UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇടമുണ്ടാകുന്നതിന്റെ കാരണങ്ങള്‍

ഇന്ത്യൻ രാഷ്ട്രീയം പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് രാഷ്ടീയം നിരവധി വൈരുധ്യങ്ങൾ നിറഞ്ഞതാണ്. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിൽ ഇവിടത്തെ വോട്ടര്‍മാര്‍ സ്വീകരിക്കുന്ന നയം ഒരിക്കലും അവരുടെ രാഷ്ട്രീയത്തെ പ്രധിനിധീകരിക്കുന്ന ഒന്നല്ല എന്നതുതന്നെ. 31 ശതമാനം പേർ വോട്ടുചെയ്ത ബി ജെ പി രാജ്യം ഭരിക്കുന്നതും ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കുണ്ടായ വിജയവും ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ പ്രവണതകളെ വിശദമാക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പത് മാസത്തെ ഭരണത്തേക്കാൾ പ്രാധാന്യം ആപ് മുന്നോട്ട് വച്ച മുദ്രാവാക്യങ്ങളാണ് ഇന്ന് ബി ജെ പിക്ക്  ബാധ്യത ആയി മാറിയിരിക്കുന്നത്. 

10 വര്‍ഷത്തെ കോണ്‍ഗ്രസ്‌ ഭരണം അഴിമതിയിൽ രാജ്യത്തെ മറ്റേതു ഭരണത്തേക്കാളും മുന്നിലായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്നാൽ അഴിമതി മാത്രമല്ലായിരുന്നു അവരുടെ പ്രശ്നം. നെഹ്‌റു കുടുബത്തിനപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം വളര്‍ന്നില്ല. രാഹുൽ ഗാന്ധി അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി അല്ലാതെ മറ്റൊരു രാഷ്ട്രീയ നേതൃത്വം കോണ്‍ഗ്രസിന്നുള്ളിൽ വളരുന്നില്ല എന്നതും തികച്ചും കേന്ദ്രീകൃതമായ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി എന്ന വസ്തുതയും വിസ്മരിക്കാൻ കഴിയില്ല. പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം തന്നെയാണ്. ഗാന്ധിസത്തിൽ നിന്നും പാർട്ടി ഒരുപാട് അകന്നുപോയി എന്നത് കാലം തെളിയിച്ചതാണ്. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയം രാജ്യത്ത് ശക്തമായ ഒരു പൊതു മേഖല കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തിന് പ്രയോജനപ്രദം ആയിരുന്നു. അതോടൊപ്പം തന്നെ രാജ്യത്ത് ശക്തമായ ഒരു മുതലാളിത്ത സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനും കോണ്‍ഗ്രസ് ഭരണംകൊണ്ട് കഴിഞ്ഞു. ഈ സാമ്പത്തിക അടിത്തറയിൽ നിന്നാണ് ഇന്ത്യൻ മുതലാളിത്തം ഇന്നത്തെ അവസ്ഥയിൽ രൂപപ്പെട്ടത്. 

അഴിമതിയിലൂടെയാണ് ഇന്ത്യൻ മുതലാളിത്തം ഇത്രമാത്രം ശക്തമായത്. റിലയൻസ് കമ്പനിയുടെ വളര്‍ച്ചയുടെ ചരിത്രം പറയുന്ന The Polyester Prince: The Rise of Dhirubhai Ambani പുസ്തകത്തിൽ കോണ്‍ഗ്രസ് സർക്കാർ ചെയ്തുകൊടുത്ത സഹായങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു ഉദാഹരണം മാത്രമാണ്, 1980 കൾക്ക് ശേഷം ഇന്ത്യൻ മുതലാളിത്തം ആഗോളതലത്തിൽ വളര്‍ന്നു. അതെല്ലാം തന്നെ ‘വികസന’മാണ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യൻ മുതലാളിത്തത്തിന് ഏറ്റവും സീകാര്യമായ പാര്‍ട്ടി ആയി മാറിയത്. അന്നുമുതലാണ് സർക്കാർ എന്നാൽ മുതലാളിത്ത വികസനം അഥവാ ഇത്തരം കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട ഇളവുകളും നയങ്ങളും ആയിമാറി. ഇത്തരം നയത്തിന്റെ ഒരു വശം മാത്രമാണ് അഴിമതി എന്നത്. കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും കോർപ്പറേറ്റ് നികുതി ഇളവ് കൊടുക്കുന്ന ഒരു രാജ്യവും കൂടിയാണ് നമ്മുടേത്. അഴിമതി തുകയുടെ ഒപ്പമോ ഇരട്ടിയോ വരും ഈ തുക. എന്നാൽ പൊതുജനത്തിന് മുന്നിൽ ഈ പണം അഴിമതി പണമായി അവതരിപ്പിക്കാറില്ല, മാധ്യമങ്ങള്‍ ഈ അഴിമതി വേണ്ടത്ര ചര്‍ച്ച ചെയ്യാറുമില്ല. കേരളത്തിലും ബാര്‍കോഴയോടൊപ്പം ഉയര്‍ന്നു വന്ന പ്രധാന ആരോപണം വ്യവസായികള്‍ക്ക് കൊടുക്കുന്ന നികുതി ഇളവുമായി ബന്ധപ്പെട്ടാണ്. 

അംആദ്മി പാർട്ടിയുടെ പ്രത്യയശാസ്ത്രം
എതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ ബാധ്യത ഇല്ല എന്നതാണ് അം ആദ്മി പാർട്ടിയുടെ പ്രത്യേകത. അവരെ സംബന്ധിച്ചിടത്തോളം സുതാര്യമായ ഭരണം മാത്രമാണ് അജണ്ട. മറ്റൊരു കാര്യം ഇടതുപക്ഷമടക്കം നടപ്പിലാക്കാൻ മടിക്കുന്ന നയങ്ങള്‍ അവർ നടപ്പിലാക്കുന്നു എന്നതാണ്. സൗജന്യമായി കുടിവെള്ളം വിതരണം എന്നത് ഡൽഹിയിൽ നിരവധി മാനങ്ങൾ ഉള്ള ഒന്നാണ്. കാരണം ഇതേ ഡൽഹിയിൽ കുടിവെള്ള വിതരണം ഒരിക്കൽ സ്വകാര്യവൽക്കരിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ അം ആദ്മി പാര്‍ട്ടിയുടെ നയം വ്യത്യസ്ഥമാകുന്നത്. മാത്രവുമല്ല കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്ന കാലത്ത് ഇവരുടെ നയം അഭിനന്ദനം അർഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊതുജനം അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി നിലപാട് എടുക്കാൻ ആയിരിക്കും ശ്രമിക്കുക.

ഇത്തരം ഒരു സ്വാതന്ത്ര്യം മറ്റൊരു പാർട്ടിക്കും കിട്ടില്ല. വര്‍ത്തമാനകാലത്തെ വിപണി രാഷ്ട്രീയവും അം ആദ്മിക്ക് തുണയായി എന്ന് പറയാം. കാരണം തീവ്രമായ മത/വംശീയ രാഷ്ടീയത്തിനപ്പുറം ഒരു രാഷ്ട്രീയത്തെ മുഖ്യധാരയിൽ നിലനിർത്താൻ ഇന്നത്തെ സാമുഹിക-സാമ്പത്തിക അവസ്ഥയിൽ സാധ്യമായ ഒന്നല്ല. കാരണം പ്രത്യയശാസ്ത്രങ്ങൾ അത് ഏറ്റെടുത്തവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടും, സ്വകാര്യ താല്പര്യങ്ങൾകൊണ്ടും പൊതുസമൂഹത്തിൽ അപഹാസ്യമായി തീര്‍ന്ന ഒരു കാലത്താണ് ഇത്തരം പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നത്. മറ്റ് പാര്‍ട്ടികളെ പോലെ ഇന്നത്തെ സ്വകാര്യവൽക്കരണ നയത്തോട് അം ആദ്മി പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിൽ വൈരുധ്യം ഉള്ളതായി തോന്നുന്നില്ല. അസമത്വങ്ങൾ ഇല്ലാത്ത ഒരു ലോകം ഇന്ന് ആരും തന്നെ വാഗ്ദാനം ചെയുന്നില്ല; അതുകൊണ്ടുതന്നെ അത്തരം ബാധ്യത ആം ആദ്മി പാര്‍ട്ടിക്കും ഇല്ല എന്നുപറയാം. രാഷ്ട്രീയ പാര്‍ട്ടികൾക്ക് ഈ കാര്യത്തിൽ ഉള്ള സ്വാതന്ത്ര്യം തന്നെയാണ് ആം ആദ്മി’പാര്‍ട്ടിയെ നിലനിര്‍ത്തുന്നതും.

 

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍