UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലിക്കു മറികടക്കാന്‍ കഴിയുമോ ദംഗലിന്റെ ഈ നേട്ടം

ഇതുവരെ ഒരിന്ത്യന്‍ സിനിമയും സ്വന്തമാക്കാത്ത നേട്ടമാണ് ആമിര്‍ ചിത്രത്തിനു കിട്ടുന്നത്

ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം മുന്നേറ്റം നടത്തുകയാണു രാജമൗലി സംവിധാനം ചെയ്തു പ്രഭാസ് നായകനായ ബാഹുബലി 2. ഒരു തെലുങ്ക് ചിത്രമായ ബാഹുബലി ബോളിവുഡിന്റെ അടക്കം പല റെക്കോര്‍ഡുകളും തകര്‍ത്തതായാണു റിപ്പോര്‍ട്ടുകള്‍. ബാഹുബലി2 ന്റെ കുതിപ്പില്‍ പിന്നിലായെങ്കിലും അതുവരെ മുന്നില്‍ നിന്നിരുന്ന സിനിമ ആമിര്‍ ഖാന്റെ ദംഗല്‍ ആയിരുന്നു. എന്നുകരുതി ദംഗലിന്റെ പ്രധാന്യം നഷ്ടമായി എന്നു കരുതുന്നുവരുണ്ടോ? അവരോട് ദംഗലുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പറഞ്ഞുകൊടുത്താല്‍ മതി.

ഇതുവരെ ഒരിന്ത്യന്‍ സിനിമയും സ്വന്തമാക്കാത്ത ഒരു നേട്ടം ആമിറിന്റെ ദംഗല്‍ സ്വന്തമാക്കുകയാണ്. ഇന്ത്യയില്‍ നിന്നല്ല, ചൈനയില്‍ നിന്നും.

ഗുസ്തിതാരം മഹാവീര്‍ ഫോഗോട്ടിന്റെ ജീവിതകഥ അടിസ്ഥാനമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്യുന്നത് 9,000 സ്‌ക്രീനില്‍ ആണ്! അതായത് ദംഗലിന് ഇന്ത്യയില്‍ ഉണ്ടായതിനെക്കാള്‍ അധികം സ്‌ക്രീനിംഗ്.

ദംഗല്‍ ചൈനയില്‍ 9,000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. ഏതെങ്കിലും ഒരു രാജ്യത്ത് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇത്രയധികം സ്‌ക്രീനിംഗ് കിട്ടുന്നത് ഇതാദ്യമാണ്; ദംഗലിന്റെ കോപ്രൊഡ്യൂസറും സ്റ്റുഡിയോസ് ഡിസ്‌നി ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായ അമൃത പാണ്ഡെ മാധ്യമങ്ങളോടു പറഞ്ഞു.

ചൈനയില്‍ ദംഗല്‍ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഭൂഖണ്ഡങ്ങള്‍ കവിഞ്ഞു യാത്ര ചെയ്യാനുള്ള സാധ്യത ഈ സിനിമയ്ക്കുണ്ട്. വളരെ പ്രത്യേതകള്‍ നിറഞ്ഞതാണ് ദംഗല്‍; അമൃത പറയുന്നു.

ഷുവായ് ജിയാവോ ബാബ(let’s wrestle dad) എന്ന പേരിലായിരിക്കും ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും 385 കോടിയാണ് ദംഗല്‍ കരസ്ഥമാക്കിയത്.

ചൈനയില്‍ ആകെ 40,000 സ്‌ക്രീനുകള്‍ ഉണ്ട്. 2016 ല്‍ കെപിഎംജി ഫിക്കി ഇന്ത്യന്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയുടടെ റിപ്പോര്‍ട്ട് പ്രകാരം പറയുന്നത് ഇന്ത്യയില്‍ ആകെ 8,500 സ്‌ക്രീനുകളാണ് ഉള്ളതെന്നാണ്. സിംഗിള്‍ സ്‌ക്രീനുകളും മള്‍ട്ടിപ്ലെക്‌സുകളും ഉള്‍പ്പെടെയുള്ള കണക്കാണിത്.

ബീജിംഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദംഗല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആമിര്‍ ഖാനും സംവിധായകന്‍ നിതേഷ് തിവാരിയും കഴിഞ്ഞമാസം ചൈന സന്ദര്‍ശിച്ചിരുന്നു. ദംഗലിന്റെ ആദ്യപ്രദര്‍ശനത്തില്‍ പ്രേക്ഷകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നിരൂപകരില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്; അമൃത പാണ്ഡെ പറഞ്ഞു.

നേരത്തെ ആമിര്‍ ഖാന്റെ പികെയും ചൈനയില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു. 4,000 ല്‍ അധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച പി കെ ചൈനയില്‍ നിന്നും 100 കോടി കളക്ഷനും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍