UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടി ഓഫിസ് വാടക 27 ലക്ഷം അടയ്ക്കണം; എഎപിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടീസ്

ഓഫിസ് അനധികൃത കയ്യേറ്റമാണെന്നാണ് നോട്ടീസില്‍ പറയുന്നത്

പാര്‍ട്ടി ഓഫിസിന്റെ വാടകയിനത്തില്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നു കാണിച്ച് ആം ആദ്മി പാര്‍ട്ടിക്ക് അവര്‍ തന്നെ നേതൃത്വം നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടീസ്. ഓഫിസ് അനധികൃത കയ്യേറ്റമായി കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പാണ് 27,73,80 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് എഎപിക്ക് നോട്ടീസ് അയച്ചത്. ലൈസന്‍സ് ഫീസിന്റെ 65 ഇരട്ടിയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന തുകയെന്നും ദക്ഷിണ ഡല്‍ഹിയിലെ റൗസ് അവന്യുവിലുള്ള ഓഫിസ് ഒഴിഞ്ഞുകൊടുക്കുന്നതുവരെ ഈ തുക വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

നിയമലംഘനം ചൂണ്ടിക്കാട്ടി എത്രയും വേഗം ഓഫിസ് ഒഴിയണമെന്നു കാണിച്ചു കഴിഞ്ഞ ഏപ്രലില്‍ പിഡബ്ല്യുഡി എഎപി കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ചിരുന്നു. ഡല്‍ഹി ലെഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എഎപിക്ക് പാര്‍ട്ടി ഓഫിസിനായി കെട്ടിടം നല്‍കിയ അലോട്ട്‌മെന്റ് റദ്ദ് ചെയ്തിരുന്നു.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഭൂമി അനുവദിക്കുന്നതുമായ ബന്ധപ്പെട്ട നയം അനുസരിച്ച് 2015 ലാണ് എഎപി സര്‍ക്കാര്‍ റൗസ് അവന്യുവിലെ ബംഗ്ലാവ് ആം ആദ്മി പാര്‍ട്ടിക്ക് അനുവദിക്കുന്നത്. എഎപി നേതാവും മുന്‍ മന്ത്രിയുമായ അസിം അഹമദ് ഖാനായിരുന്നു ബംഗ്ലാവ് അനുവദിച്ചത്. ഇതു പിന്നീട് പാര്‍ട്ടി ഓഫിസാക്കി മാറ്റുകയായിരുന്നു.

മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ ബംഗ്ലാവുകള്‍ പാര്‍ട്ടി ഓഫിസായി ഉപയോഗിച്ചുുകൊണ്ടിരിക്കുമ്പോള്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആവശ്യത്തെ നിയമപരമായി നേരിടുമെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്.

സര്‍ക്കാര്‍ തീരുമാനമെടുത്ത 400 മുകളില്‍ ഫയലുകളെ കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് നിയമിച്ച ഒരു കമ്മിറ്റിയാണ് അം ആദ്മി പാര്‍ട്ടിയുടെ ഓഫിസ് അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയത്. ജംഗിന്റെ പിന്‍ഗാമിയായ കഴിഞ്ഞ ഡിസംബറില്‍ സ്ഥാനമേറ്റ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സര്‍ക്കാര്‍ പരസ്യത്തിനായി ഖജനാവില്‍ നിന്നും 97 കോടി ചെലവാക്കിയത് ഭരണകക്ഷിയില്‍ നിന്നും തിരിച്ചു പിടിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍