UPDATES

സിനിമ

20 കൊല്ലം മുന്‍പ് മലയാള സിനിമ ഉപേക്ഷിച്ച ‘ആന അലറലോടലറല്‍’

ശേഖരന്‍ കുട്ടി എന്ന ആനയെ ഒരു സാധാരണ മനുഷ്യന്റെയും വിശ്വാസിയുടെയും ഒരു നാടിന്റെയും ഒക്കെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു; ആനയുടെ നിസഹായത ഒരര്‍ത്ഥത്തില്‍ ആ നാടിന്റെ തന്നെ നിസഹായതയാണ്

അപര്‍ണ്ണ

അപര്‍ണ്ണ

പുതുമുഖ സംവിധായകന്‍ ദിലീപ് മേനോന്റെ ആന അലറലോടലറല്‍ പേര് കൊണ്ട് വ്യത്യസ്തമായ ഒരു ഉത്സവകാല സിനിമയാണ്. വലിയ സിനിമകളോടും പ്രതീക്ഷകളോടും ഒപ്പം ഇറക്കുന്ന ചെറിയ സിനിമകള്‍ എല്ലാ ഉത്സവാഘോഷങ്ങളുടെയും ഭാഗമാണ്. ആനയുടെ സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഒരു കുടുംബ ചിത്രത്തിന്റെ താളത്തില്‍ ഇറങ്ങിയ ട്രെയിലറും മറ്റ് പരസ്യങ്ങളും കുടുംബ പ്രേക്ഷകരെയും കുട്ടികളെയും തീയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. ഗജരാജ മന്ത്രം, പട്ടാഭിഷേകം, സമ്മാനം, ആനച്ചന്തം, പുണ്യാളന്‍ സീരീസിലെ രണ്ടു സിനിമകള്‍ എന്നിവ ആനയെ പല നിലക്ക് കേന്ദ്ര കഥാപാത്രമാക്കി എടുത്ത സിനിമകളാണ്. അതിന്റെ കൂടെ തുടര്‍ച്ചയാണ് ആന അലറലോടലറല്‍ വരുന്നത്.

ശേഖരന്‍ കുട്ടി (നന്ദിലത്ത് അര്‍ജുനന്‍) എന്ന ആനയുടെ ആത്മഗതമാണ് സിനിമ. വൈകുണ്ഠപുരം എന്ന ഗ്രാമത്തിലെ ശേഖരന്‍ കുട്ടിയുടെ 15 വര്‍ഷത്തെ ജീവിതവും ഇതിനിടയില്‍ അവന് അനുഭവിക്കേണ്ടി കാര്യങ്ങളും അവന് പലരുമായുള്ള ആത്മബന്ധവും അവന്റെയും ആ ഗ്രാമത്തിന്റെയും ഭാവിയിലേക്ക് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതും ഒക്കെയാണ് സിനിമ. കളിക്കൂട്ടുകാരായ ഹാഷിമും പാര്‍വതിയും സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്താണ് ശേഖരന്‍ കുട്ടി പാര്‍വതിയുടെ തറവാട്ടില്‍ എത്തുന്നത്. തുടര്‍ന്ന് അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങള്‍ കാരണം ഹാഷിമിനും കുടുംബത്തിനും നാട് വിടേണ്ടി വരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഹാഷിം (വിനീത് ശ്രീനിവാസന്‍) നാട്ടില്‍ വലിയൊരു പണക്കാരനായി എത്തുകയും ആനയെ വാങ്ങുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന ജാതി – മത സംഘര്‍ഷത്തിലേക്ക് വരെ നീളുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിന്റെ പരിണാമ ഗുപ്തിയും ആണ് ആന അലറലോടലറല്‍. പാര്‍വതിയായി അനു സിതാര എത്തുന്നു. സുരാജും ധര്‍മജനും ഹരീഷ് കണാരനും ഒക്കെ സിനിമയിലുണ്ട്.

യാതൊരു സങ്കീര്‍ണതകളും ഇല്ലാതെ വളരെ ലളിതമായി മുന്നോട്ട് നീങ്ങുന്ന ഒരു പ്ലോട്ട് ആണ് ആന അലറലോടലേറലിന്റെ. നന്മയുള്ള ഗ്രാമവും ഒരു 20 കൊല്ലം മുന്നേ മലയാള സിനിമ ഉപേക്ഷിച്ച അത്തരം കാഴ്ചകളും ഒക്കെയാണ് ഈ സിനിമയില്‍ ഉള്ളത്. നാട്ടുനന്മകളും അപമാനിതനായി പോയി പണക്കാരനായി തിരിച്ചു വരുന്ന നായകനും ഒക്കെ പണ്ടത്തെ മലയാള സിനിമയുടെ സ്ഥിരം കാഴ്ചകള്‍ ആയിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങളും പ്രാദേശിക വാര്‍ത്തകളും ഒക്കെ പലവട്ടം നേരിട്ട് ഓര്‍മിപ്പിക്കുന്നുണ്ട് സിനിമ. ആ കാലവും അത്തരം സിനിമകളോട് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ഉള്ള കൗതുകവും ഓരോ രംഗത്തിലും വ്യക്തമാണ്. അത്തരം സിനിമകള്‍ക്ക് ഉള്ള കേരളീയമായ പശ്ചാത്തലത്തിന്, ലാന്‍ഡ്‌സ്‌കേപ്പിംഗിന് ഒക്കെ ഒരു സ്വാഭാവികത ഉണ്ടായിരുന്നു. ഹാസ്യം വളരെ സ്വാഭാവികമായിരുന്നു. തിരക്കഥക്ക് അത്രയൊന്നും കെട്ടുറപ്പില്ലെങ്കിലും ഹാസ്യം ഇപ്പോള്‍ അതെ സ്വാഭാവികതയോടെ കാണികളില്‍ എത്തുന്നില്ലെങ്കിലും ആന അലറലോടലറലിന് അത്തരത്തില്‍ ഒരു സ്വാഭാവികതയുണ്ട്.

ഒരു ഫ്രെയിമിന് വേണ്ടി തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുന്ന പുതിയ രീതി അല്ല ഈ സിനിമ പിന്തുടരുന്നത്. അത് മാറിയ മലയാള സിനിമയില്‍ വ്യത്യസ്തമാണ്. അതിനെ എത്രത്തോളം ആസ്വദിക്കാം എന്നത് ഓരോ വ്യക്തിയുടെയും സെന്‍സിബിലിറ്റി അനുസരിച്ചിരിക്കും. അത്തരമൊരു കാഴ്ച ശീലത്തിന്റെ എല്ലാ സ്വാഭാവികതയും എല്ലാ പരിമിതിയും ആന അലറലോടലേറലിനുണ്ട്. ഗ്രാമവും ചായക്കടയും പുഴയും അമ്പലവും പള്ളിയും ഒക്കെ തന്നെയാണ് അതിന്റെ സ്വാഭാവികതയും പരിമിതിയും.

ആനയെ ഒരു സാധാരണ മനുഷ്യന്റെയും വിശ്വാസിയുടെയും ഒരു നാടിന്റെയും ഒക്കെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു. ശേഖരന്‍ കുട്ടിയുടെ നിസഹായത ഒരര്‍ത്ഥത്തില്‍ ആ നാടിന്റെ തന്നെ നിസഹായതയാണ്. കണ്ണാടി നോക്കി സ്വത്വം തിരിച്ചറിയുന്ന അവന്‍ ഓരോ സാധാരണ മനുഷ്യന്റെയും പ്രതിനിധിയും ആണ്. പ്രതികരിക്കാത്ത, അവസാനം സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ ആക്രമണോത്സുകമായി നേരിടേണ്ടി വരുന്ന ഏതൊരാളുമാണ് ശേഖരന്‍ കുട്ടി. മതം വിശ്വാസം ഒക്കെ സംബന്ധിച്ച സിനിമയിലെ തര്‍ക്കങ്ങള്‍ അരാഷ്ട്രീയവും യാഥാര്‍ഥ്യ ബോധമില്ലാത്തതും ഒക്കെയായി തോന്നാം. ഒറ്റ നോട്ടത്തില്‍ അത് ഉപരിപ്ലവവുമാണ്. പക്ഷെ ഇപ്പോള്‍ മതം സംബന്ധിച്ച ചര്‍ച്ചകളും അലര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ പോലും ഏതാണ്ട് ഇതേ തരത്തില്‍ ഉള്ളവയാണ്. മതനിരപേക്ഷതയാണ് നമ്മള്‍ കപടമായി അഭിനയിക്കുന്ന കാലം. മതത്തിന്റെ അധികാര ദുര്വിനിയോഗങ്ങളെ തന്നെയാണ് ആന അലറി തോല്‍പ്പിക്കുന്നത്. ഇത്തരം ഒരു വ്യഖ്യാന സാധ്യത തന്നിട്ടാണ് സിനിമ അവസാനിക്കുന്നത്.

ഇത്തരം ആന അനിവാര്യതയാണ് എന്നൊക്കെയുള്ള പറച്ചിലുകളാണ് സിനിമയില്‍ ഉള്ളത്. ഈ വ്യഖ്യാനത്തെ പ്രശ്‌നവത്ക്കരിക്കാന്‍ സാധ്യതകള്‍ ഒരുപാടുണ്ട്. സ്വത്വവാദികള്‍ക്ക് പൂര്‍ണമായും ദഹിക്കാത്ത ആശയമാവും ഇത്. മതജീവികള്‍ക്കും ഒട്ടും സ്വീകാര്യമാവില്ല ഇത്. പലപ്പോഴും ഒരു സന്ദേശ രൂപത്തിലേക്ക് സിനിമ ചെറുതാവുന്നുമുണ്ട്. പക്ഷെ ഇതിനെല്ലാമപ്പുറം ഈ അവതരണ രീതി എവിടെയൊക്കെയോ കൗതുകമുണ്ടാക്കുന്നുണ്ട്.

ആനയുടെ ചിന്തകള്‍ സിനിമയുടെ മുന്നോട്ട് പോക്കിന് വലിയൊരു ഘടകമാണ്. ആനക്ക് കൊടുത്ത നായകന്റെ ശബ്ദം സിനിമയുടെ ഒഴുക്കിനെ സഹായിക്കുന്നുണ്ട്. സുരാജിന്റെ തേവര്‍ സംരക്ഷണ സേനക്കാരന്‍ അമ്പല കമ്മിറ്റി പ്രസിഡന്റ് റോള്‍ അയാളുടെ കയ്യില്‍ ഭദ്രമായിരുന്നു. വ്യത്യസ്തമായ റോളുകള്‍ സൂരജ് വളരെ നന്നായി ചെയ്തു ഫലിപ്പിക്കുന്നുണ്ട്. ഹാസ്യത്തിന്റെ അഭാവവും സിനിമയുടെ കഥയില്‍ കണ്ടു മടുത്ത പതിവുകള്‍ ആവര്‍ത്തിക്കുന്നതും ഒക്കെ സിനിമയെ പിന്നോട്ട് അടിക്കുന്നുണ്ട്. തെസ്‌നി ഖാന്റെ ഉപ്പുമ്മക്ക് ആനപ്പാറ അച്ചാമ്മയുടെ പ്രകട സ്വാധീനമുണ്ട്. ആ കഥാപാത്രത്തെ കൂടുതല്‍ വികസിപ്പിക്കാന്‍ തിരക്കഥയില്‍ ശ്രമിച്ചിട്ടുമില്ല. പാട്ടുകളോ പശ്ചാത്തല സംഗീതമോ ആകര്‍ഷണീയമല്ല. നടീനടന്മാര്‍ ആരും മോശമാക്കിയില്ലെങ്കിലും ഒരു കെമിസ്ട്രിയുടെ കുറവ് പല ഇടങ്ങളിലും കാണികള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ ഹാസ്യ രംഗങ്ങളെ കൈകാര്യം ചെയ്തത് വളരെ ദുര്‍ബലമായാണ്. കാണാന്‍ സുന്ദരിയായിരിക്കുക എന്നതില്‍ കൂടുതല്‍ അനു സിത്താരക്ക് ഒന്നും ചെയ്യാനില്ല.

രാഷ്ട്രീയ ശരികളുടെയോ സിനിമാ മേക്കിങ് സങ്കേതങ്ങളുടെയോ അളവുകോലുകള്‍ കൊണ്ട് പോയാല്‍ ഒട്ടും ആസ്വാദ്യമല്ലാത്ത അനുഭവമാകും ആന അലറലോടലറല്‍. എവിടെ നിന്നും കട്ടെടുക്കാത്ത മൗലികമായ തിരക്കഥ ആണ് അതിന്റെ എല്ലാ പോരായ്മകളോടെയും ഈ സിനിമയുടെ ഹൈലൈറ്റ്. ഒരു പാവം മലയാള സിനിമ എന്ന രീതിയില്‍ സിനിമകളെ കണ്ടാസ്വദിക്കാന്‍ ശേഷിയുള്ളവര്‍ക്ക് മുഷിപ്പിക്കാത്ത കുറച്ചു സമയം ഈ സിനിമ തരാം.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍