UPDATES

സിനിമാ വാര്‍ത്തകള്‍

ആമിര്‍ ഖാന്‍ എന്നോട് എന്തിനിങ്ങനെ ചെയ്തു? ആ കോച്ച് ചോദിക്കുന്നു

സിനിമയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പി ആര്‍ സോന്ധി

ആമീര്‍ ഖാന്‍ ചിത്രം ദംഗല്‍ എല്ലാ ഭാഗത്തു നിന്നും പ്രശംസയും പിന്തുണയും ഏറ്റുവാങ്ങി ജൈത്രയാത്ര നടത്തുമ്പോള്‍ ഒരാള്‍ മാത്രം ചിത്രം സമ്മാനിച്ച വേദനയില്‍ കഴിയുന്നുണ്ട്. ഇന്ത്യയുടെ ഗുസ്തി കോച്ച് പി ആര്‍ സോന്ധി.

ദംഗലില്‍ ഗിരീഷ് കുല്‍ക്കര്‍ണി അവതരിപ്പിച്ച പി ആര്‍ കദം എന്ന ഗുസ്തി കോച്ചിന്റെ കഥാപാത്രത്തിന്റെ മാതൃക സോന്ധിയാണ്.

2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഗുസ്തി ടീം കോച്ചായിരുന്നു പി ആര്‍ സോന്ധി. ചിത്രത്തില്‍ ഈ ഭാഗത്തേക്കു വരുമ്പോള്‍ കാണാനാവുന്നത് പി ആര്‍ കദം എന്ന കോച്ചിനെയാണ്. കദം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ്. മഹാവീറിനെ( ആമിറിന്റെ കഥാപാത്രം) ഇയാള്‍ വിലവയ്ക്കുന്നേയില്ല. മഹാവീറിന്റെ കോച്ചിംഗ് ഒരിക്കലും ഒരു അന്താരാഷ്ട്രതാരത്തിനു ഗുണകരമാകുന്നില്ലെന്നാണു ഗീതയ്ക്ക്(ഫാത്തിമ സനയുടെ കഥാപാത്രം) നല്‍കുന്ന ഉപദേശം. കോച്ചിനെ വിശ്വസിക്കുന്ന ഗീത അതുവരെ തന്നെ എത്തിച്ച സ്വന്തം പിതാവിനെ തള്ളിപ്പറയുന്നുണ്ട്. എന്നാല്‍ താന്‍ നേരിടുന്ന തിരിച്ചടിക്കു കാരണം കോച്ചിന്റെ പ്രതിരോധത്തിലൂന്നിയ കളിയടവുകളാണെന്നും അക്രമിച്ചു മുന്നേറുന്ന തന്റെ സ്വാഭാവിക കളിശൈലികൊണ്ട് മാത്രമെ തനിക്കു മുന്നേറാന്‍ കഴിയൂ എന്നും ഗീത പിന്നീട് തിരിച്ചറിയുന്നുണ്ട്. അവിടം മുതല്‍ പിതാവ് പറഞ്ഞു കൊടുക്കുന്ന പാഠങ്ങളാണ് അവള്‍ പിന്തുടരുന്നത്. കോച്ചിന്റെ പിടിവാശികളെ അവള്‍ അവഗണിക്കുന്നു. ഒടുവില്‍ കോമണ്‍വെല്‍ത്ത് മത്സരങ്ങളിലും ഗാലറിയിലിരുന്നു മഹാവീര്‍ നല്‍കുന്ന തന്ത്രങ്ങളിലൂടെയാണ് ഗീത ഫൈനലില്‍ എത്തുന്നത്. ഈ സമയത്തെല്ലാം അസൂയയും വിദ്വേഷവും നിറഞ്ഞ മുഖമോടെയാണ് കദം എന്ന കോച്ചിനെ കാണിക്കുന്നത്.ഒടുവില്‍ ഗീതയുടെ ഫൈനല്‍ മത്സരം കാണുന്നതില്‍ നിന്നും മഹാവീറിനെ തടയുന്നതില്‍വരെ കോച്ച് കദം എത്തുന്നു.

ഇത്തരത്തിലൊരു കഥാപാത്രമായി തന്നെ ചിത്രീകരിച്ചതാണ് പി ആര്‍ സോന്ധിയെ വേദനിപ്പിച്ചത്. മഹാവീര്‍ ഫോഗട്ട് ഒരിക്കലും തന്റെ ജീവിതകഥ സിനിമാക്കാര്‍ക്കു പറഞ്ഞുകൊടുക്കുമ്പോള്‍ എന്നെ ഈ വിധത്തില്‍ ആയിരിക്കില്ല അടയാളപ്പെടുത്തിയിരിക്കുക. അദ്ദേഹം ഒരു മാന്യനാണ്. ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. പക്ഷേ എന്റെ ശിഷ്യര്‍ ചിത്രം കണ്ടു, അവരാണ് ഈ വിധത്തില്‍ എന്നെ ചിത്രീകരിച്ചിരിക്കുന്ന കാര്യം പറഞ്ഞത്. ഞാനൊരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളണവര്‍ പറഞ്ഞുവച്ചിരിക്കുന്നത്. കോമണ്‍വെല്‍ത്ത് സമയത്ത് ഇന്ത്യയുടെ ഗുസ്തി താരങ്ങളെ പരിശീലിപ്പിക്കാന്‍ ഞാന്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അഞ്ചു പരിശീലകര്‍ ഉണ്ടായിരുന്നു. ജോര്‍ജിയയില്‍ നിന്നുള്ള വിദേശ പരിശീലകന്‍ ഉള്‍പ്പെടെ. എന്നാല്‍ സിനിമാക്കാര്‍ എന്നെമാത്രം എടുത്ത് ഇങ്ങനെ ചിത്രീകരിച്ചിരിക്കുന്നു; പി ആര്‍ സോധി മാധ്യമങ്ങളോടായി പറഞ്ഞു.

ആമിറിന്റെ കഥാപാത്രത്തെ മുറിയില്‍ അടച്ചിടുന്നതായി സിനിമയില്‍ ഉണ്ടെന്നു കേട്ടു. ഇത്തരമൊരു രംഗം അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് തികച്ചും നിയമവിരുദ്ധമാണ്. ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണത്. സിനിമ കൊഴുപ്പിക്കാന്‍ വേണ്ടി മറ്റൊരാളെ തേജോവധം ചെയ്തിരിക്കുന്നു.

ആസ്വാദ്യകരമായി തന്നെ സിനിമ എടുത്തിരിക്കുന്നു. പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം നിറഞ്ഞതല്ല അത്. ദേശീയ കോച്ച് എന്ന എന്റെ സ്ഥാനത്തെ അപമാനിക്കുകയാണ് സിനിമയുടെ പിന്നിലുള്ളവര്‍ ചെയ്തത്. ഈ സിനിമ ഞാന്‍ കാണും. അതിനുശേഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും; സോന്ധി പറഞ്ഞു.

സോന്ധിയെ പിന്തുണച്ച് റെസ്ലിംഗ് ഫെഡറേഷനും രംഗത്ത് വന്നിട്ടുണ്ട്. ആദരണീയനായൊരു പരിശീലകന്‍ ആണ് അദ്ദേഹം. ഫെഡറേഷന്‍ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് സിനിമയയില്‍ അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്തില്‍ ഗുസ്തി മത്സരത്തിന്റെ ഫൈനല്‍ ദിവസം ആരെയെങ്കിലും മുറിയില്‍ പൂട്ടിയിട്ടതായി ഒരു പരാതിയും ഫെഡറേഷനു കിട്ടിയിട്ടില്ല. പി ആര്‍ സോന്ധിയെന്ന കോച്ചിനെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത ഒട്ടും സ്വീകാര്യമായ രീതിയിലുമല്ല; റെസ്ലിംഗ് ഫെഡറേഷന്‍ ഭരവാഹി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍