക് എല്ലാം തന്നെ അധികാരമോഹം ബാധിച്ചിരിക്കുകയാണ്. മത്സരിച്ചവരും മത്സരിക്കാന്‍ കൊതിച്ചവരുമൊക്കെയാണ് ഇവിടെ വീണ്ടും വീണ്ടും തെരഞ്ഞെടുപ്പുകള്‍ കാത്തിരിക്കുന്നത്. അരുവിക്കരയില്‍ മത്സരിക്കണമെന്നാണ് ഇപ്പോളവരുടെ കൊതി. അട്ടിമറികളിലൂടെയും സ്വകാര്യ അജണ്ടകളിലൂടെയും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു. ഈ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നവരെ വിമതരാക്കി പുറത്താക്കും. പാര്‍ട്ടി സംസ്ഥാന ട്രഷര്‍ ആയിരുന്ന എന്നെയും സംസ്ഥാന സെക്രട്ടറിയായിരുന്ന അനില്‍ ഐക്കരയെയുമൊക്കെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അതിനൊരു ഔദ്യോഗിക വിശദീകരണം നല്‍കാന്‍പോലും ഇതുവരെ തയ്യാറായിട്ടില്ല.

എന്തുകൊണ്ട് കേന്ദ്രനേതൃത്വം ഇടപെട്ടില്ലെന്ന ചോദ്യം വരുമ്പോഴാണ് ചില കൂട്ടിവായനകള്‍ വേണ്ടി വരുന്നത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്നത് പ്രശാന്ത് ഭൂഷണായിരുന്നു! തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് വാദിച്ച വിഭാഗമായിരുന്നു അവര്‍. യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും നിലപാടുകളോട് കൂറ് കാണിച്ച സംസ്ഥാനഘടകമായിരുന്നു കേരളത്തിലുള്ളത്. ഇന്നിപ്പോള്‍ കേരളത്തിലെ സംഘടന പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് ലോകമെമ്പാടും നിന്നും ദേശീയ നേതൃത്വത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍, ഈ ഘടകം ഒരു തലവേദന തന്നെയെന്ന് അര്‍ത്ഥം. അധികം വൈകാതെ പരിഹാരം കാണാന്‍ ദേശീയ നേതൃത്വം തയ്യാറാകുമെന്നു തന്നെയാണ് വിശ്വാസം.

ഇനിയുള്ള കാത്തിരിപ്പ് ഒരു ആന്റി ക്ലൈമാക്‌സ് ഉണ്ടാകുമോയെന്നാണ്. ഭൂഷണും യാദവും ഒരു പുതിയ പാര്‍ട്ടി ഉണ്ടാക്കുമോ? അങ്ങനെയെങ്കില്‍ ആരൊക്കെ അവര്‍ക്കൊപ്പം പോകും? ഇതൊക്കെ വരും ദിവസങ്ങളില്‍ ഉത്തരം തരുന്ന ചോദ്യങ്ങളാണ്. കേരളത്തില്‍ നിന്നുള്ളവര്‍ ഭൂഷന്റെയും യാദവിന്റെയും ഒപ്പം പോകുമോ എന്നതും, അതുവഴി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമോയെന്നതും ചോദ്യമാണ്. അതിനും ഉത്തരംകിട്ടാന്‍ കാത്തിരിക്കണമെങ്കിലും അധികാരമുള്ളോരിടത്തു നിന്ന് ഇവര്‍ വിട്ടുപോകുമെയെന്ന സംശയം എനിക്കുണ്ട്.

ആരൊക്കെ പോയാലും നിന്നാലും ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ ഒരു കുറവും വരുത്താന്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ജനങ്ങളുടെ പ്രതീക്ഷയാണ് ഈ പാര്‍ട്ടി, അവരെ വഞ്ചിക്കാന്‍ സമ്മതിക്കില്ല, അതിനാരെയും അനുവദിക്കുകയുമില്ല.

 

(ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സ്ഥാപകാംഗവും മുന്‍ സംസ്ഥാന ട്രഷററുമാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍