UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആം ആദ്മി പാര്‍ട്ടി മടങ്ങിവരേണ്ടതുണ്ട്

Avatar

ടീം അഴിമുഖം

2002-ല്‍ അത്ര പ്രശസ്തനല്ലാത്ത ഒരു യുവ ഐആര്‍എസ് ഓഫീസര്‍, ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ദല്‍ഹിയുടെ ഒരു ദരിദ്ര പ്രദേശമായ സുന്ദര്‍ നഗരിയിലെ ചേരികളില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. ചേരി നിവാസികളെ ശാക്തീകരിക്കുന്നതിനായി, സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം പരിവര്‍ത്തന്‍ എന്നൊരു പ്രസ്ഥാനത്തിന് രൂപം നല്‍കി.
ഇന്ത്യയിലെ വിവരാവകാശ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും മാഗ്‌സസെ അവാര്‍ഡ് ജേതാവും ലോക്പാല്‍ സമരത്തിന്റെ ഉപജ്ഞാതാവും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനും ഡല്‍ഹി മുഖ്യമന്ത്രിയും ആയിത്തീര്‍ന്ന അരവിന്ദ് കെജ്രിവാള്‍ എന്ന ആ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ ത്രസിപ്പിക്കുന്ന ജീവിതത്തിലെ നിരവധി അടിക്കുറിപ്പുകളില്‍ ഒന്ന് മാത്രമായിരുന്നു സുന്ദര്‍ നഗരി. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍കാല സ്വഭാവങ്ങളെ ന്യായീകരിക്കുന്ന തരത്തില്‍ 49 ദിവസത്തെ ഭരണത്തിന് ശേഷം അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി കസേര വലിച്ചെറിഞ്ഞു. എന്നാല്‍, 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു വമ്പന്‍ കൊയ്ത് പ്രതീക്ഷിച്ചെടുത്ത ആ തീരുമാനത്തില്‍ ഇപ്പോള്‍ അദ്ദേഹം ഖേദിക്കുന്നുമുണ്ട്.

‘സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുക എന്ന തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ ഞങ്ങളെ വെറുതെ വിടില്ല എന്ന അഭിപ്രായമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ഈ ഘടകങ്ങളെല്ലാം മുന്നില്‍ കണ്ടു കൊണ്ട് ജനങ്ങളുടെ അഭിപ്രായം തേടി അവരെ സമീപിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായം തേടാതെ രാജിവച്ചു എന്ന വലിയ തെറ്റ് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം ഈയിടെ പറഞ്ഞു. എന്നാല്‍ എന്നാല്‍, അധികാരത്തില്‍ നിന്നും എഎപി ഒളിച്ചോടുകയാണെന്ന മുറുമുറുക്കുലുകള്‍ നേരത്തെ തന്നെ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. സാധാരണ ദല്‍ഹിക്കാരെ സംബന്ധിച്ചിടത്തോളം ആ 49 ദിനങ്ങള്‍ പരിവര്‍ത്തനാത്മകമായിരുന്നു. തെരുവോര അഴിമതി നാടകീയമായി കുറഞ്ഞു. കൈക്കൂലി ആവശ്യപ്പെടാന്‍ സാധാരണ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ പോലും അറച്ചു. ശുദ്ധ ജലവിതരണം പ്രത്യക്ഷമായി മെച്ചപ്പെട്ടു. ഏറ്റവും പ്രധാനമായി, ഒരു പ്രതീക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആ 49 ദിവസങ്ങള്‍ക്ക് സാധിച്ചു.

 

 

എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല കെജ്രിവാളിന്റെ മോഹങ്ങള്‍. സുന്ദര്‍ നഗരി പോലെ, ഇന്ത്യന്‍ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി മാത്രമേ അദ്ദേഹം ഡല്‍ഹി ഭരണത്തെ കണ്ടുള്ളു. എന്നാല്‍ ഭരണ നിര്‍വഹണത്തിന്റെ കുടുക്കുകള്‍ മാറ്റി മറിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം പ്രദാനം ചെയ്യാനും ശേഷിയുള്ള നേതാക്കളെ ആണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ദരിദ്രര്‍ക്കുള്ള വൈദ്യുതിക്കും ശുദ്ധജലത്തിനുമായി അദ്ദേഹം അനുവദിച്ച ചെറിയ സബ്‌സിഡികള്‍ പോലും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. സ്വാഭാവികമായും അവര്‍ കൂടുതല്‍ പ്രതീക്ഷിച്ചു. അതേ സമയം, തന്റെ അടുത്ത ആരോഹണം ആസൂത്രണം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു കെജ്രിവാള്‍. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് എഎപിക്ക് കനത്ത ആഘാതമാണ് നല്‍കിയത്. പരമ്പരാഗത രാഷ്ട്രീയ തോതുകള്‍ വച്ച് അളന്നാല്‍ ദേശീയമായി എഎപി ഒരു ത്രസിപ്പിക്കുന്ന അരങ്ങേറ്റം നടത്തേണ്ടതായിരുന്നു. അഴിമതിയില്‍ മുങ്ങിയ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് പൊറുതി മുട്ടിയ നിരവധി ആളുകള്‍ക്ക് എഎപി വലിയ പ്രതീക്ഷയാണ് നല്‍കിയത്. നിരവധി ആളുകള്‍ ഇപ്പോഴും ആ പ്രതീക്ഷ വച്ചുപുലര്‍ത്തുകയും ചെയ്യുന്നുണ്ട്.  

 

ബെസ്റ്റ് ഓഫ് അഴിമുഖം

ആം ആദ്മി നല്‍കുന്ന പാഠം

ഞാനെന്തു കൊണ്ട് ആം ആദ്മിക്കാരനായി – പ്രൊഫ. കമല്‍ മിത്ര ചെനോയ്

ആം ആദ്മി ആകുന്നതിന് മുമ്പ് മലയാളി പരിശോധിക്കേണ്ട കാര്യങ്ങള്‍

ലോക്പാല്‍: മുതലാളിമാര്‍ക്കു വേണ്ടി ഒരവിശുദ്ധ കൂട്ടുകെട്ട്

ഇടതുപക്ഷത്തിനും സ്വയംപരിശോധനയാവാം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്ന മേയ് 16 ന് എഎപിയുടെ 41, ഹനുമാന്‍ റോഡിലുള്ള ഓഫീസിലെ അന്തരീക്ഷം ശോകമൂകമായിരുന്നു. ചെണ്ട മേളമോ, മധുരം വിതരണമോ, നിറങ്ങള്‍ കോരിച്ചൊരിയലോ, ചൂല് വീശലോ അവിടെ ഉണ്ടായില്ല. ഡല്‍ഹി-2013 എന്ന അത്ഭുതം ആവര്‍ത്തിച്ചില്ല; പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കിയ 432 പേരില്‍, പഞ്ചാബിലെ മൊത്തം 13 സീറ്റില്‍ നിന്നും വിജയിച്ചു വന്ന നാലു പേരില്‍ എഎപിയുടെ ലോക്‌സഭ സാന്നിധ്യം ഒതുങ്ങി.

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നാടകീയതയിലേക്ക് കേജ്രിവാള്‍ മടങ്ങിയെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ അദ്ദേഹം തിഹാര്‍ ജയിലിലായിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവാകുവാന്‍ ജയില്‍, സമരം, നാടകീയത എന്നിവ മാത്രം പോര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കൗശലം മാറ്റി നിറുത്തിയാല്‍, കാര്യക്ഷമതയുള്ള ഒരു മുഖ്യമന്ത്രി എന്ന അദ്ദേഹത്തിന്റെ പ്രതിബിംബത്തെ രാജ്യത്ത് ഫലപ്രദമായി വില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

 

തന്റെ പിന്നില്‍ സംഭവിച്ചത് എന്താണെന്ന് കെജ്രിവാള്‍ ആദ്യം മനസിലാക്കണം. ചില നേതാക്കള്‍ ടിക്കറ്റ് കച്ചവടം നടത്തിയതായി ഉത്തര്‍പ്രദേശിലെയും കേരളത്തിലേയും മറ്റ് ചില സ്ഥലങ്ങളിലേയും എഎപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മഴത്ത് കിളിര്‍ത്ത ഒരു തകര മാത്രമാണ് എഎപി എന്ന് കരുതുന്ന അതിന്റെ ഒരു മുതിര്‍ന്ന നേതാവ് ടിക്കറ്റുകള്‍ വിറ്റതായി, എഎപി സൃഷ്ടിച്ച ആവേശത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ഒരു ഇടതു സഹയാത്രികന്‍ അഴിമുഖത്തോട് പറഞ്ഞു.

 

കെജ്രിവാളിനും എഎപിയ്ക്കും ഇത് തിരിച്ചറിയലിന്റെ നാളുകള്‍ ആവണം. എത്രയും പെട്ടെന്നു തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യണം. അല്ലെങ്കില്‍ ലോകത്തുണ്ടായ മറ്റ് പല വിപ്ലവ പ്രസ്ഥാനങ്ങളെയും പോലെ എഎപിയും അതിവേഗം വിസ്മൃതമാകും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നമ്മുടെ തന്നെയും വിശാല താല്‍പര്യങ്ങള്‍ക്ക്, എഎപി പോലെയുള്ളവര്‍ ശക്തരായ ദേശീയ വക്താക്കളായി മാറേണ്ടതുണ്ട്. പാര്‍ട്ടി സ്ഥാനങ്ങളിലുള്ള വ്യതിരക്തത മുതല്‍ ഫണ്ട് സ്വരൂപിക്കുന്നതിലെ വ്യത്യസ്തത വരെയുള്ള നിരവധി കാര്യങ്ങളില്‍ തങ്ങളെ അനുകരിക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ബന്ധിതമാക്കിയ ഒരു പ്രസ്ഥാനമാണ് എഎപി. എന്നാല്‍ എഎപി ടിക്കറ്റുകള്‍ വിതരമം ചെയ്യുന്ന കാര്യത്തില്‍ തനിക്ക് സുതാര്യത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കാന്‍ കെജ്രിവാള്‍ സന്നദ്ധനാവണം.

 

വളരെ ചുരുങ്ങിയ നേതൃനിരയുള്ള ഒരു കെജ്രിവാള്‍ പാര്‍ട്ടി എന്ന നിലയില്‍ നിന്നും കൂട്ടായ നേതൃത്വമുള്ള ഒരു ദേശീയ പാര്‍ട്ടിയായി എഎപി പരിണമിക്കേണ്ടിയിരിക്കുന്നു. കെജ്രിവാളിന്റെ അക്ഷമ കുടഞ്ഞുകളയാനും പുതിയ ഭരണ നിര്‍വഹണ മാതൃകകള്‍ മുന്നോട്ട് വയ്ക്കാനും പാര്‍ട്ടിക്ക് സാധിക്കണം. ഉദാരതയുടേയും കാര്യക്ഷമതയുടേയും സ്ഥിരം വക്താക്കളായി മാറാന്‍ അവര്‍ക്ക് സാധിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആശയത്തിലും പ്രവര്‍ത്തനത്തിലും യാതൊരു വ്യത്യാസം പുലര്‍ത്താത്ത ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തില്‍ എഎപി ഒരു വ്യത്യസ്ത ശബ്ദമായി മാറേണ്ടതുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ദുര്‍ബലമായിരിക്കുന്ന ഈ ഘട്ടത്തില്‍. 

 

കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി ഐറ്റിഒയിലെ ഒരു പാര്‍ക്കിംഗ് സഹായി പറഞ്ഞത് ഇങ്ങനെ: ‘സര്‍, നിങ്ങള്‍ എന്താണ് ചെയ്തത്? കോണ്‍സ്റ്റബിളിനെ പോക്കറ്റിലാക്കാന്‍ കഴിഞ്ഞ മാസം വരെ ഞാന്‍ 1000 രൂപയാണ് കൈക്കൂലി കൊടുത്തു കൊണ്ടിരുന്നുത്. ഈ മാസം അയാള്‍ 2000 രൂപയാണ് ആവശ്യപ്പെടുന്നത്. കെജ്രിവാള്‍ ഇനി അധികാരത്തില്‍ മടങ്ങിയെത്തില്ലെന്നാണ് അയാള്‍ കാരണമായി പറയുന്നത്.’ സ്വയം നവീകരിക്കാന്‍ എഎപി തയ്യാറായില്ലെങ്കില്‍ ഒരു പരിധി വരെ ഇന്ത്യ അതിന്റെ മുന്‍കാല രീതികളിലേക്ക് തന്നെ മടങ്ങും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍