UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണക്കാര്‍ക്ക് റിസോര്‍ട്ട് പണിയാന്‍ പാവപ്പെട്ടവനെ കൊള്ളയടിക്കുക; ഒരു സഹാറ പാഠം

Avatar

ടീം അഴിമുഖം

ആഡംബര വീടുകളും മനുഷ്യനിര്‍മിത തടാകങ്ങളും സ്വകാര്യവിമാനത്താവളവും അടങ്ങുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ‘ ആസൂത്രിത നഗരം’ പണിയാനുള്ള എളുപ്പവഴിയെന്ത്? പാവപ്പെട്ടവരില്‍നിന്ന് പണം സംഭരിക്കുക. അത് പണക്കാര്‍ക്ക് വാസസ്ഥലം ഒരുക്കാന്‍ വിനിയോഗിക്കുക. സഹാറ ഗ്രൂപ്പ് ചെയ്തിരുന്നത് ഇതാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ പതിനായിരത്തിലധികം ഏക്കറിലുള്ള സഹാറ ഗ്രൂപ്പിന്റെ വന്‍കിട പദ്ധതി ആംബിവാലിയെപ്പറ്റിയാണ് ആക്ഷേപം. ദക്ഷിണ മുംബൈയില്‍ മലനിരകളിലാണ് പദ്ധതി. ചെറുകിട നിക്ഷേപകരില്‍നിന്നു സംഭരിച്ച പണമാണ് പദ്ധതിക്കായി സഹാറ ഗ്രൂപ്പ് ചെലവിട്ടതെന്ന് തെളിവുകള്‍ കാണിക്കുന്നു.

ഗ്രൂപ്പിന്റെ രണ്ട് സഹകരണവായ്പാ സ്ഥാപനങ്ങള്‍ വഴി സഹാറ 221 ബില്യണ്‍ ഡോളറിലധികം സംഭരിച്ചിരുന്നു. ഇത് മുന്‍ഗണനാ ഓഹരികളിലെ നിക്ഷേപം വഴി ആംബിവാലി പദ്ധതിയിലേക്കു തിരിച്ചുവിട്ടെന്നാണ് റജിസ്ട്രാര്‍ ഓഫ് കമ്പനീസിനു മുന്നിലുള്ള രേഖകള്‍ കാണിക്കുന്നത്.

സഹകരണ വായ്പാ സ്ഥാപനത്തിലെ ചെറുകിട നിക്ഷേപകര്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചുകിട്ടാന്‍ കാലതാമസം വരുന്നുവെന്ന് പരാതിപ്പെട്ടിരുന്ന കാലത്തായിരുന്നു സംഭവം. 30,000 രൂപ പോലും തിരിച്ചുകിട്ടാന്‍ ഇവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.

സഹകരണവായ്പാ സ്ഥാപനം ആംബിവാലിയില്‍ നിക്ഷേപം നടത്തുന്നത് നിയമവിരുദ്ധമല്ല. സഹകരണ നിയമം അനുസരിച്ച് നിക്ഷേപകരുടെ താല്‍പര്യത്തിനു യോജിച്ചതെങ്കില്‍ ഈ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന വികസനപദ്ധതികളുടെയും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയും ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം നടത്താം. ഇതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നുമാത്രം.

ആവശ്യമായ എല്ലാ അനുമതികളും ഉണ്ടായിരുന്നുവെന്നും നിക്ഷേപകരെ അപകടത്തിലാക്കുന്നതല്ല ആംബിവാലിയിലെ നിക്ഷേപമെന്നുമായിരുന്നു സഹാറ ക്രെഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് വക്താവിന്റെ പ്രതികരണം. എന്നാല്‍ ഇന്ത്യയില്‍ ഭവനനിര്‍മാണ മേഖല തകര്‍ച്ചയെ നേരിടുമ്പോള്‍ എങ്ങനെയാണ് ഇത് സാധാരണക്കാരുടെ താല്‍പര്യം സംരക്ഷിക്കുകയെന്ന് വക്താവ് വ്യക്തമാക്കിയില്ല.

ആംബിവാലിയുടെ 2014ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഇവിടെ സഹാറ സഹകരണ വായ്പാ പ്രസ്ഥാനത്തിന് 10.39 ബില്യണ്‍  രൂപയുടെ നിക്ഷേപമാണുള്ളത്. സഹാറയിന്‍ ഇ-മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിക്ക് റിസോര്‍ട്ടില്‍ 4.6 ബില്യണ്‍ രൂപയുടെ നിക്ഷേപമുണ്ട്.

സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതോ റോയ് മാസങ്ങളായി ജയിലിലാണെന്നത് സാധാരണ നിക്ഷേപകരുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. സഹാറയുടെ ഒരു സേവിങ്‌സ് ഡെപ്പോസിറ്റ് പരിപാടി നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. ഇതിലെ നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാന്‍ ഗ്രൂപ്പിന്റെ ആസ്തികള്‍ വിറ്റഴിക്കാന്‍ സമ്മര്‍ദ്ദമുണ്ട്.

ആംബിവാലി പദ്ധതി ഇങ്ങനെ വില്‍ക്കപ്പെടുകയും പണം നേരത്തെയുള്ള സേവിങ്‌സ് പദ്ധതികളിലെ നിക്ഷേപകര്‍ക്കു നല്‍കുകയും ചെയ്യേണ്ടിവന്നാല്‍ വായ്പാ സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപകര്‍ അപകടത്തിലാകും. സഹാറയുടെ ആസ്തികള്‍ വില്‍ക്കാന്‍ റിസീവറെ നിയമിക്കണോ എന്ന കാര്യത്തില്‍ സുപ്രിം കോടതി ചൊവ്വാഴ്ച വിധി പറയും.



സഹാറയുടെ ചരിത്രം വിഭിന്നമല്ല

കഴിഞ്ഞ നാലുദശകങ്ങളില്‍ സഹാറ സ്ഥാപകന്‍ സുബ്രതോ റോയ് തന്റെ ചെറുകിട നിക്ഷേപ പദ്ധതികളില്‍നിന്നുള്ള നിക്ഷേപം ഉപയോഗിച്ചാണ് സഹാറ സാമ്രാജ്യം കെട്ടിപ്പടുത്തത്. ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍, ലണ്ടനിലെ ഗ്രോസ്‌വെനൊര്‍ ഹൗസ്, ടെലിവിഷന്‍ ചാനലുകള്‍, ഭൂമി ഇടപാടുകള്‍, ഫോര്‍മുല വണ്‍ റേസിങ് ടീമില്‍ പങ്കാളിത്തം എന്നിവയെല്ലാം ഇതില്‍പ്പെടും.

2008 -11 കാലയളവിലേക്കുള്ള ഒരു ടേം ഡെപ്പോസിറ്റ് പദ്ധതി നിയമവിരുദ്ധമാണെന്നും ഇതിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കണമെന്നും 2014ല്‍ സുപ്രിം കോടതി വിധിച്ചതു മുതല്‍ കമ്പനി പ്രതിസന്ധിയിലാണ്. നിക്ഷേപകര്‍ക്കു നല്‍കാനുള്ള 36,000 കോടി നല്‍കാനാകാത്തതിനെത്തുടര്‍ന്ന് 22 മാസമായി റോയ് ജയിലിലാണ്.

സഹകരണ വായ്പാ പ്രസ്ഥാനങ്ങളില്‍ നിക്ഷേപകര്‍ സാധാരണക്കാരാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ധനികരും ഇതില്‍ പണം നിക്ഷേപിക്കുന്നു. ആഭരണക്കടകള്‍ ഉള്‍പ്പടെ പല കച്ചവടസ്ഥാപനങ്ങളും ഇത്തരം സഹകരണപ്രസ്ഥാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളില്‍ നിന്ന് വന്‍തുക കൈപ്പറ്റുന്നുണ്ട്.

ചോദ്യം ഇതാണ്: എന്തിനാണ് ഈ പണം വിനിയോഗിക്കപ്പെടുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍